വിന്ററിന് സ്പെയിനിലേക്ക് യാത്ര പോകാൻ പദ്ധതിയിട്ടിരിക്കുന്നുവെങ്കിൽ അത് ഉപേക്ഷിക്കുന്നതായിരിക്കും നല്ലത്. അല്ലെങ്കിൽ അവിടുത്തെ പ്രതികൂലമായ കാലാവസ്ഥ നിങ്ങളെ അവിടേക്കുള്ള യാത്രയിൽ നിന്നും നിർബന്ധമായും പിന്തിരിപ്പിക്കുമെന്നുറപ്പാണ്. രാജ്യത്ത് 35 വർഷങ്ങൾക്ക് ശേഷമുള്ള ഏറ്റവും അപകടകരമായ മഞ്ഞ് വീഴ്ചയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. കടുത്ത തണുപ്പിൽ ജീവിതം താറുമാറാവുകയും ഗതാഗത സംവിധാനങ്ങളെല്ലാം ഏതാണ്ട് നിലച്ചിരിക്കുകയുമാണ്. രാജ്യത്ത് താപനില ഈ അവസരത്തിൽ മൈനസ് പത്ത് ഡിഗ്രിയായി ഇടിഞ്ഞ് താണിരിക്കുകയാണ്. ഇതിന് പുറമെ യൂറോപ്പിലാകമാനം കടുത്ത മഞ്ഞ് കാറ്റ് വീശിയടിക്കുന്നുമുണ്ട്. സാധാരണയായി വിന്റർ സൺ തേടി വിവിധ യൂറോപ്യൻ രാജ്യങ്ങളിലേക്ക് യാത്ര പോകാറുള്ള ബ്രിട്ടീഷുകാരെ അതിൽ നിന്നും പിന്തിരിപ്പിക്കുന്ന കാലാവസ്ഥയാണ് സ്പെയിൻ അടക്കമുള്ള മിക്ക യൂറോപ്യൻ രാജ്യങ്ങളിലും സംജാതമായിരിക്കുന്നത്.

സാധാരണയായി വിന്ററിലും സൂര്യപ്രകാശമുണ്ടാകാറുള്ള ജർമനി, ക്രൊയേഷ്യ, ഇറ്റലി,കോർസിക്ക,,സെർബിയ എന്നിവിടങ്ങളിലെ ഹോളിഡേ ഡെസ്റ്റിനേഷനുകളിലെല്ലാം ഇപ്രാവശ്യം കടുത്ത ശൈത്യമാണ് വന്നെത്തിയിരിക്കുന്നത്. മജോർകയിലെ സൺഷൈൻ ഐലന്റിലുള്ളവർ കട്ടികൂടിയ മഞ്ഞ് കണ്ട് കൊണ്ട് എഴുന്നേൽക്കുന്ന അവസ്ഥയാണുള്ളത്. ഇതിനെ തുടർന്ന് ഈ ദ്വീപ് ആൽപ്സിലെ മഞ്ഞണിഞ്ഞ പർവത പ്രദേശങ്ങൾ പോലെയായിത്തീർന്നിട്ടുണ്ട്. ഈ ദ്വീപിന്റെ തലസ്ഥാനമായ പാൽമയിൽ വരെ കടുത്ത ഹിമപാതത്തിന്റെ പിടിയിൽ അമർന്നിരിക്കുകയാണ്. സാധാരണയായി ഇവിടെ ജനുവരിയിലെ താപനില 18 ഡിഗ്രി സെൽഷ്യസാണെങ്കിൽ ഇപ്പോൾ അത് കുത്തനെ ഇടിഞ്ഞ് താണിരിക്കുകയാണ്.

സാധാരണയായി ബ്രിട്ടനിലെ കടുത്ത വിന്റർ കാലാവസ്ഥയിൽ നിന്നും രക്ഷപ്പെടുന്നവർ അഭയം തേടാറുള്ള യൂറോപ്യൻ രാജ്യങ്ങളിലെ നിരവധി കോസ്റ്റൽ റിസോർട്ടുകളിൽ തുടർച്ചയായുള്ള മഞ്ഞ് കാറ്റുകളും ഹിമപാതങ്ങളും നിരന്തരം അലോസരപ്പെടുത്തുന്നുണ്ട്. സ്പെയിനടക്കമുള്ള വിവിധ രാജ്യങ്ങളിൽ ഈ അവസരത്തിൽ റോഡുകളിൽ അസാധാരണമായ ഡ്രൈവിങ് അവസ്ഥയാണ് നിലവിൽ വന്നിരിക്കുന്നത്. ഇതിനെ തുടർന്ന് മിക്ക മോട്ടോർവേകളിലും നാല് മണിക്കൂറോളം നീളുന്ന ഗതാഗത തടസങ്ങളും പതിവായിരിക്കുന്നു. ടോറെവിജ, അലികാന്റെ, ബെനിഡോം എന്നിവടയക്കമുള്ള ജനകീയമായ റിസോർട്ടുകളുള്ള കോസ്റ്റ ബ്ലാൻകയിലെ സ്‌കൂളുകൽ ഇന്നലെ രാവിലെ അടച്ചിരിക്കുകയാണ് . തലേന്ന് രാത്രി തുടർച്ചയായി വീണ മഞ്ഞാണിതിന് കാരണം.1983ന് ശേഷമുള്ള ഏറ്റവുും കടുത്ത ഹിമപാതമാണിവിടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കടുത്ത കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ സ്പെയിനിലെ മെറ്റ് ഓഫീസ് കർക്കശമായ മുന്നറിയിപ്പുകളുയർത്തിയിട്ടുണ്ട്.പ്രത്യേകിച്ചും കാസ്റ്റില-ലാ മാൻചയ്ക്കും ആരഗോണും അടുത്തുള്ള തെക്ക് കിഴക്കൻ പെനിൻസുലാർ പ്രദേശങ്ങളിൽ കടുത്ത ജാഗ്രതാ നിർദേശമാണുയർത്തിയിരിക്കുന്നത്.മെയിൻലാൻഡിൽ താപനില കുത്തനെ ഇടിഞ്ഞ് താണിരിക്കുന്നു. കടുത്ത മഞ്ഞും മൈനസ് 10 ഡിഗ്രിയോളമിടിഞ്ഞ താപനിലയുമാണിവിടത്തെ പർവത പ്രദേശങ്ങളിലുള്ളത്. തെക്കൻ വലെൻസിയ, വടക്കൻ അലികാന്റെ എന്നീ പ്രദേശങ്ങളിൽ 24 മണിക്കൂറുകൾക്കുള്ളിൽ പത്തിഞ്ചോളം മഞ്ഞ് വീഴുമെന്നാണ് ഇന്നലത്തെ പ്രവചനം.സൈബിരിയയിൽ നിന്നുമെത്തിയ തണുത്ത കാലാവസ്ഥയാണിതിന് വഴിയൊരുക്കിയിരിക്കുന്നത്. ഗ്രീസ്, സെർബിയ, മാസിഡോണിയ, തുർക്കി എന്നീ രാജ്യങ്ങളിലും ഈ അവസരത്തിൽ താങ്ങാനാവാത്ത ശൈത്യമാണുള്ളത്. ഇതിനെ തുടർന്ന് ഇവിടങ്ങളിലെ ആയിരങ്ങളുടെ ജീവന് നേരെ ഭീഷണി ഉയർന്നിട്ടുമുണ്ട്. ഈ ശൈത്യം വെള്ളിയാഴ്ച വരെ നീണ്ട് നിൽക്കുമെന്നും തുടർന്നിത് മഴയ്ക്ക് വഴിമാറുകയും ചെയ്യും.എന്നാൽ സ്പെയിനിലെ പ്രദേശങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ യുകെയിൽ കുറഞ്ഞ മഞ്ഞുള്ളതും അൽപം ചൂടുള്ളതുമായ കാലാവസ്ഥയുമാണ് ഉണ്ടാകാൻ പോകുന്നതെന്നാണ് പ്രവചനം.