- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വേലിയിലിരിക്കേണ്ട പാമ്പ് വലിഞ്ഞു കയറിയത് ശുചിമുറിയിലേക്ക്; കൗമാരക്കാരന്റെ മർമ്മഭാഗത്ത് ദംശനമേൽപ്പിച്ച് രസിച്ച പാമ്പിനെ കൈയോടെ പിടികൂടി; തായ്ലാൻഡിലെ ഒരു പാമ്പുകടിയുടെ കഥ വൈറലാകുമ്പോൾ
തായ്പേയി: വേലിയിലിരിക്കുന്ന പാമ്പിനെ പിടിച്ച് മറ്റ് എവിടെയോ വയ്ക്കുന്ന കാര്യം നമ്മൾ ഇടയ്ക്കിടയ്ക്ക് ചർച്ച ചെയ്യാറുള്ളതാണ്. എന്നാൽ, ആ സ്ഥലം തിരഞ്ഞ് പാമ്പ് തന്നെ സ്വയം എത്തിയാലോ? കഷ്ടകാലത്ത് എന്തും സംഭവിക്കാം എന്ന ആപതവാക്യം അന്വർത്ഥമാക്കിക്കൊണ്ടാണ് തായ്ലാൻഡിലെ ഈ സംഭവം അരങ്ങേറിയത്.
ബാങ്ക്കോക്കിൽ നിന്നും 13 മൈൽ വടക്കു മറിയുള്ള നോൺറ്റാമുരി എന്ന പട്ടണത്തിലാണ് സംഭവം നടന്നത്. വീട്ടിലിരിക്കുകയായിരുന്ന സിരാഫോപ് മസുകരാട്ട് എന്ന 18 കാരന് പെട്ടെന്നായിരുന്നു പ്രകൃതിയുടെ വിളിവന്നത്. ലോക്ക്ഡൗൺ കാലമല്ലെ, തിന്നും കുടിച്ചും പിന്നെ മൊബൈലിൽ ഗെയിമുകൾ കളിച്ചും സമയം പാഴാക്കുമ്പോൾ ഇടയ്ക്കിടെ ഇത്തരത്തിലുള്ള വിളിവരുന്നത് സ്വാഭാവികം. ഒട്ടും അമാന്തിച്ചില്ല ഈ പതിനെട്ടുകാരൻ വീട്ടിലെ ശുചിമുറിയിലേക്ക് ഓടിക്കേറി.
തന്റെ കർമ്മം നിർവഹിക്കുന്നതിനിടയിലാണ് ജനനേന്ദ്രിയത്തിന്റെ അറ്റത്തായി വേദന അനുഭവപ്പെട്ടത്. ചാടിയെഴുന്നേറ്റ സിരഫോപ് കണ്ടത് തന്റെ ജനനേന്ദ്രിയത്തിൽ കടിച്ചു തൂങ്ങിക്കിടക്കുന്ന ഏകദേശം നാലടി നീളം വരുന്ന ഒരു പാമ്പിനെ. പയ്യൻ കണ്ടെന്നു മനസ്സിലായി നാണിച്ചിട്ടാണോ എന്തോ പാമ്പ് കടിവിട്ട് ക്ലോസറ്റിലേക്ക് വീഴുകയും ചെയ്തു. ഭയന്നു വിറച്ച സിരഫോപ് അർദ്ധനഗ്നനായി തന്നെ അലറി വിളിച്ചുകൊണ്ട് പുറത്തേക്കോടി.
ഭയവും വേദനയും സഹിക്കാനാകാതെ നിലവിളിച്ച മകനെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ അമ്മ ആരോഗ്യ പ്രവർത്തകരെ വിവരമറിയിക്കുകയും ചെയ്തു. പ്രാഥമിക ശുശ്രൂഷകൾ നൽകി ഇയാളെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജനനേന്ദ്രിയത്തിന്റെ അഗ്രഭാഗത്തായി മൂന്ന് സ്റ്റിച്ചുകൾ വേണ്ടിവന്നു എന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്. പാമ്പിന്റെ കടിമൂലം അണുബാധ ഉണ്ടായിട്ടുണ്ടെങ്കിൽ അതിൽ നിന്നും സംരക്ഷിക്കുവാനായി സ്റ്റിച്ചിടുന്നതിനു മുൻപായി മുറിവുകൾ ആന്റിബാക്ടീരിയൽ ലായനികൾ ഉപയോഗിച്ച് വൃത്തിയാക്കുകയും ചെയ്തു.
ഏറെ താമസിയാതെ പ്രൊഫഷണൽ പാമ്പുപിടുത്തക്കാർ ആ രണ്ടുനില വീട്ടിലെത്തി പാമ്പിനെ തിരയുവാൻ ആരംഭിച്ചു. കുരുത്തക്കേട് ഒപ്പിച്ചുവച്ചതിനു ശേഷം ക്ലോസറ്റിനകത്ത് ചുരുണ്ടുകൂടി ഉറങ്ങുകയായിരുന്നു ആ കുട്ടിക്കുറുമ്പൻ. വിവിധ ഉപകരണങ്ങൾ ഉപയോഗിച്ച അവർ ആ പാമ്പിനെ സുരക്ഷിതമായി പിടികൂടി. ശുചിമുറിയിൽ നിന്നും മാലിന്യം ഒഴുകിപ്പോകുവാൻ നിർമ്മിച്ചിരിക്കുന്ന പൈപ്പിലൂടെയായിരിക്കും പാമ്പ് അകത്തെത്തിയതെന്നാണ് അയാളുടെ അമ്മ പറയുന്നത്.
വിഷമില്ലാത്ത പാമ്പാണ് കടിച്ചതെന്നതിൽ ആശ്വാസമുണ്ടെന്നാണ് സിരാഫോപിന്റെ അമ്മ പറയുന്നത്. എന്നാൽ പാമ്പ ചെറുതാണെങ്കിലും കടി വലുതായിരുന്നു എന്നാണ് സിരാഫോപിന്റെ അഭിപ്രായം. തന്റെ ജനനേന്ദ്രിയത്തിന് പ്രശ്നമൊന്നും ഇല്ലാതിരുന്നാൽ മതിയെന്ന് പ്രാർത്ഥിക്കുകയാണെന്നും അയാൾ പറയുന്നു.
മറുനാടന് ഡെസ്ക്