- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വകാര്യ വിദ്യാലയങ്ങളിൽ നിയമനം നടത്തുന്നത് മാനേജരും ശമ്പളം നൽകുന്നതു സർക്കാരുമാണ്; ഇത് എന്തൊരു ജനാധിപത്യമാണ്? സ്വകാര്യ വിദ്യാലയങ്ങളിലെ എല്ലാ നിയമനങ്ങളും പി എസ് സി.ക്കു വിടണം; വിപ്ലവമുണ്ടാക്കാൻ വെള്ളാപ്പള്ളി എത്തുമ്പോൾ ചർച്ചയാകുന്നത് ഇരട്ടത്താപ്പ്; ചേർത്തല പ്രസംഗത്തിലുള്ളത് സ്ഥാനം പോകുമെന്ന ഭയമോ?
ആലപ്പുഴ: എസ് എൻ ഡി പി യോഗത്തിൽ അട്ടിമറി സാധ്യത നേതൃത്വവും തിരിച്ചറിയുന്നുവോ? എസ്.എൻ.ഡി.പി. യോഗത്തിന്റെയും എസ്.എൻ.ട്രസ്റ്റിന്റെയും കീഴിലുള്ള സ്‌കൂളുകളിലെയും കോളേജുകളിലെയും നിയമനങ്ങൾ പി.എസ്.സി.ക്കു വിടാൻ തയ്യാറാണെന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറയുമ്പോൾ ചർച്ചയാകുന്നത് ഇക്കാര്യമാണ്.
എസ്.എൻ.ഡി.പി. യോഗം ചേർത്തല യൂണിയന്റെ നേതൃത്വത്തിൽ നടത്തുന്ന മൈക്രോഫിനാൻസ് മൂന്നാംഘട്ട വായ്പവിതരണത്തിന്റെയും വിവിധ ക്ഷേമപദ്ധതികളുടെയും ഉദ്ഘാടനം പൂച്ചാക്കലിൽ നിർവഹിച്ചാണ് വെള്ളാപ്പള്ളി നിർണ്ണായക പ്രഖ്യാപനം നടത്തിയത്. വെള്ളാപ്പള്ളിയുടെ കാലത്തെ നിയമനങ്ങളിൽ വ്യാപക അഴിമതി ഉയർന്നിരുന്നു. വൻ തുക വാങ്ങിയാണ് മിക്കവർക്കും ജോലി നൽകിയതെന്നാണ് ഉയർന്ന ആക്ഷേപം. ഇത് ഏറെ ചർച്ചയാവുകയും ചെയ്തു.
നിലവിൽ പ്രായമേറെയായ വെള്ളാപ്പള്ളിക്ക് താമസിയാതെ തന്നെ യോഗം ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയേണ്ടി വരും. മകൻ തുഷാർ വെള്ളപ്പള്ളിയെ പകരം എത്തിക്കാനാണ് നീക്കം. എന്നാൽ പ്രതിബന്ധങ്ങൾ ഏറെയാണ്. ഗോകുലം ഗോപാലന്റെ നേതൃത്വത്തിൽ വിമതർ കരുത്തു കാട്ടുന്നു. ഹൈക്കോടതിയിൽ നിന്നുള്ള വിധിയും അനുകൂലമല്ല. പിണറായി സർക്കാരും വേണ്ടത്ര താൽപ്പര്യം വെള്ളാപ്പള്ളിയുടെ ആവശ്യങ്ങളോട് കാട്ടുന്നില്ല. എസ് എൻ ഡി പി യോഗത്തിലെ അംഗങ്ങളെല്ലാം വോട്ട് ചെയ്യാനെത്തിയാൽ അട്ടിമറിക്ക് സാധ്യത കൂടും. ഇത് മനസ്സിലാക്കിയാണ് വെള്ളാപ്പള്ളിയുടെ ഇടപെടൽ.
സ്വകാര്യ വിദ്യാലയങ്ങളിൽ നിയമനം നടത്തുന്നത് മാനേജരും ശമ്പളം നൽകുന്നതു സർക്കാരുമാണ്. ഇത് എന്തൊരു ജനാധിപത്യമാണ്? സ്വകാര്യ വിദ്യാലയങ്ങളിലെ എല്ലാ നിയമനങ്ങളും പി.എസ്.സി.ക്കു വിടണം. കേരളത്തിലെ ജനസംഖ്യയിൽ 17 ശതമാനം മാത്രമുള്ള ഒരു സമുദായം 3,500 സ്‌കൂളുകളാണ് കൈവശംവെച്ചിരിക്കുന്നത്. 33 ശതമാനമുണ്ടായിരുന്ന ഈഴവരിന്ന് 25 ശതമാനമായി കുറഞ്ഞു. മറ്റുള്ള സമുദായങ്ങൾ അതേസമയം 33-38 ശതമാനം വരെ അംഗസംഖ്യ ഉയർത്തുകയും ചെയ്തുവെന്നും വെള്ളാപ്പള്ളി പറയുന്നു.
ഈഴവരുടെ സംഖ്യ ഇനിയും കുറഞ്ഞാൽ ഇങ്ങനെയൊരു വിഭാഗം ജീവിച്ചിരുന്നുവെന്നത് ചരിത്രത്തിൽ മാത്രമാകുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പുകളിൽ ഈഴവർ ചിഹ്നംനോക്കി കുത്തിയപ്പോൾ മറ്റു സമുദായങ്ങൾ സ്ഥാനാർത്ഥികളുടെ പേരുനോക്കി കുത്തി. മറ്റുള്ള സമുദായങ്ങൾ വോട്ടുബാങ്കായി മാറിയെന്നും സംവരണത്തിൽ അട്ടിമറി നടക്കുന്നതായും അദ്ദേഹം ആരോപിച്ചു. ഇതെല്ലാം സമുദായത്തെ വീണ്ടും കൂടെ നിർത്താനുള്ള നീക്കമാണ്. ഇതിനൊപ്പം അധികാരം നഷ്ടമായാൽ പകരം എത്തുന്നവർ നിയമനങ്ങൾ നടത്തരുതെന്ന ആഗ്രഹവും.
എന്നാൽ വെള്ളാപ്പള്ളിയുടെ ആവശ്യം അംഗീക്കാൻ സർക്കാർ പ്രത്യേക നിയമ നിർമ്മാണം നടത്തണം. പല എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളും മത മാനേജ്‌മെന്റുകളുടേതാണ്. ഇവരെ പിണക്കി നിയമനങ്ങൾ പി എസ് സിക്ക് വിടാൻ സർക്കാരിന് മുന്നിൽ വെല്ലുവളി ഏറെയാണ്. ഇതും വെള്ളാപ്പള്ളിക്ക് അറിയാം. അങ്ങനെ നടക്കില്ലെന്ന് ഉറപ്പുള്ള കാര്യം ചർച്ചയാക്കി കൈയടി നേടുകയാണ് വെള്ളാപ്പള്ളിയെന്ന വാദവും ശക്തമാണ്. അതിനിടെ വെള്ളാപ്പള്ളിയുടെ അഭിപ്രായം പരിഗണിച്ച് എസ് എൻ ഡി പിക്ക് മാത്രമായി പി എസ് സി നിയമനം നടത്താനാകുമോ എന്ന് പരിശോധിക്കണമെന്ന ആവശ്യവും ശക്തമാണ്.
ഏതായാലും എസ് എൻ ഡി പി യോഗത്തിന്റെ ജനറൽ സെക്രട്ടറി സ്ഥാനം വെള്ളാപ്പള്ളിക്ക് നഷ്ടമാകാനോ സ്വയം സ്ഥാനം ഒഴിയാനോ ഉള്ള സാധ്യത ഏറെയാണ്. ഈ സാഹചര്യത്തിൽ തന്നെയാണ് വെള്ളാപ്പള്ളിയുടെ പ്രതികരണമെന്ന വാദമാണ് എസ് എൻ ഡി പിയിലും ശക്തമാകുന്നത്.
മറുനാടന് മലയാളി ബ്യൂറോ