മസ്‌കറ്റ്: ഒമാനിൽനിന്നു ദുബായിലേക്കു പുറപ്പെടാനൊരുങ്ങിയ എമിറേറ്റ്‌സ് വിമാനത്തിൽ പാമ്പിനെ കണ്ടെത്തിയതിനെത്തുടർന്ന് സർവീസ് റദ്ദാക്കി. ലേഗേജുകൾ കൈകാര്യം ചെയ്യുന്ന ജീവനക്കാരാണ് വിമാനത്തിൽ ചരക്കുകൾ സൂക്ഷിക്കുന്ന സ്ഥലത്ത് പാമ്പിനെ കണ്ടെത്തിയത്. ഈ സമയം യാത്രക്കാർ വിമാനത്തിൽ പ്രവേശിച്ചു തുടങ്ങിയിട്ടില്ലായിരുന്നു.

വിമാനത്തിന്റെ എല്ലാ സ്ഥലങ്ങളും വിശദമായി പരിശോധിച്ചിട്ട് മണിക്കൂറുകൾ താമസിച്ചാണ് സർവീസ് വീണ്ടും നടത്തിയത്. എന്തുതരം  പാമ്പാണു കണ്ടെത്തിയതെന്നോ വിഷമുള്ള ജാതിയായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ എമിറേറ്റ്‌സ് അധികൃതർ വ്യക്തമാക്കിയിട്ടില്ല.

അതേസമയം വിമാനത്തിൽ പാമ്പിനെ കണ്ടെത്തിയതിനു പിന്നാലെ, പത്തു വർഷം മുമ്പിറങ്ങിയ ഒരു ഹോളിവുഡ് സിനിമയോട് സംഭവത്തെ താരതമ്യം ചെയ്തുകൊണ്ടുള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടുതുടങ്ങിയിട്ടുണ്ട്. സാമുവൽ എൽ. ജാക്‌സൺ നായകനായി 2006ൽ പുറത്തിറങ്ങിയ സ്‌നേക്‌സ് ഓൺ പ്ലേൻ എന്ന ഹോളിവുഡ് ത്രില്ലർ ചിത്രമാണ് പരാമർശവിധേയമായിരിക്കുന്നത്. അർധരാത്രിയിലെ യാത്രയ്ക്കിടെ വിമാനത്തിനുള്ളിൽ നിറച്ചും വിഷപാമ്പുകൾ പ്രത്യക്ഷപ്പെടുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

അതേസമയം ഇതാദ്യമായല്ല വിമാനത്തിൽ പാമ്പ് പ്രത്യക്ഷപ്പെടുന്നത്. കഴിഞ്ഞ നവംബറിൽ മെക്‌സിക്കോയിൽ ആഭ്യന്തര സർവീസ് നടത്തുന്ന വിമാനത്തിനുള്ളിൽ ഒരു മീറ്റർ നീളമുള്ള പാമ്പു പ്രത്യക്ഷപ്പെട്ടത് യാത്രക്കാരെ പരിഭ്രാന്തിയിലാഴ്‌ത്തിയിരുന്നു. 2013 ൽ ഓസ്‌ട്രേലിയയിൽ ഒരു വിമാനത്തിൽ മൂന്നു മീറ്റർ നീളമുള്ള പെരുംപാമ്പിനെയും കണ്ടെത്തിയിരുന്നു. 2012ൽ മെക്‌സിക്കോയിൽനിന്ന് സ്‌കോട്‌ലൻഡിലെത്തിയ വിമാനത്തിലും പാമ്പിനെ കണ്ടെത്തുകയുണ്ടായി.