കൊച്ചി: തെരഞ്ഞെടുപ്പു കാലത്തേക്ക് ഉമ്മൻ ചാണ്ടി സർക്കാർ കാത്തുവച്ച ഒരു തന്ത്രമായിരുന്നു ലാവലിൻ കേസ്. സോളാറും ബാർ കോഴയുമൊക്കെയായി തുടർച്ചയായ തിരിച്ചടികൾ ലഭിക്കുമ്പോഴും ലാവലിൻ കേസ് ഉയർത്തിക്കാട്ടി ഇതിനെയെല്ലാം പ്രതിരോധിക്കാമെന്ന ചിന്തയിലായിരുന്നു യുഡിഎഫ്. ഈ ആലോചനയ്ക്കാണ് ശക്തമായ തിരിച്ചടി കോടതിയിൽ നിന്നു ലഭിച്ചത്.

ഇതോടെ യുഡിഎഫിനു ലാവലിനെ രാഷ്ട്രീയ ആയുധമാക്കി മാറ്റാൻ കഴിയില്ലെന്ന് ഉറപ്പായിരിക്കുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം സിപിഎമ്മിനും പിണറായിക്കുമെതിരായ ആയുധമായിരുന്നു കോൺഗ്രസ് ലാവലിൻ കേസ്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് ജി കാർത്തികേയൻ വൈദ്യുതിമന്ത്രിയായിരിക്കുമ്പോഴാണു ലാവലിൻ കരാറുമായി ബന്ധപ്പെട്ട ധാരണാപത്രം ഒപ്പുവയ്ക്കുന്നത്. തുടർന്നു വന്ന സർക്കാരുകൾ അക്കാര്യം മുന്നോട്ടു കൊണ്ടുപോകുകയായിരുന്നു.

ഇടുക്കി ജില്ലയിലുള്ള പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയൻ കമ്പനിയായ എസ്.എൻ.സി. ലാവലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് ലാവലിൻ കേസിന് നിദാനം. കരാർ ലാവലിൻ കമ്പനിക്ക് നൽകുന്നതിന് പ്രത്യേക താല്പര്യം കാണിച്ചതിലൂടെ സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടായിരിക്കാമെന്നാണ് ലാവലിൻ കേസിലെ പ്രധാന ആരോപണം

1995 ഓഗസ്റ്റ് 10ന് ഐക്യ ജനാധിപത്യ മുന്നണി സർക്കാരിലെ വൈദ്യുത മന്ത്രി ആയിരുന്ന ജി. കാർത്തികേയനാണ് എസ്.എൻ.സി. ലാവലിനുമായിട്ടുള്ള ആദ്യ ധാരണാപത്രം ഒപ്പ് വയ്ക്കുന്നത്. പിന്നീട് എസ്.എൻ.സി. ലാവലിനെ പദ്ധതി നടത്തിപ്പിന് കൺസൾട്ടന്റായി നിയമിച്ചു കൊണ്ടുള്ള കരാർ 1996 ഫെബ്രുവരി 24ന് ഒപ്പിടുന്നതും ജി. കാർത്തികേയൻ വൈദ്യുത വകുപ്പ് മന്ത്രി ആയിരിക്കുന്ന കാലയളവിലാണ്. ലാവലിൻ കമ്പനിയുമായി അന്തിമ കരാർ ഒപ്പിട്ടത് പിന്നീട് വന്ന ഇ.കെ. നായനാർ മന്ത്രിസഭയിലെ വൈദ്യുത മന്ത്രി ആയിരുന്ന പിണറായി വിജയനായിരുന്നു.

2001 മെയ് മാസത്തിൽ തിരികെ അധികാരത്തിൽ വന്ന ഏ.കെ. ആന്റണി നേതൃത്വം നൽകിയ ഐക്യ ജനാധിപത്യ മുന്നണി മന്ത്രിസഭയുടെ കാലത്താണ് കരാർ പ്രകാരം നിർമ്മാണ ജോലികൾ പൂർത്തിയാക്കപ്പെട്ടത്. കടവൂർ ശിവദാസനായിരുന്നു അന്ന് വൈദ്യുത മന്ത്രി. പിന്നീട് ആര്യാടൻ മുഹമ്മദ് വൈദ്യുതി മന്ത്രി ആയിരിക്കുന്ന അവസരത്തിലാണ് പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള തുക പൂർണ്ണമായും അടച്ചു തീർത്തത്. കരാറുകൾ വിഭാവനം ചെയ്യുന്നത് മുതൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നത് വരെ നാല് മന്ത്രിസഭകളിലായി അഞ്ച് മന്ത്രിമാർ വൈദ്യുത വകുപ്പ് ഭരിക്കുകയുണ്ടായി. ഇക്കാലയളവിൽ മലബാർ കാൻസർ സെന്ററിന് വേണ്ടി കനേഡിയൻ സർക്കാർ ഏജൻസികൾ നൽകുമായിരുന്ന 98 കോടി രൂപയിൽ ആകെ 12 കോടി രൂപ മാത്രമാണ് ധാരണാ പത്രം പുതുക്കാത്തത് മൂലം ലഭിച്ചത്.

ലാവലിന്റെ നാൾവഴികൾ ഇങ്ങനെ:

  • 1995 ഓഗസ്റ്റ് 10: പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് എസ്എൻസി ലാവലിൻ കമ്പനിയും വൈദ്യുതി ബോർഡുമായി ധാരണാ പത്രം ഒപ്പിട്ടു.
  • 1996 ഫെബ്രുവരി 24: ലാവ്‌ലിനുമായി ബോർഡിന്റെ കൺസൾട്ടൻസി കരാർ.
  • ഒക്ടോബർ: പിണറായി വിജയൻ ഉൾപ്പെട്ട ഉന്നതതല സംഘം കാനഡ സന്ദർശിച്ചു.
  • 1997 ഫെബ്രുവരി 2: ലാവ്‌ലിനുമായി കരാറിൽ ഏർപ്പെട്ടു.
  • എസ്എൻസി ലാവ്‌ലിൻ കരാർ: നാൾവഴികൾ
  • 1995 ഓഗസ്റ്റ് 10: പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് എസ്എൻസി ലാവലിൻ കമ്പനിയും വൈദ്യുതി ബോർഡുമായി
    ധാരണാ പത്രം ഒപ്പിട്ടു.
  • 1996 ഫെബ്രുവരി 24: ലാവ്‌ലിനുമായി ബോർഡിന്റെ കൺസൾട്ടൻസി കരാർ.
  • ഒക്ടോബർ: പിണറായി വിജയൻ ഉൾപ്പെട്ട ഉന്നതതല സംഘം കാനഡ സന്ദർശിച്ചു.
  • 1997 ഫെബ്രുവരി 2: ലാവ്‌ലിനുമായി കരാറിൽ ഏർപ്പെട്ടു.
  • മെയ്‌ 7: സുബൈദ കമ്മിറ്റി റിപോർട്ട് സമർപ്പിച്ചു. പദ്ധതിച്ചെലവ് ഭീമമെന്ന് പരാമർശം.
  • 1998 ജനുവരി: കരാറിന് വൈദ്യുതി ബോർഡ് അംഗീകാരം.
  • മാർച്ച്: മന്ത്രിസഭാ യോഗം കരാറിന് അംഗീകാരം നൽകി.
  • ഏപ്രിൽ: മലബാർ കാൻസർ സെന്ററിന് ധനസഹായം ലഭ്യമാക്കാൻ ധാരണാപത്രം ഒപ്പിട്ടു.
  • ജൂലൈ: ലാവ്‌ലിനുമായി അന്തിമകരാറിൽ ഏർപ്പെട്ടു.
  • 2002 ജനുവരി 11: കരാറിലെ ക്രമക്കേട് വിജിലൻസ് അന്വേഷിക്കണമെന്ന് വൈദ്യുതി ജലസേചന വകുപ്പുകളുടെ നിയമസഭാ സബ്ജക്ട് കമ്മിറ്റി ശുപാർശ.
  • 2003 ജൂൺ 25: സുപ്രധാന ഫയൽ കാണാനില്ലെന്ന് വിജിലൻസ് ഡിവൈഎസ്‌പിയുടെ റിപോർട്ട്. കേസ് അവസാനിപ്പിക്കണമെന്ന് ശുപാർശ.
  • 2005 ജൂലൈ 13: കരാറിലെ ക്രമക്കേടിലൂടെ വൻ നഷ്ടം സർക്കാരിനുണ്ടായെന്ന് സിഎജി റിപോർട്ട്.
  • ജൂലൈ 19: ലാവലിനെ കരിമ്പട്ടികയിൽ പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ. ആവശ്യം അംഗീകരിക്കുന്നെന്ന് വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദ്
  • 2006 ജനുവരി 20: ആഗോള ടെൻഡർ വിളിക്കാതെയുള്ള ഇടപാടിൽ ക്രമക്കേട് നടന്നെന്ന് വിജിലൻസ് കണ്ടത്തൽ.
  • ഫെബ്രുവരി 13: ഉന്നത ഉദ്യോഗസ്ഥരെയും ലാവലിൻ കമ്പനി പ്രതിനിധികളെയും പ്രതിചേർക്കാൻ ശുപാർശ. എട്ടുപേരെ പ്രതി ചേർത്ത് തൃശൂർ വിജിലൻസ് കോടതിയിൽ എഫ്‌ഐആർ സമർപ്പിച്ചു.
  • മാർച്ച് ഒന്ന്: അന്വേഷണം സിബിഐക്ക് വിടാൻ യുഡിഎഫ് സർക്കാർ തീരുമാനിച്ചു. സർക്കാരുമായി ആലോചിക്കാതെ എഫ്‌ഐആർ നൽകിയതിന് വിജിലൻസ് ഡയറക്ടർ സ്ഥാനത്തു നിന്ന് ഉപേന്ദ്രവർമയെ മാറ്റി.
  • മാർച്ച് മൂന്ന്: സർക്കാർ തീരുമാനം ഹൈക്കോടതിയെ അഡ്വക്കറ്റ് ജനറൽ അറിയിച്ചു.
  • മാർച്ച് 10: പിണറായി വിജയനുമായി ബന്ധപ്പെട്ട സുപ്രധാന ഫയൽ കാണാതായതായി വിജിലൻസ് റിപോർട്ടിൽ പരാമർശം.
  • ജൂലൈ 18: സിബിഐ അന്വേഷണമെന്ന മുൻ തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നുവോയെന്ന് ആരാഞ്ഞ് കേന്ദ്ര പേഴ്‌സനൽ ട്രെയിനിങ് മന്ത്രാലയം കത്തെഴുതി.
  • നവംബർ 16: കേന്ദ്ര സർക്കാർ വിജ്ഞാപനത്തിന്റെ അഭാവത്തിൽ കേസ് ഏറ്റെടുക്കാൻ കഴിയില്ലെന്ന് സിബിഐ ഹൈക്കോടതിയിൽ.
  • ഡിസംബർ 4: വിജിലൻസ് അന്വേഷണം മതിയെന്ന് എൽഡിഎഫ് മന്ത്രിസഭാ തീരുമാനം.
  • ഡിസംബർ 29: സിബിഐ അന്വേഷണ അനുമതി പിൻവലിക്കുന്നതായി സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചു
  • 2007 ജനുവരി 16: കേസ് അന്വേഷണം സിബിഐ ഏറ്റെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.
  • മാർച്ച് 13: സിബിഐ അന്വേഷണം ആരംഭിച്ചു. പിണറായി ഉൾപ്പെടെ നിരവധിപേരെ ചോദ്യം ചെയ്തു.
  • 2008 ഫെബ്രുവരി: ഇടപാടിൽ വൻ ക്രമക്കേടെന്ന് സിബിഐ കണ്ടെത്തൽ.
  • മാർച്ച് 17: കോടിക്കണക്കിന് രൂപയുടെ നഷ്ടമെന്ന ഇടക്കാല അന്വേഷണ റിപോർട്ട് ഹൈക്കോടതിയിൽ
  • 2009 ജനുവരി 21: മുൻ മന്ത്രിയെന്ന നിലയിൽ പിണറായി വിജയനെ പ്രതിചേർക്കാൻ ഗവർണറുടെ അനുമതി തേടി സിബിഐ.
  • ഫെബ്രുവരി 12: പിണറായി വിജയൻ ഉൾപ്പെടെ മൂന്നുപേരുടെ പ്രോസിക്യൂഷൻ അനുമതി സംബന്ധിച്ച് മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി.
  • മെയ്‌ 5: പിണറായിക്കെതിരെ പ്രോസിക്യൂഷൻ അനുമതി നൽകേണ്ടതില്ലെന്ന് അഡ്വക്കറ്റ് ജനറൽ സി പി സുധാകര പ്രസാദ്
  • മെയ്‌ 6: പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകേണ്ടെന്ന് ഗവർണറെ അറിയിക്കാൻ എൽഡിഎഫ് മന്ത്രിസഭാ തീരുമാനം.
  • മെയ്‌ 20: ഗവർണർ സിബിഐയുടെ വിശദീകരണം തേടി.
  • ജൂൺ 7: മന്ത്രിസഭാ തീരുമാനം മറികടന്ന് പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണറുടെ അനുമതി.
  • ജൂൺ 11: പിണറായി വിജയൻ ഉൾപ്പെടെ ഒമ്പതുപേരെ പ്രതി ചേർത്ത് സിബിഐ കുറ്റപത്രം.
  • ജൂൺ 23: ജി കാർത്തികേയന്റെയും ബോർഡ് അംഗം ആർ ഗോപാലകൃഷ്ണന്റെയും പങ്ക് കൂടി അന്വേഷിക്കാൻ എറണാകുളം സിബിഐ കോടതി ഉത്തരവ്.
  • 2011 മാർച്ച് 30: വിചാരണ ചെയ്യാനുള്ള അനുമതി ചോദ്യം ചെയ്ത് പിണറായി നൽകിയ ഹരജി സുപ്രിംകോടതി തള്ളി. പരാതിക്കാരന് ഹൈക്കോടതിയെ സമീപിക്കാമെന്നു സുപ്രിംകോടതി.
  • ഡിസംബർ 19: തുടരന്വേഷണ റിപോർട്ട് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയിൽ സമർപ്പിച്ചു.
  • 2012 ഡിസംബർ 24: വിചാരണ ഉടൻ ആരംഭിക്കണമെന്ന പിണറായിയുടെ ഹരജി സിബിഐ പ്രത്യേക കോടതി തള്ളി.
  • 2013 ജൂൺ 18: പിണറായി വിജയനെതിരായ വിചാരണ ഉടൻ ആരംഭിക്കണമെന്ന് ഹൈക്കോടതി. കുറ്റപത്രം വിഭജിച്ചു. വിടുതൽ ഹരജികൾ ആദ്യം പരിഗണിക്കാനുത്തരവ്.
  • നവംബർ 5: പിണറായിയടക്കം ആറുപേരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി സിബിഐ പ്രത്യേക കോടതി ഉത്തരവായി.
  • 2016 ജനുവരി 13: പിണറായി വിജയനെതിരെ സർക്കാർ ഹൈക്കോടതിയിൽ. റിവിഷൻ ഹരജി എത്രയും വേഗം തീർപ്പാക്കണമെന്ന് ഉപഹർജി. സുബൈദ കമ്മിറ്റി റിപോർട്ട് സമർപ്പിച്ചു. പദ്ധതിച്ചെലവ് ഭീമമെന്ന് പരാമർശം.
  • ഫെബ്രുവരി 25: റിവിഷൻ ഹർജി പരിഗണിക്കുന്നതു ഹൈക്കോടതി രണ്ടുമാസത്തേക്കു മാറ്റിവച്ചു. രാഷ്ട്രീയ ലാഭത്തിനായി കോടതിയെ ഉപയോഗിക്കരുതെന്നു വിമർശനം.