പത്തനംതിട്ട: മൈക്രോഫിനാൻസ് തട്ടിപ്പിന്റെ പേരിൽ വി.എസും വെള്ളാപ്പള്ളി നടേശനും തമ്മിൽ അങ്കം മുറുകുമ്പോൾ അടൂരിലെ എസ്എൻഡിപി സമുദായാംഗങ്ങൾക്ക് ഇതൊരു പുതിയ കാര്യമല്ല. വെള്ളാപ്പള്ളിയുടെ മന:സാക്ഷി സൂക്ഷിപ്പുകാരായിരുന്ന മുൻ യൂണിയൻ നേതാക്കൾ പാവപ്പെട്ടവരും നിർധനരുമായ സമുദായാംഗങ്ങളെ ബലി കൊടുത്ത് തട്ടിയെടുത്തത് അഞ്ചു കോടിയായിരുന്നു. 

സമുദായം നന്നാക്കാനിറങ്ങിയവർ തന്നെ അതിലെ അംഗങ്ങളുടെ നെഞ്ചത്ത് ആണി അടിച്ചു. കിട്ടാത്ത വായ്പയ്ക്ക് ജപ്തി നോട്ടീസ് വന്നതായി സമുദായാംഗങ്ങൾ പരാതിപ്പെട്ടപ്പോൾ എപ്പോ, എങ്ങനെ? എന്ന മട്ടിൽ വെള്ളാപ്പള്ളി അടക്കമുള്ളവർ കൈമലർത്തി.

എസ്.എൻ.ഡി.പി അടൂർ യൂണിയനിലെ മുൻഭാരവാഹികളാണ് മൈക്രോഫിനാൻസിന്റെ പേരിൽ സമുദായാംഗങ്ങളെ ചതിച്ച് വമ്പൻ തട്ടിപ്പ് നടത്തിയത്. സംഗതി വിവാദമാവുകയും തട്ടിപ്പിനിരയായവർ കോടതിയിൽ കേസ് കൊടുക്കുകയും ചെയ്തതോടെ യൂണിയൻ നേതാക്കളും സാക്ഷാൽ വെള്ളാപ്പള്ളി നടേശനും പരസ്പരം പഴി ചാരുന്നതല്ലാതെ മറ്റു നടപടിക്കൊന്നും തുനിയുന്നില്ല. കഞ്ഞിക്ക് പോലും വകയില്ലാത്ത സമുദായാംഗങ്ങളെ ഇപ്പോൾ ജപ്തി ചെയ്തു കളയും എന്ന ഭീഷണിയുമായി നിൽക്കുകയാണ് ബാങ്ക് അധികൃതർ.

ബാങ്ക് ഓഫ് ഇന്ത്യ അടൂർ ശാഖയിൽനിന്ന് 2012 ജൂൺ 16 നാണ് എസ്.എൻ.ഡി.പി അടൂർ യൂണിയൻ ഏഴു കോടി 68 ലക്ഷം രൂപ 256 മൈക്രോ യൂണിറ്റുകൾക്കായി വായ്പയെടുത്തത്. മൂന്നു ലക്ഷം രൂപ സർവീസ് ചാർജ് കിഴിച്ച് ഏഴു കോടി 65 ലക്ഷം രൂപ അന്നത്തെ യൂണിയൻ പ്രസിഡന്റ് നിബുരാജും സെക്രട്ടറി അരുൺ തടത്തിലും ബാങ്കിൽ നിന്ന് ഒന്നിച്ചു കൈപ്പറ്റി. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയുടെ കത്തില്ലാതെയാണ് ബാങ്ക് മാനേജരും യൂണിയൻ പ്രസിഡന്റും സെക്രട്ടറിയും പണമിടപാടു നടത്തിയതത്രേ. പിന്നീട് സമുദായ അംഗങ്ങളിൽനിന്നു തന്നെ വെള്ളാപ്പള്ളി അറിഞ്ഞു.

തുടർന്ന് നടത്തിയ അനേ്വഷണത്തിൽ സാമ്പത്തിക തട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് വെള്ളാപ്പള്ളി കൊല്ലം മുൻസിഫ് കോടതിയുടെ ഉത്തരവു പ്രകാരം യൂണിയൻ പിരിച്ചു വിടുകയും അഡ്‌മിനിസ്‌ട്രേറ്റീവ് ഭരണം ഏർപ്പെടുത്തുകയും ചെയ്തു. അഡ്‌മിനിസ്‌ട്രേറ്ററും ഓഡിറ്ററും കൂടി നടത്തിയ പരിശോധനയിലാണ് 5,11,70,515 രൂപയുടെ തീവെട്ടിക്കൊള്ള കണ്ടെത്തിയത്. വെള്ളാപ്പള്ളിയുടെ ഇടപെടലിനെ തുടർന്ന് സെക്രട്ടറി അരുൺ തടത്തിൽ ഒരു കോടി 75 ലക്ഷം രൂപ ബാങ്കിലും 50 ലക്ഷം രൂപ യൂണിയനിലും അടച്ചു. ഒരു കോടി 42 ലക്ഷം രൂപയ്ക്കുള്ള ചെക്കും നൽകി. 75 യൂണിറ്റുകൾക്ക് മാത്രമാണ് ബാങ്കിൽനിന്നു കിട്ടിയ തുക കൊണ്ട് വായ്പ നൽകിയിരുന്നത്. ബാക്കി തുകയാണ് വെട്ടിച്ചത്. വായ്പ ലഭിക്കാതിരുന്ന 181 യൂണിറ്റുകൾക്കെതിരെയാണ് റവന്യു റിക്കവറി നോട്ടീസ് ബാങ്ക് നൽകിയത്. തട്ടിപ്പ് മൂലം മൂന്നു ലക്ഷത്തിന്റെ സ്ഥാനത്ത് നാലു ലക്ഷം രൂപയാണ് പലിശയിനത്തിൽ യൂണിയന് ബാധ്യതയുള്ളത്. രണ്ടു വർഷമായി ഒരു കോടി രൂപയാണ് പലിശ നൽകേണ്ടി വന്നിരിക്കുന്നത്.

മുൻ പ്രസിഡന്റ് നിബുരാജും സെക്രട്ടറി അരുൺ തടത്തിലും ചേർന്നു തട്ടിപ്പ് നടത്തിയതിനെ തുടർന്ന് യൂണിയനിലെ 54 ശാഖകളിൽപ്പെട്ട 6000 കുടുംബങ്ങൾ ആശങ്കയിലുമാണ്. യൂണിയൻ മുൻ പ്രസിഡന്റും സെക്രട്ടറിയും 13 കൗൺസിലർമാരും രണ്ടുവനിതാ കൗൺസിലർമാരും ഉൾപ്പെടെ 18 പേർക്കെതിരെ അടൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ കേസ് നിലനിൽക്കുകയാണ്.

അടൂർ യൂണിയനിൽ തട്ടിപ്പു മാത്രമല്ല വെട്ടിപ്പും നടന്നതായും അതു നടത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മാദ്ധ്യമപ്രവർത്തകരോടു പറഞ്ഞ വെള്ളാപ്പള്ളി നടേശനു പിന്നാലെ കേസിലെ പ്രധാന എതിർകക്ഷികളായ യൂണിയൻ പ്രസിഡന്റ് നിബുരാജും സെക്രട്ടറി അരുൺ തടത്തിലും വെളിപ്പെടുത്തിയത് എസ്.എൻ.ഡി.പി യോഗം അറിയാതെ തങ്ങൾ ഒരു പ്രവർത്തനവും നടത്തിയിട്ടില്ലെന്നാണ്. അതായത് അതിൽനിന്നു മനസിലാക്കേണ്ട വസ്തുത വെള്ളാപ്പള്ളിയും കൂടി അറിഞ്ഞാണ് ഈ തട്ടിപ്പും വെട്ടിപ്പും നടന്നിരിക്കുന്നത് എന്നാണ്.