- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലക്കാട് സ്കൂളിലെ ക്ലാസ് മുറിയിൽ പാമ്പ്; നാലാം ക്ലാസ് വിദ്യാർത്ഥിനിയുടെ കാലിൽചുറ്റി; കാൽ കുടഞ്ഞതോടെ പാമ്പ് അലമാരയുടെ ഉള്ളിൽ കയറി; പാമ്പ് കടിച്ചതായുള്ള സംശയത്തിൽ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പാലക്കാട്: സംസ്ഥാനത്തെ ഓഫീസിൽ മങ്കര സർക്കാർ ഹയർസെക്കന്ററി സ്കൂളിൽ ക്ലാസ് മുറിയിൽ പാമ്പ് കയറി. നാലാം ക്ലാസ് വിദ്യാർത്ഥിനിയുടെ കാലിൽ പാമ്പ് ചുറ്റിയെങ്കിലും വിദ്യാർത്ഥിനിയെ പാമ്പ് കടിച്ചില്ല. പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ ആരോഗ്യ നിലയിൽ പ്രശ്നങ്ങളില്ല.
ക്ലാസിനുള്ളിൽ കയറിയ വിദ്യാർത്ഥിനി പാമ്പിനെ ചവിട്ടിയപ്പോൾ കാലിൽ ചുറ്റി. കാൽ കുടഞ്ഞതോടെ പാമ്പ് അലമാരയുടെ ഉള്ളിൽ കയറിയെന്നും വിദ്യാർത്ഥിനി പറഞ്ഞു. ടൈൽ ഇട്ട ക്ലാസ് മുറിയിൽ പാമ്പ് വന്നത് എങ്ങനെയെന്ന് അറിയില്ലെന്നും കുട്ടിയെ പാമ്പ് കടിച്ചതിന്റെ ലക്ഷണങ്ങളൊന്നുമില്ലെന്നും അദ്ധ്യാപിക പറഞ്ഞു.
തിങ്കളാഴ്ച രാവിലെ ക്ലാസ് ആരംഭിക്കുന്നതിന് മുമ്പാണ് സംഭവം. ഈ സമയം അദ്ധ്യാപകർ ക്ലാസിൽ എത്തിയിരുന്നില്ല. രാവിലെ സ്കൂളിലെത്തി ക്ലാസ് മുറി തുറന്നപ്പോഴാണ് നാലാം ക്ലാസുകാരി പാമ്പിനെ ചവിട്ടിയത്. ഉടൻ കുട്ടിയുടെ കാലിൽ പാമ്പ് വരിഞ്ഞ് മുറുക്കുകയായിരുന്നു. പാമ്പ് ചുറ്റിയവിവരം വിദ്യാർത്ഥിനിതന്നെ അദ്ധ്യാപികയെ അറിയിച്ചു. പാമ്പ് കടിച്ചതായുള്ള സംശയത്തിൽ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുട്ടികൾ ബഹളം വെക്കുകയും അധികൃതർ പരിശോധിക്കുകയും ചെയ്തപ്പോഴാണ് അലമാരയിൽ നിന്ന് പാമ്പിനെ കണ്ടെത്തിയത്. പാമ്പ് കടിച്ചോ എന്ന സംശയത്തേത്തുടർന്നാണ് കുട്ടിയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ പാമ്പുകടിയേറ്റത്തിന്റെ അടയാളങ്ങൾ ഒന്നും കുട്ടിയുടെ ശരീരത്തിലില്ലെന്നും 24 മണിക്കൂർ കുട്ടിയെ നിരീക്ഷിക്കണമെന്നും ഡോക്ടർമാർ പറഞ്ഞു.
സ്കൂൾ പരിസരം കാടുപിടിച്ച് കിടക്കുന്നതാണ് പാമ്പ് ക്ലാസ് മുറി വരെ എത്താൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. സംഭവം പുറത്തറിഞ്ഞതോടെ നാട്ടുകാർ പ്രതിഷേധവുമായി സ്കൂളിലെത്തി. സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ