- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചക്കിന് വച്ചതുകൊക്കിന് കൊള്ളുമോ? ഇളകിയ ഈഴവ അടിത്തറ മെച്ചപ്പെടുത്താൻ സിപിഐ(എം) നടത്തിയ ശ്രമം തിരിച്ചടിയാകുന്നു; ഗുരുദേവനെ എസ്എൻഡിപി കുരിശ്ശിൽ തറച്ചെന്ന് സൂചിപ്പിക്കാൻ സൃഷ്ടിച്ച ഫ്‌ളോട്ട് തിരിഞ്ഞു കുത്തുന്നു; അവസരം മുതലെടുത്ത് വെള്ളാപ്പള്ളി
കണ്ണൂർ: ശ്രീകൃഷ്ണ ജയന്തി ദിനത്തിലെ ഓണാഘാഷത്തിലൂടെ സിപിഐ(എം) ലക്ഷ്യമിട്ടത് ഹൈന്ദവ സമൂഹത്തെ പാർട്ടിയിലേക്ക് അടുപ്പിക്കുകയാണ്. സിപിഎമ്മിന്റെ പാരമ്പരാഗത വോട്ട് ബാങ്കായ ഈഴവ സമുദായം ബിജെപിയോട് അടുക്കുന്നില്ലെന്ന് ഉറപ്പാക്കാനായിരുന്നു ഈ ആഘോഷം. മതത്തിനും ആചാരങ്ങൾക്കും സിപിഐ(എം) എതിരല്ലെന്ന് പറയാതെ പറയുകയായിരുന്നു സിപിഐ(എം). ഇതുമായി
കണ്ണൂർ: ശ്രീകൃഷ്ണ ജയന്തി ദിനത്തിലെ ഓണാഘാഷത്തിലൂടെ സിപിഐ(എം) ലക്ഷ്യമിട്ടത് ഹൈന്ദവ സമൂഹത്തെ പാർട്ടിയിലേക്ക് അടുപ്പിക്കുകയാണ്. സിപിഎമ്മിന്റെ പാരമ്പരാഗത വോട്ട് ബാങ്കായ ഈഴവ സമുദായം ബിജെപിയോട് അടുക്കുന്നില്ലെന്ന് ഉറപ്പാക്കാനായിരുന്നു ഈ ആഘോഷം. മതത്തിനും ആചാരങ്ങൾക്കും സിപിഐ(എം) എതിരല്ലെന്ന് പറയാതെ പറയുകയായിരുന്നു സിപിഐ(എം). ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം ഘോഷയാത്രകൾ നടന്നു. കണ്ണൂരിൽ ബാലസംഘം നിരവധി ഒത്തു ചേരലുകൾ സംഘടിപ്പിച്ചു. ഈ ഘോഷയാത്രകളിൽ ശ്രകൃഷ്ണനും ശ്രീനാരായണ ഗുരുവും മറ്റ് സാമൂഹിക-സാസ്‌കാരിക നേതാക്കളും നിറഞ്ഞു. എല്ലാം നല്ല രീതിയിൽ പോകുമെന്നായിരുന്നു സിപിഐ(എം) പ്രതീക്ഷ. എന്നാൽ വിവാദങ്ങൾ ഉണ്ടാക്കാൻ ആഗ്രഹിച്ചവർക്ക് വിഷയം ഇതിനിടെയിലും വീണുകിട്ടി.
മനോരമയും പതിവ് പോലെ ഈ വാർത്ത ആഘോഷിക്കുന്നു. എന്നാൽ കൂടുതൽ രൂക്ഷമായി കേരളാ കൗമുദിയാണ് ആഘോഷമാക്കുന്നത് എന്നത് സിപിഎമ്മിനെ പ്രതിരോധത്തിൽ ആക്കുന്നു. മിക്ക എസ് എൻ ഡി പി വീടുകളിലും കേരള കൗമുദി ഉണ്ടെന്നതും സിപിഐ(എം) അണികളെ ഈ പ്രചാരണം സ്വാധീനിക്കുമോ എന്ന ഭയവുമാണ് സിപിഎമ്മിനെ ആകുലപ്പെടുത്തുന്നത്. എന്നാൽ എങ്ങനെ ഈ വിഷയത്തിൽ പ്രതിരോധം തീർക്കണമെന്നതിൽ സിപിഎമ്മിന് യാതൊരു വ്യക്തതയുമില്ല. വെറുമൊരു പ്രാദേശിക ഘോഷയാത്രയായി ചിത്രീകരിച്ച് പ്രശ്‌നത്തിൽ നിന്ന് തലയൂരാനാണ് ശ്രമം. എന്നാൽ വെള്ളാപ്പള്ളിയും കൂട്ടരും അത് അനുവദിക്കില്ലെന്നും വ്യക്തമാണ്. അതുകൊണ്ട് തന്നെ കരുതലോടെ പ്രതികരിച്ചാൽ മതിയെന്നാണ് സിപിഐ(എം) നിലപാട്
ശ്രീ നാരായണ ഗുരുദേവനെ കുരിശിൽ തറയ്ക്കുന്ന നിശ്ചലദൃശ്യം പ്രദർശിപ്പിച്ച് കണ്ണൂർ തളിപ്പറമ്പിൽ സിപിഐ(എം). നേതൃത്വത്തിലുള്ള ക്ലബുകളും സാംസ്‌കാരിക സംഘടനകളും നടത്തിയ ഘോഷയാത്രയ്‌ക്കെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. പ്രാദേശീയമായി നടത്ത ഈ ഘോഷയാത്രയെ പർവ്വതീകരിച്ച് സിപിഎമ്മിനെ കുറ്റപ്പെടുത്താനാണ് നീക്കം. സിപിഎമ്മുമായി അകന്നു കഴിഞ്ഞ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ തന്നെ രംഗത്തു വന്നു. എസ് എൻ ഡി പി യോഗത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം പ്രതിഷേധം വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് വെള്ളാപ്പള്ളിയും കൂട്ടരും. ഹൈന്ദവ സംഘടനകളും ഈ പ്രശ്‌നം ഏറ്റെടുക്കും. ഈ നീക്കങ്ങൾക്കെല്ലാം കരുത്ത് പകരാൻ കേരളാ കൗമുദി പത്രവും മുന്നിലുണ്ട്. എസ് എൻ ഡി പി നേതൃത്വത്തോട് ഏറെ അടുപ്പം പുലർത്തുന്ന കേരള കൗമുദി നിരവധി വാർത്തകളും പ്രസ്താവനകളുമാണ് ഇതുമായി ബന്ധപ്പെട്ട് ഇന്ന് നൽകിയത്.
ഓണാഘോഷത്തിന് സമാപനം കുറിച്ച് തളിപ്പറമ്പ് കൂവോട്ട് നടത്തിയ ഘോഷയാത്രയാണ് വിവാദമാക്കുന്നത്. 'ഒരുജാതി, ഒരു മതം, ഒരു ദൈവം' എന്ന ഗുരുദേവന്റെ മഹത്തായ മാനവ സന്ദേശത്തെ അവഹേളിക്കുന്ന തരത്തിൽ 'പല ജാതി പലമതം പല ദൈവം' എന്ന ബോർഡാണ് നിശ്ചലദൃശ്യത്തിലുള്ളത്. കുരിശിൽ തറച്ച ഗുരുദേവന്റെ കൈകളിൽ മഞ്ഞവസ്ത്ര ധാരിയും കാവി വസ്ത്രധാരിയും ചുറ്റിക കൊണ്ട് ആണിയടിക്കുന്നു. ശ്രീനാരായണ ഗുരുവിനെ എസ് എൻ ഡി പി യൂണിയൻ ഹൈജാക്ക് ചെയ്യുന്നുവെന്ന് വരുത്താനായിരുന്നു സിപിഐ(എം) നീക്കം. ഈഴവരെ ബിജെപി പാളയത്തിൽ കെട്ടാനുള്ള ശ്രമത്തിനെതിരെയുള്ള ഫ്‌ളോട്ട്. എന്നാൽ നവോത്ഥാന കേരളത്തിന്റെ സ്രഷ്ടാവായ ഗുരുദേവനെ വികലവും പരിഹാസ്യവുമായി ചിത്രീകരിച്ചെന്നാണ് വെള്ളാപ്പള്ളിയുടേയും കൂട്ടരുടേയും അഭിപ്രായം. തിരുവനന്തപുരത്ത് എസ്.എൻ.ഡി.പി യോഗം യൂണിയനുകളുടെയും യൂത്ത്മൂവ്‌മെന്റ് ജില്ലാകമ്മിറ്റിയുടെയും നേതൃത്വത്തിൽ നടന്ന പ്രകടനം പോലും നടന്നു. ഇത്തരം പ്രതിഷേധം വരും ദിനങ്ങളിലും തുടരുമെന്നാണ് സൂചന.
ശ്രീനാരായണ ഗുരുദേവനെ വികൃതമായി ചിത്രീകരിച്ച കണ്ണൂരിലെ സിപിഎമ്മുകാർക്ക് കാലവും എസ്.എൻ.ഡി.പി യോഗവും മാപ്പ് നൽകില്ലെന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഈഴവരുടെ ഉന്നമനത്തിനും വിദ്യാഭ്യാസ പുരോഗതിക്കുമായി രാജഭരണകാലത്ത് ലൈസൻസെടുത്ത് പ്രവർത്തിക്കുന്ന സംഘടനയാണ് എസ്.എൻ.ഡി.പി യോഗമെന്ന് വിപ്ലവ നേതാക്കന്മാർ അറിയണം. ഗുരുദേവനെ കുരിശിലേറ്റിയ ടാബ്ലോയാണ് കണ്ണൂരിൽ ഘോഷയാത്രയിൽ കാണിച്ചത്. ഡോക്ടർ പല്പുവിനോട് ചെത്ത് തൊഴിൽ സ്വീകരിക്കാനാണ് അന്ന് മേലാളന്മാർ പറഞ്ഞത്. യോഗത്തിന്റെ ഇന്നത്തെ വളർച്ച കണ്ട് പലർക്കും വേവലാതിയാണ്. ഇടതുപക്ഷം ഭരിച്ചപ്പോൾ ഈഴവ സമുദായത്തെ അവഗണിച്ചു. ഒരുകാലത്ത് കൃഷ്ണ ജയന്തിയെയും ഗണേശോത്സവത്തെയും ഗണപതി ഹോമത്തെയും എതിർത്തിരുന്ന മാർക്‌സിസ്റ്റ് പാർട്ടി ഇപ്പോൾ കൃഷ്ണവേഷം കെട്ടിയും ഗണപതിയെ എഴുന്നള്ളിച്ചും ഘോഷയാത്ര സംഘടിപ്പിക്കുകയാണ്. ഇത് നമ്മളെ കബളിപ്പിക്കാനാണ്. പിണറായിയും അച്യുതാനന്ദനും ഗുരുവിനെക്കുറിച്ച് ഇനിയും ഒരുപാട് പഠിക്കാനുണ്ട്. ചുവപ്പു കൊടി പിടിച്ചിരുന്നവരുടെ പുതുതലമുറ പറ്റിയ തെറ്റ് മനസിലാക്കി മഞ്ഞക്കൊടി പിടിക്കുകയാണ്. ഇത് മാർക്‌സിസ്റ്റുകാർക്ക് സഹിക്കുന്നില്ല വെള്ളാപ്പള്ളി പറഞ്ഞു.
കണ്ണൂരിൽ ബാലസംഘം സംഘടിപ്പിച്ച ഓണം ഘോഷയാത്രയിൽ മഹാഗുരുവിനെ കുരിശിലേറ്റുന്ന രംഗം ആവിഷ്‌ക്കരിച്ചത് തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നതിന് തുല്യമാണെന്ന് എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പ്രസ്താവനയിൽ പറഞ്ഞു. കേരള നവോത്ഥാനത്തിന് ആധാരശില പാകിയ സ്വാമി തൃപ്പാദങ്ങളെ കുരിശിൽ തറച്ചതും ഗുരു സൂക്തങ്ങൾ തെറ്റായി വ്യാഖ്യാനിച്ചതും പരമദൈവമായി ഗുരുദേവനെ ആരാധിക്കുന്ന ജനലക്ഷങ്ങളോടുള്ള വെല്ലുവിളിയാണ് ജാതീയമായി തന്നെ ശരിയായ ദിശയിൽ കരുത്താർജ്ജിച്ച് കുതിക്കുന്ന യോഗത്തെ തളർത്താനും പിളർത്താനും തകർക്കാനും വിപ്‌ളവ വായാടികൾ ഒളിഞ്ഞും തെളിഞ്ഞും ഗൂഢശ്രമം നടത്തുന്നു. ഇതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് സ്വാമി തൃപ്പാദങ്ങളോടുള്ള അവഹേളനം. ആശയപരമായി പോരാടാൻ കഴിയാത്തവർ അവഹേളനത്തിന്റെയും ഗുരുനിന്ദയുടെയും പര്യായമായി മാറുമ്പോൾ കേരളീയ സമൂഹം ലജ്ജിച്ച് തലതാഴ്‌ത്തുന്നു. വിപ്‌ളവ പ്രസ്ഥാനങ്ങളുടെ ധാർമ്മിക ച്യുതിക്കെതിരെ ജനം പ്രതികരിച്ച് തുടങ്ങുമ്പോൾ മതവൈര്യം സൃഷ്ടിച്ച് മുതലെടുപ്പ് രാഷ്ട്രീയത്തിന് കോപ്പ് കൂട്ടുകയാണ്.ഗുരുനിന്ദയ്ക്ക് എതിരെ ശക്തമായ പ്രക്ഷോഭങ്ങൾ യൂണിയൻ, ശാഖ കേന്ദ്രീകരിച്ച് നടത്താൻ ഗുരുവിനെ പരമ ദൈവമായി കണ്ട് ആരാധിക്കുന്ന എല്ലാ ജനവിഭാഗങ്ങളോടും തുഷാർ അഭ്യർത്ഥിച്ചു.
ഏത് രാഷ്ട്രീയ പാർട്ടിയാണെങ്കിലുംമതേതരത്വത്തിന്റെ പേരിൽ ശ്രീനാരായണ ഗുരുവിനെ അപമാനിച്ചാൽ അത് സ്വന്തം അടിത്തറ ഇളക്കുന്നതിന് തുല്യമാണെന്ന് ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ പറഞ്ഞു. കണ്ണൂരിൽ ഓണാഘോഷത്തിന്റെ മറവിൽ ശ്രീനാരായണ ഗുരുവിനെ അപമാനിച്ചതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയിൽ പ്രചരിച്ച പോസ്റ്റുകളോട് പ്രതികരിക്കുകയായിരുന്നു സ്വാമി. സാക്ഷര കേരളത്തിനും ഒരു രാഷ്ട്രീയ പാർട്ടിക്കും ചേർന്ന പ്രവർത്തനമല്ല നടന്നത്. ശ്രീനാരായണീയ സമൂഹത്തോട് ചെയ്ത പൊറുക്കാനാകാത്ത അപരാധമാണിത്. ചരിത്രം പഠിക്കാത്തവർ കാണിക്കുന്ന തെറ്റുകൾ തിരുത്താൻ സംഘടനകളുടെ നേതൃത്വത്തിനാകണം. അല്ലാത്തപക്ഷം നാശമായിരിക്കും ഫലമെന്നും സ്വാമി പറഞ്ഞു.
ശ്രീനാരായണ ഗുരുദേവനെ നിന്ദിക്കുന്ന തരത്തിൽ നിശ്ചലദൃശ്യം അവതരിപ്പിച്ചത് ഹീനമായ പ്രവൃത്തിയാണെന്ന് എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷും പ്രസ്താവനയിൽ പറഞ്ഞു. ഗുരുഭക്തരുടെ വികാരം വ്രണപ്പെടുത്തുന്ന നടപടിക്ക് പിന്നിൽ പ്രവർത്തിച്ചവർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.