- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഗഡ്കരിയെയും സ്മൃതി ഇറാനിയെും പോലെ ഞാനും വിഐപി ആയല്ലോ.. ഭാഗ്യം! ഭീമ കൊറേഗ്വാവ് തടവുകാരെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകനെന്ന നിലയിൽ സമരം ചെയ്തിരുന്നു; ഇതാകാം തന്റെ ഫോൺ ചോർത്തലിലേക്ക് എത്തിയത്'; പെഗസ്സസ് ചോർത്തൽ ലിസ്റ്റിൽ പെട്ട മലയാളി ജെയ്സൺ കൂപ്പർ പറയുന്നു
കൊച്ചി: 'കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, സ്മൃതി ഇറാനി എന്നിവരുടെയൊക്കെ ഫോൺ ചോർത്തിയല്ലോ, അതുപോലെ വി.ഐ.പി.യായി എന്നെയും പരിഗണിച്ചതാണ് ഭാഗ്യം.... പെഗസ്സസിന്റെ ഫോൺ ചോർത്തൽ ലിസ്റ്റിൽ പെട്ടതിനെ കുറിച്ച് മലയാളി 'ജെയ്സൺ കൂപ്പർ തമാശയോടെ പറയുന്നത് ഇക്കാര്യമാണ്. മനുഷ്യാവകാശ പ്രവർത്തകനായാണ് പള്ളുരുത്തി സ്വദേശി ജെയ്സൺ കൂപ്പർ അറിയപ്പടെുന്ന്ത.
പെഗസ്സസ് വഴി കേരളത്തിൽനിന്നുള്ള രണ്ടുപേരുടെ ഫോണുകൾ ചോർത്തിയെന്നാണ് വിവരം. പത്രപ്രവർത്തകനായ ഗോപീകൃഷ്ണനും ജെയ്സണുമാണ് ഇവർ. സംസ്ഥാന ഇൻഷുറൻസ് വകുപ്പിൽ ജീവനക്കാരനാണ് ജെയ്സൺ. ചെല്ലാനത്ത് കടലോരവാസികൾ നടത്തുന്ന സമരങ്ങളിലും ജെയ്സൺ പങ്കാളിയാണ്. 2015-ൽ മാവോബന്ധം ആരോപിച്ച് യു.എ.പി.എ. നിയമപ്രകാരം ജെയ്സനെ അറസ്റ്റ് ചെയ്തിരുന്നു. 47 ദിവസം ജയിലിൽ കിടന്നു. വർഷം ആറു കഴിഞ്ഞിട്ടും ഈ കേസിൽ കുറ്റപത്രം നൽകിയിട്ടില്ല. അന്ന് സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു. കോടതിവഴിയാണ് തിരികെ ജോലിയിൽ പ്രവേശിച്ചത്. മുമ്പ് പത്രപ്രവർത്തകനായിരുന്നു.
ഫോൺ ചോർത്തലിനെ കുറിച്ചുള്ള അന്വേഷണം നടത്തിയ മാധ്യമങ്ങളാണ് ഈ വിവരം തന്നെ നേരത്തെ അറിയിച്ചതെന്ന് മനുഷ്യാവകാശ പ്രവർത്തകൻ ജെയ്സൺ സി കൂപ്പർ പ്രതികരിച്ചു. 'ഭീമ കൊറേഗ്വാവ് തടവുകാരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് അടക്കം മനുഷ്യാവകാശ പ്രവർത്തകനെന്ന നിലയിൽ സമരം ചെയ്തിരുന്നു. ഇതാകാം തന്റെ ഫോൺ ചോർത്തലിലേക്ക് എത്തിയത്'.
'കൊറേഗ്വാവ് കേസിൽ ജയിലിൽ കഴിയുന്ന റോണ വിൽസന്റെയും സുരേന്ദ്ര ഗാഡ്ലിന്റെയും അടക്കം ലാപ്ടോപ്പുകളിൽ സാമനമായ രീതിയിൽ സോഫ്റ്റ്വെയറുകൾ ഉപയോഗിച്ച് ഫയലുകൾ ഇൻസ്റ്റാൾ ചെയ്ത വിവരം നേരത്തെ പുറത്തുവന്നിരുന്നു. അമേരിക്കയിൽ നിന്നുള്ള കമ്പനിയാണ് ഈ വിവരം പുറത്ത് വിട്ടത്. പക്ഷേ ഇന്ത്യയിലെ കോടതികൾ ഇത് മുഖവിലയ്ക്കെടുത്തിട്ടില്ല'. സർക്കാർ ഫോൺ ചോർച്ച നിഷേധിച്ചാലും അതിലെ വസ്തുത നിലനിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതെല്ലാം പ്രതീക്ഷിക്കുന്നതാണ്. ഇന്ത്യയിലെ ഭരണകൂടം ഇതും ഇതിനപ്പുറവും ചെയ്യുമെന്ന് അറിയുന്ന കാര്യം തന്നെയാണ്. ഇപ്പോൾ അത് നടന്നിരിക്കുന്നു. ഞങ്ങളെ സംബന്ധിച്ചിടത്തോളം സുതാര്യമായും ജനാധിപത്യപരമായിട്ടുമാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. വേറെ രഹസ്യപ്രവർത്തനങ്ങളൊന്നുമില്ല. എല്ലാം പരസ്യമാണ്. കേന്ദ്ര സർക്കാരിന് അലോസരമുണ്ടാക്കുന്ന പ്രവർത്തനങ്ങൾ ചെയ്യുന്നു എന്നുള്ളതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. യു.എ.പി.എ. പോലുള്ള ഭീകര പ്രവർത്തനങ്ങൾക്കെതിരെ, അവരുടെ തെറ്റായ നയങ്ങൾക്കെതിരായ സമരങ്ങളിലൊക്കെ നമ്മൾ പങ്കെടുക്കുന്നു എന്നുള്ളതുകൊണ്ടു കൂടിയാണ് അവരിത് ചെയ്യുന്നത് എന്ന് വേണം കരുതാൻ. ഇന്ത്യയിൽ ഇത് വ്യാപകമായി നടന്നിരിക്കുകയാണല്ലോ. സ്വന്തം സഹപ്രവർത്തകരുടെ ഫോൺ പോലും ചോർത്തിയിട്ടുണ്ട്,' ജയ്സൺ സി. കൂപ്പർ വ്യക്തമാക്കി.
'സുപ്രീം കോടതി ജഡ്ജിയുടെ ഫോൺ അടക്കം ചോർത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. അങ്ങനൊരു സാഹചര്യത്തിൽ നിയമനടപടി പോലും അത്ര എളുപ്പമുള്ള കാര്യമാണെന്ന് വിശ്വസിക്കുന്നില്ല. മാത്രമല്ല, ഇതിനു മുമ്പ് ഭീമ കൊറേഗാവ് കേസിൽപ്പെട്ട റോണ വിൽസന്റെയും സുരേന്ദ്ര ഗാഡ്ലിംഗിന്റെയുമൊക്കെ ലാപ്ടോപ്പുകളിൽ ഇതുപോലുള്ള പ്രവർത്തനങ്ങളും മറ്റു നടന്നിട്ടുണ്ട് എന്നുള്ള റിപ്പോർട്ടുകളും തെളിവ് സഹിതം വന്നിട്ടുള്ളതാണ്. എന്നിട്ടും ഇന്ത്യയിലെ കോടതികൾ അതൊന്നും ഗൗരവത്തിൽ എടുത്തിട്ടില്ല. അത്തരത്തിലൊരു കോടതിയിലേക്കാണ് പരാതിയുമായിട്ട് പോകേണ്ടത് എന്ന യാഥാർത്ഥ്യമുണ്ട്. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയൊന്നുമില്ല,' അദ്ദേഹം പറഞ്ഞു.
സാധ്യമായ നിയമനടപടികൾ കൈക്കൊള്ളും. അതിനപ്പുറത്തേക്ക് പുരോഗമന ജനാധിപത്യ മൂല്യങ്ങളുണ്ട് എന്ന് വിശ്വസിക്കുന്ന ജനങ്ങളുടെ പ്രതിരോധമാണ് ഇത്തരം കാര്യങ്ങൾക്ക് ഉയർന്നുവരേണ്ടതെന്നും ജയ്സൺ സി. കൂപ്പർ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസമാണ് മോദി സർക്കാരിലെ നിലവിലുള്ള രണ്ട് മന്ത്രിമാരുടേയും മൂന്ന് പ്രതിപക്ഷ നേതാക്കളുടേയും നാൽപ്പത്തിലേറെ മാധ്യമപ്രവർത്തകരുടേയും മനുഷ്യാവകാശ പ്രവർത്തകരുടെയും ചില വ്യവസായികളുടേയും ഉൾപ്പെടെയുള്ള ഫോണുകളും ചോർത്തിയതായുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നത്.
പെഗസ്സസ് എന്ന ഇസ്രഈൽ നിർമ്മിത ചാര സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് ഇന്ത്യയിലെ സമുന്നതരുടേ ഫോൺ ചോർത്തിയത്. രാജ്യത്തെ പ്രധാനപ്പെട്ട മാധ്യമസ്ഥാപനങ്ങളായ ഹിന്ദുസ്ഥാൻ ടൈംസ്, ദി വയർ, ഇന്ത്യാ ടുഡേ, നെറ്റ് വർക്ക് 18, ദി ഹിന്ദു, ഇന്ത്യൻ എക്സ്പ്രസ് തുടങ്ങിയ മാധ്യമങ്ങളിലെ ജേർണലിസ്റ്റുകളുടെ ഫോണുകളാണ് ചോർത്തിയിരിക്കുന്നത്.
ഇസ്രഈൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈബർകമ്പനിയായ എൻ.എസ്.ഒ. ഗ്രൂപ്പ് വികസിപ്പിച്ച സോഫ്റ്റ്വെയർ പ്രോഗ്രാമാണ് പെഗസ്സസ്. മൊബൈൽ ഫോണുകളിൽ നുഴഞ്ഞുകയറി പാസ്വേർഡ്, ബന്ധപ്പെടുന്ന ആളുകളുടെ വിവരങ്ങൾ, വന്നതും അയച്ചതുമായ മെസേജുകൾ, ക്യാമറ, മൈക്രോഫോൺ, സഞ്ചാരപഥം, ജി.പി.എസ്. ലോക്കേഷൻ തുടങ്ങി മുഴുവൻ വിവരവും ചോർത്താൻ ഇതിലൂടെ സാധിക്കും.
മറുനാടന് മലയാളി ബ്യൂറോ