- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒപ്പമുള്ളവർ തന്നെ ഒതുക്കാൻ നോക്കിയിട്ടും ശോഭയൊട്ടും മങ്ങാതെ ശോഭ സുരേന്ദ്രൻ; കഴക്കൂട്ടത്ത് സീറ്റുറച്ചത് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലോടെ; അനാവശ്യവിവാദങ്ങൾ ഉണ്ടാക്കിയെന്ന് പരാതി പോയെങ്കിലും അമിത് ഷാ നോക്കിയത് ജയസാധ്യത; ശബരിമല വിവാദം അടക്കം ഉയർത്തി കടകംപള്ളിയെ നേരിടാൻ എത്തുക കാവിപ്പാർട്ടിയുടെ തീപ്പൊരി നേതാവ്; മറ്റന്നാൾ മുതൽ പ്രചാരണത്തിനിറങ്ങും; കഴക്കൂട്ടത്ത് ഇക്കുറി തീപാറും പോര്
തിരുവനന്തപുരം: കഴക്കൂട്ടത്ത് എൻഡിഎ സ്ഥാനാർത്ഥിയായി ശോഭ സുരേന്ദ്രൻ തന്നെയെത്തും. ശോഭ സുരേന്ദ്രൻ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച് കേന്ദ്രനേതൃത്വത്തിന്റെ അറിയിപ്പ് കിട്ടിയെന്ന് അവർ പറഞ്ഞു. മറ്റന്നാൾ മുതൽ പ്രചാരണത്തിനിറങ്ങുമെന്നും ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി. കേന്ദ്രനേതൃത്വത്തിന്റെ ഇടപെടലിലൂടെയാണ് ശോഭയ്ക്ക് സ്ഥാനാർത്ഥിത്വം കിട്ടിയത്. കഴക്കൂട്ടത്ത് കേന്ദ്രമന്ത്രി വി മുരളീധരനാണ് കഴിഞ്ഞതവണ എൻ ഡി എ സ്ഥാനാർത്ഥിയായി മത്സരിച്ചത്. ഇത്തവണ ബിജെപിയുടെ പ്രചാരണം ഏറ്റെടുത്ത അദ്ദേഹം മത്സരം രംഗത്തുണ്ടാകില്ല. ഇതിനു പകരമാണ് ശോഭയ്ക്ക് കഴക്കൂട്ടത്ത് നറുക്ക് വീഴുന്നത്.
ഞായറാഴ്ച്ച ബിജെപിയുടെ സ്ഥാനാർത്ഥിപട്ടിക പ്രഖ്യാപിച്ചപ്പോൾ കഴക്കൂട്ടത്തെ സ്ഥാനാർത്ഥിയുടെ പേര് ഉണ്ടായിരുന്നില്ല. കഴക്കൂട്ടത്ത് ഒരു ''സസ്പെൻസ്'' ഉണ്ടെന്നായിരുന്നു ഇത് സംബന്ധിച്ച് ബിജെപി. നേതാക്കൾ പറഞ്ഞിരുന്നത്. എന്നാൽ ആ സസ്പെൻസ് നിലനിർത്താനോ അതിന് അനുസരിച്ച സ്ഥാനാർത്ഥിയെ കൊണ്ടുവരാനോ ബിജെപിക്ക് കഴിഞ്ഞില്ല. ഇതിനു പിന്നാലെയാണ് കഴക്കൂട്ടത്ത് ശോഭ സ്ഥാനാർത്ഥിയാകുന്നത്.
കഴക്കൂട്ടത്ത് എൻഡിഎ സ്ഥാനാർത്ഥിയാവാൻ ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയോട് ബിജെപി സംസ്ഥാന നേതൃത്വം വീണ്ടും ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രൻ സ്ഥാനാർത്ഥിയാവുമെന്ന് ഏതാണ്ട് ഉറപ്പിച്ച ഘട്ടത്തിലാണ് തുഷാറുമായി ബിജെപി നേതാക്കൾ കൂടിക്കാഴ്ച നടത്തിയത്. ഇത് ശോഭയെ വെട്ടാനുള്ള ചരടുവലിയാണെന്നായിരുന്നു വാർത്തകൾ.
നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ആദ്യഘട്ടത്തിൽ നിലപാടെടുത്ത ശോഭാ സുരേന്ദ്രൻ കേന്ദ്രനേതൃത്വത്തിന്റെ നിർദ്ദേശത്തെ തുടർന്ന് കഴക്കൂട്ടത്തു സ്ഥാനാർത്ഥിയാവാൻ സന്നദ്ധത അറിയിച്ചിരുന്നു. നേതൃത്വം ബന്ധപ്പെട്ടിരുന്നെന്നും കഴക്കൂട്ടത്തു മത്സരിക്കാൻ തയാറാണെന്ന് അറിയിച്ചെന്നും ശോഭ തന്നെ മാധ്യമങ്ങളോടു പറയുകയും ചെയ്തു. എന്നാൽ ആദ്യഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ ശോഭയുടെ പേര് ഉൾപ്പെട്ടില്ല.
ഇതിനിടെ ശോഭയെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രാജിഭീഷണി മുഴക്കിയെന്നു വാർത്തകൾ വന്നു. ഇതു നിഷേധിച്ച് സുരേന്ദ്രൻ രംഗത്തുവന്നെങ്കിലും ഇരു നേതാക്കളും തമ്മിലുള്ള ഭിന്നത തുടരുകയാണെന്നു വ്യക്തം. കഴക്കൂട്ടത്ത് ശോഭ മത്സരരംഗത്ത് എത്തുന്നതോടെ ശക്തമായ ത്രികോണ മത്സരത്തിന് കളമൊരുങ്ങി.
ശോഭ സുരേന്ദ്രൻ അനാവശ്യവിവാദങ്ങൾ ഉണ്ടാക്കിയെന്ന് ദേശീയ നേതൃത്വത്തിന് ചില നേതാക്കളുടെ പരാതി നൽകിയെങ്കിലും അതൊന്നും വിജയപരിഗണനക്ക് മുന്നിൽ ഒന്നുമായില്ല. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ നേരിട്ടാണ് വിഷയത്തിൽ ഇടപെടുന്നതെന്ന് റിപ്പോർട്ടുകൾ. കടകംപള്ളി സുരേന്ദ്രനെതിരെ മത്സരിക്കാൻ തയ്യാറാണെന്ന് ശോഭാ സുരേന്ദ്രൻ ഇന്നലെ പറഞ്ഞിരുന്നു.
എന്നാൽ മണ്ഡലം വിട്ടുകൊടുക്കുന്നതിനോട് വി മുരളീധരൻ പക്ഷത്തിന് കടുത്ത എതിർപ്പുണ്ട്. ശോഭ സുരേന്ദ്രൻ മത്സരിക്കണോ എന്ന് തീരുമാനിക്കേണ്ടത് കേന്ദ്ര നേതൃത്വമാണെന്നും പാർട്ടി തീരുമാനം അനുസരിക്കുകയാണ് അച്ചടക്കമുള്ള പാർട്ടിപ്രവർത്തകരുടെ ഉത്തരവാദിത്തമെന്നുമായിരുന്നു ശോഭാ സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് കുമ്മനത്തിന്റെ പ്രതികരണം.
കഴക്കൂട്ടമല്ലാതെ മറ്റൊരു മണ്ഡലത്തിൽ മത്സരിക്കേണ്ട സാഹചര്യമില്ലെന്ന് ശോഭ സുരേന്ദ്രനും വ്യക്തമാക്കിയിരുന്നു. കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ചാണ് മത്സരിക്കാൻ സന്നദ്ധത അറിയിച്ചതെന്നും ശോഭ അറിയിച്ചതോടെ കെ സുരേന്ദ്രൻ വിഭാഗം വെട്ടിലായിരുന്നു. ഒഴിച്ചിട്ട മൂന്ന് സീറ്റുകളിൽ ബിജെപി. സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനിരിക്കെയാണ് കഴക്കൂട്ടത്ത് മത്സരിക്കുമെന്ന് ശോഭ സുരേന്ദ്രൻ കടുപ്പിച്ച് പറഞ്ഞത്.
'കേരളത്തിൽ മത്സരിച്ച ഏത് മണ്ഡലങ്ങളിലും വോട്ട് ഇരട്ടിയാക്കിയ ചരിത്രമാണ് എനിക്കുള്ളത്. കഴക്കൂട്ടത്ത് ബിജെപി. വിജയിക്കും. ഇന്ത്യയിൽ ബിജെപിയുടെ എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്ന ഏറ്റവും കരുത്തനായ നേതാവാണ് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടത്. ഈ ആവശ്യത്തെ നിരാകരിക്കാതെ സ്വീകരിക്കും.' മത്സരിക്കാൻ മാനസികമായി തയ്യാറെടുത്തുവെന്നും അവർ പറഞ്ഞു.
'പഴയ ബിജെപിയല്ല ഇത്. കഴക്കൂട്ടം ഒഴികെ ഒഴിച്ചിട്ട രണ്ട് സീറ്റുകളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ കാര്യത്തിൽ തീരുമാനമായിട്ടുണ്ട്. പേരുകൾ ഉടൻ പ്രഖ്യാപിക്കും. മത്സരിക്കാൻ ആളെക്കിട്ടാത്ത സാഹചര്യമൊന്നും ബിജെപിയിലും എൻ.ഡി.എയിലും ഇന്നില്ല.' ശോഭ സുരേന്ദ്രൻ വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ