തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ചു കഴക്കൂട്ടത്തെ ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ. അയ്യപ്പവിശ്വാസികളെ ദ്രോഹിച്ചതുമായി ബന്ധപ്പെട്ട് ഒരു നീറ്റൽ കൊണ്ട് നടക്കുന്ന വോട്ടർമാരുടെ കൂടി വോട്ട് ഇത്തവണ എൻഡിഎയ്ക്ക് ലഭിച്ചെന്ന് വിശ്വസിക്കുന്നതായി ശോഭ സുരേന്ദ്രൻ പറഞ്ഞു. വിശ്വാസവുമായി ബന്ധപ്പെട്ട് വോട്ടെടുപ്പ് ദിവസമായ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് ബുദ്ധിക്ക് നിരക്കുന്നതല്ല. മുഖ്യമന്ത്രി അയ്യപ്പനെ ഭയപ്പെട്ടു. ഒരു ഘട്ടത്തിൽ അയ്യപ്പന്റെ ശാപം കിട്ടുമോ എന്ന് കൂടി മുഖ്യമന്ത്രിക്ക് തോന്നിയതായി ശോഭാ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

'മുഖ്യമന്ത്രി അയ്യപ്പനെ ഭയപ്പെട്ടു. ഒരു ഘട്ടത്തിൽ അയ്യപ്പന്റെ ശാപം കിട്ടുമോ എന്ന് കൂടി അദ്ദേഹത്തിന് തോന്നി. എത്ര വലിയ യുക്തിവാദി ആണ് എന്ന് പുറത്തേയ്ക്ക് പറഞ്ഞാലും ഞാൻ കേട്ടിട്ടുള്ളത് മുഖ്യമന്ത്രിയുടെ ഭാര്യ മുഖ്യമന്ത്രിയുടെ പേരിൽ അമ്പലപ്പുഴയിൽ പാൽപായസം വഴിപാടായി ചെയ്യാൻ ഒരാളെ ഏൽപ്പിച്ചിട്ടുണ്ട് എന്നതാണ്. അത് അവരുടെ സ്വകാര്യ വിഷയമാണ്. എനിക്ക് അതിൽ സന്തോഷം മാത്രമേയുള്ളു. ഒരു കാര്യം ഉറപ്പാണ്. മുഖ്യമന്ത്രി അയ്യപ്പസ്വാമിയുടെ പേരിൽ സാഷ്ടാംഗം നമസ്‌കരിക്കുന്ന കാഴ്ചയാണ് കണ്ടത്. ദേവഗണങ്ങൾ തങ്ങളുടെ കൂടെയുണ്ട് എന്ന് പറയുമ്പോൾ അയ്യപ്പനെ ഭയപ്പെട്ടു എന്നത് തന്നെയാണ് വ്യക്തമാകുന്നത്. എന്നാൽ ഇടതുപക്ഷത്തിന്റെ കൂടെ അസുരന്മാർ മാത്രമേയുള്ളൂ'- ശോഭാ സുരേന്ദ്രൻ പറയുന്നു.

മന്ത്രി കടകംപള്ളി സുരേന്ദ്രനെ പോലെ ഒരു കാപട്യക്കാരനെ താൻ ഇതുവരെ കണ്ടിട്ടില്ലെന്ന് ശോഭാ സുരേന്ദ്രൻ ആരോപിച്ചു. വോട്ടെടുപ്പ് ദിനത്തിൽ കഴക്കൂട്ടം കാട്ടായിക്കോണത്ത് നടന്ന സംഘർഷത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായാണ് ശോഭാ സുരേന്ദ്രൻ രംഗത്തുവന്നത്. കാട്ടായിക്കോണം സംഘർഷം തന്നെ കുരുക്കാൻ വേണ്ടി ഉണ്ടാക്കിയതാണെന്നും കേന്ദ്ര ഇടപെടൽ കൊണ്ടാണ് നടപടിക്ക് പൊലീസ് തയ്യാറായതെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. ഇഞ്ചോടിച്ച് പോരാട്ടം നടന്ന കഴക്കൂട്ടം മണ്ഡലത്തിൽ കടംപള്ളിയുടെ എതിർ സ്ഥാനാർത്ഥിയാണ് ശോഭാ സുരേന്ദ്രൻ.

'കടകംപള്ളിയുടെ ജോലി ചെയ്യുന്നവരല്ല കേരളത്തിലെ പൊലീസുകാർ. കടകംപള്ളിക്ക് ഒരു ധാരണയുണ്ട്. ഞാൻ ഫോൺ ചെയ്ത് പറഞ്ഞാൽ സർക്കിൾ ഇൻസ്പെക്ടർ തൊപ്പി ഊരി ഏരിയ സെക്രട്ടറിയുടെ തലയിൽ വച്ചു കൊടുക്കുമെന്ന്. അത്തരത്തിലുള്ള ധാരണ ഒന്നും വേണ്ട. ഞങ്ങൾ കേന്ദ്രവുമായി ബന്ധപ്പെട്ടു . കേന്ദ്ര ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ടു. കേന്ദ്രത്തിന്റെ ഒബ്സർവറെ വിളിച്ചു. സംസ്ഥാനത്തിന്റെ നിരീക്ഷകനെ വിളിച്ചു. ടിക്കാറാം മീണയെ നേരിൽ വിളിച്ചു.ഈ ചെയ്തികൾക്കെല്ലാം കൂട്ടുനിൽക്കുന്നവരെ സംരക്ഷിക്കുന്ന സർക്കിൾ ഇൻസ്പെക്ടർക്കും ഡിവൈഎസ്‌പിക്കും മറ്റു മാർഗമില്ല.

പിടിച്ചു കൊണ്ടുപോയതിന്റെ പേരിൽ സർക്കിൾ ഇൻസ്പെക്ടറോട് തട്ടിക്കയറുകയാണ്. നിങ്ങൾ എങ്ങനെയാണ് ഈ പ്രതികളെ പിടിച്ചത്്?. എന്താണ് ഇതിന് അർത്ഥം. കടകംപള്ളി എന്താണ് വിചാരിച്ചിട്ടുള്ളത്. കടകംപള്ളി സുരേന്ദ്രൻ എന്ന വ്യക്തി നിയമത്തിന് അതീതനാണോ. അദ്ദേഹം ഇങ്ങനെ ഒരു ഗുണ്ടാസംഘത്തിന് നേതൃത്വം കൊടുക്കുകയാണെങ്കിൽ കൊടി സുനി എന്ന് പേരുമാറ്റിയാൽ മതി. കടകംപള്ളി പേരുമാറ്റണം'- ശോഭാ സുരേന്ദ്രന്റെ വാക്കുകൾ ഇങ്ങനെ.

താഴെ തട്ടിൽ പ്രവർത്തനം നടന്നത് എണ്ണയിട്ട യന്ത്രം പോലെയായിരുവെന്നും യുഡിഎഫ് വോട്ടുകൾ ബിജെപിക്ക് കിട്ടുമെന്ന് ശോഭ പറഞ്ഞു. ബിജെപിയുടെ ഓരോ വോട്ടും ഇരുമ്പുമറ കെട്ടി സംരക്ഷിച്ച് ഉറപ്പാക്കിയിട്ടുണ്ട്. കെ സുരേന്ദ്രനോട് സ്നേഹമുള്ള സഖാക്കൾ മഞ്ചേശ്വരത്ത് സുരേന്ദ്രന് വോട്ട് ചെയ്ത് കാണുവെന്നും ശോഭാ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.