ന്യൂഡൽഹി: വാട്‌സാപ്പ് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപത്തിന് ഇരയാവുന്നവർക്ക് നീതി ലഭ്യമാക്കി നടപടികൾ. ദുരുപയോഗം ചെയ്തു എന്ന പരാതിയെത്തുടർന്ന് നാലുമാസംകൊണ്ട് രാജ്യത്ത് നിരോധിച്ചത് 60 ലക്ഷം വാട്സ്ആപ്പ് അക്കൗണ്ടുകളാണ്.

പുതിയ ഐ.ടി. നിയമത്തിലെ വ്യവസ്ഥപ്രകാരം വാട്സ്ആപ്പിന്റെ ഉടമസ്ഥരായ ഫേസ്‌ബുക്കാണ് കേന്ദ്രസർക്കാരിന് ഈ കണക്കുകൾ നൽകിയത്. ഐ.ടി. നിയമം ശക്തമായി നടപ്പാക്കിത്തുടങ്ങിയതിന്റെ പ്രതിഫലനമാണിത്.

ഇരകൾക്ക് നീതി ലഭ്യമാക്കിക്കൊണ്ടാണ് ഇത്രയും അക്കൗണ്ടുകൾ റദ്ദാക്കപ്പെടുന്നത്. ജനങ്ങളെ ഉപദ്രവിക്കാനായി സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർക്കുള്ള താക്കീതാണിത്. ഇന്ത്യയിലെ പുതിയ ഐ.ടി. നിയമത്തിന്റെ ശക്തിയാണിത് കാണിക്കുന്നത്. ഈ നിയമം വിദേശരാജ്യങ്ങളും പരീക്ഷിക്കാൻ ഒരുങ്ങുകയാണ്.

മെയ്‌ 15-നാണ് നിയമം നിലവിൽവന്നത്. മെയ്‌ 15 മുതൽ ജൂൺ 15 വരെയും ജൂൺ 16 മുതൽ ജൂലായ് 15 വരെയും ജൂലായ് 16 മുതൽ ഓഗസ്റ്റ് 15 വരെയുമുള്ള കണക്കാണ് നൽകിയത്. ഈ മൂന്ന് കാലയളവിലും 20 ലക്ഷം അക്കൗണ്ടുകൾ വീതമാണ് കമ്പനി നിശ്ചലമാക്കിയത്.

സാമൂഹികമാധ്യമങ്ങളിൽ ഉണ്ടാകുന്ന പരാതികൾ സ്വീകരിക്കാനും പരിഹരിക്കാനും ഇന്ത്യക്കാരനായ ഒരു പരാതിപരിഹാര ഓഫീസറെ (ഗ്രീവൻസ് ഓഫീസർ) നിയമിക്കണമെന്ന് ഐ.ടി. നിയമത്തിൽ വ്യവസ്ഥചെയ്തിരുന്നു. എത്ര പരാതികൾ കിട്ടി, എത്രയെണ്ണം പരിഹരിച്ചു, പരിഹരിക്കാൻ കഴിയാത്തവ എത്ര തുടങ്ങിയവ അടക്കമുള്ള റിപ്പോർട്ട് കേന്ദ്രസർക്കാരിന് നൽകണം. ഓരോ മാസവും 15-ന്, തൊട്ടുമുന്നിലെ മാസത്തിന്റെ 16 മുതലുള്ള റിപ്പോർട്ടാണ് നൽകേണ്ടത്.

സെപ്റ്റംബർ 15-ന് വന്ന അവസാന റിപ്പോർട്ടിൽ, ലോകത്ത് ആകെ 80 ലക്ഷം അക്കൗണ്ടുകൾ നിരോധിച്ചതായും പറയുന്നുണ്ട്. അതിൽ 20 ലക്ഷവും ഇന്ത്യയിലാണെന്നതാണ് ശ്രദ്ധേയം.

വ്യക്തിപരമായി അധിക്ഷേപിക്കൽ, ദേശവിരുദ്ധത തുടങ്ങിയ പരാതികളിലാണ് നടപടികൾ ഉണ്ടാകുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഗ്രീവൻസ് ഓഫീസാണുള്ളത്. ഫേസ്‌ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം, ടെലിഗ്രാം തുടങ്ങിയ മാധ്യമങ്ങളും ഗ്രീവൻസ് സെൽ തുടങ്ങിയിട്ടുണ്ട്. ക്ലബ്ബ് ഹൗസ് ഗ്രീവൻസ് ഓഫീസ് തുടങ്ങിയെങ്കിലും ഇന്ത്യക്കാരനല്ലാത്ത ഓഫീസറെയാണ് നിയമിച്ചിരിക്കുന്നത്. ഇന്ത്യക്കാരനെ ഉടൻ നിയമിക്കുമെന്ന് ക്ലബ്ബ് ഹൗസ് വ്യക്തമാക്കിയിട്ടുണ്ട്.

പരാതികൾ നൽകേണ്ടതിങ്ങനെ
grievance-officer-wa@support.whatsapp.com എന്നതാണ് ഗ്രീവൻസ് ഓഫീസറുടെ ഇ-മെയിൽ വിലാസം. ഇതിലേക്ക് അയച്ചാലാണ് നടപടി വേഗം ഉണ്ടാകുക. വാട്സ്ആപ്പിലെ സെറ്റിങ്സിലുള്ള ഹെൽപ്പിലെ ‘contact us' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്താലും പരാതിപ്പെടാനുള്ള വിൻഡോ കിട്ടും. എന്നാൽ ഇ-മെയിൽ അയയ്ക്കുന്നതാണ് നിയമപരമായി മെച്ചം.