- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് വ്യാപനം ശക്തമാകുന്നതിനിടെ എസ്എൻഡിപി ഡയറക്ടർ ബോർഡ് യോഗം കൂടാൻ അനുമതി; ആകെയുള്ളത് മുന്നൂറിൽപ്പരം അംഗങ്ങൾ; ഇരുന്നൂറു പേരെന്ന് തെറ്റിദ്ധരിപ്പിച്ച് യോഗം ചേരാൻ നീക്കം; കോവിഡ് പ്രോട്ടോക്കോൾ ലംഘനമായിട്ടും കണ്ണടച്ച് സർക്കാർ
ആലപ്പുഴ: കോവിഡ് വ്യാപനം കാരണം യോഗങ്ങൾക്കും വിവാഹങ്ങൾക്കും വരെ കർശന നിയന്ത്രണം ഏർപ്പെടുത്തിയ സർക്കാർ ചിലർക്ക് മാത്രം ഇളവ് നൽകുന്നതായി ആരോപണം. എസ്എൻഡിപി യോഗം ഡയറക്ടർ ബോർഡ് യോഗം ചേരാൻ അനുമതി നൽകിയിരിക്കുന്നതാണ് വിവാദമായിരിക്കുന്നത്. നാളെ വൈകിട്ട് മൂന്നിന് ചേർത്തല ഹോട്ടൽ ട്രാവൻകൂർ പാലസിലാണ് യോഗം ചേരാൻ തീരുമാനിച്ചിരിക്കുന്നത്. പ്രസിഡന്റ് ഡോ. എംഎൻ സോമൻ അധ്യക്ഷത വഹിക്കും.
മൂന്നൂറിൽപ്പരം അംഗങ്ങളാണ് ഡയറക്ടർ ബോർഡിലുള്ളത്. ഇവിടെ സാമൂഹിക അകലം പാലിച്ച് യോഗം നടത്തിയാൽ 75 പേർക്ക് പോലും പങ്കെടുക്കാൻ കഴിയില്ല. എങ്കിലും അംഗസംഖ്യ 200 എന്നാക്കി കാണിച്ച് യോഗം കൂടുകയാണ്. ഇതിന് സർക്കാർ സംവിധാനങ്ങൾ കണ്ണടയ്ക്കുന്നുവെന്നും ആരോപണം ഉയരുന്നു. ഒരു ഹാളിൽ പരമാവധി ചേരാവുന്നവരുടെ എണ്ണം 75 ആക്കി നിജപ്പെടുത്തിയിട്ടുണ്ട്. അപ്പോഴാണ് മൂന്നൂറോളം പേരെ പങ്കെടുപ്പിച്ച് ഡയറക്ടർ ബോർഡ് ചേരുന്നത്. ഇതിൽ 90 ശതമാനവും 60 വയസ് പിന്നിട്ടവരാണ്. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് യോഗം വിളിച്ചിട്ടുള്ളത് എന്നുള്ളതും ശ്രദ്ധേയമാണ്.
ചട്ടം മറികടന്നാണ് ഡയറക്ടർ ബോർഡ് യോഗം ചേരുന്നതെന്ന് ശ്രീനാരായണ സംരക്ഷണ സമിതി ആരോപിക്കുന്നു. എസ്എൻഡിപി യോഗത്തിന്റെ വാർഷിക പൊതുയോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടത്താനുള്ള തീയതി കുറിക്കുക എന്നതാണ് അടിയന്തരമായി ഡയറക്ടർ ബോർഡ് യോഗം ചേരാനുള്ള കാരണം. നിലവിലുള്ള ജനറൽ സെക്രട്ടറി, മറ്റു ഭാരവാഹികൾ, ഡയറക്ടർ ബോർഡ് അംഗങ്ങൾ എന്നിവരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ അന്തിമ തീരുമാനം രജിസ്ട്രേഷൻ ഐജിയിൽ നിന്ന് വരാനിരിക്കേയാണ് തിരക്കിട്ട് യോഗം ചേരുന്നത്. എസ്എൻഡിപിക്ക് ഡയറക്ടർ ബോർഡംഗങ്ങൾ മൂന്നുറിൽപ്പരം പേരുണ്ട്.
ഐജി രജിസ്ട്രേഷന് വെള്ളാപ്പള്ളിയും സംഘവും കൊടുത്തിരിക്കുന്ന കണക്ക് പ്രകാരം 200 പേരാണുള്ളത്. ബാക്കിയുള്ളവരുടെ വിവരം മറച്ചു വച്ചിരിക്കുകയാണ്. 2014 ന് ശേഷമുള്ള 225 ഡയറക്ടർ ബോർഡ് അംഗങ്ങളെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് പ്രഫ.എംകെ സാനു ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന്മേൽ തീരുമാനമെടുക്കാൻ ഐജി രജിസ്ട്രേഷന് ഹൈക്കോടതി നിർദ്ദേശം നൽകി. തീരുമാനം വൈകുന്നതിനെതിരേ കോടതിയലക്ഷ്യം ആരോപിച്ച് സിപി മധുസൂദനനും ഹർജി നൽകിയിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 19 ന് ഡയറക്ടർ ബോർഡ് അംഗങ്ങളെ അയോഗ്യരാക്കണമെന്ന് ചൂണ്ടിക്കാട്ടി ശ്രീനാരായണ സംരക്ഷണ സമിതി പ്രഡിഡന്റ് അഡ്വ. ചന്ദ്രസേനൻ രജിസ്ട്രേഷൻ ഐജിക്ക് പരാതി നൽകിയിരുന്നു. കമ്പനി നിയമം 152(3) വകുപ്പ് പ്രകാരം ഡയറക്ടർ ബോർഡ് അംഗങ്ങളാകുന്നവർ രജിസ്ട്രാർ ഓഫ് കമ്പനീസിൽ നിന്ന് ഡയറക്ടർ ഐഡന്റിഫിക്കേഷൻ നമ്പർ (ഡിഐഎൻ)എടുക്കണം. അതില്ലാത്തവർക്ക് ഡയറക്ടർ ബോർഡ് അംഗം ആകാൻ സാധിക്കില്ല. ചന്ദ്രസേനന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ 2020 വരെ എസ്എൻഡിപി ഡയറക്ടർ ബോർഡിൽ ഒരാൾക്കും ഡിഐഎൻ ഇല്ലെന്ന് പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ചന്ദ്രസേനന്റെ പരാതി.
ഹൈക്കോടതിയിൽ എംകെ സാനു നൽകിയ റിവ്യൂ പെറ്റീഷൻ തീർപ്പാക്കിയാലുടൻ ചന്ദ്രസേനന്റെ പരാതിയിൽ നടപടിയെടുക്കാമെന്ന് ഫെബ്രുവരി 25 ന് മറുപടി ലഭിച്ചു. എംകെ സാനുവിന്റെ പരാതി തീർപ്പു കൽപ്പിച്ചെങ്കിലും ചന്ദ്രസേനന്റെ പരാതിയിൽ ചെറുവിരൽ അനക്കാൻ പോലും രജിസ്ട്രേഷൻ വകുപ്പ് തയാറായില്ല. സർക്കാരിന്റെ നിർദേശ പ്രകാരം നടപടി എടുക്കുന്നത് വൈകിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. ഈ സമയം കൊണ്ട് പൊതുയോഗം നടത്തി വീണ്ടും അധികാരത്തിലേറാനാണ് വെള്ളാപ്പള്ളിയും സംഘവും ശ്രമിക്കുന്നത്. പൊതുയോഗം നടത്തുന്നതിനെതിരേ ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. ഏറ്റവും അവസാനം കേസ് വച്ചിരുന്നത് കഴിഞ്ഞ എട്ടിനാണ്. എല്ലാവർക്കും വോട്ടവകാശം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയാണ് ഇത്. അന്ന് കോടതി വെക്കേഷനാണെന്ന കാരണം പറഞ്ഞ് മാറ്റി വച്ചിരിക്കുകയാണ്.
പൊതുയോഗം നടത്തമെങ്കിൽ 15,000 അംഗങ്ങൾ പങ്കെടുക്കണം. മാർച്ച് 30 ന് മുൻപ് തെരഞ്ഞെടുപ്പ് നടക്കണമെന്നുള്ളതു കൊണ്ടാണ് ഇപ്പോൾ ഡയറക്ടർ ബോർഡ് യോഗം ചേരുന്നതെന്നാണ് വെള്ളാപ്പള്ളിയെ അനുകൂലിക്കുന്നവർ പറയുന്നത്. മാർച്ച് 30 ന് തെരഞ്ഞെടുപ്പ് നടക്കാതിരുന്ന സ്ഥിതിക്ക് ഇപ്പോൾ ഡയറക്ടർ ബോർഡ് യോഗം ചേരുന്നത് എന്തിനെന്ന ചോദ്യത്തിന് മറുപടിയില്ല. അയോഗ്യത തീർപ്പാക്കുന്നത് നീട്ടിക്കൊണ്ടു പോയി തെരഞ്ഞെടുപ്പ് നടത്തി അധികാരത്തിലേറാനാണ് നീക്കം.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്