മെക്‌സികോ സിറ്റി: 'പറക്കുന്ന വിമാനത്തിൽ' പാമ്പ് വന്നാൽ എങ്ങനെയിരിക്കും? ആരായാലും ഒന്ന് പരിഭ്രാന്തരാകും അല്ലേ? സുരക്ഷാ സംവിധാനങ്ങൾ ഏറെയുള്ള വിമാനത്തിനകത്ത് എങ്ങനെ പാമ്പ് കയറിക്കൂടും എന്ന് ചിന്തിക്കുന്നവർക്കായി മെക്‌സിക്കോയിൽ നിന്ന് ഒരു വാർത്ത വന്നിരിക്കുകയാണ്. സിനിമാക്കഥയേയും വെല്ലുന്ന നാടകീയ രംഗങ്ങളാണ് പിന്നീട് വിമാനത്തിനകത്ത് സംഭവിച്ചത്.

വടക്കൻ മെക്‌സിക്കോയിലെ ടൊറോൺ പട്ടണത്തിൽ നിന്നും ഞായറാഴ്ച പറന്നുയർന്ന വിമാനത്തിലാണ് തൂങ്ങിയാടുന്ന പാമ്പിനെ കണ്ടെത്തിയത്. യാത്രക്കാരുടെ ലഗേജുകൾ സൂക്ഷിക്കുന്ന കാബിനു മുകളിൽ നിന്നും താഴേക്കിറങ്ങുന്ന പാമ്പിനെ യാത്രക്കാരിലൊരാളാണ് ആദ്യം കണ്ടത്. ഏകദേശം മൂന്നടിയോളം നീളം വരുന്ന പാമ്പിന് കടുത്ത പച്ച നിറമായിരുന്നു. യാത്രക്കാരനായ ഇൻഡാലെസിയോ മെഡിനാ പകർത്തിയ വിഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്.

വിമാനത്തിനുള്ളിൽ പാമ്പിനെ കണ്ട യാത്രങ്ങാർ ആദ്യം ഭയന്നെങ്കിലും പിന്നീടു സംയമനം പാലിച്ചു. കാബിനിൽ നിന്നും ഊർന്നു താഴേക്കിറങ്ങാൻ ശ്രമിച്ച പാമ്പിനെ വിമാന ജീവനക്കാരും യാത്രക്കാരും ചേർന്നു കയറും കമ്പിളിയുമുപയോഗിച്ചു ബന്ധിച്ചു. പൈലറ്റ് റേഡിയോ സന്ദേശമയച്ചതിനെ തുടർന്നു പത്തു മിനിറ്റിനകം വിമാനം തിരിച്ചിറക്കി അനധികൃതമായി കയറിക്കൂടിയ പാമ്പിനെ വനപാലകർക്കു കൈമാറിയ ശേഷം യാത്ര തുടർന്നു.

പാമ്പ് വിമാനത്തിലെത്തിയതെങ്ങനെയാണെന്ന് അന്വേഷിക്കുമെന്നും ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്നും എയ്‌റോമെക്‌സിക്കോ അധികൃതർ പറഞ്ഞു.