- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദിയുടെ ദേശീയ നയങ്ങൾ അംഗീകരിക്കാൻ തയ്യാറായി വന്നാൽ ലീഗിനെ ഉൾക്കൊള്ളാൻ ബിജെപി തയ്യാറാണെന്നാണ് താൻ പറഞ്ഞത്; രമേശ് ചെന്നിത്തലയുടെ ഐശ്വര്യകേരള യാത്രയുടെ ഐശ്വര്യമാണ് വിജയരാഘവൻ; ആ നാവ് കോൺഗ്രസിന് പല സീറ്റും നേടിക്കൊടുത്തു; നിലപാട് വ്യക്തമാക്കി ശോഭാ സുരേന്ദ്രൻ
പാലക്കാട്: മുസ്ലിംലീഗ് വിഷയത്തിലുള്ള തന്റെ നിലപാട് ആവർത്തിച്ച് ശോഭ സുരേന്ദ്രൻ. മുസ്ലിം ലീഗ് വർഗ്ഗീയ പാർട്ടിയാണ്. എന്നാൽ ആ വർഗ്ഗീയ നിലപാട് ഉപേക്ഷിച്ച് നരേന്ദ്ര മോദിയുടെ ദേശീയ നയങ്ങൾ അംഗീകരിക്കാൻ തയ്യാറായി വന്നാൽ ലീഗിനെ ഉൾക്കൊള്ളാൻ ബിജെപി തയ്യാറാണെന്നാണ് താൻ പറഞ്ഞതെന്ന് ശോഭ സുരേന്ദ്രൻ വിജയ യാത്രയുടെ പാലക്കാട് വേദിയിൽ പറഞ്ഞു. തന്റെ നിലപാടിൽ മാറ്റമില്ലെന്നും ബിജെപി നേതൃത്വത്തിന്റെ നിലപാട് തന്നെയാണ് താൻ അവതരിപ്പിച്ചതെന്നും ശോഭ പറഞ്ഞു. കോൺഗ്രസ് നേതാവ് കെ മുരളീധരനുള്ള മറുപടിയായാണ് താൻ ഇക്കാര്യങ്ങൾ വിശദീകരിക്കുന്നതെന്നും ശോഭ വ്യക്തമാക്കി.
മുങ്ങിച്ചാകാൻ കടലിലിറങ്ങുന്ന രാഹുൽ ഗാന്ധിയെ ലൈഫ് ബോട്ടുമായി വന്ന് സീതാറാം യെച്ചൂരി രക്ഷിക്കില്ലെന്ന് കേരളത്തിലെ മാർക്സിസ്റ്റുകാർക്ക് പറയാനാകുമോ എന്നും ശോഭ ചോദിച്ചു. ചെറുപ്പമാണെങ്കിലും രാഹുൽ ഗാന്ധി തന്നെയാണ് മാർകിസ്റ്റ് പാർട്ടിയുടെ കാരണവർ. രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയുടെ ഐശ്വര്യം വിജയരാഘവനാണ്. വിജയരാഘവന്റെ നാവിന്റെ ഗുണം കൊണ്ട് ആലത്തൂർ ഉൾപ്പെടെയുള്ള സീറ്റുകൾ കോൺഗ്രസിന് നേടാനായെന്നും ശോഭ പരിഹസിച്ചു.
രാഹുൽ ഗാന്ധി കടലിൽ മുങ്ങിച്ചാകാൻ നിക്കുമ്പോൾ ലൈഫ് ജാക്കറ്റുമായി രക്ഷിക്കാൻ സീതാറാം യെച്ചൂരി വരില്ലെന്ന് കേരളത്തിലെ മാർക്സിസ്റ്റുകാർക്ക് പറയാനാകുമോ?, ഇല്ല കാരണം രാഹുൽ ചെറുപ്പമാണെങ്കിലും മാർകിസ്റ്റ് തറവാട്ടിലെ കാരണവർ രാഹുൽ തന്നെയാണ്. ആ സ്ഥാനം യെച്ചൂരി രാഹുലിന് തന്നെയാണ് നൽകിയിരിക്കുന്നത്. പശ്ചിമ ബംഗാളിൽ ഉൾപ്പെടെ അവർ കളിക്കുന്ന രാഷ്ട്രീയ നാടകം നമ്മൾ കാണുന്നുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒരു ഐശ്വര്യ കേരള യാത്ര നടത്തുകയുണ്ടായി. ഐശ്വര്യ കേരള യാത്രയുടെ ഐശ്വര്യം യഥാർഥത്തിൽ വിജയരാഘവനാണ്. ആലത്തൂർ എംപിയെ കോൺഗ്രസിന് കിട്ടിയത് വിജയരാഘവന്റെ നാവ് കൊണ്ടാണ്.
കോൺഗ്രസ് നേതാവ് കെ മുരളീധരൻ എന്നെക്കുറിച്ചോർത്ത് ആശങ്കപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടു. കെ മുരളീധരൻ അച്ഛന്റെ കൈയും പിടിച്ച് അംഗനവാടിയിലേക്ക് പോകുന്നത് പോലെ രാഷ്ട്രീയത്തിലേക്ക് എത്തിയയാളാണ്. അദ്ദേഹം എന്റെ തൂക്കം നോക്കാൻ നിൽക്കേണ്ട. 2014ൽ വടക്കാഞ്ചേരിയിൽ അടിയറവ് പറയിപ്പിച്ചതിന്റെ കൊതിക്കെറുവാണ് അദ്ദേഹത്തിന് എന്നോടുള്ളത്. എന്റെ തൂക്കം ഞാൻ നോക്കിക്കോളാം. എന്റെ അച്ഛൻ കൂലിപ്പണിയെടുക്കുന്ന പാവപ്പെട്ട ഒരു കർഷകനായിരുന്നു. അച്ഛന്റെ രാഷ്ട്രീയ മേൽവിലാസത്തിലല്ല ഞാൻ രാഷ്ട്രീയത്തിൽ പ്രവേശിച്ചത്.- ശോഭ വ്യക്തമാക്കി.
മറുനാടന് ഡെസ്ക്