തൃശൂർ: വീട്ടിലെ മേശവലിപ്പിനുള്ളിൽ നിന്നും ശീൽക്കാരം. മേശവലിപ്പ് തുറന്നു നോക്കിയപ്പോൾ കണ്ടത് മൂർഖനെ. ഒടുവിൽ പതുങ്ങിയിരുന്നപാമ്പിനെ വിദഗ്ദമായി പുറത്തെടുത്തു. തൃശൂർ പടിഞ്ഞാറെകോട്ടയിലെ വീട്ടിലാണ് സംഭവം നടന്നത്. മൃഗക്ഷേമത്തിനായി പ്രവർത്തിക്കുന്ന PAWS സംഘടനയുടെ രക്ഷാധികാരി പ്രീതി ശ്രീവൽസന്റേതാണ് വീട്. സംഘടനയുടെ ഓഫീസും പ്രവർത്തിക്കുന്നത് ഈ വീട്ടിലാണ്.

മുകളിലെ നിലയിലെ പ്രീതിയുടെ മുറിയിലാണ് പാമ്പിനെ കണ്ടെത്തിയത്. മേശയിലിരുന്ന് എഴുതാൻ തുടങ്ങിയപ്പോഴാണ് മേശവലിപ്പിനുള്ളിൽ ശബ്ദം കേട്ടത്. പാമ്പിന്റെ സീൽക്കാരം പോലെ തോന്നി. സംശയം തോന്നി മേശവലിപ്പ് തുറന്നപ്പോൾ വാല് മാത്രം കണ്ടു. പാമ്പാണോ മറ്റേതെങ്കിലും ജീവിയാണോ എന്നു സംശയം തോന്നി. ഉടൻ തന്നെ പാമ്പുകളെ പുറത്തെടുക്കുന്നതിൽ വിദഗ്ധനായ കണ്ണനെ വിളിച്ചു വരുത്തി.

മേശയുടെ ഓരോ വലിപ്പുകളും തുറന്നു നോക്കിയെങ്കിലും ആദ്യം പാമ്പിനെ കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ അപ്പോഴും ശബ്ദം മാത്രമുണ്ടായിരുന്നു. അവസാനം, മേശ മറിച്ചിട്ടപ്പോഴാണ് മരമേശയ്ക്കുള്ളിലെ ഒരറയിൽ പതുങ്ങിയിരുന്ന മൂർഖനെ കണ്ടെത്തിയത്. അറുപതു വർഷം പഴക്കമുള്ള മേശയാണ്. കാറ്റ് കിട്ടാൻ ഇടയ്ക്കിടെ ജനലിന്റെ പാളികൾ തുറന്നിടാറുണ്ട്. അതുവഴിയാകാം പാമ്പ് ഉള്ളിൽ കടന്നതെന്നാണ് നിഗമനം. മൂർഖനെ വിജനമായ പറമ്പിൽ കൊണ്ടുവിട്ടു.