മൂന്നാർ: മലനിരകൾ മഞ്ഞിൽ മുങ്ങിയതോടെ പുതുവർഷം ആഘോഷിക്കാൻ വിനോദസഞ്ചാരികൾ കൂട്ടത്തോടെ മൂന്നാറിലേക്ക് ഒഴുകുന്നു. കിഴക്കിന്റെ കാഷ്മീർ എന്നറിയപ്പെടുന്ന മൂന്നാറിൽ മഞ്ഞുവീഴ്ച തുടങ്ങിയിട്ട് ദിവസങ്ങളായി. താപനില മൈനസിലേക്ക് കടന്നതോടെ കടുത്ത തണുപ്പാണ് എങ്ങും. കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ പലമേഖലകളിലും താപനില -2 ലെത്തി. വരും ദിവസങ്ങളിൽ ഇത് വീണ്ടും താഴുമെന്നാണ് പ്രദേശവാസികളുടെ കണക്കുകൂട്ടൽ.

ചിറ്റുവര കുണ്ടള ,ചെണ്ടുവര എന്നിവിടങ്ങളിലാണ് മൈനസ് 2 താപനില രേഖപ്പെടുത്തിയിരിക്കുന്നത്. മൂന്നാർ ടൗൺ.നല്ലതണ്ണി താപനില പൂജ്യത്തിലെത്തി.വൈകുന്നേരത്തോടെ തന്നെ മഞ്ഞുവീഴ്ച ആരംഭിക്കും.പുലരുമ്പോൾ പ്രദേശമാകെ വെള്ളപരവതാനി വിരിച്ചപോലെയാവും.മഞ്ഞുവീഴ്ച ആരംഭിച്ചതോടെ ഇവിടേക്കുള്ള വിദേശിയരുൾപ്പെടെയുള്ള വിനോദ സഞ്ചാരികളുടെ ഒഴുക്ക് ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്. പുലർച്ചെ തേയിലതോട്ടങ്ങളും പുൽതകിടികളും മറ്റും മഞ്ഞുമൂടിക്കിടക്കുന്ന കാഴ്ച കാണാനാണ് വിനോദസഞ്ചാരികൾ ഏറെയും താൽപര്യപ്പെടുന്നത്.ഇതിനായി കഴിഞ്ഞ ദിവസങ്ങളിൽ രാത്രി ഇവിടെ എത്തിയ വിനോദ സഞ്ചാരികൾ കൊടുംതണുപ്പിൽ പാതവക്കുകളിലാണ് കഴിച്ചുകൂട്ടിയത്.

മുന്നാറിലെയും സമീപപ്രദേശങ്ങളിലെയും റിസോർട്ടുകളിലും ഹോംസ്‌റ്റേകളിലും മറ്റും മുറിക്കിട്ടാനില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്.പുതവർഷം ആഘോഷിക്കുന്നതിനായി ദിവസങ്ങളായി ഇവിടെ തമ്പടിച്ചിട്ടുള്ള വിനോദ സഞ്ചാരികളും ഏറെയാണ്. മൂന്നാർ - മറയൂർ മേഖലകളിലായി വിനോദസഞ്ചാരികൾക്കായി ഹോംസ്‌റ്റേകളും റിസോർട്ടുകളുമായി 500 -ളം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.ടൂറിസ്റ്റ് മേഖലയായതിനാൽ പൊലീസിന് പരിമിതികളുണ്ടെങ്കിലും പുതുവർഷം ആഘോഷം അതിരുവിടാതിരിക്കാൻ വേണ്ട മുൻ കരുതലുകൾ സ്വീകരിക്കുമെന്ന് മൂന്നാൽ സി ഐ സാംജോസ് മറുനാടനോട് വ്യക്തമാക്കി.

31 -ന് രാത്രി മേഖലയിലെ റിസോർട്ടുകളിലും ഹോംസ്‌റ്റേകളിലും വ്യാപക പരിശോധനകൾ നടത്തുമെന്നും തിരിച്ചറിയിൽ രേഖയില്ലാത്തവരെ കയ്യോടെ കസ്റ്റഡിയിൽ എടുക്കുമെന്നും രാത്രി 12 -ന് ശേഷമുള്ള ആഘോഷ പരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും സി ഐ അറിയിച്ചു. അതേസമയം മൂന്നാറിൽ പുതുവത്സരം ആഘോഷിക്കാൻ കൂട്ടത്തോടെ സഞ്ചാരികൾ എത്തിത്തുടങ്ങിയതോടെ റോഡുകളിൽ ബ്ലോക്ക് പതിവുകാഴ്‌ച്ചയായി മാറിയിട്ടുണ്ട്.

ഇടുക്കി സന്ദർശിക്കുന്നവർ ശ്രദ്ധിക്കാൻ ചില കാര്യങ്ങൾ

1. നാമ മാത്രമായ വസ്ത്രം ധരിച്ച്/ വിചിത്രമായ ആഭരണങ്ങൾ ധരിച്ച് സിനിമയിൽ ഒക്കെ ഉള്ള ആദിവാസികൾ എന്നൊരു കൂട്ടർ ഇവിടെ ഇല്ല, അഥവാ ഉണ്ടെങ്കിൽ തന്നെ അവർ ഒരു കാഴ്ച വസ്തു അല്ല. ഇത്തരം ആശയങ്ങൾക്ക് നിങ്ങൾ സിനിമ തന്നെ കാണണം.

2. മറ്റ് ജില്ലകളെ അപേക്ഷിച്ച് താരതമ്യേന നല്ല റോഡുകളാണ് ഇടുക്കിയിൽ ,അതുകൊണ്ട് നിങ്ങൾക്ക് ചിരപരിചിതമായ റോഡുകളിൽ ഓടിക്കുന്ന അമിത വേഗത ഇവിടെ കാണിക്കരുത്. അപ്രതീക്ഷിതമായ വളവുകൾ അപകടം നിറഞ്ഞതാണ്. അതൊരുപക്ഷേ ഒരു മനുഷ്യന്റെയോ മൃഗത്തിന്റെയോ ജീവനെടുക്കാം.

3. നിങ്ങൾ സ്വന്തമായി ഭക്ഷണം കൊണ്ടുവരുന്നതും വഴിയരികിലും ജല സ്രോതസ്സുകൾക്കരികിലും നിന്നു കഴിക്കുന്നതും നല്ലത് തന്നെ. പക്ഷേ നിങ്ങൾ കഴിച്ച ശേഷമുള്ള അവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും നിങ്ങൾ തന്നെ കൊണ്ടുപോകാൻ ബാധ്യസ്തരാണ്. വഴിയും ജല സ്രോതസ്സും മലിനമാക്കരുത്.

4. വാഹനത്തിന്റെ ഉള്ളിലെ പാട്ടുകൾ നിങ്ങൾക്ക് കേൾക്കാവുന്ന ഉറക്കെ വച്ചാൽ നന്ദി, അതുപോലെ തന്നെ കൂവലും ഒച്ചയുണ്ടാക്കലും.

5. ഇവിടെ മിക്ക കടകളിലും വാങ്ങാൻ കിട്ടുന്ന തേൻ ,ഒറ്റമൂലികൾ, തേൻ നെല്ലിക്ക, ഹാൻഡി ക്രാഫ്റ്റ് ഐറ്റംമ്‌സ് തുടങ്ങിയവക്ക് നിങ്ങൾ ഉദ്ദേശിക്കുന്ന യാതൊരു ഗുണമില്ല എന്ന് മാത്രമല്ല ഇടുക്കി എന്ന ജില്ലയുമായി പോലും ബന്ധമില്ല. എന്നാൽ ഈപ്പറഞ്ഞവയൊക്കെ യഥാർത്ഥ ഗുണമേന്മയോടെ കിട്ടുന്ന സ്ഥലങ്ങൾ ഉണ്ട്, അതൊക്കെ അന്വേഷിച്ച് കണ്ട് പിടിക്കുക.

6. വന്യ ജീവികളോട് പ്രത്യേകിച്ച് കുരങ്ങുകളോട് ഒരുപാട് അടുത്ത് പെരുമാറരുത്, ഭക്ഷണ സാധനങ്ങൾ കൊടുക്കരുത്.

7. വിനോദ കേന്ദ്രങ്ങളിലെ ജീവനക്കാരോടും പൊലീസുകാരോടും അവർ നൽകുന്ന നിർദേശങ്ങളിൽ ദേഷ്യം തോന്നരുത്,പലപ്പോഴും ഭക്ഷണം പോലും ഉപേക്ഷിച്ചാവും അവർ ജോലി ചെയ്യുന്നത്, അതും നിങ്ങളുടെ സുരക്ഷക്ക് വേണ്ടി.

8.ഒരു തവണ നിങ്ങൾക്ക് കണ്ട് ഉപേക്ഷിക്കാനുള്ള ,യൂസ് ആൻഡ് ത്രോ അല്ല ഇടുക്കിയുടെ പ്രകൃതി ഭംഗി, അത് നിലനിർത്താനുള്ള ഉത്തരവാദിത്വം നിങ്ങൾക്കുമുണ്ട്.