പത്തനംതിട്ട: വെള്ളാപ്പള്ളിയുടെ സമത്വ മുന്നേറ്റ യാത്ര പാതവഴിയെത്തുന്നതിന് മുൻപുതന്നെ യോഗാംഗങ്ങൾ തമ്മിൽ വിഴുപ്പലക്കൽ തുടങ്ങി. അരമനരഹസ്യങ്ങൾ പലതും അങ്ങാടിപ്പാട്ടാകുമ്പോൾ പുറത്തു വരുന്നത് പഴയ തട്ടിപ്പിന്റെയും കൊലപാതകത്തിന്റെയും കഥകൾ.

പത്തനംതിട്ട യൂണിയൻ പ്രസിഡന്റും കെപ്‌കോ ചെയർമാനുമായ കെ. പത്മകുമാറും യോഗം മുൻ വൈസ് പ്രസിഡന്റ് എം.ബി. ശ്രീകുമാറും തമ്മിലാണ് വിഴുപ്പലക്കൽ നടക്കുന്നത്. വെള്ളാപ്പള്ളി യാത്ര തുടങ്ങിയ ദിവസം തന്നെ മൈക്രോഫിനാൻസ് പദ്ധതിയുമായി ബന്ധപ്പെട്ട് പത്തനംതിട്ട യൂണിയനെതിരേ തട്ടിപ്പ് കേസ് പുറത്തായി. വാർത്തയ്ക്ക് പിന്നിൽ മുൻ വൈസ് പ്രസിഡന്റും ശ്രീനാരായണധർമ്മവേദി നേതാവുമായ എം ബി ശ്രീകുമാറാണെന്ന് പത്മകുമാർ തുറന്നടിച്ചതോടെയാണ് അരമനരഹസ്യങ്ങൾ അങ്ങാടിപ്പാട്ടായത്.

ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള ശാശ്വതീകാനന്ദ ട്രസ്റ്റിന്റെ പേരിൽ വൻ തട്ടിപ്പ് നടന്നിട്ടുള്ളതായി പത്മകുമാർ ആരോപിച്ചു. ഇടുക്കിയിൽ 100 ഏക്കർ തോട്ടവും പാലക്കാട് ബി.എഡ്. കോളജും അടക്കം കോടികളുടെ ആസ്തി എം ബി ശ്രീകുമാറിന് മേൽനോട്ടമുള്ള ട്രസ്റ്റിനുണ്ട്. ട്രസ്റ്റിന്റെ അംഗങ്ങളായി ശ്രീകുമാറിനൊപ്പം ഭാര്യയും മകനും ഡ്രൈവറുമാണ് ഉള്ളത്. എസ്.എൻ.ഡി.പി. പ്രവർത്തകരോ, നേതാക്കളോ ശാശ്വതീകാനന്ദ ട്രസ്റ്റിൽ അംഗങ്ങളായില്ല. കോന്നി മണ്ണീറയിൽ ട്രസ്റ്റിന്റെ പേരിൽ ഭൂമി തട്ടിയെടുക്കാൻ ശ്രമം നടന്നു. ശ്രീകുമാറിനെതിരേ വിജിലൻസിന് പരാതി നൽകിയ മുട്ടത്തുകോണം എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപകനായിരുന്ന എസ് എൻ വിജയന്റെ ദുരൂഹമരണം സംബന്ധിച്ച് അനേ്വഷണം നടത്തണമെന്നും പത്മകുമാർ പറഞ്ഞു. കണിച്ചുകുളങ്ങര മോഡലിലാണ് വിജയനെ കൊലപ്പെടുത്തിയത്. വിജയൻ സഞ്ചരിച്ചിരുന്ന ബൈക്കിൽ മീൻവണ്ടി ഇടിച്ചായിരുന്നു അപകടം.

മൈക്രോഫിനാൻസുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയിൽ കേസെടുത്തതിന് പിന്നിൽ പൊലീസുമായി ചേർന്ന് ചിലർ ഗൂഢാലോചന നടത്തി. ഉന്നതതല സമ്മർദം മൂലമാണ് പത്തനംതിട്ട സിഐ കേസെടുത്തത്. എന്നാൽ അതിൽ വകുപ്പ് മന്ത്രിക്ക് ബന്ധമുണ്ടെന്നു സംശയിക്കുന്നില്ല. മൈക്രോഫിനാൻസ് പദ്ധതിയുമായി ബന്ധപ്പെട്ട് പി വി രണേഷ് എന്നയാൾ സിഐയ്ക്ക് ഒരു പരാതി ഒക്‌ടോബർ 30ന് വൈകിട്ട് നാലിന് കൊടുക്കുകയും മിനിട്ടുകൾക്കകം യൂണിയൻ പ്രസിഡന്റിനെയും സെക്രട്ടറിയെയും പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്യുകയുമാണ് ഉണ്ടായത്. 2007-2008 കാലഘട്ടത്തിലോ അതിനു ശേഷമോ ആവശ്യപ്പെട്ട ഗുണഭോക്താക്കൾക്ക് വായ്പ ലഭിച്ചിട്ടില്ല എന്നുള്ള പരാതി ഇതേവരെ ഉണ്ടായിട്ടില്ല. യോഗവിരുദ്ധ പ്രവർത്തനത്തിന്റെ ഫലമായി പുറത്തായ എം ബി ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് ഇപ്പോൾ ചില ഗൂഢപ്രവർത്തനങ്ങൾ നടത്തുത്. ഇവർ കൊല്ലം കോടതിയിൽ ഇതേ വിഷയങ്ങൾ കാണിച്ച് നൽകിയ കേസ് വാസ്തവമല്ലെന്നു കണ്ട് തള്ളിക്കളഞ്ഞിരുന്നു. 2009 മുതൽ പത്തനംതിട്ട മുൻസിഫ് കോടതി, സബ്‌കോടതി, കൊല്ലം ജില്ലാ കോടതി, ഹൈക്കോടതി ഉൾപ്പെടെ നിരവധി കേസുകൾ എം ബി ശ്രീകുമാറിന്റെ പ്രേരണയിൽ നൽകിയിരുന്നു. 2009 ൽ എം ബി ശ്രീകുമാർ യോഗത്തിൽ നിന്നും പുറത്തു പോയതിനു ശേഷമാണ് ഇത്തരത്തിൽ പരാതികളും കേസുകളും ഉണ്ടാകുന്നത്.

എസ്്.എൻ..ഡി.പി യോഗം ലിക്വിഡേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരവധി കേസുകൾ കൊടുത്ത ആളാണ് എം ബി ശ്രീകുമാർ. പിന്നാക്ക കോർപറേഷൻ 2009 ൽ 50 ലക്ഷം രൂപ യൂണിയന് നൽകിയിരുന്നു. ഈ തുക വനിതാ സാശ്രയ സംഘങ്ങൾക്ക് പലിശ ഈടാക്കാതെയാണ് വിതരണം ചെയ്തത്. നിലവിലുള്ള വായ്പയുടെ കാലാവധി 30 മാസം ആണെങ്കിലും യൂണിയൻ ഇത് അംഗങ്ങൾക്ക് 20 മാസമായി നിർദ്ദേശിച്ചത് എന്തിനാണെന്ന ചോദ്യത്തിന് ചില അംഗങ്ങൾ തുക വേഗം അടച്ചു തീർത്തശേഷം വീണ്ടും ലോൺ എടുക്കാൻ വേണ്ടിയുള്ള സൗകര്യത്തിനായിരുന്നുവെന്നായിരുന്നു മറുപടി.

15 മുതൽ 18 ശതമാനം വരെ പലിശ ഗുണഭോക്താക്കളിൽ നിന്നും ഈടാക്കിയെന്ന പരാതി സംബന്ധിച്ചും വ്യക്തമായ മറുപടി ഭാരവാഹികൾ നൽകിയില്ല. ബാങ്കുകൾ വ്യത്യസ്ത പലിശയാണ് ഈടാക്കുന്നതെന്നും തിരിച്ചടവ് താമസിച്ചാൽ പിഴ പലിശയിലും വ്യത്യാസമുണ്ടെന്നും വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, സെക്രട്ടറി സി എൻ വിക്രമൻ, ഇൻസ്‌പെക്ടിങ് ഓഫിസർ ടി പി സുന്ദരേശൻ, കൗൺസിൽ അംഗങ്ങളായ ജി. സോമനാഥൻ, കെ എസ് സുരേഷ്, പി കെ പ്രസകുമാർ, എം എൻ സുരേഷ്‌കുമാർ, പി ആർ ഗിരീഷ്, കെ ആർ സലീലനാഥ് എന്നിവർ പറഞ്ഞു.