- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് സാഹചര്യം സാധാരണ നിലയിൽ ആകും വരെ എസ് എൻ ഡി പി യോഗത്തിൽ തെരഞ്ഞെടുപ്പ് നടക്കില്ല; വെള്ളാപ്പള്ളിയുടെ അതിമോഹം സ്റ്റേ ചെയ്ത് ഹൈക്കോടതി; തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കാൻ നിർദ്ദേശിച്ച് ഉത്തരവിറക്കേണ്ടത് ചീഫ് സെക്രട്ടറി; കണിച്ചുകുളങ്ങരിയിലെ 22നുള്ള പൊതുയോഗം ഇനി നടക്കില്ല
തിരുവനന്തപുരം: കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എസ്എൻഡിപി യൂണിയൻ തെരഞ്ഞെടുപ്പ് ഹൈക്കോടതി സ്റ്റേ ചെയ്തു. കൊവിഡിന്റെ നിലവിലെ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് നടത്താൻ ആകില്ലെന്ന് വ്യക്തമാക്കിയാണ് കോടതി സ്റ്റേ ചെയ്തതത്. സാഹചര്യം സാധാരണ നിലയിലാകുന്നത് വരെയാണ് തെരഞ്ഞെടുപ്പ് തടഞ്ഞത്. ഈ വിഷയത്തിലെ കള്ളക്കളികൾ വ്യക്തമാക്കി മറുനാടൻ രണ്ട് ദിവസം മുമ്പ് വിശദ വാർത്ത നൽകിയിരുന്നു.
തെരഞ്ഞെടുപ്പ് മാറ്റിവെക്കാൻ നിർദ്ദേശിച്ച് ഉത്തരവിറക്കാൻ ചീഫ് സെക്രട്ടറിക്ക് കോടതി നിർദ്ദേശം നൽകി. ഹൈക്കോടതിയുടെ രണ്ട് ബഞ്ചുകളാണ് സമാന ഉത്തരവിറക്കിയത്. ഈ മാസം 22ന് ചേർത്തലയിൽ ആണ് തെരഞ്ഞെടുപ്പു നടത്താൻ നിശ്ചയിച്ചിരുന്നത്. ചേർത്തല കണിച്ചു കുളങ്ങര ശ്രീനാരായണ കോളജിൽ പൊതുയോഗം നടത്താനായിരുന്നു വെള്ളാപ്പള്ളിയുടെ തീരുമാനം. കോവിഡ് പ്രോട്ടോക്കോൾ മാത്രം പാലിച്ച് നടത്താൻ സർക്കാർ അനുമതി നൽകിയിരുന്നു. കോവിഡ് കാലത്ത് തിരക്കിട്ട് തെരഞ്ഞെടുപ്പ് നടത്താനുള്ള വെള്ളാപ്പള്ളിയുടെയും സംഘത്തിന്റെയും നീക്കത്തിനെതിരേ സമുദായത്തിൽ വൻ പ്രതിഷേധം ഉടലെടുത്തിരുന്നു.
തെരഞ്ഞെടുപ്പ് നടത്താനുള്ള അനുമതി ഏപ്രിൽ 30 നാണ് സർക്കാർ നൽകിയത്. എന്നാൽ നടത്താൻ പോകുന്നത് പൊതു യോഗവും. അതായത് ഇലക്ഷൻ നടത്താൻ വാങ്ങിയ അനുമതിയുടെ മറവിലാണ് ആയിരങ്ങൾ പങ്കെടുക്കുന്ന പൊതുയോഗത്തിനുള്ള നീക്കം.ഇതാണ് ഹൈക്കോടതി പൊളിക്കുന്നത്. കോവിഡ് രോഗവ്യാപനം അതീവ ഗുരുതരമായിരിക്കുമ്പോഴും ഇത്ര ബൃഹത്തായ ഒരു തെരഞ്ഞെടുപ്പ് നടത്താൻ സർക്കാർ അനുമതി നൽകിയിരിക്കുന്നത് പോലും ഏവരെയും ഞെട്ടിച്ചിരുന്നു.
400 പേർ പങ്കെടുത്ത ധ്യാനയോഗം നടത്തിയതിന് സിഎസ്ഐ സഭയ്ക്കെതിരേ സർക്കാർ കേസ് എടുത്തിരിക്കുകയാണ്. കഴിഞ്ഞ മാസമാണ് ധ്യാനം നടന്നത്. ഇതിൽ പങ്കെടുത്ത പുരോഹിതർ കോവിഡ് ബാധിച്ച് മരിക്കുകയും 80 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ധ്യാനം നടത്തിയതിന് കേസ് എടുത്തിട്ടുള്ളത്. അതുകൊണ്ട് തന്നെ വിവാദം ഒഴിവാക്കാൻ തന്ത്രപരമായി വെള്ളാപ്പള്ളി സർക്കാരിനെ സമീപിക്കുകയായിരുന്നു.
എസ് എൻ ഡി പി യോഗത്തിലേക്ക് തെരഞ്ഞെടുപ്പ് നടത്താനായിരുന്നു അനുമതിക്ക് അപേക്ഷ നൽകിയത് എന്നാണ് സൂചന. ഇതിൽ പൊതുയോഗത്തിന്റെ കാര്യം കാണിച്ചതുമില്ല. ഇനി കാണിച്ചിട്ടുണ്ടെങ്കിൽ തന്നെ പൊതുയോഗത്തിന് അല്ല അനുമതി നൽകിയത്. മറിച്ച് തെരഞ്ഞെടുപ്പിനും.
ഈ ഉത്തരവ് കാട്ടി പൊതുയോഗത്തിനുള്ള നീക്കമാണ് വെള്ളാപ്പള്ളി നടത്തിയത്. 9500ലേറെ പൊതുയോഗ അംഗങ്ങളാണ് എസ് എൻ ഡി പിക്കുള്ളത്. ഇവരെല്ലാം ഒരു വേദിയിൽ ഒരുമിച്ചിരിക്കുന്നതാണ് പൊതുയോഗം. കോവിഡ് മാനദണ്ഡങ്ങളുടെ കാലത്ത് ഇത് പ്രായോഗികവുമല്ല. ഇത് മനസ്സിലാക്കിയാണ് ഹൈക്കോടതി ഇടപെടൽ. ഇതോടെ തെരഞ്ഞെടുപ്പും നീളും.
കമ്പനി നിയമം ലംഘിച്ചതിനും യഥാസമയം കണക്ക് സമർപ്പിക്കാത്തതു കൊണ്ടും വെള്ളാപ്പള്ളിയും ഡയറക്ടർ ബോർഡ് അംഗങ്ങളും അയോഗ്യരായെന്ന് കോടതി കണ്ടെത്തിയിരുന്നു. ഈ തീരുമാനം നടപ്പാക്കാനാണ് ഐജി രജിസ്ട്രേഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതു പരിഗണിച്ചാണ് കോവിഡു കാലത്ത് തെരഞ്ഞെടുപ്പ് നടത്തി അധികാരം ഉറപ്പിക്കാൻ വെള്ളാപ്പള്ളി ശ്രമിച്ചത്.
മറുനാടന് മലയാളി ബ്യൂറോ