തിരുവനന്തപുരം: പഴഞ്ചൻ രാഷ്ട്രീയ പാർട്ടിയെന്നാണ് പൊതുവേ സി.പി.എം വിരുദ്ധർ ആ പാർട്ടിയെ പരിഹസിച്ചു കൊണ്ട് സംസാരിക്കാറ്. പണ്ട് സമരം ചെയ്ത കാര്യങ്ങളെയൊക്കെ പിൽക്കാലത്ത് അംഗീകരിക്കേണ്ടി വന്ന ചരിത്രമാണ് പാർട്ടിക്കുള്ളത് എന്നതാണ് സിപിഎമ്മിന് തിരിച്ചടിയാകുന്നത്. കമ്പ്യൂട്ടറിനെതിരെ സമരം ചെയ്തവർ തന്നെ ഇപ്പോൾ കമ്പ്യൂർട്ടർ അധിഷ്ടിത വ്യവസായത്തെ പിന്തുണക്കുന്നു. ട്രാക്ടറിനെതിരെ സമരം ചെയ്തവർ തന്നെ ഇപ്പോൾ ട്രാക്ടറുകൾക്ക് വേണ്ടി വാദിക്കുന്നു.. ഇങ്ങനെ പോകുന്നു സിപിഎമ്മിന്റെ വൈരുധ്യം നിറഞ്ഞ നിലപാടുകൾ.

ഇതിൽ ഒടുവിലുണ്ടായ സംഭവമാണ് ഗെയിൽ പൈപ്പ് ലൈൻ സമരത്തിലേത്. പ്രതിപക്ഷത്തിരുന്നപ്പോൾ ഗെയിൽ പൈപ്പ് ലൈനിനെതിരെ കൊടിുപിടിച്ചവർ ഭരണത്തിൽ എത്തിയപ്പോൾ പ്ലേറ്റ് കമിഴ്‌ത്തിയതാണ് കടുത്ത വിമർശനത്തിന് ഇടയാക്കുന്നത്. ഈ സംഭവത്തിൽ സോഷ്യൽ മീഡിയയിൽ അടക്കം സിപിഎമ്മിനെതിരായ പ്രതിഷേധം പുകയുകയാണ്. ഒരു വശത്ത് ഗെയിലിന്റെ പേരിൽ ഇപ്പോൾ നടക്കുന്ന സമരങ്ങളെ കളിയാക്കി സൈബർ സഖാക്കൾ രംഗത്തുള്ളപ്പോൾ തന്നെയാണ് പഴയ സമരങ്ങളുടെ ചിത്രങ്ങളും നോട്ടീസുകളും വ്യാപകമായി സോഷ്യൽ മീഡിയിയൽ പ്രചരിക്കുന്നത്. ന്യായീകരണ തൊഴിലാളികൾക്ക് കനത്ത തിരിച്ചടിയാകുകയും ചെയ്തു.

ഗെയ്ൽ പദ്ധതിക്കെതിരെ സിപിഎമ്മിന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പരിപാടികളാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്. ഗെയ്ൽ പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന ശക്തമായ നിലപാടുമായി സർക്കാർ നില കൊള്ളവെയാണ് പാർട്ടി പത്രമായ ദേശാഭിമാനിയിലടക്കം മുമ്പ് പ്രസിദ്ധീകരിച്ച വാർത്തകൾ സർക്കാറിനെ തിരിച്ചടിക്കുന്നത്. പാർട്ടി നേതാക്കളടക്കം പദ്ധതിക്കെതിരെ രംഗത്തെത്തിയതിന്റെ ഫേസ്‌ബുക്ക് സ്‌ക്രീൻ ഷോട്ടുകളും പ്രതിഷേധ പരിപാടികളുടെ വിഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ലോട്ടറി അടിച്ചപ്പോൾ മുതലാളിയെ തെറി പറഞ്ഞാണ് കുട്ടുണ്ണി പോയത്. ജഡ്ജി ഏമാനെ ആവോളം തെറിവിളിച്ചു. പക്ഷേ ചതിവ് തിരിച്ചറിഞ്ഞ് ക്ഷമ ചോദിച്ച് തിരിച്ചുവരുമ്പോൾ പറയുന്ന ഡയലോഗുണ്ട്... 'ഒരു സത്യം പറയട്ടെ, എനിക്കതൊന്നും ഓർമയില്ല...' സിപിഎമ്മിന് ഇപ്പോൾ ഈ കിട്ടുണ്ണിയുടെ മുഖമാണ് സിപിഎമ്മിന്നെതാണ് വാസ്തവം. ഒമ്പതു വർഷം മുമ്പ് ഗെയ്ൽ പൈപ്പ്‌ലൈൻ വരുമെന്നു പ്രഖ്യാപിച്ചപ്പോൾ സമരത്തിന്റെ നേതൃത്വം സി.പി.എം. നേതാക്കളിലായിരുന്നു. ഇപ്പോൾ എംഎൽഎയായ ജോർജ് എം. തോമസ് ആയിരുന്നുസമരസമിതിയുടെ ചെയർമാൻ. സി.പി.എം. മുക്കം ഏരിയാ സെക്രട്ടറി ടി. വിശ്വനാഥൻ കൺവീനറും. സംസ്ഥാനത്താദ്യമായി ഗെയ്ൽവിരുദ്ധ സമരസമിതി രൂപീകരിച്ചത് അന്നു മുക്കത്തായിരുന്നു.

ഇപ്പോൾ സോഷ്യൽ മീഡിയിൽ പ്രചരിക്കുന്നവയിൽ പി രാജീവ് ഗെയിലിനെതിരെ നടത്തിയ പ്രതിഷേധങ്ങളുടെയും മറ്റും നോട്ടിസുകളും ചിത്രങ്ങളുമാണ്. കുഴൽ വഴിയിൽ ഭീതിയോടെ എന്നു പറഞ്ഞ് ഗെയിലിനെതരെ ദേശാഭിമാനിയിൽ എഴുതിയ ലേഖനവും സോഷ്യൽ മീഡിയിയൽ വൈറലാകുന്നുണ്ട്. ഇങ്ങനെ സി.പി.എം തന്നെ സമര രംഗത്തുള്ള ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നതോടെ ന്യായീകരണ തൊഴിലാളികളും കളം മാതിയാക്കിയ മട്ടാണ്.

മുക്കത്ത് ഗെയിലിനെതിരെ സമരം തുടങ്ങിയതും സിപിഎമ്മായിരുന്നു. എന്നാൽ, അധികാരത്തിൽ എത്തിയതോടെ സിപിഎമ്മിന്റെ പിൻവലിഞ്ഞു. ഇത് നാട്ടുകാരുടെ സമരമായി. പ്രതിഷേധക്കാർ വികസന വിരോധികളും. വർഗ്ഗീയ ആരോപണം പോലും സമരക്കാർക്കെതിരെ ഉയർന്നു. ഇന്ന് മുക്കത്തെ സമരമുഖത്ത് സിപിഎമ്മിന്റെ നേതാക്കളില്ല. ആകെയുള്ളത് കാരശേരി ഗ്രാമപഞ്ചായത്ത് അംഗം ജി. അബ്ദുൾ അക്‌ബറാണ്. യു.ഡി.എഫ്. ഭരിച്ചപ്പോഴും അദ്ദേഹം സമരത്തിനെത്തിയിരുന്നു. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മലപ്പുറം ജില്ലയിലെ അരീക്കോട്, കാവന്നൂർ ഭാഗങ്ങളിൽനിന്ന് സി.പി.എം. പ്രവർത്തകർ ഇവിടെ വന്നെങ്കിലും സി.പി.എം. പന്നിക്കോട് ലോക്കൽ സെക്രട്ടറി അവർക്കെതിരേ രൂക്ഷമായ വിമർശനമാണു ചൊരിഞ്ഞത്.