കൊച്ചി : തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി പാനലിൽ മത്സരിക്കുന്ന എസ്എൻഡിപി അടക്കമുള്ള സമുദായസംഘടനകളിലെ പ്രതിനിധികൾ താമര ചിഹ്നത്തിൽ മത്സരിക്കണമെന്ന് ബിജെപിയുടെ താക്കീത്. ചോദിച്ച സീറ്റുകളെല്ലാം എസ്എൻഡിപിക്ക് നൽകി. എന്നാൽ സ്വന്തം ചിഹ്നത്തിലാകും മത്സരിക്കുകയെന്ന് വ്യക്തമാക്കിയാണ് സീറ്റുകൾ ഏറ്റെടുത്തത്. എന്നിട്ടും കാര്യത്തോട് അടുത്തപ്പോൾ ബിജെപി നിലപാട് മാറ്റി. സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശനെതിരെ ആരോപണങ്ങൾ ഉയർന്നതോടെയാണ് ഇത്. ആർഎസ്എസ് നിർദേശത്തെത്തുടർന്നാണ് തീരുമാനം.

സ്വതന്ത്ര ചിഹ്നത്തിൽ ബിജെപി മുന്നണിയിൽ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാനായിരുന്നു എസ്എൻഡിപി നീക്കം. ഇത് ബിജെപി അംഗീകരിക്കുകയും ചെയ്തു. വെള്ളാപ്പള്ളി നടേശൻ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. ബിജെപി സംസ്ഥാന അധ്യക്ഷൻ വി മുരളീധരൻ ഇത് സമ്മതിക്കുകയും ചെയ്തു. എന്നിട്ടും വെള്ളാപ്പള്ളി പ്രതിരോധത്തിലായപ്പോൾ ബിജെപി നിലപാട് മാറ്റിയതിൽ എസ്എൻഡിപിക്ക് അതൃപ്തിയുണ്ട്. എന്നാൽ ശാശ്വതീകാനന്ദ വിഷയത്തിൽ ഇടത്-വലത് മുന്നണികൾ ആക്രമണം ശക്തമാക്കിയതിനാൽ കരുതലോടെയാകും എസ്എൻഡിപിയുടെ നീക്കം.

ബിജെപിയുടെ പാനലിൽ മത്സരിക്കുന്നവർ പാർട്ടി ചിഹ്നത്തിൽ മത്സരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എ എൻ രാധാകൃഷ്ണനാണ് വ്യക്തമാക്കിയത്. കൊച്ചി കോർപറേഷനിൽ 74ൽ 60 സീറ്റിൽ ബിജെപി മത്സരിക്കും. ഇതിൽ 25 ഓളം പേർ എസ്എൻഡിപി, കെപിഎംഎസ് പ്രവർത്തകരാണ്. എസ്എൻഡിപി യോഗം അംഗങ്ങളെയോ താലൂക്ക് യൂണിയൻ ഭാരവാഹികളെയോ പരിഗണിച്ചിട്ടില്ലെന്നും രാധാകൃഷ്ണൻ പറഞ്ഞു. സംസ്ഥാനത്തുടനീളം ഇത് തന്നെയാണ് സംഭവിക്കുന്നതും. എല്ലായിടത്തും ആർഎസ്എസ് നിരീക്ഷണത്തിലാണ് സ്ഥാനാർത്ഥി നിർണ്ണയം നടന്നത്. വെള്ളാപ്പള്ളി ആരോപണത്തിൽ കുടുങ്ങിയതിനിനെ തുടർന്നാണ് കെപിഎംഎസിന് കൂടുതൽ പരിഗണന നൽകാൻ ബിജെപിയോട് ആർഎസ്എസ് നിർദ്ദേശിച്ചതെന്നും സൂചനയുണ്ട്. ബിജെപിക്കാരുടെ തീരുമാനമൊന്നും സ്ഥാനാർത്ഥി നിർണ്ണയത്തിൽ നടന്നിട്ടില്ല.

എറാണാകുളത്തിന് സമാനമായിട്ടാണ് കൊല്ലത്തും ബിജെപി എസ്എൻഡിപി ധാരണ. കോർപ്പറേഷനിൽ എസ്എൻഡിപി മത്സരിക്കുന്ന സീറ്റുകളിൽ ബിജെപി പിന്തുണയ്!ക്കും. കോർപ്പറേഷനിൽ മൂന്നും ജില്ലാ പഞ്ചായത്തിൽ ആറു ഡിവിഷനുകളിൽ എസ്എൻഡിപി സ്ഥാനാർത്ഥികളെ നിർത്തും. കോളേജ് വാർഡ്, ഇരവിപുരം, പുന്തലത്താഴം, നടുവത്തൂർ, കൊട്ടാരക്കര, പുനലൂർ, കുളത്തൂപ്പുഴ എന്നിവിടങ്ങളിൽ യോഗത്തിന്റെ സ്ഥാനാർത്ഥികളുണ്ടാകും. ഈ സ്ഥലങ്ങളിലെ ബിജെപി സ്ഥാനാർത്ഥികളെ പിൻവലിച്ചു. പകരം ബിജെപി സ്ഥാനാർത്ഥികൾ മത്സരിക്കുന്ന വാർഡുകളിൽ എസ്എൻഡിപി സഹകരിക്കും.

ബിജെപിയുടെ ജില്ലാ നേതൃത്വവും എൻസ്എൻഡിപി യൂണിയൻ നേതാക്കളും തമ്മിൽ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ധാരണ. പരസ്പര സഹകരണത്തോടെ കോർപ്പറേഷനിലും ജില്ലാ പഞ്ചായത്തിലേക്കും മത്സരിക്കാനാണ് തീരുമാനം. ഇവിടേയും ആർഎസ്എസ് എല്ലാത്തിനും മേൽനോട്ടം വഹിക്കും.