വർക്കല: ശ്രീനാരായണ ഗുരുദേവ മഹാസമാധി നവതി ആചരണത്തോടനുബന്ധിച്ച് ശിവഗിരിയിൽ നടക്കുന്ന മണ്ഡലമഹാപൂജ മഹായതി പൂജയോടെ ഇന്ന് സമാപിക്കുമ്പോൾ ശ്രീനാരായണിയർ ആഹ്ലാദത്തിലാണ്. ദൈവതുല്യരായ സന്യാസി ശ്രേഷ്ഠരുടെ പാദപൂജ ചെയ്ത്, ദക്ഷിണവച്ച് നമസ്‌കരിച്ച് സർവ അഹംഭാവങ്ങളെയും പാദാരവിന്ദങ്ങളിൽ സമർപ്പിക്കുന്നതോടെ യതിപൂജ പൂർത്തിയാവുന്നത്. ശിവഗിരിയുടെ ചരിത്രത്തിലെ മറ്റൊരു സുവർണ അദ്ധ്യായമാണ് യതിപൂജ. ശ്രീനാരായാണീയരെ മുഴുവൻ ഒരുമിപ്പിക്കുന്ന തരത്തിലാണ് എല്ലാ ക്രമീകരണവും നടന്നത്.

1928 സെപ്റ്റംബർ 20ന് പരിനിർവ്വാണമടഞ്ഞ ശ്രീനാരായണഗുരുദേവന്റെ മഹാസമാധിയുടെ 41-ാം ദിവസം നടത്തേണ്ടിയിരുന്ന യതിപൂജ അവിചാരിത കാരണങ്ങളാൽ മുടങ്ങിയിരുന്നു. അതാണ് 90 വർഷത്തിനു ശേഷം ഇപ്പോൾ നടത്തുന്നത്. പ്രധാന സമ്മേളന പന്തലിൽക്രമീകരിച്ചിട്ടുള്ള വേദിയിലാണ് യതിപൂജ നടക്കുന്നത്. ചടങ്ങി വീക്ഷിക്കുന്നതിന് വിപുലമായ സൗകര്യം ഒരുക്കിയിട്ടുണ്ട്. 90 വർഷം മുമ്പ് മഹാഗുരു സമാധി പ്രാപിച്ചപ്പോൾ നേർശിഷ്യർ തീരുമാനിച്ചതാണ് യതിപൂജ. ശരീരവും മനസും സമർപ്പിച്ച് ഒരുക്കങ്ങളിൽ മുഴുകിയ ശിഷ്യരെ അപ്രതീക്ഷിതമായെത്തിയ വിഘ്നം പ്രതിസന്ധിയിലാക്കി. അതാണ് വീണ്ടും നടക്കുന്നത്.

192 സെപ്റ്റംബറിലെ യതിപൂജയയ്ക്കായി എല്ലാ ഒരുക്കങ്ങളും നടന്നു. ശിവഗിരിയിൽ ജപവും പ്രാർത്ഥനയും അന്നദാനവും നടന്നു. സന്ന്യാസിമാർ ഒഴുകിയെത്തി. തമിഴ്‌നാട്ടിൽ നിന്നാണ് പച്ചക്കറിയും പൂക്കളുമെത്തിയത്. ഇതെല്ലാം കോടതിയുടെ ഇടപെടലോടെ വേദനയോടെ കുഴിച്ചു മൂടി. ശിവഗിരി ശോകമൂകമായി. അങ്ങനെ മുടങ്ങിയ പൂജകളാണ് ഇന്ന് രാവിലെ 4.30ന് ശാന്തിഹവനത്തോടെ തുടങ്ങിയത്. വിശേഷാൽ പൂജയ്ക്കും ഗുരുപൂജയ്ക്കും ശേഷം ആറിന് മണ്ഡല മഹായജ്ഞ സമർപ്പണം. ഏഴിന് മഹാആരതി. ഒമ്പതിന് മഹായതിപൂജ ആരംഭിക്കും.12ന് മംഗളാരതിയോടെ ചടങ്ങുകൾ സമാപിക്കും. ശ്രീനാരായണഗുരുദേവന്റെ സമാധിദിനമായ സെപ്റ്റംബർ 21നാണ് മണ്ഡലമഹാപൂജ തുടങ്ങിയത്. മറ്ര് സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും നിരവധി ഭക്തർ കഴിഞ്ഞ ദിവസങ്ങളിൽ ശിവഗിരിയിലെത്തി.

പശ്ചാത്താപത്തിന്റെ സ്പർശമുള്ള യതിപൂജയിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്രും എസ്.എൻ.ഡി.പി യോഗവും കൈകോർത്താണ് പ്രവർത്തിച്ചത്. യതിപൂജ വീണ്ടും നടത്താനുള്ള മഠത്തിന്റെ തീരുമാനത്തിന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ എല്ലാ പിന്തുണയും നൽകി. എസ് എൻ ട്രസ്റ്റും പിന്തുണയുമായി മുന്നിൽ നിന്നു. എസ്.എൻ.ഡി.പി യോഗത്തിന്റെ എല്ലാ യൂണിയനുകളിൽ നിന്നും മുൻകൂട്ടി നിശ്ചിയച്ചാണ് ശ്രീനാരായണീയരെത്തിയത്. ധർമ്മസംഘം ട്രസ്റ്ര് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി എന്നിവർ നേരിട്ടാണ് ഓരോ ദിവസത്തെയും ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്.

മഹായതിപൂജയിൽ പങ്കെടുക്കാൻ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പണ്ഡിതരും തപസ്വികളുമായ സന്യാസിമാർ ശിവഗിരിയിൽ എത്തി. ഹരിദ്വാർ, ഋഷികേശ്, കാശി, ബനാറസ്, തമിഴ്‌നാട്, കർണ്ണാടക, ആന്ധ്ര തുടങ്ങിയ സ്ഥലങ്ങളിലെ സന്യാസിമാർക്ക് പുറമെ കേരളത്തിലെ എല്ലാ ആശ്രമങ്ങളിലെയും മഠങ്ങളിലെയും സന്യാസി ശ്രേഷ്ഠരും സംബന്ധിക്കുന്നുണ്ട്. എസ്.എൻ.ഡി.പി യോഗവും ധർമ്മസംഘം ട്രസ്റ്റും സംയുക്തമായാണ് ചടങ്ങുകൾ നടത്തുന്നത്. ശിവഗിരിയിലെ പ്രധാന സമ്മേളന പന്തലിൽക്രമീകരിച്ചിട്ടുള്ള വേദിയിലാണ് യതിപൂജ നടക്കുന്നത്. ചടങ്ങി വീക്ഷിക്കുന്നതിന് വിപുലമായ സൗകര്യം ഒരുക്കിയിട്ടുണ്ട്.

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന മഹദ് സന്ദേശം ലോകത്തിന് പകർന്നു നൽകിയ ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി നവതിയിലേക്കെത്തുമ്പോൾ ശിവഗിരിക്കുന്നുകൾ മന്ത്രധ്വനികളാൽ മുഖരിതമാണ്. മൈസൂറിലെ സുത്തൂർ മഠാധിപതി സ്വാമി ശിവരാത്രി ദേശീകേന്ദ്ര ഇന്നലെ രാവിലെ എത്തി മഹാസമാധി സന്ദർശിച്ചു. ആശ്രമത്തിലെ ഇരുപതോളം സന്യാസിമാരും സംഘത്തിലുണ്ട്. ഹരിദ്വാറിലെ അക്കാഡ മഠാധിപതി സ്വാമി ഗിരിധർ മഹാരാജിന്റെ നേതൃത്വത്തിൽ 25 അംഗ സന്യാസി സംഘവും ഉത്തരകാശിയിൽ നിന്ന് സ്വാമി ഹരിബ്രഹ്മേന്ദ്രാനന്ദ ആചാര്യ, സ്വാമി സർവാനന്ദഗിരി ആചാര്യ എന്നിവരുടെ നേതൃത്വത്തിൽ 30 അംഗസംഘവും ഹരിഹര കൈലാസ ആശ്രമ ആചാര്യൻ സ്വാമി പ്രേമാനന്ദയുടെ നേതൃത്വത്തിലുള്ള സന്യാസി സംഘവും എത്തിച്ചേർന്നിട്ടുണ്ട്.

കർണാടകയിലെ ആദിചുഞ്ചിനഗിരി മഹാസംസ്ഥാന ആശ്രമം, കർണാടകയിലെ ഇഡിഗമഠം ശ്രീനാരായണഗുരു മഹാസംസ്ഥാന സന്ത് സ്വാമി രേണുകാനന്ദ എന്നിവരുടെ നേതൃത്വത്തിൽ ഇരുപത്തഞ്ചോളം സന്യാസിമാരും കർണാടകയിലെ വീരശൈവലിംഗായത്ത മഠം, ഒടിയൂർ മഹാസംസ്ഥാന സന്ത്, കർണാടക, തമിഴ്‌നാട്, ആന്ധ്ര സംസ്ഥാനങ്ങളിലെ ശൈവപാരമ്പര്യ വിഭാഗത്തിലെ സന്യാസിമാർ, കർണാടകയിലെ സിദ്ധബസവ വീരശൈവ ലിംഗായ മഠം,ശിക്കാര്യപുര വിരക്തമഠം, ചന്നബസവ സ്വാമിജി, മുരുക രാജേന്ദ്ര എന്നിവരുടെ പങ്കാളിത്തവുമുണ്ട്. കേരളത്തിലെ പ്രധാന ആശ്രമങ്ങളിലെ സന്യാസിമാരേയും യതിപൂജയിലേക്ക് ക്ഷണിച്ചിരുന്നു. ഗുരുദേവന്റെ പ്രഥമ ശിഷ്യനായിരുന്ന ശിവലിംഗദാസ് സ്വാമിയുടെ (മലയാള സ്വാമി) ആന്ധ്രയിലെ വ്യാസാശ്രമ സന്യാസിമാരും ഇന്നലെ എത്തിയിട്ടുണ്ട്.