- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയോധികർക്ക് അസഭ്യവർഷവും മർദ്ദനവും; അഞ്ചൽ പനയഞ്ചേരി അർപ്പിത സ്‌നേഹാലയം അടച്ചുപ്പൂട്ടാൻ ജില്ലാ കളക്ടറുടെ ഉത്തരവ്; അന്തേവാസികളെ 24 മണിക്കൂറിനകം സുരക്ഷിത സ്ഥാനങ്ങളിൽ എത്തിക്കാൻ സാമൂഹിക നീതി വകുപ്പിനും നിർദ്ദേശം
അഞ്ചൽ: വയോധികർക്ക് അസഭ്യവർഷവും മർദ്ദനവും പതിവെന്ന ആക്ഷേപത്തിൽ അഞ്ചൽ പനയഞ്ചേരി അർപ്പിത സ്‌നേഹാലയം അടച്ചുപൂട്ടാൻ ജില്ലാ കലക്ടറുടെ ഉത്തരവ്. അന്തേവാസിയായ വയോധികയ്ക്കു മർദനമേറ്റ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് കലക്ടർ അടച്ചുപൂട്ടാൻ നിർദ്ദേശം നൽകിയത്. അന്തേവാസികളെ 24 മണിക്കൂറിനകം സുരക്ഷിത സ്ഥാനങ്ങളിൽ എത്തിക്കാൻ സാമൂഹിക നീതി വകുപ്പിനും നിർദ്ദേശം നൽകി.
കലക്ടർ നൽകിയ ഉത്തരവ് അഞ്ചൽ വില്ലേജ് ഓഫിസറിൽ നിന്നു ലഭിച്ചതായി സ്‌നേഹാലയം ഭാരവാഹികൾ വ്യക്തമാക്കി. പ്രാർത്ഥനാ സമയത്ത് ഉറങ്ങിയെന്ന് ആരോപിച്ച് അന്തേവാസിയായ വയോധികയെ സ്ഥാപനത്തിന്റെ ചെയർമാൻ ചൂരൽ കൊണ്ട് അടിച്ചെന്നാണ് പൊലീസ് കേസ് . മർദനത്തിന്റെ ദൃശ്യം പുറത്തു വന്നതിനെ തുടർന്നാണു നടപടി. ഓർഫനേജ് ബോർഡ് , സാമൂഹിക നീതി വകുപ്പ്, വനിത കമ്മിഷൻ എന്നിവ നടത്തിയ അന്വേഷണത്തിൽ ഇവിടെ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്നും അനാരോഗ്യ സാഹചര്യം നിലനിൽക്കുന്നുവെന്നും കണ്ടെത്തിയിരുന്നു.
വിവിധ വകുപ്പുകളുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു കലക്ടറുടെ ഉത്തരവ്. അന്തേവാസികളെ ഇന്ന് ഇവിടെനിന്നു മാറ്റുമെന്നാണു സൂചന. വയോധികയെ മർദിച്ച കേസിൽ സ്‌നേഹാലയം ചെയർമാൻ അഞ്ചൽ ടി.സജീവനെ പൊലീസ് അറസ്റ്റ് ചെയ്തു സ്റ്റേഷൻ ജാമ്യത്തിൽ വിട്ടിരുന്നു.
ഇക്കഴിഞ്ഞയാഴ്‌ച്ചയാണ് അർപ്പിത സ്‌നേഹാലയത്തിലെ അന്തേവാസികളെ മർദ്ദിക്കുന്നതും അസഭ്യം പറയുന്നതുമടക്കമുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പുറത്തായത്. തുടർന്ന് വലിയ പ്രതിഷേധങ്ങൾ സ്ഥാപനത്തിനും നടത്തിപ്പുകാരനും എതിരെ ഉയർന്നിരുന്നു. തുടർന്ന് സ്ഥാപന നടത്തിപ്പുകാരനെതിരെ പൊലീസ് കേസെടുത്തു. ജില്ലാ കളക്ടർ നിർദേശിച്ച പ്രകാരം ഇവിടെ സംയുക്ത പരിശോധന നടത്തിയ ആർഡിഒ, സാമൂഹ്യ നീതി ഓഫീസർ അടക്കമുള്ളവർ സ്ഥാപനത്തിനെതിരെ ഗുരുതരമായ കണ്ടെത്തെലുകളാണ് നടത്തിയത്.
ഇവിടെയുള്ള അന്തേവാസികൾ ആരെന്നോ എവിടെ നിന്ന് കൊണ്ടുവന്നതെന്നോ യാതൊരുവിധ രേഖയും സ്ഥാപനത്തിൽ ഉണ്ടായിരുന്നില്ല. സാമ്ബത്തിക സ്രോതസിനെ കുറിച്ചും വിവരങ്ങൾ ഉണ്ടായിരുന്നില്ല. കണ്ടെത്തെലുകൾ അടങ്ങുന്ന റിപ്പോർട്ട് അധികൃതർ കളക്ടർക്ക് കൈമാറിയതിനെ തുടർന്നാണ് ഇപ്പോൾ സ്ഥാപനം അടച്ചുപൂട്ടാനും, അന്തേവാസികളെ സുരക്ഷിതമായി മാറ്റി പാർപ്പിക്കാനും ജില്ല കളക്ടർ ഉത്തരവിട്ടത്. വരും ദിവസങ്ങളിൽ സ്ഥാപന ഉടമ ഉൾപ്പെടുന്നവർക്കെതിരെ കൂടുതൽ നടപടികൾ ഉണ്ടാകുമെന്നും റിപ്പോർട്ട് പുറത്തുവരുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ