രിത്രത്തിന്റെ വിളഭൂമികളിൽ നിന്നു മാത്രമല്ല ഭാവനയുടെ ദന്തഗോപുരങ്ങളിൽ നിന്നും പുറത്താക്കപ്പെട്ട ഒരു ജനതയുടെ നിസ്സഹായതകളും നെടുവീർപ്പുകളും ആത്മരോഷങ്ങളും പോലെതന്നെ ചെറിയ ചെറിയ പ്രതിഷേധങ്ങളും പൊട്ടിത്തെറികളും സാക്ഷരരൂപം കൈവരിക്കുന്ന ബദൽ ജീവിതാന്വേഷണത്തിന്റെ സമരഭൂമിയാണ് ദലിത്‌സാഹിത്യം. സഹസ്രാബ്ദങ്ങൾ പഴക്കമുള്ള ഇന്ത്യൻ ജാതിവ്യവസ്ഥക്കെതിരെ കൊളോണിയൽ ആധുനികത വിത്തിട്ടുമുളപ്പിച്ച മനുഷ്യാവകാശ പ്രസ്ഥാനങ്ങളിലൊന്ന് ബ്രാഹ്മണ്യത്തിന്റെ സനാതന പ്രമാണങ്ങൾ കെട്ടിയ കാവൽകോട്ടകൾക്കുള്ളിൽ നിന്നുയർന്ന അടിമവിമോചനത്തിന്റെ വെളിപാടുപുസ്തകങ്ങളായി, അവയിൽ പലതും. സവർണതയുടെ ചാരുകസാല സിദ്ധാന്തങ്ങളായിരുന്നില്ല, രാഷ്ട്രീയവും ഭാവനയും ഒത്തുചേർന്നു സൃഷ്ടിച്ച സാമൂഹ്യ നീതിയുടെ കാവ്യസാരങ്ങളായിരുന്നു, തുടക്കംതൊട്ടേ ദലിത്‌സാഹിത്യത്തിന്റെ സൗന്ദര്യശാസ്ത്രം. പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ക്രിസ്ത്യൻ മിഷനറിമാർ രചിച്ച പ്രൊട്ടസ്റ്റന്റ് മാനവികതയുടെ പ്രയോഗപാഠങ്ങളായിരുന്നു മലയാളത്തിൽ ദലിത്‌സാഹിത്യത്തിനു തുടക്കം കുറിച്ചത്. പിന്നീടത് കേരളീയ ദലിത്‌സമൂഹം ഏറ്റെടുക്കുകയും ദേശീയ ദലിത് നവോത്ഥാനത്തിന്റെ ഭാഗമായി വിപുലീകരിക്കുകയും ചെയ്തു.

ദലിതർ എഴുതുന്നതേ 'ദലിത്‌സാഹിത്യ'മാകൂ എന്ന നിലപാട് ഇവർക്കിടയിൽ പ്രബലമാണ്. അങ്ങനെ ദലിത്‌സാഹിത്യത്തിനൊപ്പം ദലിത്പക്ഷ സാഹിത്യമെന്ന സങ്കല്പനവും രൂപംകൊണ്ടു. ജ്യോതിറാവു ഫൂലെ മുതൽ അംബേദ്കർ വരെയുള്ളവർ നൽകിയ രാഷ്ട്രീയമായ ഉണർവും ദേശീയാധുനികതയോടും വരേണ്യ നവോത്ഥാനത്തോടുമുള്ള വിമർശനം നൽകിയ ബലവും അടിമുടി നവീകരിച്ച മലയാള ദലിത്ഭാവനയുടെ പ്രാതിനിധ്യം ചെറുകഥയിൽ വെളിപ്പെടുത്തുന്ന പുസ്തകമാണ് ചിത്രകാരനും എഴുത്തുകാരനുമായ എം.ആർ. രേണുകുമാർ എഡിറ്റുചെയ്ത 'ഞാറുകൾ'. ടി.കെ.സി. വടുതല മുതൽ ധന്യ എം.ഡി, റീന സാം തുടങ്ങിയ പുതുനിരക്കാർ വരെ (നാരായൻ ഒഴികെ)യുള്ള ഇരുപത്തിമൂന്നു ദലിത്കഥാകൃത്തുക്കളുടെ രചനകൾ. രേണുകുമാറിന്റെ ശ്രദ്ധേയമായ ആമുഖപഠനത്തോടെ.

ചരിത്രപരമായും അനുഭവപരമായും ആഖ്യാനപരമായും മലയാളത്തിലെ ദലിത്കഥകൾ സൃഷ്ടിക്കുന്ന ഭാവനാലോകത്തിനു ചില പൊതുസ്വഭാവങ്ങളുണ്ട്. ഹിന്ദുസമൂഹത്തിൽ തങ്ങളനുഭവിക്കുന്ന ജാതിവെറിയോടുള്ള നിശിതമായ വിമർശനം, ജാതി മറികടക്കാനെന്ന പേരിൽ നടന്ന ക്രിസ്തുമത സ്വീകാരത്തിന്റെ നിരർഥകതയോടുള്ള അമർഷം, ഭൂവുടമസ്ഥതയുൾപ്പെടെയുള്ള സമ്പദ്‌രംഗങ്ങളിലെ കടുത്ത ദാരിദ്ര്യത്തോടുള്ള ചരിത്രാത്മകമായ സംവാദം, 'സാംസ്‌കാരിക മൂലധനം' എന്നു വിളിക്കാവുന്ന മണ്ഡലങ്ങളിലെ കടുത്ത നിർധനതയുടെ പ്രശ്‌നവൽക്കരണം, സ്വകീയമായ ജാത്യാചാരങ്ങളുടെയും വിശ്വാസപ്രമാണങ്ങളുടെയും ദൈവരൂപങ്ങളുടെയും സാന്നിധ്യം, ഭാഷാസ്വത്വത്തിന്റെ കണ്ടെടുക്കലും പുനരാവിഷ്‌ക്കാരവും, വർഗരാഷ്ട്രീയം തങ്ങൾക്കുനേരെ കണ്ണടച്ചു കടന്നുപോയതിന്റെ രോഷം, വരേണ്യരുടെ സാഹിത്യമുൾപ്പെടെയുള്ള ഭാവനാമണ്ഡലങ്ങളിൽ തങ്ങൾ ഭാവമായും അഭാവമായും പ്രതിനിധാനം ചെയ്യപ്പെടുന്ന തോതുകളുടെ തിരിച്ചറിവ്, അഗമ്യഗമനമുൾപ്പെടെയുള്ള ജീവിതകാമനകളുടെ അതീവ യഥാതഥമായ ആഖ്യാനം, നവോത്ഥാനാനന്തര ജീവിത, തൊഴിൽ മേഖലകളിലും അനുഭവിക്കേണ്ടി വരുന്ന ജാതിവിവേചനത്തിന്റെ കയ്പുകൾ, ആഗോളവൽക്കരണകാലത്ത് വർണരാഷ്ട്രീയത്തിലേക്കുകൂടി വഴിമാറുന്ന ജാതിയുടെ വിപണിസമവാക്യങ്ങൾ എന്നിങ്ങനെ ഇവയെല്ലാം പലനിലകളിൽ സൂചിതവും പ്രകടവുമാകുന്നവയാണ് ഈ സമാഹാരത്തിലെ കഥകൾ
മലയാളത്തിലുണ്ടായ ഏറ്റവും പ്രസിദ്ധമായ ദലിത് ചെറുകഥയാണ് ടി.കെ.സിയുടെ 'അച്ചണ്ട വെന്തീഞ്ഞ ഇന്നാ'. ജാതിവിവേചനം മറികടക്കാൻ പുലയനായ കണ്ടങ്കോരൻ വെന്തിങ്ങയിട്ട് ദേവസ്സിയായി. രക്ഷ സവർണക്രിസ്ത്യാനികൾക്കു പിന്നീടും അയാൾ കണ്ടങ്കോരൻ ദേവസ്സിതന്നെയായി. അതിലുള്ള അമർഷവും ആത്മരോഷവും കൊണ്ട് അയാൾ തന്നെ മതംമാറ്റിയ പള്ളീലച്ചൻ അണിയിച്ച വെന്തിങ്ങ ഊരി അങ്ങേരെത്തന്നെ തിരിച്ചേല്പിച്ചു. തൂത്താൽ പോകുന്നതല്ല ജാതിയുടെ ചൂരെന്ന് സമൂഹം അയാളെ പഠിപ്പിക്കുന്നു. ടി.കെ.സി. എഴുതുന്നു: 'ഒരു പുതുക്രിസ്ത്യാനിക്കു സമൂഹത്തിൽ സമത്വം സംലബ്ധമാവുക അത്ര എളുപ്പമല്ല. അവൻ ഒരു കടവാതിലാണ് - മൃഗവും പക്ഷിയുമല്ലാത്ത വികൃതജന്തു. ക്രിസ്തുമതത്തിൽ ചേർന്നുപോയതുകൊണ്ടു പുലയരുമായി ഒത്തിണങ്ങി ജീവിക്കുന്നതു കുറച്ചിലാണെന്നൊരു തോന്നൽ. അങ്ങനെ സ്വന്തക്കാരെക്കാൾ ഉയർന്നവനാണ് താനെന്നൊരു ഭാവം അയാളുടെ ഉള്ളിൽ കടന്നുകൂടി. എന്നാൽ, തറവാടിത്തമില്ലായ്മയും പുതുക്രിസ്ത്യാനിത്വവും കാരണം തനിക്രിസ്ത്യാനികളൊക്കെ അയാളെ ഹീനരിൽ ഹീനനായി പുച്ഛിച്ചിരുന്നതും അയാൾ അറിഞ്ഞില്ല. ഇതാണ് ദേവസ്സിക്കു പറ്റിയ അമളി. കരിയുമ്പോൾ വെരകാൻ കയിലേ ശേഷിക്കുകയുള്ളൂ എന്ന പരമാർത്ഥം മനസ്സിലാക്കാനുള്ള ബുദ്ധിശക്തി ആ മിഥ്യാഭിമാനിക്കില്ലാതെപോയി'.

ഈ രാഷ്ട്രീയംതന്നെ പിൽക്കാലത്തും പിൻപറ്റുന്ന കഥകളാണ് പോൾ ചിറക്കരോടിന്റെ 'ഗൃഹാതുരത്വം', പ്രിൻസ് അയ്മനത്തിന്റെ 'കാർത്തിക്, ഇമ്മാനുവലിന്റെ ആത്മീയചിന്തകൾ', രാജു കെ. വാസുവിന്റെ 'മിയാ കുൾപാ' എന്നിവ. ചിറക്കരോടിന്റെ കഥയിൽ ഇങ്ങനെ കാണാം. 'ദളിത് ക്രിസ്ത്യാനി ഒരു വിചിത്രജീവിയാണ്. അയാൾ ശരിയായ ക്രിസ്ത്യാനിയല്ല. അവിടെ അവശൻ പട്ടികജാതിക്കാരനുള്ള സംവരണമുണ്ടോ? അതുമില്ല. സാമൂഹ്യമായി ഒരു ഉഭയജീവി. ബേബി പുഞ്ചിരിച്ചു. സോഷ്യൽ ഹൈബ്രിഡ്'. ക്രിസ്തുമതത്തിൽ ചേർന്ന് ബേബി എന്നു പേരു സ്വീകരിച്ച അയാൾ പേരുമാറ്റി രാമചന്ദ്രനായിട്ടും സമൂഹം അയാളോടു മര്യാദ കാണിച്ചില്ല; ജീവിതം മാന്യതയും.

ജാതി മറികടക്കാനെന്ന പേരിൽ കൊളോണിയൽ ആധുനികതയിൽ നടന്ന ദലിതരുടെ വൻതോതിലുള്ള ക്രിസ്തുമതസ്വീകാരത്തിന്റെ നിരർഥകതയെ ആത്മവിമർശനമെന്ന നിലയിൽ ചിത്രീകരിക്കുന്ന രചനകൾ ക്രിസ്ത്യൻ മിഷനറിമാർതന്നെ രചിച്ചിട്ടുണ്ട്. പൊയ്കയിൽ അപ്പച്ചനാണ് ഈ രാഷ്ട്രീയം വിശകലനം ചെയ്തവരിൽ ഏറ്റവും പ്രസിദ്ധനായ ദലിത്ചിന്തകൻ. ടി.കെ.സിയുടേത് മറുപക്ഷത്തുനിന്നുള്ള കാഴ്ചയും വായനയുമാണ്. അംബേദ്കറുൾപ്പെടെയുള്ളവർ ഹിന്ദുമതം വെടിഞ്ഞ് ബുദ്ധമതം സ്വീകരിച്ചുകൊണ്ടു നടത്തിയ വിപ്ലവത്തിനും മുൻപേ കേരളത്തിൽ മിഷനറിമാർ നടത്തിയ ദലിത് 'ആരോഹണ'ത്തെ നാരായണഗുരു ഉൾപ്പെടെയുള്ളവർ വിമർശിച്ചിരുന്നു. ഇന്നും കേരളത്തിലെ ദലിതർക്കിടയിൽ നിലനിൽക്കുന്ന വലിയൊരു ആഭ്യന്തരസംഘർഷമാണ് ഹിന്ദുദലിതരും ക്രൈസ്തവദലിതരും തമ്മിലുള്ളത്. സംവരണമുൾപ്പെടെയുള്ള വിഷയങ്ങളിലെ വൈരുധ്യങ്ങളിൽപ്പെട്ട് ഈ തർക്കം വലിയ രാഷ്ട്രീയമാനംതന്നെ കൈവരിച്ചിരിക്കുന്നു.

പ്രിൻസിന്റെ കഥയിൽ സവർണക്രിസ്ത്യാനിയുടെ മകളെ കെട്ടിയ അവർണക്രിസ്ത്യാനിയുടെ മകന് മിശ്രവിവാഹപദവി അവകാശപ്പെടാനാകുന്നില്ല. കാരണം ക്രിസ്തുമതത്തിൽ ചേരുന്നതോടെ ദലിതന് ജാതിസ്വത്വം നഷ്ടമാകുന്നു. ആ ദമ്പതികളെ കളിയാക്കിക്കൊണ്ട് ബന്ധുവായ വിവേക് പറഞ്ഞു: 'സർക്കാരിന്റെ കണക്കിൽ നിങ്ങൾ മിശ്രവിവാഹിതരല്ല. എന്തെന്നാൽ ക്രിസ്തുമതത്തിൽ ജാതിവിവേചനം ഇല്ലതന്നെ. ഒരുവൻ ക്രിസ്തുവിലായാൽ അവനൊരു പുതുസൃഷ്ടിയത്രേ. അതുകൊണ്ട് ക്രിസ്ത്യാനികളായ എമ്മാനുവേലും ആനിയമ്മയും തമ്മിലുള്ള വിവാഹം മിശ്രവിവാഹമാകുന്നില്ല കുഞ്ഞാടുകളേ'.

എമ്മാനുവേലും ആനിയമ്മയും ഒന്നും മിണ്ടിയില്ല. 'സത്യത്തിൽ ഉഭയജീവികളാ നിങ്ങൾ. കരയിലും വെള്ളത്തിലും ജീവിക്കാം. കരയിലെ പാമ്പും കൂട്ടുകേല, വെള്ളത്തിലെ മീനും കൂട്ടുകേല. ഹ-ഹ-ഹ-ഹ-!' വിവേക് ഉറക്കെ ചിരിച്ചു.

രാജുവിന്റെ കഥയിൽ, കുറെക്കൂടി സംഘർഷഭരിതമായി മാറുന്നു ദലിത്‌ക്രൈസ്തവന്റെ ജീവിതവും അതിജീവനവും. ഹോസ്റ്റൽവാസത്തിലെ കയ്പുനിറഞ്ഞ രാപ്പകലുകളിൽ ശാമുവൽ അനുഭവിച്ച ജാതിവെറിയുടെ ഭാരം മരണംവരെ അയാളെ പിന്തുടരുകതന്നെ ചെയ്തു. കുരിശിനും ദേശീയപതാകക്കും അയാളെ രക്ഷിക്കാനായില്ല; അയാളുടെ വംശത്തെയും.

ദലിത്കഥാകൃത്തുക്കൾക്കിടയിലെന്നല്ല മലയാളത്തിലെതന്നെ മാർക്കേസാണ് സി. അയ്യപ്പൻ. മായികയാഥാർഥ്യത്തിന്റെയും ചരിത്രവിമർശനത്തിന്റെയും വംശബോധത്തിന്റെയും കാമനാതീവ്രതയുടെയും തുറകളിൽ മലയാളഭാവനകണ്ട ഏറ്റവും മികച്ച പ്രതിഭയാണ് അയ്യപ്പന്റേത്. വെറും പതിനഞ്ചു ചെറുകഥകളിലൂടെ മലയാളകഥയുടെ ജീനിയസ് എന്തെന്നു വെളിപ്പെടുത്തിയ എഴുത്തുകാരൻ. അയ്യപ്പന്റെ 'വളയൻചിറങ്ങര' എന്ന കഥയാണ് ഈ പുസ്തകത്തിലുള്ളത്. ഭൂമിശാസ്ത്രം, ചരിത്രം, വംശം, ജീവിതകാമന എന്നവയിൽനിന്ന് അയ്യപ്പൻ വെട്ടിക്കിളച്ചെടുക്കുന്ന ദലിത് സ്വത്വത്തിന് മാജിക്കൽ റിയലിസത്തിന്റെ കിടിലംകൊള്ളിക്കുന്ന സൗന്ദര്യസ്വരൂപമുണ്ട്. ലൈംഗികകാമനകളുടെ യും അഗമ്യഗമനത്തിന്റെയും തിരനോട്ടങ്ങളിൽ ജാതിയുടെ വേലിയേറ്റങ്ങളും വേലിയിറക്കങ്ങളുമായി 'വളയൻചിറങ്ങര' പ്രക്ഷുബ്ധമാകുന്നു.

അഗമ്യഗമനം, 'മിയാ കുൾപാ'യിലും ഒരു സംഘർഷബിന്ദുവാണ്. എ. ശാന്തകുമാറിന്റെ 'സർപ്പകാമുകനി'ലാകട്ടെ, അതിനിന്ദ്യമായ നരത്വത്തിന്റെ പാപേതിഹാസംപോലെ അഗമ്യഗമനം അതിന്റെ പാരമ്യത്തിലെത്തുന്നു. പി.എ. ഉത്തമന്റെ 'മുയലുകളുടെ ലോകത്ത്', ജാതിക്കപ്പുറത്ത് ജീവന്റെ സനാതനസൗന്ദര്യവും ഹിംസയുടെ ഭൂതം അഹിംസയുടെ ഭാവിക്കു വഴിമാറുന്നതിന്റെ സംഘർഷങ്ങളും നിറയുന്നു. മുയലുകളുടെ നിഷ്‌ക്കളങ്കതയിലും മനുഷ്യന്റെ നിഷ്ഠൂരതയിലും മാറി മാറി അഭിരമിക്കുന്ന ഒരു ജീവിതഗാഥ.

വംശീയമായ പാരമ്പര്യങ്ങളും പിതൃക്കളും നിനവിലും കിനാവിലും ചരിത്രത്തിലും ഓർമയിലും ഒരുപോലെ നിറഞ്ഞുനിൽക്കുന്ന ദലിതവസ്ഥകളുടെ ജീവിതത്തുടർച്ചകളുടേതാണ് ഈ സമാഹാരത്തിലെ പല കഥകളും. കടൽകടന്നു പോയിട്ടും വംശവൈവിധ്യങ്ങൾകൊണ്ട് തങ്ങളുടെ ഭൂതകാലം മറഞ്ഞുപോയിട്ടും വേരുകൾ ഭൂമിയിൽനിന്നു വലിച്ചെടുത്ത കയ്പ് മറക്കാൻ കഴിയാത്തവരാണ് സി.വി. സജീവിന്റെ കഥാനായകനും 'പാലക്കുന്നന്റെ യാത്ര'കളിലെ പാലക്കുന്നനും ധന്യ എം.ഡി. യുടെ കഥാപാത്രവും 'ചിരുതക്കുന്നി'ലെ രവിയുമൊക്കെ.

ദലിതർക്കിടയിൽ നിലനിൽക്കുന്ന ഉപജാതിവെറികളുടെ സംഘർഷത്തെ നർമഭരിതമായാവിഷ്‌ക്കരിക്കുന്ന കഥയാണ് 'സിംഹാസനം'. പ്രണയത്തിന്റെയും ജാതിസ്വത്വത്തിന്റെയും വികാരസംഘർഷങ്ങൾ രേണുകുമാറിന്റെയും റീനാ സാമിന്റെയും കഥകളിൽ കാണാം. ആഖ്യാനത്തിൽ പുതുമകൾ കൈവരുത്താനും പരീക്ഷണങ്ങൾ നടത്താനും ശ്രമിക്കുന്നു, ഈ കഥകളെന്നപോലെ എം.ബി. മനോജിന്റെയും രേഖാരാജിന്റെയും രചനകളും. കേരളീയ സാമൂഹ്യ ചരിത്രത്തിലെ ഏറ്റവും കിരാതമായ പെൺവേട്ടയുടെ അപരാഖ്യാനമാണ് മനോജിന്റെ കഥയെങ്കിൽ ദലിതർ ഭൂവുടമയായാൽ സംഭവിക്കുന്ന ഭൂമികുലുക്കത്തിന്റെ വേട്ടക്കഥയാണ് രേഖയുടേത്. പ്രിൻസിന്റെയും രേണുവിന്റെയും ധന്യയുടെയും റീനയുടെയും രചനകൾക്കൊപ്പം മലയാളകഥയിലെ പുതിയ ഭാവതലം പ്രകടമാക്കാൻ കഴിയുന്നുണ്ട് മനോജിനും രേഖക്കും.

ഈ കഥാസമാഹാരം മലയാളസാഹിത്യഭാവനയുടെയും ആഖ്യാനഭൂപടത്തിന്റെയും ഒരു രാഷ്ട്രീയപരിഛേദമാണ്. ദലിത്പ്രതിഭയുടെ സൗന്ദര്യശാസ്ത്രം, വരേണ്യവും സവർണവുമായ കാവ്യശാസ്ത്രപദ്ധതികളിലല്ല, മണ്ണിന്റെ വേരിലും ജാതിയുടെ ചൂരിലും ചരിത്രത്തിന്റെ നേരിലും തന്നെയാണ് തിരയേണ്ടതെന്ന് മലയാളിയെ ഓർമിപ്പിക്കുന്നു, 'ഞാറുകൾ'. സൗന്ദര്യഭാവനയുടെ ഉദാര കാവ്യശാസ്ത്രങ്ങളാണ് അദലിതരുടെ സാഹിത്യമെങ്കിൽ ജീവിതസമരത്തിന്റെ നീതിസാരവും സാമൂഹ്യനീതിയുടെ കാവ്യസാരവുമാണ് ദലിതരുടെ സാഹിത്യമെന്നു തെളിയിക്കുന്ന പുസ്തകം.

പുസ്തകത്തിൽ നിന്ന്:-

ഞങ്ങളുടെ ആണുങ്ങളും പെണ്ണുങ്ങളും
ധന്യ എം.ഡി.
ഉച്ചവെയിൽ ഇലകളിൽത്തട്ടി താഴേക്ക് അരിച്ചിറങ്ങിക്കൊണ്ടിരുന്നു. വീടുകൾ അധികം ആളനക്കമില്ലാതെ കിടന്ന് മയങ്ങി. വയലിന്നരികിലുള്ള അവസാനത്തെ വീട്ടിൽനിന്നും ഒരു കുഞ്ഞിന്റെ കരച്ചിൽ ഉയർന്നു. അമ്മ തന്റെ മൃദുവല്ലാത്ത ഒച്ചയിൽ, പാട്ടോ പറച്ചിലോ അല്ലാത്ത രീതിയിൽ, കുഞ്ഞിനെ ഉറക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. വലിയ വൃത്തിയും വെടിപ്പും ഇല്ലാത്ത മുറ്റങ്ങൾ. ചില വീടുകൾക്കു പിന്നാമ്പുറത്ത് ആട്ടിൻകൂടോ എരുത്തിലോ ഉണ്ടായിരുന്നു. അവയുടെ മുറ്റത്ത് കച്ചിയും പോച്ചയും പ്ലാവിലത്തൂപ്പും വറ്റുകളും ചിതറിക്കിടന്നു. വൃത്തിയും സൂക്ഷിപ്പും ഉള്ളതായ വീടുകളുടെ തിണ്ണകൾ ഉ•േഷത്തോടെ കാണപ്പെട്ടു. ആ വീടുകളിലുള്ളവർ പരസ്പരം ഏതെങ്കിലും തരത്തിൽ ബന്ധുക്കളായിരുന്നു. റോഡിൽനിന്നും വീടുകളുടെ നടുവിലൂടെ വയലിലേക്കു പോകുന്ന നടപ്പാതയുടെ അറ്റത്ത് കാഞ്ഞിരവും ഇലഞ്ഞിയും ആഞ്ഞിലിയും മറ്റനേകം പേരറിയാവൃക്ഷങ്ങളും വള്ളിപ്പടർപ്പുകളും ഇടതൂർന്നു വളർന്ന ഒരു കാവുണ്ടായിരുന്നു. കാവും അതിലെ ധർമ്മദൈവങ്ങളും പിതൃക്കളും അവരുടെ പൊതുസ്വത്തായിരുന്നു. കറുത്ത പെണ്ണുങ്ങളും ആണുങ്ങളും തിങ്ങിത്താമസിക്കുന്ന ഒരിടമായിരുന്നു അത്.
സന്ധ്യ കഴിഞ്ഞതോടെ വീടുകളും ഇടവഴിയും റോഡും ബഹളം നിറഞ്ഞുതുടങ്ങി. പണികഴിഞ്ഞ് പെണ്ണുങ്ങളും ആണുങ്ങളും മടങ്ങുന്ന ശബ്ദങ്ങൾ നാനാവഴിക്കും പടർന്നു. മഞ്ഞഫ്രോക്കിന്റെ തോളിലെ ഫ്രില്ലുകൾ കടിച്ചുചവച്ചുകൊണ്ട് അവൾ വഴിയിലേക്കു നോക്കിയിരുന്നു. അങ്ങനെയിരിക്കുമ്പോൾ ഇടവഴിയിൽ കാണുന്ന നിഴലുകളും അവളെത്തന്നെ നോക്കുകയാണെന്നും വേറെയാർക്കും കേൾക്കാനാവാത്ത ഒച്ചയിൽ അവളോടെന്തോ പറയുകയാണെന്നും തോന്നി.

'അമ്മേ.... അയ്യോ......'
അവളെഴുന്നേറ്റ് അകത്തേക്ക് ഒറ്റയോട്ടംകൊടുത്തു. 60 വാട്ടിന്റെ മഞ്ഞവെട്ടം വരാത്ത അകത്തെ മുറി എത്ര ഓടിയാലും തീരാത്ത ദൂരമായി അവൾക്കു തോന്നി. കണ്ണടച്ച് ഓട്ടത്തിനു വേഗം കൂട്ടി.
'ബ്ധും....'
എന്തിലോ ചെന്ന് തട്ടി ഒറ്റവീഴ്ച.
അമ്മ അവളെ പിടിച്ചെഴുന്നേല്പിച്ചു. ചന്തിക്ക് ഒരടിയും കൊടുത്തു.
'നീയെന്തിനാ ഇങ്ങനെ കെടന്ന് ഓടുന്നേ....? ഹൊ.... ഇങ്ങനെയൊരു പേടിച്ചുതൂറിക്കൊച്ച്....'
അമ്മയുടെ സാരിത്തുമ്പിൽ പിടിച്ച് അവളെ കളിയാക്കിക്കൊണ്ട് അനിയൻ കൂവി.
'യ്യേ.... പേടിച്ചുതൂറി.... പേ...ടി...ച്ചുതൂറി.....
പേ....ടി....ച്ചു......തൂറി........'
അവൾക്ക് ആകെ ദേഷ്യംവന്നു. ദേഷ്യംകൊണ്ട് സങ്കടംവന്നു. അവനെ തോല്പിക്കാൻവേണ്ടി അടുക്കളയ്ക്കും ഇരിപ്പുമുറിക്കും ഇടയിലുള്ള ആ ഇരുണ്ട മുറി നടന്നുതീർക്കാൻ അവൾ തീരുമാനിച്ചു. കണ്ണുകളിറുക്കി ഭിത്തിയിൽ ഉരുമ്മി അവൾ നടന്നു.
അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും കിടപ്പുമുറികൂടിയായ ആ ഇരിപ്പുമുറിയിൽ പലതുമുണ്ടായിരുന്നു. കതകിനും മുറിയുടെ മൂലയ്ക്കും ഇടയ്ക്കുള്ള കട്ടപിടിച്ച ഇരുട്ടിൽ, ഇരുട്ടിൽ മാത്രം ജീവിക്കാൻ ശേഷിയുള്ള എന്തൊക്കെയോ ജീവികൾമാത്രം ഉള്ളതുപോലെ അവൾക്കു തോന്നിയിട്ടുണ്ട്. അമ്മൂമ്മയ്ക്ക് സ്ത്രീധനമായി കിട്ടിയതാണ് പ്ലാന്തടികൊണ്ടുള്ള ആ പത്തായം. അതിന്മേലാണ് അവർ ഉറങ്ങാൻ കിടക്കുന്നത്. ചത്തുപോയവരെയും ദൈവങ്ങളെയും വിളിച്ചുവരുത്താൻ അപ്പൂപ്പൻ ഉപയോഗിക്കുന്ന പല നിറത്തിലും വലിപ്പത്തിലുമുള്ള മൂന്നു ശംഖുകൾ അതിന്റെ മുകളിലാണ് സൂക്ഷിക്കുന്നത്. പത്തായത്തിന്മുകളിലേക്കു നോക്കുമ്പോഴെല്ലാം അവിടെ ചത്തുപോയ അപ്പൂപ്പന്മാരും അമ്മൂമ്മമാരും ഉണ്ടെന്ന് അവൾക്ക് തോന്നി. ശ്വാസം വിടാതെയുള്ള നടപ്പ് ഒടുക്കം മുറിയുടെ വാതിലിലെത്തെ. ആർക്കും പിടികൊടുക്കാതെയുള്ള ഒളിച്ചു തന്ത്രപൂർവ്വം രക്ഷപ്പെട്ട ഒരു മിടുക്കിയായി അവൾ. അഭിമാനത്തിന്റെ ഒരു ചിരി അവളിൽ നിറഞ്ഞു.

കലങ്ങിമറിഞ്ഞൊഴുകി ദിവസങ്ങൾ. ഇരുണ്ട മുറി നാലഞ്ചു ചുവടുകൾ കൊണ്ട് നടന്നുതീർക്കാവുന്നത്ര അവൾ വളർന്നു. എന്നിട്ടും ചത്തുപോയവരും ചങ്ങലക്കിലുക്കവും അവളുടെ സ്വപ്നങ്ങളിൽ ബാക്കിയായി. കറുത്ത കവിൾത്തടങ്ങൾ അമ്മൂമ്മയുടെ മടിയിലമർത്തി അവൾ കിടന്നു.
'ഞാനെന്തായീച്ചത്തുപോയോരെമാത്രം സ്വപ്നത്തിക്കാണുന്നേ?'
കശുവണ്ടിക്കറയുടെ തഴമ്പുകൾ ബാക്കിയായ വിരൽത്തുമ്പുകൾ കൊണ്ട് അവർ അവളുടെ തലയ്ക്കുമീതെ നിന്ന് സ്വപ്നങ്ങളെയെല്ലാം മന്ത്രിച്ച് ഞൊടിച്ചെറിഞ്ഞു.
'നീയെന്തിനാ അവരെയെല്ലാം ഓർത്തോണ്ട് കെടക്ക്‌ന്നെ.....? അതായിങ്ങനെയെല്ലാം....' അതിനവൾ മറുപടിയൊന്നും പറഞ്ഞില്ല.
അപ്പോൾ തലമുറകൾക്കപ്പുറത്തുനിന്ന് പ്രാചീനനായ ഒരപ്പൂപ്പൻ തന്റെ തൂമ്പയുമെടുത്ത് വരമ്പത്തുകൂടി നടക്കുന്നതും തഴമ്പുപിടിച്ച തന്റെ കൈകൾകൊണ്ട് പണിയെടുക്കുന്നതും അവൾക്കു കാണാനായി. വിശപ്പും വെയിലും വിയർപ്പും വശംകെടുത്തിയ ആ മനുഷ്യന്റെ കാലിൽ കനത്ത ഒരു ചങ്ങലയുണ്ടായിരുന്നു. ചങ്ങലയുടെ അറ്റത്തുനിന്ന് എങ്ങോട്ടും രക്ഷപ്പെടാനാവാതെ, തണലില്ലാതെ അയാൾ വലഞ്ഞു.
അവൾ കണ്ണുകൾ ഇറക്കിയടച്ചു.
പത്തായത്തിന്മേൽ വച്ചിട്ടുള്ള ശംഖുകളെക്കുറിച്ച് അവൾ അമ്മൂമ്മയോടു ചോദിച്ചു. അവരുടെ നെറ്റിയിലെ പച്ചപ്പൊട്ടിന്റെ വളവും തിരിവും ചോദ്യം നിസ്സാരമല്ലെന്ന് ഓർമ്മിപ്പിച്ചു.
അവർ മന്ത്രിക്കുംപോലെ എട്ടുദിക്കിൽനിന്നും, പിന്നെ മരിച്ചേല്പിച്ച ഇടങ്ങളിൽനിന്നും ഓരോരുത്തരെയായി വിളിച്ചുവരുത്തുന്നവിധം അവൾക്കു പറഞ്ഞുകൊടുത്തു. പൂർവ്വപിതാക്ക•ാരുടെയും അമ്മമാരുടെയും കഴിവുകളെപ്പറ്റിയും ശക്തിയെപ്പറ്റിയും അവൾ കേട്ടു. അടിയേറ്റു പുളയുന്ന ആണുങ്ങളെയും പെണ്ണുങ്ങളെയും കരിയും ചെളിയും പിടിച്ച് മുഷിഞ്ഞ അവരുടെ വസ്ത്രങ്ങളോടെയും വിശപ്പൊഴിയാത്ത അവരുടെ വയറോടെയും പരുക്കൻ പാട്ടുകളോടെയും ഓർത്തു.
അവൾ പതിയെ എഴുന്നേറ്റുചെന്ന് ശംഖുകളെ തൊട്ടു. ചരിത്രത്തിൽ നിന്നും ഒരിരമ്പം വന്ന് വിരലുകളിലൂടെ അവളുടെയുള്ളിൽ പടർന്നു. പിന്നെ നോട്ടുപുസ്തകം തുറന്ന് എഴുതാൻ തുടങ്ങി 'ഞങ്ങളുടെ ആണുങ്ങളും പെണ്ണുങ്ങളും'.

'ഞാറുകൾ' : മലയാളത്തിലെ ദലിത്കഥകൾ
സമാഹരണം : എം.ആർ. രേണുകുമാർ
സാഹിത്യപ്രവർത്തക സഹകരണസംഘം
2015, വില : 130 രൂപ