തിരുവനന്തപുരം: ഇടതുപാളയത്തിലേക്ക് കൂറുമാറിയ മുൻ എംഎൽഎ ശോഭന ജോർജ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ തുറന്ന വിമർശനവുമായി രംഗത്തെത്തി. തന്നെ ഏറ്റവുമധികം വേട്ടയാടിയത് കെപിസിസി മുൻ അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ ചെന്നിത്തലയാണെന്ന് ശോഭനാ ജോർജ് ആരോപിച്ചു. വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശോഭനാ ജോർജ് ആരോപണം ഉന്നയിച്ചത്.

പാർട്ടിയിൽ മടങ്ങി എത്തിയ ശേഷം രമേശ് തനിക്ക് അർഹമായ പരിഗണന നൽകിയില്ല. രമേശിന്റെ ലക്ഷ്യം താനോ ലീഡറോ ആരായിരുന്നെന്ന് അറിയില്ലെന്നും ശോഭനാ ജോർജ് പറഞ്ഞു. ചെങ്ങന്നൂർ മുൻ എംഎ‍ൽഎ ആയിരുന്ന ശോഭനാ ജോർജ് അടുത്തിടെ പാർട്ടി വിട്ട് ഇടതുമുന്നണിയിൽ ചേർന്നിരുന്നു. ചെങ്ങന്നൂരിൽ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് കൺവൻഷനിൽ പങ്കെടുത്ത ശോഭന ഇടതു സ്ഥാനാർത്ഥിക്ക് വേണ്ടി പ്രവർത്തിക്കുമെന്നും വ്യക്തമാക്കി.

കെ. കരുണാകരൻ കോൺഗ്രസ് വിട്ട് ഡി.ഐ.സി രൂപീകരിച്ചപ്പോൾ അദ്ദേഹത്തിനൊപ്പമായിരുന്നു ശോഭനാ ജോർജ്. പിന്നീട് കരുണാകരൻ കോൺഗ്രസിൽ മടങ്ങിയെത്തിയപ്പോൾ ശോഭനയും കോൺഗ്രസിൽ മടങ്ങിയെത്തി. എന്നാൽ മടങ്ങി എത്തിക്കഴിഞ്ഞ് ശോഭനാ ജോർജിന് പാർട്ടിയിൽ കാര്യമായ പരിഗണന ലഭിച്ചില്ല.

1991 മുതൽ തുടർച്ചയായി മൂന്ന് തവണ ചെങ്ങന്നൂരിൽ ശോഭന ജോർജ് ജയിച്ചു. 2006ൽ ശോഭന ജോർജിന്റെ സീറ്റിൽ പിസി വിഷ്ണുനാഥിനെ മൽസരിപ്പിക്കാൻ കോൺഗ്രസ് തീരുമാനിച്ചതോടെയാണ് അവർ പാർട്ടിയുമായി അകന്നത്. തൊട്ടുപിന്നാലെ വ്യാജ രേഖാ കേസ് കൂടി വന്നതോടെ ശോഭനയോട് നേതൃത്വത്തിന് അനിഷ്ടമായി. പിന്നീട് പാർട്ടിയുമായി തീർത്തും അകന്ന അവർ 2016ൽ സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായതോടെ വിഷ്ണുനാഥിനെതിരെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മൽസരിച്ചു. തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തു. പക്ഷേ വിമതയായി മൽസരിച്ച ശോഭനയ്ക്ക് 3966 വോട്ട് മാത്രമേ നേടാൻ സാധിച്ചുള്ളൂ.

ശോഭന ജോർജ് ഉൾപ്പെട്ട വ്യാജരേഖാ കേസ് കേരള രാഷ്ട്രീയത്തെ ഇളക്കിമറിച്ചിരുന്നു. ഈ കേസിൽ ഒന്നാം പ്രതിയായി ശോഭനയുടെ പേര് വന്നതോടെയാണ് പാർട്ടി നേതൃത്വത്തിന് അവർ അനഭിമതയായതെന്നാണ് കണക്കാക്കുന്നത്. മന്ത്രിയായിരുന്ന കെവി തോമസിന്റെ പ്രതിച്ഛായ തകർക്കാൻ, അദ്ദേഹത്തെ 332 കോടിയുടെ ഹവാല ഇടപാടുമായി ബന്ധപ്പെടുത്തി ഇന്റലിജൻസ് ഡിജിപിയുടെ പേരിൽ വ്യാജരേഖ ചമച്ചുവെന്നായിരുന്നു കേസ്. മന്ത്രിയുടെ പ്രതിഛായ തകർത്ത് മന്ത്രിപദം കരസ്ഥമാക്കാൻ ശോഭന കളിച്ചുവെന്നായിരുന്നു ആരോപണം. ക്രൈം ബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസിൽ ഏഴ് പ്രതികളാണുണ്ടായിരുന്നത്. കോൺഗ്രസ് നേതാവ് കെ കരുണാകരന്റെ അടുത്തയാളായി അറിയപ്പെട്ട വ്യക്തിയായിരുന്നു ശോഭന.

എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ കൺവെൻഷനിൽ വേദി പങ്കിട്ടതോടെ ശോഭനയുടെ ചേരിമാറ്റം പൂർണമായി. ചെങ്ങന്നൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാനുവേണ്ടിയുള്ള പ്രചാരണ പരിപാടിയിലാണ് ശോഭനാ ജോർജ് പങ്കെടുത്തത്.

മുഖ്യമന്ത്രി പിണറായി വിജയനാണ് തിരഞ്ഞെടുപ്പ് പ്രചാരണ കൺവെൻഷൻ ഉദ്ഘാടനം ചെയ്തത്. ചെങ്ങന്നൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാനുവേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് ശോഭനാ ജോർജ് നേരത്തെ വ്യക്തമാക്കിയിരുന്നു.സജി ചെറിയാനെ സിപിഎം സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ശേഷം ശോഭന ജോർജിന്റെ വീട്ടിലെത്തി സജി ചെറിയാനും കോടിയേരിയും ചർച്ചനടത്തിയിരുന്നു.