കൊല്ലം: കടിച്ച പാമ്പിനെ പിടികൂടി വനപാലകർക്ക് കൈമാറിയ യുവാവ് മണിക്കൂറുകൾക്കകം ആശുപത്രിയിൽ മരിച്ചു. തെന്മല ഇടമൺ സ്വദേശി ബിനു ആണ് മരിച്ചത്. 41 വയസ്സായിരുന്നു.

പുനലൂർ കരവാളൂർ മാത്രയിൽ വെള്ളിയാഴ്ച രാത്രിയാണ് ബിനുവിന് പാമ്പു കടിയേറ്റത്. ബന്ധുവീട്ടിലേക്ക് വരുംവഴി തോട്ടിൽ കാൽ കഴുകാൻ ഇറങ്ങിയപ്പോഴായിരുന്നു കടിയേറ്റത്. മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ പാമ്പിനെ കണ്ടെത്തി പിടികൂടിയ ബിനു റോഡിലെത്തി നാട്ടുകാരെയും വനപാലകരെയും വിവരമറിയിച്ചു. അരമണിക്കൂറിനുള്ളിൽ വനപാലകരെത്തി പാമ്പിനെ ഏറ്റുവാങ്ങുകയും ചെയ്തു.

പിന്നീട് അസ്വസ്ഥത അനുഭവപ്പെട്ട ബിനുവിനെ തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി പത്തോടെ മരിക്കുകയായിരുന്നു.