കിളിമാനൂർ: പാമ്പുകടിയേറ്റ് അഞ്ചുവയസുകാരന് ദാരുണമായ അന്ത്യം. വെഞ്ഞാറംമൂട് ഗവൺമെന്റ് എൽപി സ്‌കൂളിൽ യുകെജി വിദ്യാർത്ഥിയായ മുഹമ്മദ് ഹുസൈനാണ് പാമ്പുകടിയേറ്റ് മരിച്ചത്. നെല്ലനാട് വില്ലേജ് ഓഫീസിന് സമീപം പ്ലാവിള വീട്ടിൽ ഖമറുദ്ദീൻ (ദുബായ്) സുമയ്യാ ദമ്പതികളുടെ മകനാണ് മുഹമ്മദ് ഹുസൈൻ.

തിങ്കളാഴ്‌ച്ച രാവിലെയാണ് കുട്ടിയെ പാമ്പുകടിച്ചത്. വീട്ടുവളപ്പിലെ തെങ്ങിൻ ചുവട്ടിൽ താഴെ വീണ തേങ്ങ പെറുക്കാൻ മാതാവിനൊപ്പം പോയതായിരുന്നു ഹുസൈൻ. മകന് വെയിൽ ഏൽക്കാതിരിക്കാൻ മാതാവ് കുട്ടിയെ ഒരു മരച്ചുവട്ടിൽ നിർത്തുകയായിരുന്നു. പിന്നീട് തേങ്ങയും പെറുക്കി മടങ്ങി വന്നപ്പോൾ കുഞ്ഞിന്റെ കാലിൽ നിന്നും രക്തം ഒലിക്കുന്നത് മാതാവ് കണ്ടു. ഇതേക്കുറിച്ച് ചോദിച്ചപ്പോഴാണ് പാമ്പ് കടിച്ച വിവരം ഭയന്നുവിറച്ച് കുഞ്ഞു പറഞ്ഞത്.

ഇതോടെ അലമുറയിട്ടു കരഞ്ഞ മാതാവ് സമീപവാസികളുടെ സഹായത്തോടെ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും കുഞ്ഞിന്റെ ശരീരത്തൽ പാമ്പിൻവിഷം ബാധിച്ചിരുന്നു. ഇന്നലെ രാവിലെ 11 മണിയോടെ മരണം സംഭവിക്കുകയും ചെയ്തു.

പിഞ്ചുകുഞ്ഞിന്റെ ദാരുണ ദുരന്തത്തിന്റെ ആഘാതം താങ്ങാൻ സാധിക്കാത്ത നിലയിലാണ് വീട്ടുകാരും ബന്ധുക്കളും. മാതാവ് സുമയ്യയുടെ നെഞ്ചുപൊട്ടിയുള്ള കരച്ചിൽ എല്ലാവരെയും ദുഃഖത്തിലാഴ്‌ത്തുന്നു. മൃതദേഹം അഞ്ചൽ തടിക്കാട് കബർസ്ഥാനിൽ സംസ്‌കരിച്ചു. ഹുസ്‌ന, ഫാത്തിമ, സഹദിയ എന്നിവർ സഹോദരങ്ങളാണ്.