കരുനാഗപ്പള്ളി: ഹിന്ദു യുവതിയെ വിവാഹം കഴിച്ച മുസ്ലിം യുവാവിന് പള്ളിക്കമ്മറ്റിയുടെ ഊര് വിലക്ക്. കരുനാഗപ്പള്ളി കോഴിക്കോട് ഇസ്ലാഹുൽ മുസ്ലിമീൻ ജമാ അത്ത് കമ്മറ്റിയാണ് ഊര് വിലക്ക് കൽപ്പിച്ചിരിക്കുന്നത്. ജമാഅത്ത് അംഗമായ അയണിവേലികുളങ്ങര അൻഷാദ് മൻസിലിൽ അബ്ദുൽ സമദിന്റെ മകൻ ബസാമിനെയാണ് ഹിന്ദു യുവതിയെ വിവാഹം കഴിച്ചതിന് ഊരു വിലക്കിയത്. ഊരുവിലക്കിനെതിരെ ഒരു വിഭാഗം പള്ളക്കമ്മറ്റി അംഗങ്ങൾ എതിർപ്പുമായി രംഗത്ത് വന്നു.

ബസാം ഹിന്ദു മതത്തിൽപെട്ട യുവതിയുമായി ഏറെനാളായി പ്രണയത്തിലായിരുന്നു. ഇരുവരുടെയും പ്രണയബന്ധം അറിഞ്ഞ കുടുംബക്കാർ വിവാഹം നടത്തിക്കൊടുത്തു. ഇതോടെയാണ് പള്ളിക്കമ്മറ്റിക്കാർ ഇടഞ്ഞത്. ജമാഅത്തിന്റെ നിയമാവലിക്ക് വിരുദ്ധമായി പ്രവർത്തിച്ചു എന്ന കാരണത്താൽ ബസാമിനോടും കുടുംബത്തോടും പൂർണ്ണനിസ്സഹകരണം പ്രഖ്യാപിച്ചിരിക്കുകയാണ്.

ജമാഅത്തിലേക്ക് നൽകുന്ന മാസവരി ഇവരിൽ നിന്നും സ്വീകരിക്കുകയോ ആനുകൂല്യങ്ങൾ നൽകുകയോ അരുത്. വ്യക്തിപരമായ ആവശ്യങ്ങൾക്കുള്ള സർട്ടിഫിക്കറ്റുകൾ നൽകരുത്. ഭാവിയിൽ ഉണ്ടായേക്കാവുന്ന ആഘോഷ പരിപാടികളിൽ ഉസ്താദുമാരുടെ സാന്നിധ്യം പാടില്ല. ഇത്തരത്തിലുള്ള കാര്യങ്ങൾ വ്യക്തമാക്കി കൊണ്ട് 10 വർഷത്തേക്കാണ് ബസാമിന്റെ കുടുംബത്തിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

അതേസമയം ജമാഅത്ത് ഖബറുസ്ഥാൻ ബസാമിന് അവകാശപ്പെട്ടതാണെന്നും മരണം പോലുള്ള അത്യാഹിതങ്ങൾ സംഭവിച്ചാൽ ഖബറുകുഴിക്കൽ, കുളിപ്പിക്കൽ, കഫൻ ചെയ്യൽ, കബറടക്കൽ ഉൾപ്പെടെയുള്ള മുഴുവൻ കാര്യങ്ങളും ബസാമിന്റെ പിതാവ് സഹോദരങ്ങൾ എന്നിവരിൽ നിക്ഷിപിതമായിരിക്കും എന്നും ജമാ അത്ത് പരിപാലന സമിതി ഇറക്കിയ നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഫെബ്രുവരി പതിനൊന്നിനാണ് ബസാമിന് വിലക്കിക്കൊണ്ടുള്ള പ്രഖ്യാപനം ജമാ അത്ത് കമ്മറ്റി പുറപ്പെടുവിച്ചിരിക്കുന്നത്. പള്ളിക്കമ്മറ്റിയുടെ തീരുമാനം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം പേർ രംഗത്ത് വന്നിട്ടുണ്ട്. ഈ കാലഘട്ടത്തിലും ഇത്തരം ദുരാചാരങ്ങൾ സമൂഹത്തിന് നൽകുന്നത് തെറ്റായ സന്ദേശമാണെന്നും വിമർശനം ഉയർന്നിട്ടുണ്ട്.

ബസാമിന്റെ കുടുംബത്തിനോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും വിശദീകരണം ലഭിച്ചതിന് ശേഷം പുനഃപരിശോധന നടത്തുമെന്നും പള്ളിക്കമ്മറ്റി പറയുന്നു. ഇസ്ലാം മതത്തിലെ വ്യവസ്ഥകൾ തെറ്റിച്ചതിനാലാണ് നിസ്സഹകരണം പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ സ്ഥലങ്ങളിൽ ഉള്ളപോലെയുള്ള പ്രക്രിയയാണിത്. ബസാമിന്റെ കുടുംബം ഇതുവരെ പരസ്യമായ പരസ്യമായി പ്രതികരിച്ചിട്ടില്ല. സംഭവം സോഷ്യൽ മീഡിയയിൽ അടക്കം വൻ വിവാദമുണ്ടാക്കിയിരിക്കുകയാണ്.