ന്യൂഡൽഹി: എന്തിനും ഏതിനും കണ്ണീർ കഥകൾ പടച്ചുവിട്ട് വായനക്കാരെയും പ്രേക്ഷകരെയും പിടിച്ചുനിർത്തുക എന്ന ലക്ഷ്യം മാത്രമാണോ മാദ്ധ്യമങ്ങൾക്കുള്ളത്. നടന്ന കാര്യങ്ങൾ ജനങ്ങളെ അറിയിക്കുക എന്നതിലുപരി റേറ്റിങ് കൂട്ടുക എന്ന ലക്ഷ്യമാണോ മാദ്ധ്യമങ്ങൾക്ക്. നേപ്പാളിലുണ്ടായ ഭൂകമ്പത്തിന്റെ പശ്ചാത്തലത്തിൽ ഇത്തരമൊരു ചർച്ച സോഷ്യൽ മീഡിയയിൽ സജീവമായിക്കഴിഞ്ഞു.

കഴിഞ്ഞ എൺപതു കൊല്ലത്തിനിടെ നേപ്പാളിലുണ്ടായ ഏറ്റവും വലിയ ഭൂകമ്പമാണ് ഇപ്പോഴുണ്ടായത്. ഭൂകമ്പം ദുരിതം വിധിച്ചപ്പോൾ സഹായവുമായി എത്തിയവരിൽ ആദ്യം ഇന്ത്യയുമുണ്ടായിരുന്നെങ്കിലും നേപ്പാളിലെത്തിയ ഇന്ത്യൻ മാദ്ധ്യമങ്ങളുടെ കാര്യത്തിൽ പ്രദേശവാസികൾക്ക് എതിരഭിപ്രായമാണുള്ളത്.

ദുരന്തഭൂമിയെ അതിന്റെ ഗൗരവത്തിൽ കാണാതെ ഇന്ത്യൻ സർക്കാരിനെ പ്രശംസിക്കാനും മോദിയെ പുകഴ്‌ത്താനുമാണ് മാദ്ധ്യമങ്ങൾ ശ്രമിച്ചതെന്ന ആക്ഷേപം നേരത്തെ ഉയർന്നിരുന്നു. അതിനിടെയാണ് കണ്ണീർക്കഥകൾക്കായുള്ള നെട്ടോട്ടത്തിലും എക്‌സ്‌ക്ലൂസീവുകൾക്കായുള്ള പരക്കം പാച്ചിലിലും ദുരന്തമനുഭവിക്കുന്ന ജനങ്ങളെ ഇന്ത്യൻ മാദ്ധ്യമങ്ങൾ തീർത്തും വകവച്ചില്ല എന്നുള്ള പരാതികളും ഉയരുന്നത്.

നേപ്പാൾ ജനത ട്വിറ്ററിൽ #GoHomeIndianMedia എന്ന ഹാഷ് ടാഗ് ഉപയോഗിച്ചാണ് ഇന്ത്യൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. ഈ ഹാഷ് ടാഗ് ട്വിറ്ററിൽ ട്രെൻഡിംഗായതിന് പിന്നാലെ ഇന്ത്യൻ മാദ്ധ്യമങ്ങളുടെ റിപ്പോർട്ടിങ് രീതിയെക്കുറിച്ച് സാമൂഹ്യ മാദ്ധ്യമങ്ങളിൽ വലിയ ചർച്ചകളും നടക്കുകയാണ്.

ഇന്ത്യയിലും കടുത്ത വിമർശനമാണ് മാദ്ധ്യമങ്ങളുടെ കാര്യത്തിൽ ഉയരുന്നത്. മാദ്ധ്യമങ്ങളുടെ വിവേചനരഹിതമായ ചെയ്തികൾക്കെതിരെ സോഷ്യൽ മീഡിയ രൂക്ഷ ഭാഷയിലാണ് വിമർശനം ഉയർത്തുന്നത്.

നേപ്പാളിൽ നിന്ന് ഇന്ത്യൻ മാദ്ധ്യമങ്ങളോട് തിരികെ പോകാൻ അവിടെയുള്ളവർ പറയുന്നത് തികച്ചും ന്യായമാണെന്നാണ് മാദ്ധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവരുടെ അഭിപ്രായം. സ്വയം വിമർശനപരമായിത്തന്നെ ഇക്കാര്യം ഏറ്റെടുത്തവരുമുണ്ട്. മരണവീട്ടിൽ പോയി ഇതിനുമപ്പുറം എന്തോ വരാൻ ഇരുന്നതാ എന്നു പറയുന്നവരെപ്പോലെയാണ് ടൈംസ് നൗവിന്റെയും എബിപി ന്യൂസിന്റേയും ഒക്കെ റിപ്പോർട്ടർമാരെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. മലയാളത്തിലെ മാദ്ധ്യമങ്ങളും അത്ര മോശമല്ലെന്നും പരാതിയുണ്ട്.

ദുരന്ത ഭൂമിയിൽ മനസ്സും ശരീരവും തകർന്നിരിക്കുന്ന യുവതിയോട് മാദ്ധ്യമ പ്രവർത്തകൻ 'നിങ്ങളുടെ ആരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടോ?' എന്നു ആറേഴുതവണ തുടർച്ചയായി ചോദിച്ചതിനെക്കുറിച്ച് ട്വിറ്ററിൽ പരാമർശം ഉയർന്നിരുന്നു. പത്തു വയസ്സുള്ള മകൻ മരിച്ച ആ യുവതിയുടെ ശോകാർദ്രമായ മുഖം കണ്ടിട്ടും വീണ്ടും വീണ്ടും അതേ ചോദ്യം ചോദിക്കാൻ മാദ്ധ്യമപ്രവർത്തകൻ കാട്ടിയ 'ചങ്കുറപ്പി'നെയും സോഷ്യൽ മീഡിയ കടുത്ത ഭാഷയിലാണ് വിമർശിക്കുന്നത്. ലളിത് പൂരിലെ പാറ്റൻ സ്‌ക്വയറിൽ നിന്ന് ഒരു മടിയില്ലാതെ ഇത് കാഠ്മണ്ഡുവിലെ ദർബാർ സ്‌ക്വയർ എന്ന് ലൈവായി വിളിച്ചു പറയുക; എല്ലാ ദിവസവും ആർമി ക്യാമ്പിലെത്തി ഏതെങ്കിലും ഹെലികോപ്റ്ററിൽ കയറി അവർ പോകുന്ന സ്ഥലത്ത് പോയി, ഒരുമണിക്കൂർ അവിടെ ചെലവഴിച്ച് ഇതാണ് ഗ്രാമത്തിന്റെ അവസ്ഥ, ഇതാണ് സൈന്യം ചെയ്യുന്ന സഹായം എന്ന് ലോകത്തെ അറിയിക്കുക; ലോകത്തിന്റെ വിവിധ ഭാഗത്ത് നിന്ന് സഹായപ്രവർത്തനം നടത്തുന്ന സന്നദ്ധപ്രവർത്തകരെ പൂർണ്ണമായും തടസപ്പെടുത്തി അവരുടെ വീട്, നാട്, ഭാര്യ, ഭർത്താവ്, കുട്ടികൾ തുടങ്ങിയ വിവരങ്ങൾ തിരിക്കി സോഫ്റ്റ് സ്റ്റോറികൾ കണ്ടെത്തുക; കാഠ്മണ്ഡുവിൽ മാത്രമാണ് നേപ്പാളെന്ന് സ്വയം ധരിക്കുകയും ലോകത്തോട് പറയുകയും ചെയ്യുക; ആശുപത്രികളിൽ കെട്ടിക്കിടന്ന് അവിടെ വരുന്ന എല്ലാ ദുരിതബാധിതരേയും അവരുടെ അവസ്ഥയൊന്നും നോക്കാതെ അഭിമുഖം നടത്തുക ഇത്തരത്തിൽ പട്ടിക എത്രവേണമെങ്കിലും നീട്ടാമെന്നു സോഷ്യൽ മീഡിയ വ്യക്തമാക്കുന്നു.

ഹെഡ്‌ലൈൻസ് റ്റുഡേ ന്യൂസ് മേധാവി രാജ്ദീപ് സർദേശായി 'ദുരിത സ്ഥലത്തുനിന്ന് എക്‌സ്‌ക്ലൂസീവ് എന്നു പറഞ്ഞ്, ഒരോന്ന് പടച്ച് വിടരുത്' എന്ന് സൗമ്യമായ ഭാഷയിൽ ട്വീറ്റ് ചെയ്തിരുന്നു. സർദേശായി ഉൾപ്പെടെയുള്ള മാദ്ധ്യമപ്രവർത്തകർ പടച്ചുവിട്ട വാർപ്പ് മാതൃകയിലാണ് ഇന്ന് ടിവി ജേർണലിസ്റ്റുകളിൽ മിക്കവരും പെരുമാറുന്നത്. വാർത്തകൾ സൃഷ്ടിക്കുക, തങ്ങളാണ് വാർത്തകളുടെ അടിസ്ഥാനമെന്ന് പ്രഖ്യാപിക്കുക, അതുമാത്രമാണ് എന്ന് പറയുക, ആക്രമണം പോലെ ആവർത്തിക്കുക എന്നതാണ് പലരും ചെയ്യുന്നതു തന്നെ.

ദുരന്ത സ്ഥലത്ത് ഒരാളെ കാണാതായതിനെ കുറിച്ച് വാർത്തകൾ വന്നു കഴിഞ്ഞാൽ, അയാൾ/അവർ മരിച്ചുവെന്ന് നമുക്ക് വാർത്ത ലഭിച്ചാൽ അത് ടിവിയിലൂടെ എക്‌സ്‌ക്ലൂസീവ് ആയി പ്രഖ്യാപിക്കുന്നത് ക്രൂരതയാണെന്നും സോഷ്യൽ മീഡിയയിൽ അഭിപ്രായമുയരുന്നുണ്ട്. പ്രിയപ്പെട്ടവരുടെ മരണവാർത്ത ഏറ്റവുമടുപ്പമുള്ളവരിൽ നിന്ന് കേൾക്കാനാണ് എല്ലാവരും ആഗ്രഹിക്കുക. ഏറ്റവും വേദനിപ്പിക്കുന്ന ഒരു വാർത്ത ആ വേദന പങ്കുവയ്ക്കുന്നവർ കൈമാറണമെന്നത് ലോകത്തെവിടെയുമുള്ള മര്യാദയാണ്. അതു പാലിക്കാൻ പലപ്പോഴും മാദ്ധ്യമങ്ങൾക്കു കഴിയുന്നില്ലെന്നതാണു സത്യം. ചില സാഹചര്യങ്ങളിൽ മനുഷ്യരാകുന്നതിൽ തെറ്റില്ലെന്ന പരിഹാസമാണ് ഇത്തരം മാദ്ധ്യമപ്രവർത്തകർക്കു മുന്നിൽ സൈബർ ലോകം ഉയർത്തുന്നത്.

നോൺ റെസിഡന്റ് നേപ്പാളിയായ സുനിത ഷാക്യ സിഎൻഎൻ ചാനലിന്റെ വെബ്‌സൈറ്റിൽ എഴുതിയ ലേഖനമാണ് ട്വിറ്റർ ട്രെൻഡിംഗിന്റെ തുടക്കം. ഭൂകമ്പത്തേക്കാൾ തന്നെ വിഷമിപ്പിച്ചത് ഇന്ത്യൻ മാദ്ധ്യമങ്ങൾ ഈ വിഷയം കൈകാര്യം ചെയ്ത രീതിയാണെന്നായിരുന്നു അവർ എഴുതിയത്. ഓരോ ഇവന്റുകളും റിപ്പോർട്ട് ചെയ്യേണ്ടത് എങ്ങനെയാണെന്ന് പ്രത്യേകം പരിശീലനം നൽകണം. ഇന്ത്യൻ മാദ്ധ്യമങ്ങൾ ഏതോ ടെലിവിഷൻ സീരിയൽ ഷൂട്ട് ചെയ്യുന്നത് പോലെയാണ് അവിടെ പെരുമാറിയതെന്നും ഷാക്യ പറയുന്നു.

ദുരിത ബാധിത പ്രദേശങ്ങളിൽ മാദ്ധ്യമ പ്രവർത്തകർക്ക് ആദ്യം എത്താൻ സാധിക്കുമെങ്കിൽ അവർക്ക് തങ്ങളാൽ കഴിയുന്ന സഹായം രക്ഷാപ്രവർത്തനങ്ങളിൽ ചെയ്ത് കൂടെ എന്ന ചോദ്യവും ഷാക്യ ഉയർത്തുന്നു. ഭക്ഷണത്തിനും വെള്ളത്തിനുമായി ഒരു കൂട്ടം ആളുകൾ ഉന്തും തള്ളും ഉണ്ടാക്കുന്നതിനിടെ ഒരു സ്ത്രീക്ക് പരുക്കേൽക്കുകയും രക്തം ഒഴുകുകയും ചെയ്യുന്ന സാഹചര്യമുണ്ടായി. പക്ഷെ ഇതിനെ നോക്കി നിൽക്കുകയല്ലാതെ ഒരു തുണി എടുത്തുകൊടുത്ത് രക്തം തുടയ്ക്കാൻ പോലും മാദ്ധ്യമ പ്രവർത്തകൻ തയാറായില്ലെന്ന് അവർ കുറ്റപ്പെടുത്തിയിരുന്നു.