പത്തനംതിട്ട: റാന്നി പഞ്ചായത്തിൽ ബിജെപി അംഗങ്ങളുടെ പിന്തുണയോടെ ജയിച്ച പഞ്ചായത്ത് പ്രസിഡന്റിനെ എൽഡിഎഫിൽ നിന്ന് പുറത്താക്കി. ഇന്നലെ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച ശോഭ ചാർളിയെയാണ് പുറത്താക്കിയത്. നേതൃത്വം രാജി ആവശ്യപ്പെട്ടിട്ടും ഇതിന് തയ്യാറാകാത്തതിനെത്തുടർന്നാണ് നടപടി.

റാന്നി പഞ്ചായത്തിൽ ഭരണം പിടിച്ച എൽഡിഎഫും പിന്തുണച്ച ബിജെപിയും വെട്ടിലായിരിക്കുകയാണ്. സംസ്ഥാന-ജില്ലാ നേതൃത്വം അറിയാതെ നിയോജകമണ്ഡലം കമ്മറ്റി 'കച്ചവടം' നടത്തിയെന്ന് ബിജെപിക്കുള്ളിൽ വിമർശനം. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശശി രാജി വച്ചു. നേതൃത്വത്തിനെതിരേ പ്രതിഷേധ പ്രകടനവുമായി പ്രവർത്തകർ തെരുവിലിറങ്ങി.

ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് ഷൈൻ ജി കുറുപ്പാണ് പ്രതിക്കൂട്ടിലായിരിക്കുന്നത്. മറുവശത്ത് രാജു ഏബ്രഹാം എംഎൽഎയ്ക്ക് എതിരേയാണ് ആരോപണം. ഇരുവരും തമ്മിലുള്ള അന്തർധാര നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുതലുള്ളതാണ് എന്നാണ് ഇരുഭാഗത്തു നിന്നുമുള്ള പ്രവർത്തകർ പറയുന്നത്.

യുഡിഎഫ് സ്വതന്ത്രന്റെ പിന്തുണയോടെ ഉറപ്പിച്ചിരുന്ന ഭരണമാണ് അവസാന നിമിഷം കേരളാ കോൺഗ്രസി(എം)ലൂടെ എൽഡിഎഫ്-ബിജെപി സഖ്യം നേടിയെടുത്തത്. എൽഡിഎഫ്-ബിജെപി ബാന്ധവം എന്ന ആരോപണം പുറത്തു വരാതിരിക്കാൻ മാണി കോൺഗ്രസുകാരിയെ മുൻ നിർത്തി കളിക്കുകയായിരുന്നു ഇരുകൂട്ടരും.

മാണി കേരളാ കോൺഗ്രസിലെ ശോഭാ ചാർളി പ്രസിഡന്റും കോൺഗ്രസിലെ സിന്ധു സഞ്ജയൻ വൈസ്പ്രസിഡന്റുമായി തെരഞ്ഞെടുക്കപ്പെട്ടു. രണ്ട് ബിജെപി അംഗങ്ങളുടെ പിന്തുണയോടെയാണ് ഇടതു മുന്നണിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥി ജയിച്ചത്. വൈസ്പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് ബിജെപി അംഗങ്ങൾ വിട്ടു നിന്നു. ഇടതു-വലതു മുന്നണികൾക്ക് അഞ്ചു വീതം അംഗബലമാണ് റാന്നി ഗ്രാമപഞ്ചായത്തിൽ ഉള്ളത്.

ബിജെപിയുടെ രണ്ട് അംഗങ്ങളും ഒരു സ്വതന്ത്രനുമാണ് മറ്റുള്ളവർ. സ്വതന്ത്രനായ കെആർ പ്രകാശ് യുഡിഎഫ് പിന്തുണയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആകുമെന്ന് പൂർണമായും ഉറപ്പിച്ചിരുന്നതിനിടയിലാണ് അടിയൊഴുക്കുകൾ നടന്നത്. പ്രസിഡന്റ്-വൈസ്പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇടതു-വലതു മുന്നണികളെ പിന്തുണയ്ക്കാതെ ബിജെപി അംഗങ്ങൾ വിട്ടു നിൽക്കുമെന്നും യു.ഡി.എഫ് പിന്തുണയിൽ സ്വതന്ത്രൻ പ്രസിഡന്റ് ആകുമെന്നുമാണ് എല്ലാവരും കരുതിയിരുന്നത്.

രാവിലെ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മാണി ഗ്രൂപ്പിലെ ശോഭാ ചാർലിയുടെ പേരു നിർദ്ദേശിച്ചത് ബിജെപിയിലെ എസ് വിനോദും പിന്താങ്ങിയത് ബിജെപിയിലെ മന്ദിരം രവീന്ദ്രനും ആയിരുന്നു. സ്വതന്ത്രനായ കെആർ പ്രകാശിന്റെ പേര് സിന്ധു സഞ്ജയൻ നിർദ്ദേശിച്ചു. ആറിനെതിരെ ഏഴു വോട്ടുകൾ നേടി ശോഭാ ചാർലി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.

നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമാണ് തങ്ങൾ ഇടതു മുന്നണിയിലെ ശോഭാ ചാർളിയുടെ പേര് പ്രസിഡന്റ് സ്ഥാനത്തേക്ക് നിർദ്ദേശിക്കുകയും അവർക്ക് അനുകൂലമായി വോട്ടു ചെയ്യുകയും ഉണ്ടായതെന്ന് ബിജെപി അംഗം മന്ദിരം രവീന്ദ്രൻ പറഞ്ഞു. പാർട്ടി നേതൃത്വം നൽകിയ വിപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു പിന്തുണയെന്നും വൈസ്പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിട്ടു നിൽക്കാനായിരുന്നു നിർദ്ദേശമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി പ്രാദേശിക നേതൃത്വത്തിന്റെ തീരുമാനത്തിൽ വൈകുന്നേരത്തോടെ പ്രതിഷേധം ശക്തമായി. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റും വൈസ് പ്രസിഡന്റും രാജി വച്ചു. എക്കാലവും വോട്ടു കച്ചവടക്കാർ എന്ന പേരു ദോഷം റാന്നിയിലെ ബിജെപിക്കുണ്ട്. ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ ഇവിടെ മത്സരിച്ചത് ബിഡിജെഎസിലെ ബോബി കാക്കാനപ്പള്ളിയാണ്. അദ്ദേഹത്തിന് ബിജെപി വോട്ടുകൾ കാര്യമായി ലഭിച്ചില്ല. വിജയിച്ച് കേരളാ കോൺഗ്രസ് എം അംഗത്തെ കൈ അയച്ചു ബിജെപി സഹായിക്കുകയും ചെയ്തു.

ഇവിടെയാണ് 'കച്ചവടം' എന്ന ആരോപണം ഉയരുന്നത്. രാജു ഏബ്രഹാം എംഎൽഎയും ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് ഷൈൻ ജി കുറുപ്പും തമ്മിലുള്ള ധാരണ പരസ്യമായ രഹസ്യമാണ് താനും.ബിജെപിയിൽ നിരാശരായ പ്രവർത്തകർ നേതൃത്വത്തിനെതിരേ പ്രതിഷേധ പ്രകടനവും നടത്തി.അഞ്ച് അംഗങ്ങളുള്ള ഇടതു മുന്നണിയിലെ നാല് അംഗങ്ങളും സിപിഎമ്മുകാർ ആയിട്ടും വളഞ്ഞ വഴിയിലൂടെ പിന്തുണച്ചാണ് ബിജെപി എൽഡിഎഫിനെ അധികാരത്തിലേറ്റിയത്.

മാണി ഗ്രൂപ്പുമായി ബിജെപി നിയോജകമണ്ഡലം കമ്മറ്റി അടുത്ത അഞ്ചു വർഷക്കാലത്തേക്കുള്ള കരാർ ഉണ്ടാക്കിയെന്നും അതിൻ പ്രകാരമാണ് പിന്തുണ നൽകിയതെന്നും അവർ വ്യക്തമാക്കുന്നു. അയ്യപ്പന്റെ പേരിൽ വോട്ടു നേടിയിട്ട് ശബരിമലയെ തകർക്കാൻ ശ്രമിക്കുന്ന പിണറായിയുടെ സിപിഎമ്മിനെ പിന്തുണച്ച ബിജെപി അംഗങ്ങളോട് ക്ഷമിക്കാനാവില്ലെന്നാണ് അണികളുടെ പക്ഷം. ബിജെപി പിന്തുണ വാങ്ങിയ ഇടതു മുന്നണിയുടെ പ്രസിഡന്റ് രാജി വച്ചൊഴിയണമെന്നും അവർ ആവശ്യപ്പെടുന്നു.

ബിജെപിയുടെ പിന്തുണയോടെ ഇടതുമുന്നണി അധികാരത്തിലെത്തിയത് സിപിഎമ്മിനേയും ആശയക്കുഴപ്പത്തിലാക്കി നിരവധി പ്രവർത്തകർ നേതൃത്വവുമായി ഇക്കാര്യത്തിൽ ആശങ്ക പങ്കു വച്ചിട്ടുണ്ട്. ബിജെപിക്കെതിരെ പരസ്യ നിലപാട് സ്വീകരിക്കുകയും അധികാരത്തിലേറാൻ അവരുടെ പിന്തുണ സ്വീകരിക്കുകയും ചെയ്യുന്ന ഇരട്ട വാദത്തോട് ഏറെ അണികൾക്കും യോജിപ്പില്ല. തങ്ങളല്ല ബിജെപി പിന്തുണ വാങ്ങിയതെന്നും മാണി കേരളാ കോൺഗ്രസ് ആണെന്നും പറഞ്ഞ് തൽക്കാലം തടിയൂരാനാണ് സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ തീരുമാനം. ഇത് അപ്പാടെ വിഴുങ്ങാൻ അണികൾ തയാറല്ല. പരസ്യമായി ഇറങ്ങാൻ തയ്യാറായിട്ടില്ലെങ്കിലും സിപിഎം അണികളിലും പ്രതിഷേധം ശക്തമായിരുന്നു.

സ്ഥാനാർത്ഥി നിർണയ സമയത്ത് ചില സിപിഎം നേതാക്കൾ രഹസ്യമായി നടത്തിയ സംഭാഷണം ഇപ്പോൾ ഏറെക്കുറെ യാഥാർത്ഥ്യമാകുകയും ചെയ്തിട്ടുണ്ട്. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശോഭാ ചാർലിയോട് രാജി വയ്ക്കാൻ ആവശ്യപ്പെടുമെന്ന് ഇടതു നേതൃത്വവും മാണി കേരളാ കോൺഗ്രസിലെ ചില നേതാക്കളും പറഞ്ഞിരുന്നു. എന്നാൽ രാജി വയ്ക്കാൻ തയ്യാറല്ലെന്ന നിലപാട് സ്വീകരിച്ചതിനെ തുടർന്നാണ് എൽഡിഎഫിൽ നിന്ന് പുറത്താക്കിയത്.