- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊല്ലത്ത് പാമ്പു പിടിത്തക്കാരനെ മൂർഖൻ കടിച്ചു; കടിയേറ്റിട്ടും പാമ്പിന്റെ പിടുത്തം വിടാതെ തട്ടാമല സ്വദേശി സന്തോഷ് കുമാർ; പാമ്പിനെ പിടികൂടി കുപ്പിയിലാക്കിയ ശേഷം ആശുപത്രിയിൽ ചികിത്സ തേടി യുവാവ്
കൊല്ലം: കൊല്ലത്ത് മൈലാപ്പൂരിൽ പാമ്പു പിടുത്തക്കാരനെ പാമ്പു കടിച്ചു. പാമ്പിനെ പിടികൂടുന്നതിനിടെയാണ് യുവാവിന് കടിയേറ്റത്.പാമ്പുപിടിത്തക്കാരനായ തട്ടാമല സ്വദേശി സന്തോഷ് കുമാറിനെയാണ് മൂർഖൻ പാമ്പ് കടിച്ചത്. ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് പുലർച്ചെ ആറുമണിയോടെയാണ് സംഭവം. മൈലാപ്പൂർ സ്വദേശിയായ അശോകിന്റെ വീട്ടിൽ പാമ്പിനെ പിടികൂടാൻ എത്തിയതാണ് സന്തോഷ് കുമാർ. പാമ്പിനെ പിടികൂടുന്നതിനിടെയാണ് കടിയേറ്റത്. പാമ്പിനെ പിടികൂടി കുപ്പിയിലാക്കിയ ശേഷമാണ് സന്തോഷ് കുമാർ ആശുപത്രിയിൽ ചികിത്സ തേടിയത്.
വീടിന് വെളിയിൽ പഴയ ഫ്രിഡ്ജിൽ അലങ്കാര മത്സ്യങ്ങളെ വളർത്തിയിരുന്നു. ഇതിൽ നിന്ന് ഓരോ ദിവസം കഴിയുന്തോറും മത്സ്യങ്ങളുടെ എണ്ണം കുറയാൻ തുടങ്ങിയതോടെ വലയിട്ടിരുന്നു. ഈ വലയിലാണ് മൂർഖൻ പാമ്പ് കുടുങ്ങിയത്. തുടർന്ന് പാമ്പിനെ പിടികൂടാൻ സന്തോഷ് കുമാറിനെ വിളിക്കുകയായിരുന്നു.
മൂർഖൻ പാമ്പിനെ വലയിൽ നിന്ന് രക്ഷിക്കുന്നതിനിടെയാണ് കടിയേറ്റത്. കടിയേറ്റിട്ടും പാമ്പിനെ പിടിച്ചശേഷമാണ് സന്തോഷ് കുമാർ ആശുപത്രിയിൽ പോയത്. കൊട്ടിയത്ത് പ്രമുഖ സ്വകാര്യ വിഷചികിത്സാകേന്ദ്രത്തിലാണ് അദ്ദേഹം ചികിത്സ തേടിയത്.
മറുനാടന് മലയാളി ബ്യൂറോ