ആലപ്പുഴ: കോവിഡ് അതിവേഗം വ്യാപിക്കുമ്പോഴും എസ്എൻഡിപി യോഗത്തിന്റെ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടത്താൻ അനുമതി നൽകിയ സംസ്ഥാന സർക്കാർ തീരുമാനത്തിന് പിന്നിൽ വെള്ളാപ്പള്ളി നടേശന്റെ കുതന്ത്രം. മെയ്‌ 22 ന് ചേർത്തല കണിച്ചു കുളങ്ങര ശ്രീനാരായണ കോളജിൽ പൊതുയോഗം നടത്താനാണ് വെള്ളാപ്പള്ളിയുടെ തീരുമാനം. കോവിഡ് പ്രോട്ടോക്കോൾ മാത്രം പാലിച്ച് ഇതിനുള്ള ഉത്തരവിട്ടിരിക്കുന്നത് പ്രിൻസിപ്പൽ സെക്രട്ടറിക്ക് വേണ്ടി അണ്ടർ സെക്രട്ടറി ടി മയോ ഭാസ്‌കറാണ്. എന്നാൽ സർക്കാരിനെ തെറ്റിധരിപ്പിക്കുന്നതാണ് ഈ ഉത്തരവ്.

കോവിഡ് കാലത്ത് തിരക്കിട്ട് തെരഞ്ഞെടുപ്പ് നടത്താനുള്ള വെള്ളാപ്പള്ളിയുടെയും സംഘത്തിന്റെയും നീക്കത്തിനെതിരേ സമുദായത്തിൽ വൻ പ്രതിഷേധം ഉടലെടുത്തിരിക്കുകയാണ്. സർക്കാരിന് വേണ്ടി വെള്ളാപ്പള്ളി വിടുപണി ചെയ്യുകയാണ് എന്നാണ് ആരോപണം. വോട്ടെണ്ണലിന്റെ പിറ്റേന്ന് എസ്എസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരേ വെള്ളാപ്പള്ളി കടന്നാക്രമണം നടത്തിയത് പിണറായി വിജയനോടുള്ള പ്രത്യുപകാരമാണെന്ന് എതിർപക്ഷം പറയുന്നു. തെരഞ്ഞെടുപ്പ് നടത്താനുള്ള അനുമതി ഏപ്രിൽ 30 നാണ് സർക്കാർ നൽകിയിരിക്കുന്നത്. എന്നാൽ നടത്താൻ പോകുന്നത് പൊതു യോഗവും. അതായത് ഇലക്ഷൻ നടത്താൻ വാങ്ങിയ അനുമതിയുടെ മറവിലാണ് ആയിരങ്ങൾ പങ്കെടുക്കുന്ന പൊതുയോഗത്തിനുള്ള നീക്കം.

രോഗവ്യാപനം അതീവ ഗുരുതരമായിരിക്കുമ്പോഴും ഇത്ര ബൃഹത്തായ ഒരു തെരഞ്ഞെടുപ്പ് നടത്താൻ സർക്കാർ അനുമതി നൽകിയിരിക്കുന്നത് പോലും ഏവരെയും ഞെട്ടിച്ചിരുന്നു. 400 പേർ പങ്കെടുത്ത ധ്യാനയോഗം നടത്തിയതിന് സിഎസ്ഐ സഭയ്ക്കെതിരേ സർക്കാർ കേസ് എടുത്തിരിക്കുകയാണ്. കഴിഞ്ഞ മാസമാണ് ധ്യാനം നടന്നത്. ഇതിൽ പങ്കെടുത്ത രണ്ടു പുരോഹിതർ കോവിഡ് ബാധിച്ച് മരിക്കുകയും 80 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ധ്യാനം നടത്തിയതിന് കേസ് എടുത്തിട്ടുള്ളത്. ഈ വിവാദം ഒഴിവാക്കാൻ തന്ത്രപരമായി വെള്ളാപ്പള്ളി സർക്കാരിനെ സമീപിക്കുകയായിരുന്നു.

എസ് എൻ ഡി പി യോഗത്തിലേക്ക് തെരഞ്ഞെടുപ്പ് നടത്താനായിരുന്നു അനുമതിക്ക് അപേക്ഷ നൽകിയത് എന്നാണ് സൂചന. ഇതിൽ പൊതുയോഗത്തിന്റെ കാര്യം കാണിച്ചതുമില്ല. ഇനി കാണിച്ചിട്ടുണ്ടെങ്കിൽ തന്നെ പൊതുയോഗത്തിന് അല്ല അനുമതി നൽകിയത്. മറിച്ച് തെരഞ്ഞെടുപ്പിനും. ഈ ഉത്തരവ് കാട്ടി പൊതുയോഗത്തിനുള്ള നീക്കമാണ് വെള്ളാപ്പള്ളി നടത്തുന്നത്. 9500ലേറെ പൊതുയോഗ അംഗങ്ങളാണ് എസ് എൻ ഡി പിക്കുള്ളത്. ഇവരെല്ലാം ഒരു വേദിയിൽ ഒരുമിച്ചിരിക്കുന്നതാണ് പൊതുയോഗം. കോവിഡ് മാനദണ്ഡങ്ങളുടെ കാലത്ത് ഇത് പ്രായോഗികവുമല്ല.

രോഗം അതിതീവ്ര വ്യാപന ഘട്ടത്തിലായിരിക്കുമ്പോഴാണ് എസ്എൻഡിപിക്ക് തെരഞ്ഞെടുപ്പ് നടത്താൻ അനുമതി നൽകിയിരിക്കുന്നത് എന്നതും വിചിത്രമാണ്. സംസ്ഥാനം ലോക്ഡൗൺ ചെയ്തിട്ടും എസ്എൻഡിപിക്ക് നൽകിയിട്ടുള്ള അനുമതി റദ്ദാക്കിയിട്ടില്ല. ഇപ്പോഴത്തെ ലോക്ഡൗൺ 16 ന് അവസാനിക്കും. അതിന് ശേഷവും രോഗം കുറഞ്ഞില്ലെങ്കിൽ വീണ്ടും ലോക്ഡൗൺ ചെയ്യേണ്ടി വരും. 20 നാണ് പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ. വീണ്ടും ലോക്ഡൗൺ വേണ്ടി വരുമെങ്കിൽ അത് സത്യപ്രതിജ്ഞയ്ക്ക് ശേഷമാകും. 22 ന് എസ്എൻഡിപി പൊതുയോഗം കൂടി ചേർന്നതിന് ശേഷം 23 മുതൽ വീണ്ടും ലോക്ഡൗൺ ചെയ്യാനാണ് സാധ്യത എന്നാണ് ഈഴവ സമുദായത്തിൽ വെള്ളാപ്പള്ളിയെ എതിർക്കുന്നവർ പറയുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ വെള്ളാപ്പള്ളിക്കുണ്ട്. അത് പരമാവധി ഉപയോഗിച്ചാണ് പൊതുയോഗം ചേരാനുള്ള ഗൂഢാലോചന. 9500 പേരുണ്ടെങ്കിലും 300 പേരെത്തിയാൽ ക്വാറം തികയും. അതുകൊണ്ട് തന്നെ വളരെ കുറച്ച് വിശ്വസ്തരെ എത്തിച്ച് ജനറൽ ബോഡി ചേരാനാണ് നീക്കം. ഇതിനൊപ്പം തെരഞ്ഞെടുപ്പും. ഇതിലൂടെ വീണ്ടും എസ് എൻ ഡി പിയുടെ അമരത്ത് വെള്ളാപ്പള്ളിക്ക് എത്താനാകും. ഇരുപത് ശാഖാ അംഗങ്ങൾക്ക് ഒരു അംഗം എന്ന നിലയിലാണ് പൊതുയോഗത്തിന്റെ അംഗ സംഖ്യ. എന്നാൽ അട്ടിമറികളിലൂടെ ഇതിനെ 9500 പേരിലേക്ക് ചുരുക്കുകയാണെന്നും ആരോപണമുണ്ട്.

എസ് എൻ ഡി പിയുടെ തെരഞ്ഞെടുപ്പ് നടത്തുന്നതിന് സംസ്ഥാന ദുരന്ത നിവാരണ വകുപ്പാണ് അനുമതി നൽകിയിട്ടുള്ളത്. കഴിഞ്ഞ 22 ന് എസ്എൻഡിപി യോഗം ചീഫ് റിട്ടേണിങ് ഓഫീസർ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ ജില്ലാ കലക്ടർക്കാണ് നിർദ്ദേശം നൽകിയിട്ടുള്ളത്. ഇതിൽ ചില വ്യവസ്ഥകൾ പറയുന്നുണ്ട്. തെരഞ്ഞെടുപ്പിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘനമുണ്ടോ എന്ന് നിരീക്ഷിക്കാൻ ഒരു സെക്ടറൽ മജിസ്ട്രേറ്റിനെ നിയോഗിക്കണം. ഓരോ വോട്ടർക്കും അയാൾ വോട്ടു ചെയ്യാനെത്തേണ്ട സമയം സൂചിപ്പിച്ച് റിട്ടേണിങ് ഓഫീസർ പ്രത്യേകം സ്ലിപ്പ് നൽകണം. ഒരു മണിക്കൂറിൽ ഒരു ബൂത്തിൽ പരമാവധി 25 വോട്ടർമാരിൽ കൂടുതൽ അനുവദിക്കില്ല. ഓരോ ബൂത്തും തമ്മിൽ 50 മീറ്റർ അകലമുണ്ടായിരിക്കണം. സിആർപിസി സെക്ഷൻ 144 പ്രകാരം കണ്ടെയ്ന്മെന്റ സോൺ ആക്കുകയോ ലോക്ഡൗൺ പ്രഖ്യാപിക്കുകയോ ചെയ്താൽ ഈ അനുമതി റദ്ദാകുമെന്നും ഉത്തരവിലുണ്ട്.

അതു കൊണ്ട് തന്നെ തെരഞ്ഞെടുപ്പ് ദിനത്തിൽ ലോക്ഡൗൺ ഉണ്ടാകാതിരിക്കാനും കണ്ടെയ്ന്മെന്റ് സോൺ പ്രഖ്യാപിക്കാതിരിക്കാനും സർക്കാർ ശ്രദ്ധിക്കുമെന്നാണ് എതിർപക്ഷം ആരോപിക്കുന്നത്. മെയ്‌ 22 ന് തെരഞ്ഞെടുപ്പ് നടത്തിയില്ലെങ്കിൽ വെള്ളാപ്പള്ളിക്ക് അധികാരത്തിൽ തുടരാൻ കഴിയില്ല. വെള്ളാപ്പള്ളിയെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ അന്തിമ തീരുമാനം എടുക്കാൻ ഹൈക്കോടതി രജിസ്ട്രേഷൻ ഐജിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. നിസാര കാരണങ്ങൾ പറഞ്ഞ് വെള്ളാപ്പള്ളിക്കും ഡയറക്ടർ ബോർഡ് അംഗങ്ങൾക്കുമെതിരായ നടപടി സർക്കാർ വൈകിപ്പിക്കുകയാണ്.

കമ്പനി നിയമം ലംഘിച്ചതിനും യഥാസമയം കണക്ക് സമർപ്പിക്കാത്തതു കൊണ്ടും വെള്ളാപ്പള്ളിയും ഡയറക്ടർ ബോർഡ് അംഗങ്ങളും അയോഗ്യരായെന്ന് കോടതി കണ്ടെത്തിയിരുന്നു. ഈ തീരുമാനം നടപ്പാക്കാനാണ് ഐജി രജിസ്ട്രേഷനെ ചുമതലപ്പെടുത്തിയിരിക്കുന്നത്.