ന്യൂഡൽഹി: ലാവ്ലിൻ കേസ് സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും കേസ് ഇന്നലെ പരിഗണിക്കുമെന്നാണു കഴിഞ്ഞ മാസം 28നു പറഞ്ഞത് എന്നാൽ കേസ് പരിഗണനക്ക് വന്നപ്പോൾ അസൗകര്യം മൂലം കേസ് നാളത്തേക്കു മാറ്റണമെന്നു സിബിഐയ്ക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക ഗീത ലൂത്ര, ജഡ്ജിമാരായ എൻ.വി.രമണ, എസ്.അബ്ദുൽ നസീർ എന്നിവരുടെ ബെഞ്ചിനോട് ആവശ്യപ്പെട്ടെങ്കിലും അത്് ഇന്ന് പരിഗണിക്കാമെന്ന് പറയുകയായിരുന്നു.

അതേ സമയം സിബിഐയുടെ അനങ്ങാപ്പാറ നയം ബിജെപിക്ക് തന്നെ വലിയ അത്ഭുതമാണ്. തന്നെ പ്രോസിക്യൂട്ട് ചെയ്യാൻ 2009ൽ ഗവർണർ അനുമതി നൽകിയതു ചോദ്യംചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ ഹർജിയിൽ രണ്ടാം എതിർകക്ഷിയായ സിബിഐ അഭിഭാഷകനെ വയ്ക്കാതെ ഒളിച്ചുകളിച്ചതടക്കം പല കാര്യത്തിലും സിബിഐ മെല്ലപ്പോക്ക് നയമാണ് കാഴ്ച വെക്കുന്നത് എന്നാണ് ആക്ഷേപം.

2009 ഓഗസ്റ്റ് 31നു ഹർജി ഫയലിൽ സ്വീകരിച്ച ദിവസം സിബിഐയ്ക്കു വേണ്ടി ആരും ഹാജരായിരുന്നില്ല പിന്നീട് എട്ടു മാസത്തിനുശേഷം 2010 ഏപ്രിൽ 29നു കേസ് പരിഗണിച്ചപ്പോൾ സിബിഐയ്ക്കു വേണ്ടി അന്നത്തെ അറ്റോർണി ജനറൽ ഗുലാം ഇ.വഹ്നവതി ഹാജരായി. പിന്നീട് ഡിസംബർ 15നു കേസ് പരിഗണിച്ചപ്പോൾ, ഹാജരാകാൻ തയാറല്ലെന്നു വഹ്നവതി പറഞ്ഞു.തുടർന്ന് അദ്ദേഹത്തെ കോടതി ഒഴിവാക്കുകയായിരുന്നു.

പിന്നീട് സിബിഐയ്ക്കുവേണ്ടി ആരും ഹാജരായിരുന്നില്ല. ഇത്തവണ ഹൈക്കോടതി വിധിക്കെതിരെ സിബിഐ അപ്പീൽ നൽകിയതും സമയപരിധി കഴിഞ്ഞതിന് ശേഷമാണ്.അഡ്വക്കറ്റ് ജനറലായ കെ.കെ.വേണുഗോപാലാണ് സിബിഐക്ക് വേണ്ടി ഹാജരാകേണ്ടത് എന്നാൽ വേണുഗോപാൽ നേരത്തേ സുപ്രീം കോടതിയിൽ പിണറായിക്കു വേണ്ടി ഹാജരായതാണ്. അതുകൊണ്ടു പ്പോഴത്തെ കേസിൽ സിബിഐയ്ക്കു വേണ്ടി ഹാജരാകാൻ അദ്ദേഹത്തിന് സാധിക്കില്ല.

ഹൈക്കോടതി വിധിക്കെതിരെ പ്രതികളായ കെ.ജി.രാജശേഖരൻ നായർ, ആർ.ശിവദാസൻ, കസ്തൂരിരംഗ അയ്യർ എന്നിവരും സിബിഐയും കെപിസിസി മുൻ അധ്യക്ഷൻ വി എം.സുധീരനും നൽകിയ അപ്പീലുകളാണു പരിഗണനയ്ക്കു വന്നത്. സുധീരനുവേണ്ടി എം.ആർ.രമേശ് ബാബുവും രാജശേഖരൻ നായർക്കും കസ്തൂരിരംഗ അയ്യർക്കും വേണ്ടി രാഗേന്ദ് ബസന്തും ഹാജരായിരുന്നു.

ഹരീഷ് സാൽവെയാണു കഴിഞ്ഞ വർഷം ഹൈക്കോടതിയിൽ പിണറായിക്കുവേണ്ടി ഹാജരായത്. നേരത്തേ ഗവർണറുടെ തീരുമാനത്തെ പിണറായി സുപ്രീം കോടതിയിൽ ചോദ്യംചെയ്തപ്പോൾ സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായതും സാൽവെയാണ്.

കേരളത്തിലെ ഇടുക്കി ജില്ലയിലുള്ള പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയൻ കമ്പനിയായ എസ്.എൻ.സി. ലാവലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് ലാവലിൻ കേസിന് ആധാരം ്പ്രസ്തുത കരാർ ലാവലിൻ കമ്പനിക്ക് നൽകുന്നതിന് പ്രത്യേക താല്പര്യം കാണിക്കുക വഴി സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടായി എന്നതാണ് ലാവലിൻ കേസിലെ പ്രധാന ആരോപണം

1995 ഓഗസ്റ്റ് 10-ന് തീയ്യതി അന്നത്തെ വൈദ്യുത മന്ത്രി ആയിരുന്ന ജി. കാർത്തികേയനാണ് എസ്.എൻ.സി. ലാവലിനുമായിട്ടുള്ള ആദ്യ ധാരണാപത്രം ഒപ്പ് വയ്ക്കുന്നത്. പിന്നീട് എസ്.എൻ.സി. ലാവലിനെ പദ്ധതി നടത്തിപ്പിന് കൺസൾട്ടന്റായി നിയമിച്ചു കൊണ്ടുള്ള കരാർ 1996 ഫെബ്രുവരി 24-ന് ഒപ്പിടുന്നതും ജി. കാർത്തികേയൻ വൈദ്യുത വകുപ്പ് മന്ത്രി ആയിരിക്കുന്ന കാലയളവിലാണ്. ലാവലിൻ കമ്പനിയുമായി അന്തിമ കരാർ ഒപ്പിട്ടത് പിന്നീട് വന്ന ഇ.കെ. നായനാർ മന്ത്രിസഭയിലെ വൈദ്യുത മന്ത്രി ആയിരുന്ന പിണറായി വിജയനായിരുന്നു.

2001 മെയ് മാസത്തിൽ തിരികെ അധികാരത്തിൽ വന്ന ഏ.കെ. ആന്റണി നേതൃത്വം നൽകിയ മന്ത്രിസഭയുടെ കാലത്താണ് കരാർ പ്രകാരം നിർമ്മാണ ജോലികൾ പൂർത്തിയാക്കപ്പെട്ടത്. കടവൂർ ശിവദാസനായിരുന്നു അന്ന് വൈദ്യുത മന്ത്രി. പിന്നീട് ആര്യാടൻ മുഹമ്മദ് വൈദ്യുതി മന്ത്രി ആയിരിക്കുന്ന അവസരത്തിലാണ് പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള തുക പൂർണ്ണമായും അടച്ചു തീർത്തത്. കരാറുകൾ വിഭാവനം ചെയ്യുന്നത് മുതൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നത് വരെ നാല് മന്ത്രിസഭകളിലായി അഞ്ച് മന്ത്രിമാർ വൈദ്യുത വകുപ്പ് ഭരിക്കുകയുണ്ടായി. ഇക്കാലയളവിൽ മലബാർ കാൻസർ സെന്ററിന് വേണ്ടി കനേഡിയൻ സർക്കാർ ഏജൻസികൾ നൽകുമായിരുന്ന 98 കോടി രൂപയിൽ ആകെ 12 കോടി രൂപ മാത്രമാണ് ധാരണാ പത്രം പുതുക്കാത്തത് മൂലം ലഭിച്ചത്.

ലാവലിൻ കേസ് സംബന്ധിച്ച വിവരങ്ങൾ അടങ്ങുന്ന 456 താളുകൾ ഉള്ള ഫയൽ സിബിഐ 2009 ജനുവരി 22-ന് കോടതിയിൽ സമർപ്പിച്ചു. ധാരണാ പത്രവും അടിസ്ഥാന കരാറും ഒപ്പിട്ട ജി. കാർത്തികേയനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയെങ്കിലും അനുബന്ധ കരാർ ഒപ്പിട്ട പിണറായി വിജയനെ ഒമ്പതാം പ്രതിയായി പട്ടിക സമർപ്പിക്കുകയുണ്ടായി. എന്നാൽ പിന്നീട് നടന്ന അന്വേഷണത്തിൽ പിണറായി വിജയനും ജി. കാർത്തികേയനും ലാവലിൻ കരാറിലൂടെ സാമ്പത്തിക ലാഭം ഉണ്ടാക്കിയിട്ടില്ലായെന്ന് സിബിഐ. കോടതിയെ അറിയിക്കുകയാണ് ചെയ്തത്.

2013 നവംബർ 5-ന് പിണറായി വിജയൻ നൽകിയ വിടുതൽ ഹർജിക്ക് മേൽ സിബിഐ. പ്രത്യേക കോടതി തീർപ്പു കല്പിക്കുകയുണ്ടായി. ലാവലിൻ കമ്പനിക്ക് പി-എസ്-പി പദ്ധതികളുടെ പുനരുദ്ധാരണ കരാർ നൽകുന്നതിൽ ഗൂഢാലോചനയുണ്ടെന്നും അങ്ങനെ ഖജനാവിന് 86.25 കോടി രൂപ നഷ്ടമായെന്നും പ്രത്യേക കോടതിയിൽ സിബിഐ. സമർപ്പിച്ച കുറ്റപത്രം റദ്ദാക്കിക്കൊണ്ട് ഉത്തരവിറക്കിയ കോടതി പിണറായി വിജയൻ ഉൾപടെയുള്ളവരെ കുറ്റവിമുക്തരാക്കുകയായിരുന്നു.