തിരുവനന്തപുരം: എസ്എൻഡിപിയുമായുള്ള സഖ്യം ബിജെപിക്ക് ഗുണം ചെയ്യുമോ എന്ന കാര്യം ഇനിയും വ്യക്തമായിട്ടില്ല. എന്നാൽ, ഈ രാഷ്ട്രീയ ബന്ധത്തിന്റെ പേരിൽ ഏറ്റവും ശക്തമായി പ്രതിരോധിച്ച് രംഗത്തെത്തിയ സിപിഎമ്മിന് പണി കൊടുക്കണം എന്ന് ഉറപ്പിച്ചിരിക്കുകയാണ് എസ്എൻഡിപിക്ക് സ്വാധീനമുള്ള മേഖലകളിലെ സമുദായ നേതാക്കൾ.

ഇതിനുള്ള നിർദ്ദേശങ്ങളും മറ്റുമായി രംഗം കൊഴുപ്പിക്കുകയാണ് മധ്യതിരുവിതാംകൂറിലെ എസ്എൻഡിപിക്കാർ. ബിജെപിയുമായി സഖ്യമുള്ളതിന്റെ പേരിൽ ബിജെപി സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യുക. സ്ഥാനാർത്ഥി ഈഴവ സമുദായംഗം അല്ലെങ്കിൽ വോട്ടു ചെയ്യേണ്ടത് ഈഴവനായ കോൺഗ്രസ് സ്ഥാനാർത്ഥിക്ക്. സിപിഐ(എം) സ്ഥാനാർത്ഥി ആരാണെങ്കിൽ പോലും വോട്ടു നൽകരുതെന്നാണ് വെള്ളാപ്പള്ളി നടേശൻ സംഘടനയുടെ കീഴ് ഘടകങ്ങൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.

ശാശ്വതീകാനന്ദയുടെ കൊലപാതക ആരോപണം കുത്തിപ്പൊക്കിയതും കൂടാതെ മൈക്രോ ഫിനാൻസിലും അദ്ധ്യാപക നിയമനത്തിലും അഴിമതി ആരോപണം ഉന്നയിച്ച സിപിഐ(എം) നേതാക്കളെ ലക്ഷ്യം വച്ചാണ് എസ്എൻഡിപിയുടെ കരുനീക്കങ്ങൾ മുഴുവനും. തങ്ങളോട് കഴിച്ചാൽ പാഠം പഠിപ്പിക്കും എന്ന് ഉറപ്പുവരുത്തണമെന്നാണ് ഈഴവ ഭൂരിപക്ഷ മേഖലകളിൽ എസ്എൻഡിപി നേതാക്കൾക്ക് വെള്ളാപ്പള്ളിയും മകനും നൽകിയിരിക്കുന്ന നിർദ്ദേശം. ഈഴവ വീടുകളിൽ സിപിഐ(എം) യോഗം നടത്താൻ പോലും അനുവദിക്കരുതെന്ന കർശന നിർദ്ദേശവും എസ്എൻഡിപി വഴി നൽകിയിട്ടുണ്ട്. എന്നാൽ, ഇതൊക്കെ എത്രകണ്ട് ഫലപ്രദമാകുമെന്ന സംശയം സമുദായ നേതാക്കൾക്കിടയിൽ തന്നെയുണ്ട്.

കഴിഞ്ഞ കുറച്ചു നാളുകളായി വെള്ളാപ്പള്ളിക്കെതിരെ ശക്തമായ നീക്കങ്ങളാണ് സിപിഐ(എം) നടത്തുന്നത്. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ തന്നെ നേരിട്ടു രംഗത്തിറക്കിയാണു സിപിഐ(എം) ആക്രമണം നടത്തുന്നത്. എന്നാൽ, ഇതിനെ പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെ തന്നെ ശാശ്വതീകാനന്ദ സംഭവവും മൈക്രോഫിനാൻസും അദ്ധ്യാപക നിയമനവുമൊക്കെ പലകോണിൽ നിന്നും വെള്ളാപ്പള്ളിക്കും സംഘത്തിനും ശക്തമായ എതിർപ്പുകൾ ഉയർത്തുകയും ചെയ്തു.

പ്രതിരോധത്തിലായ വെള്ളാപ്പള്ളി പക്ഷം അതുകൊണ്ടു തന്നെ ശക്തമായ നീക്കങ്ങൾ സിപിഎമ്മിനെതിരായി നടത്താനാണു തീരുമാനിച്ചിരിക്കുന്നത്. അതിന്റെ ഭാഗമായാണ് സമുദായാംഗങ്ങൾക്കു കർശന നിർദ്ദേശം എസ്എൻഡിപി നേതൃത്വം നൽകുന്നത്. ഒരു കാരണവശാലും സിപിഎമ്മിനു വോട്ടു നൽകേണ്ടെന്നാണു നിർദ്ദേശം. അത് ഈഴവ സ്ഥാനാർത്ഥിയാണെങ്കിൽ പോലും അനുകൂല മനോഭാവം വച്ചു പുലർത്തരുതെന്നും നിർദ്ദേശമുണ്ട്.

എന്നാൽ, ഈ കാര്യങ്ങളൊന്നും നടപ്പാകില്ലെന്നു തന്നെയാണ് ഒരു വിഭാഗം പറയുന്നത്. എസ്എൻഡിപിയിൽ അംഗമായിരിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളും അനുഭാവികളും ഏറെയാണ്. ഇവരെല്ലാം ഇത്തരം നീക്കത്തെ ശക്തമായി എതിർക്കുന്നുവെന്നു തന്നെയാണു സൂചന. ബിജെപിക്കും കോൺഗ്രസിനുമെതിരെ നിലപാടെടുക്കുന്ന നിരവധി പേരെ ഇത്തരത്തിലുള്ള നിർദ്ദേശങ്ങളിലൂടെ എതിർചേരിയിലാക്കാനുള്ള നീക്കം വിലപ്പോകില്ലെന്നാണു സൂചന.

ശാശ്വതീകാനന്ദയുടെ മരണത്തെക്കുറിച്ചു കൂടുതൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി സിപിഐ(എം) ചാനൽ രംഗത്തെത്തിയിരിക്കുന്നത് വെള്ളാപ്പള്ളി നടേശനും മകൻ തുഷാർ വെള്ളാപ്പള്ളിക്കും എതിരായാണ്. സിപിഎമ്മിനെതിരായ നീക്കങ്ങൾ വെള്ളാപ്പള്ളി പക്ഷം നടത്തുമ്പോൾ ഇത്തരത്തിൽ വെള്ളാപ്പള്ളിക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായാണു പാർട്ടി ചാനൽ പ്രതികരിക്കുന്നത്. ശാശ്വതീകാനന്ദയുടെ സന്തത സഹചാരികളുടേതടക്കമുള്ള വെളിപ്പെടുത്തലുകളുമായാണു പീപ്പിൾ ടിവി രംഗത്തെത്തിയിരിക്കുന്നത്. തുഷാർ വെള്ളാപ്പള്ളി ശാശ്വതീകാനന്ദയെ ശാരീരികമായി ആക്രമിച്ചു എന്നുൾപ്പെടെയുള്ള വെളിപ്പെടുത്തലുകളാണു പീപ്പിൾ ടിവി പുറത്തുവിട്ടത്. ശാശ്വതീകാനന്ദയുടെ സന്തതസഹചാരിയായിരുന്ന എസ് രവികുമാറാണു തുഷാർ വെള്ളാപ്പള്ളിക്കെതിരെ ആഞ്ഞടിച്ചത്. ഇത്തരത്തിൽ ഉയരുന്ന ആരോപണങ്ങളെയെല്ലാം എതിർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണു സിപിഎമ്മിനെതിരെ ശക്തമായ നീക്കങ്ങൾ നടത്താനുള്ള വെള്ളാപ്പള്ളി പക്ഷത്തിന്റെ തീരുമാനം.