തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിക്കുമ്പോൾ മത്സരം ആരൊക്കെ തമ്മിലാണ് എന്ന ചോദിച്ചാൽ എളുപ്പത്തിൽ പറയാൻ സാധിക്കില്ല. ഇടതും വലതും തമ്മിലുള്ള തെരഞ്ഞെടുപ്പ് പോരാട്ടം ഒ രാജാഗോപാലിന്റെ കടന്നുവരവോടെ ത്രികോണ മത്സരമായി മാറിക്കഴിഞ്ഞു. ഇതോടെ സമുദായ വോട്ടുകളിലും ഭിന്നിപ്പ് ഉണ്ടാകുമെന്ന കാര്യം വ്യക്തമാണ്. രാജഗോപാലാണ് സ്ഥാനാർത്ഥിയെന്ന് വ്യക്തമായതോടെ എസ്എൻഡിപി തങ്ങളുടെ ചായ്വ് രാജേട്ടനോടാണെന്ന് വ്യക്കമാക്കി കഴിഞ്ഞു. എൻഎസ്എസ് ആകട്ടെ മൗനം തുടരകുയാണ്. ആർക്കാണ് പിന്തുണയെന്ന കാര്യത്തിൽ മനസു തുറന്നിട്ടില്ലെങ്കിലും നാടാർ സമുദായ വോട്ട യുഡിഎഫ് പെട്ടിയിൽ തന്നെ വീഴാനാണ് സാധ്യത. എന്നാൽ, നാടാർ വോട്ടുകൾ ലഭിക്കാൻ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെ അടക്കം രംഗത്തിറക്കാൻ ബിജെപിയും ശ്രമിക്കുന്നുണ്ട്. ഇങ്ങനെ സമുദായ വോട്ടുകൾ എങ്ങോട്ടുപോകുമെന്നത് അരുവിക്കരയിൽ മുന്നണികളെ ആശങ്കയിലാക്കുന്നുണ്ട്.

എൽഡിഎഫിന് പിന്തുണക്കാതെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും യുഡിഎഫിനെയും വിമർശിക്കുന്ന നിലപാടാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സ്വീകരിച്ചിരിക്കുന്നത്. ബിജെപിയോടാണ് അദ്ദേഹത്തിന് ഇപ്പോൾ താൽപ്പര്യം. ബിജെപിയോട് അയിത്തമില്ലെന്ന് വെള്ളാപ്പള്ളി ഇതിനോടകം തന്നെ പ്രഖ്യാപിക്കുകയും ചെയ്തു. അടുത്തിടെ വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീൺ തൊഗാഡിയ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപിയിലേക്ക് ഈഴവ സമുദായത്തെ അടുപ്പിക്കുക എന്ന ലക്ഷ്യം തന്നെയായിരുന്നു. വിശ്വഹിന്ദു പരിഷത്ത് തുടങ്ങാനിരിക്കുന്ന എൻജിനീയറിങ് കോളേജിന്റെ നടത്തിപ്പ് വാഗ്ദാനമാണ് അന്ന് വെള്ളാപ്പള്ളിക്ക് മുമ്പിൽ വച്ചത്. അദ്ദേഹം ഇത് സ്വീകരിക്കുകും ചെയ്തു. ഇതോടെയാണ് ബിജെപി അനുകൂല നിലപാട് കൂടുതൽ പരസ്യമാക്കാൻ വെള്ളാപ്പള്ളി ഒരുങ്ങിയത്.

തെരഞ്ഞെടുപ്പിൽ എസ്എൻഡിപി ശരിയായ രീതിയിൽ പ്രതികരിക്കുമെന്നായിരുന്നു വെള്ളാപ്പള്ളി കഴിഞ്ഞ ദിവസം പറഞ്ഞത്. പ്രതികരിക്കാത്തവാണ് എസ്എൻഡിപി എന്ന് ആരും കരുതേണ്ടതില്ല. എസ്എൻഡിപിയോട് സംസ്ഥാന സർക്കാരിന്റെ നിലപാട് ശരിയായ രീതിയിലല്ല. സാർ ചക്രവർത്തിയേക്കാൾ മോശമായ സമീപിനമാണ് ഉമ്മൻ ചാണ്ടിയുടെതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഭരണത്തിലേറി നാലുവർഷവും അദ്ദേഹവും സർക്കാരും എൻഎൻഡിപിയെ തഴയുകയായിരുന്നു. സംഘടിത സമുദായ ശക്തികളെ പ്രോത്സാഹിപ്പിച്ച മുഖമന്ത്രി ഈഴവരെ കണ്ടില്ലെന്നു നടിക്കുകയായിരുന്നു. വാഗ്ദാനങ്ങളൊന്നും ഉമ്മൻ ചാണ്ടി പാലിച്ചില്ല. ഇതിനെല്ലാം സമുദായം ശക്തമായ രീതിയിൽ തന്നെ പ്രതികരിക്കുമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ബിജെപിയോടുള്ള അടുപ്പം തുറന്നു പറയാനും അദ്ദേഹം മടിച്ചില്ല. ബിജെപിക്ക് ദേശീയ തലത്തിൽ ഒരു അയിത്തവുമില്ല. അതുകൊണ്ടുതന്നെ കേരളത്തിൽ അതിന്റെ ആവശ്യവുമില്ലെന്ന് വെള്ളാപ്പള്ളി പഞ്ഞു.

എസ്എൻ ട്രസ്റ്റിനോടും എസ്എൻഡിപിയോടും സർക്കാർ ചിറ്റമ്മ നയം സ്വീകരിക്കുന്നു എന്ന നിലപാടിലാണ് വെള്ളാപ്പള്ളി. അതുകൊണ്ടാണ് സർക്കാറിനെ വിമർശിച്ച് രംഗത്തെത്തുന്നതും. എസ്.എൻ ട്രസ്റ്റിന്റെ 14 കോളജുകളിലും യോഗത്തിന്റ രണ്ട് കോളജുകളിലുമായി 234 അദ്ധ്യാപകരുടെയും 39 അനദ്ധ്യാപകരുടെയും നിയമനമാണ് മുടങ്ങികിടക്കുന്നത്. ഇങ്ങനെ അദ്ധ്യാപക നിയമനത്തിൽ അടക്കം സമുദായത്തിന് അംഗീകാരം ലഭിക്കണമെന്ന അഭിപ്രായമാണ് വെള്ളാപ്പള്ളിക്കുള്ളത്. അതേസമയം തെരഞ്ഞെടുപ്പ് വേളയിൽ ഈ വിഷയം ഉന്നയിച്ച് സർക്കാറിൽ നിന്നും കാര്യങ്ങൾ നേടിയെടുക്കാമെന്ന തന്ത്രമാണിതെന്നും വിമർശനം ഉണ്ട്.

എന്നാൽ വെള്ളാപ്പള്ളിയുടെ വാക്കുകൾ ബിജെപിക്ക് വോട്ട് ചെയ്യാനുള്ള ആഹ്വാനമായാണ് വിലയിരുത്തുന്നത്. എന്നാൽ ഭൂരിപക്ഷം സമുദായ അംഗങ്ങളും ഇടതു അനുകൂലികൾ ആയതിനാൽ വെള്ളാപ്പള്ളിയുടെ വാക്കുകൾ എത്രപേർ മുഖവിലയ്‌ക്കെടുക്കുമെന്ന കണ്ടറിയണം. അതേസമയം മത്സരിക്കുന്ന മൂന്ന് സ്ഥാനാർത്ഥികളും നായർ സമുദായത്തിൽ പെട്ടവർ ആയതിനാൽ എൻഎസ്എസ് നിലപാട് പരസ്യമായി പറയാൻ സാധ്യത കുറവാണ്. വെള്ളാപ്പള്ളിയുടെ പാത പിന്തുടർന്ന് സുകുമാരൻ നായരും രംഗത്തെത്തിയാൽ ബിജെപി അട്ടിമറി വിജയം നേടിയാലും അൽഭുതപ്പെടാനില്ല.

അഴിമതി ആരോപണങ്ങൾ തന്നെയാണ് യുഡിഎഫ് സർക്കാർ അരുവിക്കരയിൽ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. കൂടാതെ ശബരിനാഥിനെ സ്ഥാനാർത്ഥിയാക്കിയതിൽ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർക്കുള്ള അതൃപ്തിയും. ഒ രാജഗോപാലിന്റെ ഇമേജും മണ്ഡലത്തിൽ ബിജെപി അംഗങ്ങളുടെ എണ്ണം കൂടിയതുമാണ് ബിജെപിക്ക് പ്രതീക്ഷ നൽകുന്ന മറ്റൊരു ഘടകം. ഇരുപതിനായിരത്തിലേറെ സജീവ അംഗങ്ങൾ മണ്ഡലത്തിൽ ഉണ്ടെന്നാണ് കണക്ക്. നിഷ്പക്ഷ വോട്ടുകൾ രാജഗോപാൽ കൊണ്ടുപോകുകയും ചെയ്യും. അവസാനഘട്ട പ്രചരണവും പിഡിപിയുടെയും പി സി ജോർജ്ജിന്റെയും സ്ഥാനാർത്ഥികൾ സ്വരൂപിക്കുന്ന വോട്ടും വിജയപരാജയങ്ങളിൽ നിർണ്ണായകമാകുമെന്ന കാര്യം ഉറപ്പാണ്.

എന്തായാലും സാമുദായിക വോട്ടുകൾ എങ്ങോട്ടുപോകുമെന്നത് അരുവിക്കരയിൽ നിർണ്ണായകമാകുമെന്ന കാര്യം ഉറപ്പാണ്. അതുകൊണ്ട് തന്നെ പ്രചരണം മുറുകുമ്പോൾ സാമുദായിക വോട്ടുകളിൽ കോൺഗ്രസിനും സിപിഎമ്മിനും ആശങ്ക വർദ്ധിക്കുകയാണ്.