തിരുവനന്തപുരം: കേരളത്തിൽ ഏറെ വിവാദം സൃഷ്ടിച്ച കേസാണ് ലാവ്‌ലിൻ കേസ്. സംസ്ഥാനത്തെ ഏറ്റവും പഴക്കംചെന്ന പള്ളിവാസൽ-ചെങ്കുളം-പന്നിയാർ ജലവൈദ്യുത പദ്ധതികൾ നവീകരിക്കാൻ എസ്എൻസി ലാവ്‌ലിൻ ഗ്രൂപ്പുമായി കരാർ ഒപ്പിട്ടതാണ് പിന്നീടു വിവാദത്തിന് ഇടയാക്കിയത്. 1996ൽ അധികാരത്തിലേറ്റ നായനാർ സർക്കാരിൽ വൈദ്യുതി മന്ത്രിയും പിന്നീട് സിപിഐ(എം) സംസ്ഥാന സെക്രട്ടറിയുമായ പിണറായി വിജയനെ കുരുക്കാനായി എതിരാളികൾ ഏറെക്കാലം ആയുധമാക്കിയിരുന്നു ലാവ്‌ലിൻ കേസ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു വേളയിൽ നവകേരളാമാർച്ചുമായി പിണറായി വിജയൻ എത്തിയപ്പോൾ കത്തിനിൽക്കുന്ന വിഷയമായിരുന്നു ലാവ്‌ലിൻ കേസ്. എന്നാൽ, പിന്നീടു കേസിൽ പിണറായിയെ കുറ്റവിമുക്തനാക്കിയിരുന്നു. വീണ്ടുമൊരു തെരഞ്ഞെടുപ്പു വേളയിൽ സിപിഎമ്മിനെയും പിണറായിയെയും കടന്നാക്രമിച്ചു കേസിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണു കോൺഗ്രസ് നേതൃത്വം.

1991-1996 ലെ യു.ഡി.എഫ് സർക്കാരിന്റെ കാലത്താണു വൈദ്യുത പദ്ധതികളുടെ നവീകരണത്തിനായി കാനഡ സർക്കാരിന്റെ ധനസഹായത്തോടെ ലാവ്‌ലിൻ കമ്പനിയുമായി അന്നത്തെ വൈദ്യുതമന്ത്രി ജി കാർത്തികേയൻ ധാരണാപത്രവും കരാറും ഒപ്പിട്ടത്. ആ കരാർ പ്രാബല്യത്തിലുള്ള ഘട്ടത്തിലാണ് 1996 മെയ് മുതൽ 1999 ഒക്‌ടോബർ വരെ പിണറായി വിജയൻ മന്ത്രിയായത്. പിണറായി ഈ പ്രശ്‌നത്തിൽ തെറ്റായ ഒരുകാര്യവും ചെയ്തിട്ടില്ലെന്ന് യുഡിഎഫ് ഭരണകാലത്തുതന്നെ അന്വേഷിച്ച വിജിലൻസ് വ്യക്തമാക്കിയിരുന്നു.

2005 ജൂണിൽ അന്നത്തെ പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറലിന്റെ റിപ്പോർട്ടിൽ വന്ന കണ്ടെത്തലുകളാണ് പിന്നീട് ലാവ്‌ലിൻ കേസ് എന്ന പേരിൽ അറിയപ്പെട്ടത്. വൈദ്യുതി ബോർഡിന്റെ കീഴിലുള്ള ഇടുക്കിയിലെ പള്ളിവാസൽ, പന്നിയാർ, ചെങ്കുളം എന്നീ വൈദ്യുതോൽപ്പാദന പദ്ധതികളുടെ പുനരുദ്ധാരണവും നവീകരണവും നടത്തുന്നതിനായുള്ള കരാർ ടെണ്ടർ വിളിക്കാതെ കനേഡിയൻ കമ്പനിയായ എസ്.എൻ.സി.ലാവ്‌ലിനു നൽകിയതിലൂടെ സംസ്ഥാന ഖജനാവിന് 374 കോടി രൂപയുടെ നഷ്ടമുണ്ടായതായി അക്കൗണ്ടന്റ് ജനറലിന്റെ റിപ്പോർട്ട് പറയുന്നു. വൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണവും നവീകരണവും ലാവ്‌ലിൻ കമ്പനിക്ക് നൽകുന്നതിന് പകരമായി സർക്കാർ തലശ്ശേരിയിൽ ആരംഭിക്കുന്ന മലബാർ ക്യാൻസർ സെന്ററിനു നൽകാമെന്നേറ്റ 86 കോടി രൂപ ലാവ്‌ലിൻ കമ്പനി നൽകിയില്ല എന്ന് അക്കൗണ്ടന്റ് ജനറൽ പറയുന്നു.

മലബാർ ക്യാൻസർ സെന്ററിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിനായി ടെക്‌നിക്കാലിയ എന്നൊരു കമ്പനിയെ ലാവ്‌ലിൻ നേരിട്ട് നിയമിച്ചു എന്നും കണ്ടെത്തലുണ്ട്. ലാവ്‌ലിനുമായി ചർച്ചയ്ക്ക് കാനഡയിലേക്ക് പോയ, അന്നത്തെ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ വിദഗ്ദ്ധർ ആരുമുണ്ടായിരുന്നില്ല എന്നും സി.എ.ജി പറഞ്ഞു. വൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണം നടന്നിട്ടും ഉൽപ്പാദനം കുറയുകയാണുണ്ടായതെന്നും സി.എ.ജി റിപ്പോർട്ടിലുണ്ട് .

2006 മാർച്ചിൽ ഉമ്മൻ ചാണ്ടി സർക്കാർ ലാവ്‌ലിൻ കേസ് അന്വേഷണം സിബിഐയ്ക്ക് വിടുകയായിരുന്നു. സിബിഐ അന്വേഷണം നടത്തുന്നതിനെതിരെ കേന്ദ്രസർക്കാരും നിലപാടെടുത്തിരുന്നു. ഇതിനെതിരെ ക്രൈം വാരികയുടെ പത്രാധിപർ ടി.പി. നന്ദകുമാർ നൽകിയ കേസിൽ ഹൈക്കോടതി 2007 ജനുവരിയിൽ ലാവ്‌ലിൻ കേസന്വേഷണം സിബിഐയ്ക്ക് വിട്ടുകൊണ്ട് ഉത്തരവിട്ടു. കേസന്വേഷിച്ച സിബിഐ 2009ൽ റിപ്പോർട്ട് സമർപ്പിച്ചു.

1996-98 ൽ അന്ന് വൈദ്യുതമന്ത്രി ആയിരുന്ന പിണറായി വിജയനും 8 കൂട്ടുപ്രതികളും നടത്തിയ ക്രിമിനൽ ഗൂഢാലോചനയുടെ ഭാഗമായാണ് ടെണ്ടർ വിളിക്കാതെ എം.ഒ.യു റൂട്ടിലൂടെ കുത്തനെ ഉയർന്ന തുകയ്ക്ക് ലാവ്‌ലിൻ കമ്പനിക്ക് പള്ളിവാസൽ ചെങ്കുളം പന്നിയാർ പദ്ധതികളുടെ നവീകരണ പുനരുദ്ധാരണ കരാർ നൽകിയത് എന്നായിരുന്നു സിബിഐ വിലയിരുത്തൽ. നവീകരണ പ്രവർത്തനങ്ങളുടെ കരാറിന് പകരമായി മലബാർ ക്യാൻസർ സെന്ററിനു ലാവ്‌ലിൻ നൽകാമെന്നേറ്റ 86 കോടി രൂപയുടെ ഗ്രാൻഡ് ലഭിച്ചില്ല എന്നും സിബിഐ വ്യക്തമാക്കി. മുൻ ഉപദേശക സെക്രട്ടറിയായിരുന്ന കെ.മോഹനചന്ദ്രൻ, മുൻ വൈദ്യുതിബോർഡ് ചെയർമാൻ സിദ്ധാർത്ഥ മേനോൻ, വൈദ്യത ബോർഡ് ടെക്‌നിക്കൽ മെമ്പർ ആയിരുന്ന കെ.ജി രാജശേഖരൻ നായർ, വൈദുതി ബോർഡ് മുൻ ചെയർമാൻ ആർ.ശിവദാസൻ, മുൻ ചീഫ് എഞ്ചിനീയർ കസ്തൂരിരംഗ അയ്യർ ,ലാവ്‌ലിൻ കമ്പനിയുടെ വൈസ് പ്രസിഡന്റായിരുന്ന ക്ലോസ് ട്രെന്റൽ എന്നിവരായിരുന്നു പ്രതികൾ.

പിണറായി വിജയനെ ഏഴാം പ്രതിയാക്കി സിബിഐ 2011ൽ തിരുവനന്തപുരം സിബിഐ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ലാവ്‌ലിൻ കമ്പനിയുടെ വൈസ് പ്രസിഡന്റായിരുന്ന ക്ലോസ് ട്രെന്റലിനെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിൽ സിബിഐ കാട്ടിയ അലംഭാവം കേസന്വേഷണം നീളാനിടയാക്കി. കുറ്റപത്രം വിഭജിക്കണമെന്നും കേസന്വേഷണം വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ട് പിണറായി വിജയൻ ഹൈക്കോടതിയെ സമീപിച്ചു. പിണറായിയുടെ വാദം അംഗീകരിച്ച ഹൈക്കോടതി കുറ്റപത്രം വിഭജിക്കാൻ അനുവാദം നൽകി. ഇതിന്റെയടിസ്ഥാനത്തിൽ തിരുവനന്തപുരം സിബിഐ കോടതി വാദം കേൾക്കാനിരിക്കെ പിണറായിയും അഞ്ച് കൂട്ടുപ്രതികളും തിരുവനന്തപുരം സിബിഐ കോടതിയിൽ സിആർപിസി 256 ആം വകുപ്പ് പ്രകാരം വിടുതൽ ഹർജി ഫയൽ ചെയ്തു.

ഈ ഹർജിയിന്മേൽ വാദം കേട്ട കോടതി സിബിഐ സമർപ്പിച്ച കുറ്റപത്രം പൂർണമായും തള്ളിക്കളഞ്ഞുകൊണ്ട് പിണറായി വിജയനെയും കൂട്ടുപ്രതികളെയും വെറുതെ വിട്ടു. 2013 നവംബർ 5 നാണ് സിബിഐ കോടതി ഈ വിധി പ്രഖ്യാപിച്ചത്. ഇതിനെതിരെ 2013 നവംബർ 23 ന് ക്രൈം വാരികയുടെ പത്രാധിപരായ ടി.പി. നന്ദകുമാർ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചു. 2014 ഫെബ്രുവരി 1 ന് സിബിഐയും ഈ വിഷയത്തിൽ അപ്പീൽ സമർപ്പിച്ചു. വി എസ് അച്യുതാനന്ദന്റെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി കെ.എം.ഷാജഹാനും പിണറായി വിജയനെ വെറുതെ വിട്ട തീരുമാനത്തിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചു. ഈ മൂന്നു ഹർജികളും സുപ്രീം കോടതി ഫയലിൽ സ്വീകരിച്ചു.

ഈ ഹർജിയിൽ എത്രയും പെട്ടെന്ന് തീർപ്പുണ്ടാകണം എന്നാവശ്യപ്പെട്ടാണ് സംസ്ഥാന സർക്കാർ പിണറായി വിജയനെ വെറുതെ വിട്ട തീരുമാനത്തിനെതിരെ ഉപഹർജിയുമായി ഹൈക്കോടതിയിലെത്തിയിരിക്കുന്നത്. ലാവ്‌ലിൻ കേസ് വാദം കേൾക്കുന്നതിൽ നിന്ന് രണ്ടു ഹൈക്കോടതിജഡ്ജിമാർ പിന്മാറിയത് വിവാദമായിരുന്നു. ജസ്റ്റിസ് രാമകൃഷ്ണനാണ് ഹർജികൾ ഫയലിൽ സ്വീകരിച്ചത്. ജസ്റ്റിസ് കെമാൽ പാഷയാണ് ഇനി ലാവ്‌ലിൻ കേസിൽ വാദം കേൾക്കുക.

കഴിഞ്ഞ തവണ പിണറായി വിജയൻ നവകേരള മാർച്ച നടത്തിയപ്പോഴും വിഷയം സജീവമായി യുഡിഎഫ് ഉയർത്തിക്കൊണ്ടു വന്നിരുന്നു. എന്നാൽ, തുടർന്നു കോടതി തന്നെ പിണറായി വിജയനെ ഇക്കാര്യത്തിൽ പ്രതിചേർക്കാൻ ആകില്ലെന്നു കണ്ടെത്തിയതോടെ ലാവ്‌ലിനിൽ എതിരാളികളുടെ നീക്കങ്ങളുടെ ശക്തി കുറയുകയായിരുന്നു. എന്നാൽ, വീണ്ടുമൊരു നിയമസഭാ തെരഞ്ഞെടുപ്പും പിണറായി വിജയൻ നയിക്കുന്ന മറ്റൊരു സിപിഐ(എം) ജാഥയും വന്നതോടെ ലാവ്‌ലിൻ വിഷയം ഒരിക്കൽ കൂടി ചർച്ചയാകുകയാണ്.

2013ൽ ലാവ്‌ലിൻ കേസിന്റെ വിധി വന്നിട്ടും ഇതിനെതിരെ മേൽക്കോടതിയെ സമീപിക്കാൻ ഒരു തെരഞ്ഞെടുപ്പുകാലം വരെ കാത്തുനിന്ന യുഡിഎഫിന്റെ നടപടി ഇതിനകം തന്നെ വലിയ ചർച്ചകൾക്കും വഴിവച്ചുകഴിഞ്ഞു. ജി കാർത്തികേയൻ വൈദ്യുതിമന്ത്രിയായ കാലത്താണ് വൈദ്യുതി പദ്ധതി നവീകരണത്തിനായി ധാരണാപത്രവും കരാറും ഉണ്ടാക്കിയത്. കരാറിന്റെ അന്തിമഘട്ടത്തിലാണ് പിണറായി വിജയൻ മന്ത്രിയായത്. കരാറിന്റെ അടിസ്ഥാനത്തിലുള്ള നിർമ്മാണം പൂർത്തീകരിച്ചതും പണം നൽകിയതും വീണ്ടും യു.ഡി.എഫ് അധികാരത്തിൽ വന്നപ്പോഴാണ്. ഇക്കാര്യങ്ങളൊക്കെ വിജിലൻസിൻേറതടക്കമുള്ള അന്വേഷണങ്ങളിൽ തെളിഞ്ഞിരുന്നുവെങ്കിലും രാഷ്ട്രീയപ്രേരിതമായാണു പിണറായി വിജയനെതിരെ വീണ്ടും ആരോപണമുന്നയിക്കുന്നതെന്നു സിപിഐ(എം) ചൂണ്ടിക്കാട്ടിയിട്ടുണ്ട്.