ആലപ്പുഴ : എസ് എൻ ഡി പിയിൽ വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിൽ നടന്നുവരുന്ന മൈക്രോ ഫിനാൻസ് ഇടപാടുമായി ബന്ധപ്പെട്ട ക്രമക്കേടുകളെപ്പറ്റിയുള്ള വിജിലൻസ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തായി. വിജിലൻസ് ഡിവൈ എസ് പി, കെ ആർ വേണുഗോപാൽ 2014 ൽ തയ്യാറാക്കിയ റിപ്പോർട്ടാണ് പുറത്തായിരിക്കുന്നത്.

മൈക്രോ ഫിനാൻസ് സംബന്ധിച്ച അഴിമതികളും ക്രമക്കേടുകളും സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ രേഖാമൂലം പരാതിപ്പെട്ടതിനു പിന്നാലെയാണ് വിജിലൻസ് റിപ്പോർട്ട് പുറത്തായിരിക്കുന്നത്. ഇത് രാഷ്ട്രീയകേരളം ഏറെ ഗൗരവത്തോടെയാണ് കാണുന്നത്. റിപ്പോർട്ടിൽ മക്കളായ തുഷാറും വന്ദനയും വിദേശനാണ്യവിനിമയച്ചട്ടം ലംഘിച്ചതായും സൂചനയുണ്ട്.

പിന്നാക്കവിഭാഗങ്ങളുടെ വികസനത്തിന് സർക്കാർ സഹായത്തോടെ ലഭിക്കുന്ന കുറഞ്ഞ പലിശയിലുള്ള പണം കൊള്ളപ്പലിശയ്ക്ക് മറിച്ചു നൽകിയതായി കണ്ടെത്തിയിട്ടുള്ളത്. 3-6 ശതമാനം പലിശയ്ക്ക് ലഭിക്കുന്ന പണം 13 -18 ശതമാനത്തിനു മറിച്ചുനൽകുകയായിരുന്നുവെന്നു തെളിഞ്ഞിട്ടുണ്ട്. പണം കടമെടുത്തവരുടെ കൈയിൽ സ്ഥാപനം നൽകിയിട്ടുള്ള പാസ് ബുക്കുകളിൽ വ്യക്തമായ തെളിവുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

കുറഞ്ഞ തുകകളായി തിരിച്ചടവ് അനുവദിച്ചിരിക്കുന്നതിനാൽ ഉപഭോക്താവിന് പലിശയെക്കുറിച്ച് എളുപ്പം വ്യക്തത ലഭിക്കില്ലെന്നുള്ളതാണ് തട്ടിപ്പിന് കൂടുതൽ സാഹചര്യമൊരുക്കുന്നത്. എന്നാൽ വായ്പ എടുത്ത തുക പൂർണമായും അടച്ചുകഴിയുമ്പോൾ മാത്രമെ എടുത്ത തുകയും അതിനു പുറമേ 60 ശതമാനത്തോളം അധികമായും കൊടുത്തതായി മനസിലാകുകയുള്ളു. മാത്രമല്ല ആവശ്യക്കാരന്റെ സാഹചര്യത്തെ മുതലാക്കിയാണ് പലിശ വ്യാപാരം നടത്തിയതെന്ന തെളിവാണ് അധികവും.

പണമെടുത്തവരിൽ അധികവും പെൺകുട്ടികളുടെ വിവാഹാവശ്യമാണ് കാരണമായി പറഞ്ഞിട്ടുള്ളത്. വേണുഗോപാൽ കണ്ടെത്തിയ ക്രമക്കേടുകളെപ്പറ്റി കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന ശുപാർശയും ഉണ്ടായിരുന്നു. എന്നാൽ ഈ റിപ്പോർട്ടിന്മേൽ തുടർനടപടിക്ക് സർക്കാർ തയ്യാറായിരുന്നില്ലെന്നുള്ളതാണ് വാസ്തവം. പരണത്തുവച്ച റിപ്പോർട്ട് മാറിയ രാഷ്ട്രീയ സാഹചര്യവും വി എസിന്റെ പരാതിയും കണക്കിലെടുത്തു പൊടി തട്ടിയെടുക്കുന്നതിനെപ്പറ്റി ആലോചിക്കുന്നുണ്ട്. വിഎസിന്റെ പരാതി താൻ ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയ്ക്ക് കൈമാറിയതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പത്തനം തിട്ടയിൽ അറിയിച്ചിരുന്നു. ഇക്കൂടെ വിജിലൻസ് റിപ്പോർട്ടും പരിഗണിക്കുമെന്നാണു സൂചന.

അതേസമയം വെള്ളാപ്പള്ളിയുടെ ബിജെപി ബന്ധത്തിന് ഉലച്ചിൽ തട്ടിക്കുന്ന തരത്തിലാണ് റിപ്പോർട്ട് പുറത്തായിട്ടുള്ളത്. സംസ്ഥാനത്ത് ബിജെപി ഇത്രകണ്ട് പ്രതിരോധത്തിലാകുന്നത് ഇത് ആദ്യമായിട്ടാണ്. വെള്ളാപ്പള്ളിയുമായി ദേശീയ നേതൃത്വം ഉണ്ടാക്കിയ സഹകരണമാണ് ഇതിന് കാരണമായി പാർട്ടിയിലെ പ്രമുഖരിൽ പലരും പറയുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ പണികിട്ടുമോയെന്ന സംശയവും ഇവർ പ്രകടിപ്പിക്കുന്നുണ്ട്.