- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാത്തിനും കാരണം തുഷാറിന്റെ പാർലമെന്ററി മോഹം; സമുദായത്തെ ഉയർത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ അനുവദിക്കില്ല: വെള്ളാപ്പള്ളിയുടെ ബിജെപി കൂട്ടിനെതിരെ മലബാറിലെ എസ്എൻഡിപിയിൽ പടയൊരുക്കം
കണ്ണൂർ:എസ്.എൻ.ഡി.പി.യെ ബിജെപി.യുടെ ആലയിൽ കെട്ടാനുള്ള എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നീക്കത്തിൽ മലബാർ ജില്ലകളിലെ എസ്.എൻ.ഡി.പി.നേതാക്കൾക്ക് എതിർപ്പ്. വെള്ളാപ്പള്ളിയുടെ നീക്കത്തെ എന്തു വിലകൊടുത്തും ചെറുക്കണമെന്ന അഭിപ്രായമാണ് മലബാർ പ്രദേശത്ത് ഉയർന്നു വരുന്നത്. ഇന്നലെ ബിജെപി അധ്യക്ഷൻ അമിത് ഷായെ വെള്ളാപ്പള്ളി
കണ്ണൂർ:എസ്.എൻ.ഡി.പി.യെ ബിജെപി.യുടെ ആലയിൽ കെട്ടാനുള്ള എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നീക്കത്തിൽ മലബാർ ജില്ലകളിലെ എസ്.എൻ.ഡി.പി.നേതാക്കൾക്ക് എതിർപ്പ്. വെള്ളാപ്പള്ളിയുടെ നീക്കത്തെ എന്തു വിലകൊടുത്തും ചെറുക്കണമെന്ന അഭിപ്രായമാണ് മലബാർ പ്രദേശത്ത് ഉയർന്നു വരുന്നത്.
ഇന്നലെ ബിജെപി അധ്യക്ഷൻ അമിത് ഷായെ വെള്ളാപ്പള്ളി കണ്ട് ചർച്ച നടത്തിയിരുന്നു. ബിജെപിയുമായി എസ് എൻ ഡി പിക്ക് എതിർപ്പില്ലെന്നും വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് മലബാറിലെ വിമത നീക്കം.
രണ്ടു മാസം മുമ്പ് മൂന്നാറിൽ നടന്ന വാർഷിക ക്യാമ്പിൽ വെള്ളാപ്പള്ളി നടേശൻ എസ്.എൻ.ഡി.പി. ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിക്കണമെന്ന ആശയം ഉന്നയിച്ചിരുന്നു. അപ്പോൾ തന്നെ എതിർപ്പ് പ്രകടിപ്പിച്ചിരുന്നത് മലബാർ ജില്ലയിലെ പ്രതിനിധികളായിരുന്നു. ഒടുവിൽ കേരളത്തിലെ മഹാഭൂരിപക്ഷം എസ്.എൻ.ഡി.പി.പ്രതിനിധികളും ഇക്കാര്യത്തിൽ യോജിക്കുകയായിരുന്നു. ശ്രീനാരയണ ധർമ്മ വേദി നേതാവ് ഗോകുലം ഗോപാലന് സ്വാധീനമുള്ള മേഖലയാണ് മലയാർ. വെള്ളാപ്പള്ളിയുമായി പണങ്ങി എസ് എൻ ഡി പി വിട്ടെങ്കിലും മലബാറിൽ യോഗം പ്രവർത്തകർ അദ്ദേഹവുമായി അടുപ്പം പുലർത്തുന്നുണ്ട്. മലബാറിൽ നിന്നുള്ള അരയക്കണ്ടി സന്തോഷ്, യോഗത്തിന്റെ ദേവസം സെക്രട്ടറിയാണ്. അടുത്ത മത്സരത്തിനുള്ള പാനലിലും വെള്ളാപ്പള്ളിയ്‌ക്കൊപ്പം സന്തോഷ് ഉണ്ട്.
സന്തോഷിനെ അനുകൂലിക്കുന്നവർ വെള്ളാപ്പള്ളിയെ പിന്തുണയ്ക്കും. എന്നാൽ സിപിഐ(എം) അനുഭാവികളാണ് ഈ മേഖലയിലെ ഏറെ എസ് എൻ ഡി പി പ്രവർത്തകരും. ഈ സാഹചര്യത്തിൽ സന്തോഷിന്റെ വെള്ളാപ്പള്ളിയ്‌ക്കൊപ്പമുള്ള സാന്നിധ്യവും ഗുണകരമാകില്ല. ബിജെപിയുമായി നേരിട്ടൊരു ബന്ധത്തിന് വെള്ളപ്പാള്ളി തയ്യാറായാൽ മലബാറിൽ ബദൽ സംവിധാനം വരാനുള്ള സാഹചര്യം കൂടുതലാണ്. എന്നാൽ യോഗത്തിലെ ബഹു ഭൂരിപക്ഷം ശാഖാ നേതാക്കളും വെള്ളാപ്പള്ളിക്ക് ഒപ്പമാണ്. അതുകൊണ്ട് തന്നെ കരുതലോടെയാണ് മലബാറിലെ വിമത നീക്കങ്ങൾ. ബിജെപിയുമായി പ്രത്യക്ഷത്തിൽ കൂട്ടുകൂടാതെയുള്ള രാഷ്ട്രീയ നേട്ടങ്ങൾക്കാണ് വെള്ളാപ്പള്ളി ഒരുങ്ങുന്നതെന്നാണ് വിമതരുടെ വിലയിരുത്തൽ. അതിനാൽ എടുത്തു പിടിച്ചൊരു തീരുമാനം ഇക്കൂട്ടർ എടുക്കുകയുമില്ല.
യോഗം വൈസ് പ്രസിഡണ്ട് തുഷാർ വെള്ളാപ്പള്ളിയുടെ പാർലമെന്ററി വ്യാമോഹമാണ് വെള്ളാപ്പള്ളി നടേശനെ ബിജെപി.യുമായി അടുപ്പിക്കാനുള്ള ശ്രമത്തിന്റെ പിന്നിലെന്നും ആരോപണമുയർന്നിട്ടുണ്ട്. മലബാറിനൊപ്പം കർണാടകത്തിലെ കുടക്, മംഗലൂരു, ബംഗലൂരു, മൈസൂർ എന്നിവിടങ്ങളിലെ എസ്.എൻ..ഡിപി.യും വെള്ളാപ്പള്ളിയുടെ നീക്കത്തിനെതിരെ നിലകൊള്ളും. ഈ മേഖലയിൽ ഹൈന്ദവവികാരം ഉണർത്തുന്ന രീതിയിൽ പ്രവർത്തിക്കാൻ സജ്ജമാവാത്തവരാണ് യോഗ നേതൃത്വത്തിലും അണികളിലുമുള്ളത്.
സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയപ്രസ്ഥാനങ്ങളായ സിപിഐ(എം)യിലും കോൺഗ്രസ്സിലും നേതൃസ്ഥാനത്ത് എസ്.എൻ.ഡി.പി.അംഗങ്ങളുണ്ട്. കേവലം സാമുദായികമായി ചിന്തിക്കുന്നവരല്ല അവരിൽ ഭൂരിഭാഗവും. മലബാറിലെ മതസാമുദായിക സൗഹാർദത്തിന് മികച്ച സംഭാവന ചെയ്തവരാണ് ഈ മേഖലയിലെ എസ്.എൻ.ഡി.പി. അംഗങ്ങളായ രാഷ്ട്രീയ നേതാക്കൾ. ഇവരിൽ മഹാഭൂരിപക്ഷവും ബിജെപിയുടെ അധിനിവേശത്തെ അംഗീകരിക്കാത്തവരാണ്. മതനിറത്തോടെ രാഷ്ടീയത്തെ കാണാത്തവരാണ് മലബാറിലെ നേതൃസ്ഥാനത്തുള്ള രാഷ്ട്രീയക്കാർ. പൊതുവെ തീവ്രമായ ജാതിമത നിലപാടില്ലാത്ത മലബാർ പ്രദേശത്തെ തീയ്യ സമുദായം എസ്.എൻ.ഡി.പി.യുടെ ബിജെപി. ബാന്ധവത്തെ ചെറുക്കുമെന്നത് ഉറപ്പായിരിക്കുകയാണ്.
മുമ്പ് ആർ.ശങ്കർ കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ മത്സരിച്ചപ്പോൾ എസ്.എൻ.ഡി.പി.യുടെ ശക്തി കൊണ്ടായിരുന്നില്ല അദ്ദേഹം വിജയംനേടിയത്. കണ്ണൂരിലെ തീയ്യ സമുദായം ആർ ശങ്കറിനെ ജയിപ്പിക്കാൻ ഇറങ്ങിയപ്പോൾ അതോടൊപ്പം മുസഌങ്ങളും മറ്റു സമുദായങ്ങളും ചേർന്നിരുന്നു. ഹൈന്ദവ ഏകീകരണം എസ്എൻ്.ഡി.പി.യുടെ ലക്ഷ്യമല്ല. കേരളത്തിൽ ബിജെപി.ക്ക് അക്കൗണ്ട് തുറക്കാനാവാത്തത് ദേശീയ പുരോഗമന പ്രസ്ഥാനങ്ങളിൽ എസ്.എൻ്.ഡി.പി. അനുഭാവികൾ ഉറച്ചു വിശ്വസിക്കുന്നതു കൊണ്ടാണ്. അതിനെ തകർക്കാൻ വെള്ളാപ്പള്ളിക്കാവില്ലെന്ന് ഈ മേഖലയിലുള്ളവർ പറയുന്നു.
ഹൈന്ദവ വർഗീയ മനോഭാവമുള്ള ആർഎസ്എസ്, എസ്.എൻ.ഡി.പി.യേയും വെള്ളാപ്പള്ളിയേയും എങ്ങനെ അംഗീകരിക്കുമെന്നത് കണ്ടറിയേണ്ട കാരൃമാണ്. ആർ.എസ് എസിന്റെ ദേശീയ സമിതിയിൽ ഈഴവന്റെ സ്ഥാനം എന്തെന്ന് വെള്ളാപ്പള്ളി ചിന്തിക്കേണ്ടതായിരുന്നു. തുഷാർ വെള്ളാപ്പള്ളിയെ രാജാവാക്കാൻ എസ്.എൻ.ഡി.പി.എന്ന മഹത്തായ പ്രസ്ഥാനത്തെ കുരുതി കൊടുക്കാനാണ് വെള്ളാപ്പള്ളി ശ്രമിക്കുന്നതെന്ന് മലബാർ പ്രദേശത്തുള്ളവർ ആരോപിക്കുന്നു. വരാനിരിക്കുന്ന നിയമസഭാതിരഞ്ഞെടുപ്പിൽ എങ്ങനെയെങ്കിലും കടന്നു കൂടാമെന്ന ബിജെപി.യുടെ കുത്സിത ശ്രമത്തിന് വഴങ്ങുകയാണ് വെള്ളാപ്പള്ളി. എസ്.എൻ.ഡി.പി.യുടെ ആദർശത്തിന് കടകവിരുദ്ധമായാണ് വെള്ളാപ്പള്ളിയുടെ ഇപ്പോഴത്തെ നീക്കമെന്ന് ആരോപണമുയർന്നിട്ടുണ്ട്.