മെൽബണിലെ കരോളിൻ സ്പ്രിങ്‌സിൽ കൊല്ലപ്പെട്ട മലയാളിയായ സോബിൻ സെബാസ്റ്റ്യന്റെ മൃതദേഹം ഉടൻ നാട്ടിലെത്തിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. മലയാളി സമൂഹത്തിന്റെ ശ്രമ ഫലമായി കൊടിക്കുന്നേൽ സുരേഷ് എംപിയും നോർക്ക ഗ്രൂപ്പും ഇടപെട്ടാണ് സോബിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നത്.

സോബിന്റെ മരണത്തിന് ഉത്തരവാദികളായ പ്രതികളെ കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കി. ഓസ്‌ട്രേലിയൻ പൗരന്മാരായ പീറ്റർ ഡിമിസ്‌ത്രോസ്, റോബർട്ട് ഡിമിസ്‌ത്രോ, എന്നീ സഹോദരമാരെയും സെന്റ് ആൽബസ് സ്വദേശിയായ ജോൺ പീയേഴ്‌സ് എന്നിവരെയാണ് ചൊവ്വാഴ്‌ച്ച കോടതിയിൽ ഹാജരാക്കിയത്.

എന്നാൽ മലയാളിയായിരുന്നിട്ടും മലയാളി സംസ്‌കാരം മറന്ന് ജീവിട്ടിരുന്നയാളാണ് സോബിനെന്നാണ് മലയാളി സമൂഹത്തിൽ നിന്നും ലഭിക്കുന്നവിവരം. ആഫ്രിക്കൻ-അമേരിക്കൻ മോഡലിൽ നടന്നിരുന്ന സോബിൻ 'ഐക്കൺ' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നതെന്ന് സൃഹൃത്തുക്കൾ പറഞ്ഞു.

2008 ൽ ചങ്ങനാശേരി എസ്ബി ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നും പഠനം പൂർത്തിയാക്കി മെൽബണിലെ ബ്രൈറ്റൺ ഇൻസ്റ്റിറ്റ്യൂട്ടിൽ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റിന് എത്തിയതായിരുന്നു സോബിൻ. ചങ്ങനാശേരി ഇത്തിത്താനം കടുമറ്റത്തിൽ കെ.ജെ സെബാസ്റ്റ്യന്റെ മകനാണ് സോബിൻ സെബാസ്റ്റ്യൻ.

ഒക്‌ടോബർ 11 ന് (ശനി) ആണ് സോബിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കരോളിൻ സ്പ്രിങ്‌സിലെ റോസില്ലാ കൃഡന്റിൽ പുലർച്ചെ 3.20ന് ബഹളം കേട്ടതിനെത്തുടർന്ന് അയൽക്കാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിൽ വീടിനുള്ളിൽ തലയ്ക്കടിയേറ്റ് മരിച്ചുകിടക്കുന്ന സോബിനെ കണ്ടെത്തുകയായിരുന്നു. പൊലീസിന്റെ അന്വേഷണത്തിൽ ഓസ്‌ട്രേലിയക്കാരായ ജോൺ പീയേഴ്‌സ് (66), പീറ്റർ ഡ്രിമിസ്‌ത്രോസി (28), റോബർട്ട് ഡ്രിമിഡ് ത്രോസി (21) എന്നിവരെ അറസ്റ്റു ചെയ്യുകയായിരുന്നു.