- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്നലെ സ്പെയിനിൽ പെയ്തത് 20 ഇഞ്ച് മഹാമഞ്ഞ്; പ്രധാന റോഡുകളിൽ കാറിൽ നിന്നിറങ്ങാതെ കുടുങ്ങിയത് 1500 ൽ അധികം പേർ; ഭയങ്കര മഞ്ഞ് വീഴ്ച്ചക്ക് കാതോർത്ത് ബ്രിട്ടനും; നൂറ്റാണ്ടിലെ ഏറ്റവും വലിയ മഞ്ഞുമഴയിൽഭയന്ന് യൂറോപ്യൻ രാജ്യങ്ങൾ
മാഡ്രിഡ്: രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മഞ്ഞുവീഴ്‌ച്ചയിൽ പതറിനിൽക്കുന്ന സ്പെയിനിൽ ഇന്നലെ ആഞ്ഞൂറോളം റോഡുകളിൽ മഞ്ഞ് ഭാഗികമായി നീക്കം ചെയ്ത് വഴിയിൽ കുടുങ്ങിപ്പോയ 1,500 ഓളം യാത്രക്കാരെ രക്ഷിച്ചു. യുദ്ധകാലത്തിനേതിനു സമമായാണ് ഇവിടെ എമർജൻസി വിഭാഗം പ്രവർത്തിക്കുന്നത്. സ്പാനിഷ് തലസ്ഥാനമായ മാഡ്രിഡിൽ വെള്ളിയാഴ്‌ച്ച രാത്രിക്കും ശനിയാഴ്‌ച്ചയ്ക്കും ഇടയിൽ 20 ഇഞ്ചോളം മഞ്ഞാണ് വീണത്. ഇതോടെ റോഡ്, റെയിൽ വിമാന ഗതാഗതങ്ങൾ ഏതാണ്ട് പൂർണ്ണമായി തന്നെ സ്തംഭിച്ചിരിക്കുകയാണ്.നാലോളം മരണങ്ങളും ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഏതായാലും ഞായറാഴ്‌ച്ച ഉച്ചയോടെ റെയിൽ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ മാഡ്രിഡും ബാഴ്സിലോണയും തമ്മിൽ ബന്ധിപ്പിക്കുന്ന അതിവേഗ റെയിൽപാത ഇനിയും പ്രവർത്തനക്ഷമമായിട്ടില്ല. ഞായറാഴ്‌ച്ചയും 150 ൽ അധികം റോഡുകൾ സഞ്ചാരയോഗ്യമല്ലാതെ കിടന്നു. കാർ ഉപയോഗിച്ചുള്ള യാത്രകൾ എല്ലാം ഒഴിവാക്കണമെന്നും, ഒഴിവാക്കാൻ കഴിയാത്ത യാത്രകൾക്ക് ടയർ ചെയിൻ ഉപയോഗിക്കണമെന്നത് നിർബന്ധമാണെന്നും അധികാരികൾ അറിയിച്ചിട്ടുണ്ട്. മഞ്ഞിൽ കുടുങ്ങിയ വാഹനങ്ങളിലെ യാത്രക്കാരെ മുഴുവനും രക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും, അവിടങ്ങളിൽ ഉപേക്ഷിക്കപ്പെട്ട കാറുകൾ പൂർണ്ണമായും വീണ്ടെടുക്കാൻ ആയിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
കിഴക്ക് ദിശയിലേക്ക് നീങ്ങാൻ തുടങ്ങിയതോടെ ഫിലോമിന കൊടുങ്കാറ്റിന്റെ ശക്തി ക്ഷയിച്ചിട്ടുണ്ട്. എന്നാലും ജനങ്ങളോട് വീടുകളിൽ തന്നെ തുടരാനാണ് അധികൃതർ നിഷ്‌കർഷിച്ചിട്ടുള്ളത്. റോഡുകളിൽ മഞ്ഞുവീഴ്‌ച്ച പ്രതീക്ഷിക്കുന്നതിനാലാണിത്. കടുത്ത ശൈത്യമുള്ള ഒരാഴ്‌ച്ചയാണ് വരാൻ പോകുന്നത്. ഇത്, ഭൂമിയിൽ വീണുകിടക്കുന്ന പതുപതുത്ത മഞ്ഞിനെ കട്ടിയുള്ള ഐസ് പാളികളാക്കി മാറ്റും എന്നതിനാൽ അപകട ഘട്ടം ഇനിയും പൂർണ്ണമായും ഒഴിഞ്ഞിട്ടില്ല. കൊടുങ്കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും, അതിനൊപ്പം ഇപ്പോഴും ശീതതരംഗം ഉണ്ട്. അത് അന്തരീക്ഷ താപനില വീണ്ടും കുത്തനെ താഴ്‌ത്തും. ചൊവ്വാഴ്‌ച്ചയോടെ താപനില മൈൻസ് 14 ഡിഗ്രി ആകുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന മുന്നറിയിപ്പ്.
ബീസ്റ്റ് ഫ്രം ഈസ്റ്റിന്റെ രണ്ടാം വരവും പ്രതീക്ഷിച്ച് ബ്രിട്ടൻ
സൈബീരിയയിൽ നിന്നുള്ള കടുത്ത ശൈത്യകാറ്റായ ബീസ്റ്റ് ഫ്രം ഈസ്റ്റിന്റെ രണ്ടാം വരവ് ഉണ്ടാകുമെന്ന് ഉറപ്പായതോടെ ഈ മാസം അവസാനത്തോടെ കനത്ത മഞ്ഞുവീഴ്‌ച്ചയുണ്ടാകുമെന്ന മുന്നറിയിപ്പ് എത്തിക്കഴിഞ്ഞു. അന്തരീക്ഷോഷ്മാവ് ഇനിയും കുത്തനെ താഴും. ആർട്ടിക്കിന് മുകളിലായി സഡൻ സ്ട്രാറ്റോസ്ഫെറിക് വാണിങ് ഉടലെടുക്കുന്നെന്ന് കാലാവസ്ഥാ വിദഗ്ദരും മുന്നറിയിപ്പ് നൽകുന്നു. ഇതേ പ്രതിഭാസമാണ് രണ്ടുവർഷംമുൻപ് ബ്രിട്ടനിൽ കനത്ത നാശനഷ്ടം വിതച്ചത്.
ഭൂമിക്ക് മുകളിലുള്ള സമതാപ മണ്ഡലം അഥവാ സ്ട്രാറ്റോസ്ഫിയറിലെ താപനില 50 ഡിഗ്രി സെന്റീഗ്രേഡായി വർദ്ധിച്ചു കഴിഞ്ഞു. എന്നാൽ ഇത് ഭൂമിയുടെ ഉപരിതലത്തിൽ അനുഭവവേധ്യമാകില്ല. എന്നാൽ ഇതിന് ബ്രിട്ടന്റെ കാലാവസ്ഥയെ നിയന്ത്രിക്കുന്ന ജറ്റ് പ്രവാഹത്തെ തടസ്സപ്പെടുത്തുവാനുള്ള കഴിവുണ്ട്. ഇതിന്റെ ഫലമായി ഈ പ്രവാഹം വിപരീത ദിശയിലേക്ക് ആകും. തത്ഫലമായി ഇപ്പോൾ വടക്കൻ സ്‌കാൻഡിനേവിയൻ പ്രദേശങ്ങളിൽ കാണുന്നതുപോലെ കനത്ത തണുപ്പ് അനുഭവപ്പെടുകയും ചെയ്യും.
ഉത്തര ധ്രുവത്തിനു മുകളിലെ സ്ട്രാറ്റോസ്ഫിയർ ചൂടായിക്കൊണ്ടിരിക്കുകയാണ്. ജനുവരി 4 നാണ് ഈ പ്രക്രിയ ആരംഭിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇതിന് വേഗതയേറിയിട്ടുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകൻ ക്രെയ്ഗ് സ്നെൽ പറയുന്നു. ജനുവരി അവസാനവും ഫെബ്രുവരിയിലും താപനില മൈനസ് 5 ഡിഗ്രിയായി തുടരുമെന്നും, ബ്രിട്ടന്റെ ഭൂരിഭാഗം ഭാഗങ്ങളിലും മഞ്ഞുവീഴ്‌ച്ച ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡിന്റെ പശ്ചാത്തലത്തിൽ, ഈ കാലാവസ്ഥ അത്യന്തം ഭീഷണി ഉയർത്തുന്ന ഒന്നായി മാറിയിരിക്കുകയാണ്. വീടുകളിൽ സെൽഫ് ഐസൊലേഷനിൽ ഉള്ളവർക്ക് ഭക്ഷണം എത്തിക്കുന്നതിൽ തടസ്സം നേരിടുമോ എന്ന ഭയം നിലനിൽക്കുന്നു. മാത്രമല്ല, വാക്സിനേഷൻ പദ്ധതിയുടെ വേഗതയേയും ഇത് വിപരീതമായി ബാധിച്ചേക്കാം. 2018 ലേതിനോട് സമാനമായ സാഹചര്യം ഉണ്ടാകുമോ എന്ന് ഉറപ്പായിട്ടില്ലെങ്കിലും, കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാകും എന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്.
ഇന്നലെ തെക്ക് കിഴക്കൻ ഇംഗ്ലണ്ടിൽ താപനില പൂജും ഡിഗ്രിക്ക് താഴെയെത്തി. സ്‌കോട്ട്ലാൻഡിൽ ഇന്നലെ രേഖപ്പെടുത്തിയത് മൈനസ് 12 ഡിഗ്രിയായിരുന്നു. തെക്കൻ ഇംഗ്ലണ്ടിൽ ഇന്ന് കനത്ത മൂടൽ മഞ്ഞിനുള്ള സാധ്യതയുണ്ട്. റോഡിൽ ഐസ് പാളികൾ രൂപം കൊള്ളാൻ ഇടയുള്ളതിനാൽ വാഹനമോടിക്കുന്നവർ ശ്രദ്ധിക്കണമെന്ന് സ്‌കോട്ട്ലാൻഡിലും വടക്കൻ ഇംഗ്ലണ്ടിലും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മറുനാടന് ഡെസ്ക്