കോഴിക്കോട്: നാഷണൽ ഹൈവേ 45 മീറ്റർ വികസിപ്പിക്കുമെന്ന മന്ത്രിസഭാ തീരുമാനം ഇരകൾക്കൊപ്പം നിന്ന് ചെറുക്കുമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.എം അഷ്‌റഫ്. കേരളത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് 30 മീറ്ററിൽ കൂടുതൽ എൻ.എച്ച് വികസിപ്പിക്കരുതെന്നും ഭൂമി വിട്ട് കൊടുക്കുന്നതിന് മുമ്പ് തന്നെ നഷ്ടപരിഹാരം നൽകണമെന്നും എസ്.ഡി.പി.ഐ ആവശ്യപ്പെട്ടു.

30 മീറ്ററും അതിൽ താഴെയും വീതിയുള്ള നാഷണൽ ഹൈവേ പല സംസ്ഥാനങ്ങളിലുമുള്ളപ്പോൾ കേരളത്തിന്റെ കാര്യത്തിൽ മാത്രം എന്തിനാണ് പിടിവാശി കാണിക്കുന്നതെന്ന് വിദശീകരിക്കേണ്ടതുണ്ട്. ആറുവരിപാതയും ഇരുഭാഗത്തും സർവ്വീസ് റോഡുകളും 30 മീറ്ററിൽ തന്നെ സാധ്യമാണെന്നിരിക്കെ കേന്ദ്ര സർക്കാരിന്റെ തീരുമാനം തിരുത്തി എടുക്കുന്നതിനുള്ള ഒരു ശ്രമവും കേരള മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും കാണിക്കാത്തത് ദൗർഭാഗ്യകരമാണെന്നും സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.എം അഷ്‌റഫ് പറഞ്ഞു.