- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടകംപള്ളിക്കെതിരെ ധർമ്മയുദ്ധം നയിക്കാൻ ശോഭ സുരേന്ദ്രനെത്തി; പുഷ്പവൃഷ്ടിയോടെ തങ്ങളുടെ പ്രിയ നേതാവിനെ സ്വീകരിച്ച് അണികൾ; ശബരിമല ചർച്ചയാക്കി കഴക്കൂട്ടത്ത് ഇനി തീപാറും പോരാട്ടം; കടകംപള്ളി സുരേന്ദ്രനെതിരേ മത്സരിക്കുന്നത് ഈശ്വര നിശ്ചയമായിട്ടാണ് കാണുന്നതെന്ന് ശോഭ സുരേന്ദ്രൻ
തിരുവനന്തപുരം: കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ ബിജെപിയുടെ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രന് ഉജ്ജ്വല വരവേൽപ്പ് നൽകി പ്രവർത്തകർ. ആചാര സംരക്ഷണം ചർച്ചയാക്കി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ തോൽപ്പിക്കാനെത്തിയ തങ്ങളുടെ പ്രിയ നേതാവിനെ പുഷ്പവൃഷ്ടിയോടെയാണ് പ്രവർത്തകർ സ്വീകരിച്ചത്. ഇന്ന് വൈകിട്ടോടെയാണ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി ശോഭ സുരേന്ദ്രൻ കഴക്കൂട്ടത്ത് എത്തിയത്.
ധർമ്മയുദ്ധമാണ് കഴക്കൂട്ടത്ത് നടക്കുകയെന്ന് ശോഭ സുരേന്ദ്രൻ പ്രതികരിച്ചു. അതിൽ നിമിത്തമാകാൻ സാധിച്ചത് ഈശ്വരേച്ഛയാണെന്നും അവർ കൂട്ടിച്ചേർത്തു. ശബരിമല വിഷയത്തിനൊപ്പം എൻഡിഎ സർക്കാരിന്റെ വികസന നേട്ടങ്ങളും തെരഞ്ഞെടുപ്പിൽ സജീവ ചർച്ചയാക്കുമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. ശബരിമലയിലെ ആചാരലംഘനത്തിന് സർക്കാർ സ്പോൺസേഡ് സംവിധാനം ഒരുക്കിയതിന് നേതൃത്വം കൊടുത്ത ആളാണ് കടകംപള്ളി സുരേന്ദ്രൻ. താനുൾപ്പെടുന്ന അമ്മമാർ ആഴ്ചകളോളം നാമം ജപിക്കാനുള്ള അവകാശപ്പോരാട്ടത്തിനായി തെരുവിൽ കഴിഞ്ഞു. ഒരു ഭാഗത്ത് വിശ്വാസ സംരക്ഷകരും മറുഭാഗത്ത് വിശ്വാസ ഘാതകരും ആയിരുന്നു ശബരിമല വിഷയത്തിൽ അണിനിരന്നത്.
ആചാരത്തെ തകർക്കാൻ ശ്രമിച്ചെങ്കിലും അത് വിജയിക്കാതെ പോയത് വിശ്വാസി സമൂഹത്തിന്റെ ദൃഢപ്രതിജ്ഞ കൊണ്ടും ഉൾക്കൊഴ്ച കൊണ്ടുമാണ്. വിശ്വാസി സമൂഹത്തോട് തെറ്റ് ചെയ്തുവെന്ന് സ്വയം ഉറപ്പുണ്ടായിട്ടും അത് തുറന്ന് പറയാൻ പോലും ആർജ്ജവം കാണിക്കാതെ ജനങ്ങളോട് വോട്ട് ചോദിക്കുന്ന കടകംപള്ളി സുരേന്ദ്രനെതിരേ മത്സരിക്കുന്നത് ഈശ്വര നിശ്ചയമായിട്ടാണ് കാണുന്നതെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
കഴക്കൂട്ടത്തെ ജനങ്ങൾ നൽകിയ അവകാശം ഇക്കുറി അവർ തിരിച്ചെടുക്കും. വിശ്വാസത്തിനെതിരായ പാർട്ടി നിലപാടിൽ ഒരു മാറ്റവും ഇല്ലെന്നാണ് സീതാറാം യെച്ചൂരി പറഞ്ഞത്. സീതാറാം യെച്ചൂരിക്ക് മറുപടി പറയാനുള്ള ആർജ്ജവം മുഖ്യമന്ത്രി കാണിക്കണം. യെച്ചൂരിയെ തിരുത്താൻ ശ്രമിക്കാത്തിടത്തോളം എല്ലാവരുമായും ചർച്ച ചെയ്ത് മാത്രമേ അന്തിമ നിലപാട് സ്വീകരിക്കുവെന്ന മുഖ്യമന്ത്രിയുടെ നിലപാട് കാപട്യമാണെന്നും ശോഭ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
അസുര നിഗ്രഹത്തിനായി തിരുവനന്തപുരത്ത് മാളികപ്പുറമിറങ്ങിയെന്നായിരുന്നു ശോഭയുടെ സ്ഥാനാർത്ഥിത്വത്തെ കുറിച്ച് നടനും തൃശ്ശൂരിലെ ബിജെപി സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപി ഇന്ന് പ്രതികരിച്ചിരുന്നു. എല്ലാ ക്ഷേത്രങ്ങളും വിശ്വാസികളുടെ കൈയിലെത്തുമെന്നും അതൊന്നും വൃത്തികെട്ട രാഷ്ട്രീയക്കാരുടെ കൈകളിലല്ല ഉണ്ടാവുകയെന്നും സുരേഷ് ഗോപി പറഞ്ഞു. ശബരിമലയ്ക്കായി പാർലമെന്റിൽ നിയമനിർമ്മാണം നടത്തുമെന്നും അതിനായുള്ള പ്രവർത്തനങ്ങൾ ഇതിനോടകം കേന്ദ്രനേതാക്കൾ തുടങ്ങി കഴിഞ്ഞെന്നും സുരേഷ് ഗോപി പറഞ്ഞു. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനായി തൃശൂരിൽ എത്തിയപ്പോഴായിരുന്നു സുരേഷ് ഗോപിയുടെ പരാമർശം
മറുനാടന് മലയാളി ബ്യൂറോ