ആലപ്പുഴ: സീറ്റുമോഹികളുടെ നീണ്ട ക്യൂ തന്നെ പൊതുവിൽ കോൺഗ്രസിൽ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഉണ്ടാകാറുണ്ട്. അതുവരെ ജനങ്ങളെ തിരിഞ്ഞു നോക്കാത്ത നേതാക്കളും സീറ്റു മോഹിച്ച് എത്തും. അത്തരത്തിലാണ് ശോഭനാ ജോർജ്ജിന്റെ സ്ഥാനം. മുമ്പ് കെ കരുണാകരന്റെ വിശ്വസ്തയായി നേതാവായ ശോഭാന ജോർജ്ജ് എംഎൽഎയുമായിട്ടുണ്ട്. പിന്നീട് പാർട്ടിക്ക് പുറത്തുപോയി ഡിഐസികെയും മറ്റു കക്ഷിയെല്ലാം കഴിഞ്ഞാണ് രാഷ്ട്രീയ നാടകം കളിച്ച് കോൺഗ്രസിൽ തിരിച്ചെത്തിയത്. എന്നാൽ ഒരു നേതാക്കൾക്കും ശോഭനയെ സ്ഥാനാർത്ഥിയാക്കുന്നതിന് താൽപ്പര്യമില്ല. അതോടെ ചെങ്ങന്നൂരിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് രംഗത്തു വന്നിരിക്കയാണ് ശോഭനാ ജോർജ്ജ്. ഇതോടെ തള്ളിക്കയറ്റിയ നേതാക്കളുടെ ജനപിന്തുണ എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്. യുഡിഎഫിനുവേണ്ടി കോൺഗ്രസിലെ പി.സി. വിഷ്ണുനാഥ് വീണ്ടും മത്സരിക്കുമെന്ന് ഉറപ്പായതോടെയാണു ശോഭന മത്സരരംഗത്തുണ്ടാകുമെന്നു വെളിപ്പെടുത്തിയത്.

കഴിഞ്ഞ 10 വർഷമായി പാർട്ടി നൽകിയ ഉറപ്പുകൾ പാലിക്കുമെന്ന് പ്രതീക്ഷിച്ച് കാത്തിരിക്കുകയായിരുന്നെന്നും ഇനി തനിക്ക് മാറിനിൽക്കാൻ കഴിയില്ലെന്നുമാണു ശോഭനയുടെ നിലപാട്. മണ്ഡലത്തിലെ ജനങ്ങളിൽ നിന്നു മത്സരിക്കാൻ കടുത്ത സമ്മർദം ഉണ്ടായിട്ടുണ്ടെന്നും ശോഭന പറയുന്നു. എൽഡിഎഫിന്റെ പിന്തുണ ശോഭന പ്രതീക്ഷിച്ചിരുന്നെങ്കിലും സിപിഐ(എം) ജില്ലാ നേതൃത്വം അതു തള്ളി. പാർട്ടി ചിഹ്നത്തിൽ ചെങ്ങന്നൂരിൽ സ്ഥാനാർത്ഥിയുണ്ടാകുമെന്നാണു ജില്ലാ സെക്രട്ടറി സജി ചെറിയാൻ പ്രതികരിച്ചത്.

കോൺഗ്രസ് വിമതയായി ശോഭന വരുന്നതും ബിജെപി മുതിർന്ന നേതാവ് അഡ്വ. പി.എസ്. ശ്രീധരൻ പിള്ളയെ രംഗത്തിറക്കിയതും യു.ഡി.എഫ് വോട്ട്ബാങ്കുകളിൽ വിള്ളൽ വീഴ്‌ത്തുമെന്നും അത് എൽ.ഡി.എഫിന് അനുകൂലമാകുമെന്നാണു സിപിഐ(എം) ജില്ലാ നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. എന്നാൽ ജയിക്കാനാണ് തങ്ങൾ മത്സരിക്കുന്നതെന്നും ചെങ്ങന്നൂരിനെ ഇളക്കി മറിക്കുന്ന പ്രചാരണങ്ങളാകും വരുന്ന ആഴ്ചകളിൽ ഉണ്ടാകുകയെന്നും ബിജെപി നേതാക്കൾ പറയുന്നു.

എതിരാളികളുടെ ചിത്രം വ്യക്തമാകുമ്പോഴും പി.സി. വിഷ്ണുനാഥും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. യുഡി.എഫ് ജില്ലാ ഉപസമിതി കെപിസിസിക്ക് സമർപിച്ച സാധ്യതാ പട്ടികയിൽ ചെങ്ങന്നൂരിൽ നിന്നു വിഷ്ണുനാഥ് മാത്രമാണുള്ളത്. 2011 ൽ സി പി എമ്മിലെ വനിതാ പ്രമുഖ അഡ്വ. സി എസ് സുജാത ചെങ്ങന്നൂരിൽ പി സി വിഷ്ണുനാഥിനോട് തോറ്റത് 12000 വോട്ടുകൾക്കാണ്. എന്നാൽ 2006 ൽ സജി ചെറിയാൻ തോറ്റത് വെറും 2000 വോട്ടുകൾക്കും.

ചെങ്ങന്നൂരിൽ ശോഭനയ്ക്ക് അത്ര ഇമേജുള്ള സാഹചര്യമല്ലെന്ന് ബ്രാഞ്ച്, ഏരിയ കമ്മിറ്റികൾ നേതൃത്വത്തെ നേരത്തെ തന്നെ സിപിഐ(എം) നേതൃത്വത്തെ അറിയിച്ചിരുന്നു. കോൺഗ്രസ് ലീഡർ കരുണാകരൻ രൂപീകരിച്ച ഡിഐസി കോൺഗ്രസിലേക്ക് ചുവടുമാറ്റം നടത്തിയ ശേഷം ശോഭനയ്ക്ക് രാഷ്ട്രീയമായി ഉയർത്തെഴുന്നേൽക്കാൻ കഴിഞ്ഞിരുന്നില്ല.

മാത്രമല്ല പാർട്ടിയുണ്ടാക്കിയ കരുണാകരൻ തിരിച്ച് കോൺഗ്രസിൽ പ്രവേശിച്ചിട്ടും ശോഭനയ്ക്ക് പ്രവേശനം അത്ര എളുപ്പമായില്ല. പിന്നീട് മനംമടുത്ത ശോഭന ബിജെപിയുമായി ചില ചങ്ങാത്തങ്ങൾ സ്ഥാപിച്ചിരുന്നു. ബിജെപി നടത്തിയ പല ജനകീയ സമരങ്ങളിലും ശോഭന മുൻപന്തിയിൽ നിന്നിരുന്നു. പല ബിജെപി നേതാക്കളുമായി അവരുടെ സമ്മേളനങ്ങളിൽ വേദി പങ്കിട്ടിരുന്നു. സീറ്റു മാത്രം ലക്ഷ്യമിട്ട് ബിജെപിയുമായി ചങ്ങാത്തത്തിലെത്തിയ ശോഭനയെ ബിജെപിയും തിരിച്ചറിഞ്ഞതോടെ കൈവിട്ടു.

പിന്നീട് ഇടതുമുന്നണിയുമായി കൂട്ടുചേർന്ന് ചില സന്നദ്ധപ്രവർത്തനങ്ങൾ നടത്തി സമൂഹമധ്യത്തിൽ സമീപകാലത്ത് നിറഞ്ഞുനിന്നെങ്കിലും ശോഭനയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ ജനം തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. ഇതോടെയാണ് ശോഭനയുടെ സീറ്റ്‌മോഹം അവതാളത്തിലായത്.