തിരുവനന്തപുരം: അവസാന നിമിഷത്തെ സോപ്പിടലിൽ ശോഭനാ ജോർജ്ജ് പിന്മാറിയില്ലെങ്കിൽ അവരെ അനുകൂലിക്കുന്ന എത്രപേർ ചെങ്ങന്നൂർ നിയമസഭാ മണ്ഡലത്തിൽ ഉണ്ടെന്ന കാര്യം വ്യക്തമാകും. കഴിഞ്ഞ തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിലേതിന് സമാനമായ രീതിയിൽ ചെങ്ങന്നൂരിലെ റിബൽ സ്ഥാനാർത്ഥിയായി രംഗപ്രവേശനം ചെയ്യാൻ ഒരുങ്ങുകയാണ് കോൺഗ്രസ് നേതാവ് ശോഭനാ ജോർജ്ജ്. മത്സരിക്കാൻ അനുമതി നിഷേധിച്ച നിലപാടിൽ പ്രതിഷേധിച്ചാണ് മത്സരിക്കാൻ ഒരുങ്ങുന്നത്. ഇവിടെ വീണ്ടും വിഷ്ണുനാഥ് തന്നെയ്ാണ് മത്സരിക്കുക എന്ന് ഉറപ്പായ സാഹചര്ത്തിലാണ് റിബലായി ശോഭനയുടെ രംഗപ്രവേശം.

കോൺഗ്രസ് സീറ്റു നൽകുമെന്ന് പ്രതീക്ഷിച്ചിരുന്ന ശോഭാനാ ജോർജ്ജിന് വിനയായത് പല വള്ളത്തിൽ കലുവച്ചതാണ്. ശോഭന ഇടതു സ്വതന്ത്ര്യയായി രംഗത്തെത്തുമെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ, അത് തെറ്റാണെന്ന് വ്യക്തമാകുകയും ചെയ്തു. പിന്നീട് ബിജെപിയിലേക്കും ഒരു കണ്ണെറിഞ്ഞു ശോഭന. അതും വിജയിക്കാതെ വന്നതോടെയാണ് ശോഭനാ ജോർജ്ജ് ഒറ്റയ്ക്ക് മത്സരിക്കാൻ തയ്യാറെടുക്കുന്നത്. തെരഞ്ഞെടുപ്പിൽ പ്രചരണവും തുടങ്ങിയിട്ടുണ്ട്.

സ്വന്തെ അനുയായികളെ കൊണ്ട് പോസ്റ്ററൊട്ടിച്ച് കോൺഗ്രസ് നേതൃത്വത്തിൽ നിന്നും എന്തെങ്കിലും ഉറപ്പു വാങ്ങുക എന്നതാണ് ശോഭനാ ജോർജ്ജിന്റെ ലക്ഷ്യം. വിജയിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും അവർ പറയുന്നു. അതേസമയം അവസാന നിമിഷം ശോഭന പിന്മാറുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ. യുഡിഎഫ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വിഷണുനാഥിനു തന്നെയാണ് സാധ്യത. മറ്റൊരു പേരും നേതൃത്വത്തിനു മുന്നിലില്ല. രാമചന്ദ്രൻനായരാണ് സിപിഐ(എം) സ്ഥാനാർത്ഥി. ഇവിടെ അഡ്വ. പി.എസ്.ശ്രീധരൻപിള്ളയാണ് ബിജെപി സ്ഥാനാർത്ഥി. ബിജെപിക്ക് ഏറെ പ്രതീക്ഷയുള്ള മണ്ഡലമാണ് ഇത്.

'നാട്ടുകാരിക്ക് ഒരു വോട്ട്' എന്ന വാചകത്തോടെയാണ് ശോഭനാ ജോർജിന്റെ പോസ്റ്ററുകൾ മണ്ഡലത്തിൽ പതിച്ചു തുടങ്ങിയത്. കൊട്ടാരക്കര പുത്തൂർ സ്വദേശിയായ വിഷ്ണുനാഥിനെതിരെയാണ് പരോക്ഷ വിമർശനം. മിഷൻ ചെങ്ങന്നൂരെന്ന പേരിലും പോസ്റ്ററുകൾ സ്ഥാപിക്കുന്നുണ്ട്. ശോഭനാ ജോർജ് മൂന്നു തവണ ചെങ്ങന്നൂരിനെ നിയമസഭയിൽ പ്രതിനിധീകരിച്ചിട്ടുണ്ട്.

1991ലായിരുന്നു ആദ്യ മത്സരം. അന്ന് ശോഭനാ ജോർജ് മാമൻ ഐപ്പിനെ(ഐസിഎസ്) 15,703 വോട്ടുകൾക്കു പരാജയപ്പെടുത്തി. 1996ൽ ശോഭനാ ജോർജ് 3102 വോട്ടുകൾക്ക് മാമൻ ഐപ്പിനെ പരാജയപ്പെടുത്തി മണ്ഡലം നിലനിർത്തി. 2001ൽ ശോഭനാ ജോർജ് സിപിഎമ്മിലെ രാമചന്ദ്രൻ നായരെ 1,465 വോട്ടുകൾക്ക് തോൽപിച്ചു വിജയം ആവർത്തിച്ചു. എന്നാൽ, 2006ലെ തിരഞ്ഞെടുപ്പിൽ ശോഭനാജോർജിന് സീറ്റ് നിഷേധിച്ചു. 2006ൽ ചെങ്ങന്നൂരിൽനിന്ന് മത്സരിച്ച വിഷ്ണുനാഥ് 5,132 വോട്ടുകൾക്ക് സിപിഎമ്മിലെ സജി ചെറിയാനെ തോൽപിച്ചു. 2011ൽ വിഷ്ണുനാഥ് ഭൂരിപക്ഷം ഇരട്ടിയാക്കി.

  • നാളെ ദുഃഖ വെള്ളി(25.03.2016) പ്രമാണിച്ച് ഓഫീസിന് അവധി ആയതിനാൽ മറുനാടൻ മലയാളി അപ്‌ഡേഷൻ ഉണ്ടായിരിക്കുന്നതല്ല: എഡിറ്റർ