കൊച്ചി: ബിജെപിയുമായി ബന്ധം സ്ഥാപിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ വെള്ളാപ്പള്ളി നടേശനും മകനും തീരുമാനിച്ചതോടെ എസ്എൻഡിപിയിൽ വെള്ളാപ്പള്ളി വിരുദ്ധരുടെ ഏകോപനം ഉണ്ടാകുകയാണ്. വെള്ളാപ്പള്ളി കുടുംബം എസ്എൻഡിപിയെ കുടുംബ സ്വത്തായി ഉപയോഗിക്കുന്നു എന്ന ആരോപണം ശക്തമായ വേളയിൽ തന്നെയാണ് സമാന്തര നീക്കം സംഘടനയിൽ ശക്തമായത്. ഇതിന്റെ ഭാഗമായി ഇന്നലെ കൊച്ചിയിൽ യോഗം ചേർന്ന എതിർവിഭാഗം വെള്ളാപ്പള്ളിക്കെതിരെ കൂടുതൽ നീക്കങ്ങളുമായി രംഗത്തിറങ്ങാൻ ഉറപ്പിച്ചു തന്നയാണ്.

പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ അടക്കമുള്ളവർ ആഞ്ഞടിച്ചതോടെ വർദ്ധിത വീര്യം ലഭിച്ചതോടെയാണ് എസ്എൻഡിപിയിൽ വെള്ളാപ്പള്ളി നടേശൻ ഒതുക്കിയ വിമതരെല്ലാം സടകുടഞ്ഞ് എഴുനേൽക്കുന്നത്. ബിജെപി-വെള്ളാപ്പള്ളി കൂട്ടുകെട്ട് തകർക്കാൻ ആദ്യകാല നേതാക്കളുടെ നേതൃത്വത്തിലാണ് അരയും തലയും മുറുക്കി രംഗത്തിറങ്ങിയത്. തിങ്കളാഴ്ച കൊച്ചിയിൽ ചേർന്ന വിവിധ ശ്രീനാരായണ സംഘടനകളുടെ പ്രതിനിധികളുടെ യോഗം ഈ ലക്ഷ്യം വച്ച് അഡ്‌ഹോക് കമ്മിറ്റി രൂപവത്കരിച്ചത് വ്യക്തമായ പദ്ധതികളോടെയാണ്.

സംഘ്പരിവാറിന് എസ്എൻഡിപിയെ അടിയറവെക്കുന്ന വെള്ളാപ്പള്ളിയെ യോഗത്തിൽനിന്നും എസ്.എൻ ട്രസ്റ്റിൽനിന്നും പുറത്താക്കാൻ കർമപദ്ധതി തയാറാക്കാൻ യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. ഈ രണ്ട് സംഘടനാ ഭാരവാഹിത്വത്തിൽനിന്ന് അദ്ദേഹം രാജിവെക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

എസ്.എൻ.ഡി.പി യോഗം മുൻ ചെയർമാൻ കെ. ഗോപിനാഥൻ ചെയർമാനായാണ് 20 അംഗ അഡ്‌ഹോക് കമ്മിറ്റി രൂപവത്കരിച്ചത ശ്രീനാരായണ ധർമവേദി, ശ്രീനാരായണ കൾചറൽ മിഷൻ, ശ്രീനാരായണ ഗോ്‌ളബൽ മിഷൻ, എസ്.എൻ കോളജുകളിൽനിന്ന് വിരമിച്ച അദ്ധ്യാപകർ തുടങ്ങി സമാനമനസ്‌കരായ എല്ലാവരെയും ഏകോപിപ്പിക്കാനും തീരുമാനിച്ചു. ഈ സംഘടനകളിൽനിന്നും ജില്ലകളിൽനിന്നും പ്രാതിനിധ്യ സ്വഭാവത്തോടെയാണ് യോഗത്തിലേക്ക് ക്ഷണിച്ചത്. 70പേർ പങ്കടെുത്തു. ഇതിന്റെ തുടർച്ചയായി ജില്ലകളിലും യൂനിയൻതലത്തിലും അഡ്‌ഹോക് കമ്മിറ്റി രൂപവത്കരിക്കും. സംഘർഷമുണ്ടാകുമെന്ന പൊലീസ് റിപ്പോർട്ടിനെ തുടർന്ന് കൊച്ചി ശിക്ഷക് സദനിൽ കനത്ത പൊലീസ് കാവലിലായിരുന്നു യോഗം.

96നു ശേഷം എസ്.എൻ.ഡി.പിയുടെയും എസ്.എൻ ട്രസ്റ്റിന്റെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടന്ന നിയമനങ്ങളെക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ബിജെപിവെള്ളാപ്പള്ളി കൂട്ടുകെട്ടിൽ മത്സരിക്കുന്ന എല്ലാ സ്ഥാനാർത്ഥികളെയും തോൽപിക്കക്കും.

എസ്.എൻ ട്രസ്റ്റിലെ ഏറ്റവും സീനിയർ നിർവാഹകസമിതി അംഗം കെ.പി. രത്‌നാകരൻ തലശ്ശേരി, എസ്.എൻ.ഡി.പി.യോഗം മുൻ ദേവസ്വം സെക്രട്ടറി കാവിയാട് മാധവൻ കുട്ടി തുടങ്ങിയവരാണ് മറ്റു ഭാരവാഹികൾ. എസ്.എൻ.ഡി.പി യോഗത്തെ വിൽപനച്ചരക്കാക്കിയതിലും കുടുംബവാഴ്ച കൊണ്ടുവന്നതിലും അഡ്‌ഹോക് കമ്മിറ്റി പ്രതിഷേധിച്ചു. സംഘ്പരിവാറിന്റെ സവർണ രാഷ്ട്രീയം വെള്ളാപ്പള്ളിയുടെ പിന്നിൽ വന്നാൽ അത് തകരുമെന്നും ബിജെപിക്ക് തിരിച്ചടിയാവുമെന്നും അഭിപ്രായപ്പെട്ടു. ഗോകുലം ഗോപാലനെ അനുകൂലിക്കുന്നവർ യോഗത്തിൽ പങ്കടെുത്തതായി സംഘാടകർ അവകാശപ്പെട്ടു. മുൻ ഭാരവാഹി വിദ്യാസാഗറിനെയും ഈ നീക്കത്തിൽ അണിനിരത്തുമെന്നും തങ്ങളുടെ പിന്നിൽ ഒരു രാഷ്ട്രീയ പാർട്ടിയുമില്‌ളെന്നും അവർ പറഞ്ഞു.

കെ. ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. കാവിയാട് മാധവൻ കുട്ടി അധ്യക്ഷത വഹിച്ചു. പ്രഫ. സി.പി. സുധീഷ്, പ്രഫ. മോഹൻദാസ്, പ്രഫ. ചിത്രാംഗദൻ, അഡ്വ. സി.എൻ. ബാലൻ, അഡ്വ. എസ്. ചന്ദ്രസേനൻ, ഷാജി വെട്ടൂരാൻ എന്നിവർ സംസാരിച്ചു. കെ.പി. രത്‌നാകരൻ സ്വാഗതം പറഞ്ഞു.