ഭിനയത്തിന്റെ ബാലപാഠങ്ങൾ മമ്മൂട്ടി മകൻ ദുൽഖറിനെ കണ്ടു പഠിക്കണമെന്ന ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമയുടെ ട്വിറ്റർ പരാമർശത്തിനെതിരെ സോഷ്യൽ മീഡിയ രംഗത്ത്. മമ്മൂട്ടിയുടെ ആരാധകരും മലയാള ചലച്ചിത്ര പ്രവർത്തകരുമാണ് സോഷ്യൽ മീഡിയയിൽ വർമയ്‌ക്കെതിരെ രംഗത്തെത്തിയത്.

അതിനിടെ പത്തു ജന്മമെടുത്താലും മമ്മൂട്ടിയിലെ നടന്റെ അഭിനയപാടവത്തിന് അടുത്തൊന്നുമെത്താൻ തനിക്കു കഴിയില്ലെന്ന് ദുൽഖർ സൽമാനും പറഞ്ഞു. തന്റെ ഫേസ്‌ബുക്ക്- ട്വിറ്റർ പേജുകളിലൂടെയാണ് വർമയുടെ അഭിപ്രായത്തോട് ദുൽഖർ പ്രതികരിച്ചത്.

റിയലിസ്റ്റിക്കായ അഭിനയം മമ്മൂട്ടി മകനിൽനിന്ന് പഠിക്കണമെന്നും ദുൽഖറുമായി താരതമ്യം ചെയ്യുമ്പോൾ മമ്മൂട്ടി ജൂനിയർ ആർട്ടിസ്റ്റാണെന്നുമാണ് രാം ഗോപാൽ വർമ്മ ട്വീറ്റ് ചെയ്തത്. നോൺ കേരളാ മാർക്കറ്റുകളിൽ മമ്മൂട്ടിക്ക് ചെയ്യാൻ കഴിയാത്തത് മകൻ ചില വർഷങ്ങൾക്കുള്ളിൽ ചെയ്യുമെന്നും ട്വീറ്റുണ്ട്. അവാർഡ് കമ്മറ്റി ഓകെ കൺമണി കണ്ടിരുന്നെങ്കിൽ മമ്മൂട്ടിയുടെ മുഴുവൻ അവാർഡുകളും തിരിച്ചു വാങ്ങി മകന് നൽകുമായിരുന്നെന്നും വർമ ട്വിറ്ററിൽ കുറിച്ചു.

ഇതോടെയാണ് മമ്മൂട്ടിയുടെ ആരാധകർ രാം ഗോപാൽ വർമയ്‌ക്കെതിരെ തിരിഞ്ഞത്. വർമയുടെ ട്വിറ്റർ അക്കൗണ്ടിൽ മമ്മൂട്ടിക്കെതിരായ പരാമർശത്തിനു മറുപടിയായി മലയാളത്തിൽ വരെ കമന്റുകൾ നിറഞ്ഞു. 'മമ്മൂട്ടി ഇങ്ങളെ പിടിച്ചു കടിച്ചോ?' എന്നും
'ഇയാൾക്ക് ശെരിക്കും വട്ട് തന്നെയാ...... ചുരുക്കം പറഞ്ഞാൽ ഇയാൾക്ക് സിനിമ ഇഷ്ടപ്പെട്ടില്ലാ..' എന്നു തുടങ്ങി നിരവധി കമന്റുകളുണ്ട്. നടനെക്കുറിച്ചുള്ള വർമയുടെ കാഴ്ചപ്പാട് മാർക്കറ്റിങ് സ്‌കിൽ അടിസ്ഥാനമാക്കിയാണെന്നും ആരാധകർ കുറിച്ചു. മമ്മൂട്ടിയെയും ദുൽഖറിനെയും തമ്മിൽ താരതമ്യം ചെയ്യാൻ പോലും ആകില്ലെന്നും വർമയ്ക്കു മറുപടിയായി ആരാധകർ ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്.

അതിനിടെ, സിനിമാ പ്രവർത്തകരും വർമയ്ക്കു മറുപടിയുമായി രംഗത്തെത്തി. തങ്ങളുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണ് മലയാള സിനിമാതാരങ്ങൾ ഉൾപ്പെടെയുള്ളവർ പ്രതികരിച്ചത്. 'ആദ്യം ഇത്തരത്തിലൊരു കമന്റ് പറയാൻ താങ്കൾ യോഗ്യനാണോ എന്ന് പരിശോധിക്കു' എന്നാണ് കുഞ്ചാക്കോ ബോബന്റെ കമന്റ്. 'രാമു എന്നല്ലേ പേര് ശരിയാക്കി തരാട്ടോ എന്ന് അജു വർഗീസും പ്രതികരിച്ചു. 'ഇനിയിപ്പോ ഓസ്‌കാർ കിട്ടിയ സംവിധായകർ ആരേലും വന്ന് പറഞ്ഞാ പോലും മമ്മൂക്ക എന്ന മഹാനടൻ അതല്ലാതാകുന്നില്ലെ'ന്നാണ് സംവിധായകൻ ജൂഡ് ആന്റണി ജോസഫ് പ്രതികരിച്ചത്. 'ഇന്നാൾ വേറെ ആരോ പറയുന്ന കേട്ടു, സൂര്യൻ ഉച്ചക്കാണ് ഉദിക്കുന്നതെന്ന്. ഞാൻ വിശ്വസിച്ചില്ല. പാവം മനുഷ്യൻ.' എന്നും ജൂഡ് പരിഹസിച്ചു.

In ten lifetimes I won't be one millionth the actor my father is, no matter what I accomplish.

Posted by Dulquer Salmaan on Tuesday, 21 April 2015