ന്യൂഡൽഹി: അമേരിക്കൻ ഡോളർ നൽകിയാൽ ഇന്ത്യൻ രൂപയായി മാറ്റിത്തരാമെന്നറിയിച്ച് ഇടപാടുകാരനെ പറ്റിച്ച് ഡോളറുമായി കടന്നുകളഞ്ഞ സമൂഹമാധ്യമ താരവും സുഹൃത്തുക്കളും പിടിയിലായി.

ഡൽഹി സ്വദേശിയായ മനോജ് സൂദ് നൽകിയ പരാതിയെ തുടർന്ന് രജൗരി ഗാർഡൻ സ്വദേശിയായ സമൂഹമാധ്യമ താരം അമൃത സേധി, ഇവരുടെ സഹായികളായ അക്ഷിത് ഝാംബ്, കുശാൽ എന്നിവരെ അറസ്റ്റ് ചെയ്തതായി ഡൽഹി പൊലീസ് അറിയിച്ചു.

3,300 അമേരിക്കൻ ഡോളർ നൽകിയാൽ തത്തുല്യമായ ഇന്ത്യൻ പണമായ 2,45,340 രൂപ തരാമെന്ന് പറഞ്ഞ് കബളിപ്പിച്ചാണ് പണം തട്ടിയത്. മനോജ് സൂദ് തുടർന്ന് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത് ഇങ്ങനെ. പണവുമായി പഞ്ചശീൽ പാർക്കിലെത്താൻ സേധി ആവശ്യപ്പെട്ടതിനെ തുടർന്ന് താൻ അവിടെയെത്തി. തുടർന്ന് അവിടെ ഒരു കാറിൽ എത്തിയ സേധി വണ്ടിക്കുള്ളിൽ കയറാൻ ആവശ്യപ്പെട്ടു.

ആദ്യം ഡോളർ നൽകാൻ ആവശ്യപ്പെട്ടെങ്കിലും പണം കണ്ടാലേ താൻ ഡോളർ നൽകൂ എന്ന് സൂദ് അറിയിച്ചതിനെ തുടർന്ന് എടിഎമ്മിൽ പോയി പണമെടുക്കുന്നതായി അഭിനയിച്ചു. ഈ സമയം മനോജ് സൂദ് ഡോളറുകൾ കാണിച്ചതും അവ തട്ടിയെടുത്ത് ഇവർ സ്ഥലംവിട്ടു.പണവുമായി ഗോവയിലെത്തിയ സംഘം ഇവിടെ മുന്തിയ ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുകയും കാസിനോയിൽ ചൂതാട്ടം നടത്തുകയും ചെയ്തു.

ഇവരുടെ മൊബൈൽ ലൊക്കേഷൻ പരിശോധിച്ച് സംഘം താമസിക്കുന്നിടത്തെത്തി പൊലീസ് ഇവരെ പിടികൂടി. ഗോവയിലെ കോടതിയിൽ ഹാജരാക്കിയ ഇവരെ മൂന്ന് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പണം തിരിച്ചെടുക്കാനുള്ള ശ്രമം തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.