തിരുവനന്തപുരം: പാമ്പിനെ കണ്ട് വടിയെടുക്കും മുമ്പേ ആപ്പ് തുറക്കാം, പാമ്പുപിടുത്തക്കാർ ഉടൻ വീട്ടിലെത്തും. കേരളത്തിലെ പാമ്പുകളെക്കുറിച്ചുള്ള സമഗ്രവിവരങ്ങളുമായി മൊബൈൽ ആപ്ലിക്കേഷൻ തയ്യാറായി. സ്‌നേക്ക്പീഡിയ എന്ന ആപ്പിലൂടെ പാമ്പുകളെ സംബന്ധിച്ച സകലവിവരങ്ങളും ചികിൽസ മാർഗനിർദേശങ്ങളും ഇനി ഒറ്റ ക്ലിക്കിലറിയാം. കേരളത്തിലെ പാമ്പുകളെ ചിത്രങ്ങളടെയും ശബ്ദരേഖയുടെയും സഹായത്തോടെ പരിചയപ്പെടുത്തുന്നതിന് ഒപ്പം പ്രഥമശുശ്രൂഷയെക്കുറിച്ചും ചികിത്സയെ കുറിച്ചും സമഗ്രവിവരവും ആപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

കേരളത്തിനകത്തും പുറത്തുമുള്ള 130 പേർ പകർത്തിയ എഴുനൂറിലധികം ചിത്രങ്ങളാണ്, കേരളത്തിൽ കാണുന്ന നൂറിലധികം സ്പീഷീസുകളുടെ വിവിധ നിറഭേദങ്ങളിൽ ഉള്ള ചിത്രങ്ങൾ എന്നിവയാണ് ആപ്പിന്റെ മുഖ്യ ആകർഷണം.പാമ്പുകടി ഏൽക്കാതിരിക്കാൻ എന്തൊക്കെ ചെയ്യണം, പാമ്പ് കടിയേറ്റാൽ ചെയ്യേണ്ട പ്രഥമ ശുശ്രൂഷ, പാമ്പ് കടിയേറ്റാൽ സമീപത്തുള്ള സൗകര്യമുള്ള ആശുപത്രികളുടെ ഫോൺ നമ്പർ അടക്കമുള്ള ലിസ്റ്റ്, ശാസ്ത്രീയ ചികിത്സ എങ്ങനെ, ശാസ്ത്രീയ ചികിത്സയുടെ പ്രാധാന്യം, പാമ്പുകളുമായി ബന്ധപ്പെട്ടുള്ള തെറ്റിദ്ധാരണകൾ എന്നീ ലേഖനങ്ങളും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.അമിത സാങ്കേതിക വർണ്ണനകൾ ഒഴിവാക്കി ലളിതമായ ഭാഷയിലുള്ള വിവരണം.ഓരോ പാമ്പിനെയും തിരിച്ചറിയാൻ ഇൻഫോ ഗ്രാഫിക്‌സ് സഹിതം ചിത്രങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. വിഷമുള്ള പാമ്പുകളെയും അതുപോലെതന്നെ തോന്നിക്കുന്ന വിഷമില്ലാത്ത അപരന്മാരെയും തമ്മിൽ തിരിച്ചറിയാനുള്ള ഇൻഫോഗ്രാഫിക്‌സ് പ്ലേറ്റുകളും ഉണ്ട്.

കാഴ്ച പരിമിതിയുള്ളവർക്കും തിരക്കുള്ളവർക്കും വേണ്ടി വിവരണങ്ങളും ലേഖനങ്ങളും കേൾക്കാനുള്ള സൗകര്യവും ആപ്പിന്റെ മറ്റൊരു പ്രത്യേകതയാണ്.പാമ്പിനെ കണ്ടാൽ വനം വകുപ്പിന്റെ പരിശീലനം ലഭിച്ച റസ്‌ക്യൂവർമാരുടെ സഹായം തേടാം. അവരുടെ ജില്ലതിരിച്ചുള്ള, ഫോൺ നമ്പർ അടങ്ങിയ ലിസ്റ്റ് ആപ്പിലുണ്ട്.പാമ്പുകളെ തിരിച്ചറിയാനായി ഒരു ഓൺലൈൻ ഹെൽപ്പ്‌ലൈനും ഉണ്ട്. ഫോട്ടോ എടുത്ത് അപ്ലോഡ് ചെയ്താൽ മറുപടി ലഭിക്കും. പക്ഷേ ഒരു കാര്യം ശ്രദ്ധിക്കണം. കടിയേറ്റ അവസരത്തിൽ ഉപയോഗിക്കുകയാണെങ്കിൽ, മറുപടിക്കായി കാത്തു നിൽക്കരുത്. കടിയേറ്റാൽ എത്രയും പെട്ടെന്ന് ചികിത്സ തേടണം. മറ്റൊരു കാര്യം കൂടി, സുരക്ഷിതമായ അകലത്തിൽ നിന്ന് മാത്രമേ ഫോട്ടോ എടുക്കാവൂ എന്നീ നിർദ്ദേശങ്ങൾ കൂടി ആപ്പ് പങ്കുവെക്കുന്നുണ്ട്

പരസ്യങ്ങളില്ലാത്ത ഈ ഫ്രീ ആൻഡ്രോയിഡ് ആപ്പാണിത്. 90 ശതമാനവും ഇതൊരു ഓഫ്ലൈൻ മൊബൈൽ അപ്ലിക്കേഷൻ ആണ്. ഓൺലൈൻ ഹെൽപ്പ്‌ലൈനും ഓഡിയോ പോഡ്കാസ്റ്റും ഒഴികെ ബാക്കിയെല്ലാം ഓഫ്ലൈൻ സൗകര്യങ്ങളാണ്. ഒരു കൂട്ടം ഡോക്ടർമാരും ഗവേഷകരും പ്രകൃതിസ്‌നേഹികളും ചേർന്നാണ് ഈ മൊബൈൽ അപ്ലിക്കേഷൻ തയ്യാറാക്കിയത്്. മലയാളത്തിന് പ്രാധാന്യം നൽകി രൂപകല്പന ചെയ്ത ഈ ആപ്പിൽ ഇംഗ്ലീഷിലും വിവരണങ്ങളും ശബ്ദരേഖയും ലഭ്യമാണ്.

ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിനായി: https://play.google.com/store/apps/details?id=app.nsakse എന്ന വിലാസം സന്ദർശിക്കുക