- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസിനെക്കാൾ അംഗബലം നമുക്കുണ്ടെങ്കിൽ എവിടെയും സമരം നടത്താം; രണ്ടു മേഖലകളായി തിരിച്ചാൽ എല്ലാം എളുപ്പത്തിൽ നടക്കും: ഹർത്താൽ ആഹ്വാനമെന്ന പ്‌ളാൻ എ വിജയിച്ചാൽ തൊട്ടുപിന്നാലെ കലാപത്തിനായി പ്‌ളാൻ ബിയും കരുതിവച്ച് ആസൂത്രണം നടന്നതായി ശബ്ദസന്ദേശം ; മലബാറിലെ കലാപം സംസ്ഥാനമൊട്ടുക്ക് വ്യാപിക്കുമെന്ന് സ്വപ്നംകണ്ട് അമർനാഥും കൂട്ടരും; ആർഎസിനോടുള്ള ദേഷ്യം തീർക്കാൻ നൽകിയ പോസ്റ്റിന് ഉണ്ടായ പ്രതികരണം ആവേശമായി; ഹർത്താലിനും കലാപത്തിനും ആസൂത്രണം നടത്തിയത് വെറും 48 മണിക്കൂർ കൊണ്ട്
മലപ്പുറം: ആർഎസ്എസിന് തീവ്രത പോരെന്ന് ആരോപിച്ച് ശിവസേനയിലേക്ക് ചേക്കേറുകയും കത്വ പെൺകുട്ടിയുടെ കൊലപാതകത്തിന് എതിരായ വികാരം മുതലെടുത്ത് കലാപം സൃഷ്ടിക്കാൻ നീക്കം നടത്തുകയും ചെയ്ത യുവാക്കളുടെ ആസൂത്രണം കണ്ട് ഞെട്ടി പൊലീസ്. സോഷ്യൽ മീഡിയയിലൂടെ ഹർത്താലിന് ആഹ്വാനം നടത്തിയത് ഏറ്റെടുത്ത് വലിയൊരു വിഭാഗം യുവാക്കൾ തെരുവിലിറങ്ങിയതോടെ ഹർത്താലിന് പിന്നാലെയും ജനരോഷമുയർത്തി വർഗീയ കലാപത്തിലേക്ക് അതിനെ വഴിമാറ്റാൻ ഇവർ ശ്രമിച്ചതായി വ്യക്തമായി. അഞ്ചുപേർ അടങ്ങുന്ന സംഘം മാത്രമാണ് ഇത്തരമൊരു നീക്കത്തിന് പിന്നിലെന്ന് ഇപ്പോഴും പൊലീസ് ഉറപ്പിച്ചിട്ടില്ല. കേരളത്തിൽ വർഗീയ കലാപം സൃഷ്ടിക്കാനും അതുവഴി രാഷ്ട്രീയ മുതലെടുപ്പു നടത്താനും സർക്കാരിന് എതിരെ ജനവികാരം ഉയർത്താനും നീക്കം നടന്നോ എന്ന അന്വേഷണം തുടരുകയാണ് പൊലീസ്. കൊല്ലം തെന്മല ഒറ്റക്കൽ റെയിൽവേ സ്റ്റേഷനു സമീപം ഉറുകുന്ന് അമൃതാലയത്തിൽ അമർനാഥ് (22), തിരുവനന്തപുരം സ്വദേശികളായ വെങ്ങാനൂർ മാവരത്തറ മേലേപുറത്ത് തെക്കേവീട്ടിൽ സുധീഷ് (22), വെങ്ങാനൂർ കുന്നുവിള അഖിൽ (23), നെയ്യാറ്റിൻകര
മലപ്പുറം: ആർഎസ്എസിന് തീവ്രത പോരെന്ന് ആരോപിച്ച് ശിവസേനയിലേക്ക് ചേക്കേറുകയും കത്വ പെൺകുട്ടിയുടെ കൊലപാതകത്തിന് എതിരായ വികാരം മുതലെടുത്ത് കലാപം സൃഷ്ടിക്കാൻ നീക്കം നടത്തുകയും ചെയ്ത യുവാക്കളുടെ ആസൂത്രണം കണ്ട് ഞെട്ടി പൊലീസ്. സോഷ്യൽ മീഡിയയിലൂടെ ഹർത്താലിന് ആഹ്വാനം നടത്തിയത് ഏറ്റെടുത്ത് വലിയൊരു വിഭാഗം യുവാക്കൾ തെരുവിലിറങ്ങിയതോടെ ഹർത്താലിന് പിന്നാലെയും ജനരോഷമുയർത്തി വർഗീയ കലാപത്തിലേക്ക് അതിനെ വഴിമാറ്റാൻ ഇവർ ശ്രമിച്ചതായി വ്യക്തമായി.
അഞ്ചുപേർ അടങ്ങുന്ന സംഘം മാത്രമാണ് ഇത്തരമൊരു നീക്കത്തിന് പിന്നിലെന്ന് ഇപ്പോഴും പൊലീസ് ഉറപ്പിച്ചിട്ടില്ല. കേരളത്തിൽ വർഗീയ കലാപം സൃഷ്ടിക്കാനും അതുവഴി രാഷ്ട്രീയ മുതലെടുപ്പു നടത്താനും സർക്കാരിന് എതിരെ ജനവികാരം ഉയർത്താനും നീക്കം നടന്നോ എന്ന അന്വേഷണം തുടരുകയാണ് പൊലീസ്.
കൊല്ലം തെന്മല ഒറ്റക്കൽ റെയിൽവേ സ്റ്റേഷനു സമീപം ഉറുകുന്ന് അമൃതാലയത്തിൽ അമർനാഥ് (22), തിരുവനന്തപുരം സ്വദേശികളായ വെങ്ങാനൂർ മാവരത്തറ മേലേപുറത്ത് തെക്കേവീട്ടിൽ സുധീഷ് (22), വെങ്ങാനൂർ കുന്നുവിള അഖിൽ (23), നെയ്യാറ്റിൻകര കുഞ്ഞിലകം ഗോകുൽ ശേഖർ (21), ആറാമട കുന്നുപുഴ സിറിൽ നിവാസിൽ എംജെ സിറിൽ (22) എന്നിവരാണ് വാട്‌സ്ആപ് ഹർത്താൽ ആഹ്വാനം ചെയ്തതിനും അതിനായി സോഷ്യൽ മീഡിയയിൽ പ്രചരണം നടത്തിയതിനും പിടിയിലായത്. വർഗീയ സ്പർദ്്ധ വളർത്തി കലാപം സൃഷ്ടിക്കാനുള്ള ആസൂത്രിത നീക്കമാണ് നടന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.
ഹർത്താലിന് ആഹ്വാനം നൽകി ആദ്യ സന്ദേശം അയച്ചവരും ഗ്രൂപ്പുകൾക്ക് നേതൃത്വം നൽകിയവരുമാണ് ഇവരെല്ലാം. വ്യാഴാഴ്ച രാത്രിയിലും വെള്ളിയാഴ്ച പകലുമായാണ് അഞ്ചുപേരും പിടിയിലായത്. അമർനാഥിനെ കൊല്ലത്തുനിന്നും മറ്റുള്ളവരെ തിരുവനന്തപുരത്തു നിന്നും അറസ്റ്റുചെയ്തു. മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്ത ഇവരെ പെരിന്തൽമണ്ണ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി. തുടർന്ന് കണ്ണൂർ സെൻട്രൽ ജയിലിലേക്കു മാറ്റി. അറസ്റ്റിലായവർ നേതൃത്വം നൽകിയ ഗ്രൂപ്പുകളുടെ അഡ്‌മിന്മാർക്കൊപ്പം ആയിരത്തോളം അംഗങ്ങക്ക് ഹർത്താൽ പ്രചരണത്തിലും ആസൂത്രണത്തിലും പങ്കുണ്ടോ എന്ന അന്വേഷണം തുടരുകയാണ് പൊലീസ്.
ആർഎസ്എസിനോട് പിണങ്ങിയിറങ്ങിയത് തീവ്രത പോരെന്ന് പറഞ്ഞ്
കൊല്ലം ഉറുകുന്ന് പ്രദേശത്തെ സജീവ ആർഎസ്എസ് പ്രവർത്തകരാണ് അമർനാഥും അഛൻ ബൈജുവും. ഈ അടുത്ത കാലത്താണ് ഇവർ ആർഎസ്എസ് വിട്ടത്. പ്രദേശത്തെ മറ്റു ഇരപത് പേരും ഇവരോടൊപ്പം ആർഎസ്എസ് വിട്ടിരുന്നു. പ്രദേശത്തെ ആർ.എസ്.എസിന് തീവ്രതയില്ലെന്നും പ്രവർത്തന ഉശിര് പോരെന്നും ആരോപിച്ചായിരുന്നു ഇവർ പാർട്ടി വിട്ടത്. പിന്നീട് ഇവർ ശിവസേനയിലേക്ക് ചേക്കേറിയിരുന്നു. ഇതിനു ശേഷം പ്രദേശത്തെ ആർ.എസ്.എസിനെതിരെ ശക്തമായ പോസ്റ്റുകൾ സ്ഥിരമായി അമൃനാഥ് സോഷ്യൽ മീഡിയയിൽ ഇട്ടിരുന്നു. ഇതേ തുടർന്ന് ഉറുകുന്നിൽ ചില പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. ഇങ്ങനെ കഴിയുന്നതിനിടെയാണ് കത്വ സംഭവം ഉണ്ടാകുന്നതും വ്യാപക പ്രതിഷേധം ഉയരുന്നതും. ഇത് മുതലെടുത്ത് മുസ്‌ളീം ജനവികാരം ഹിന്ദുക്കൾക്ക് എതിരെ ഉയർത്തിവിടുക എന്ന ലക്ഷ്യത്തിലാണ് ഹർത്താൽ ആഹ്വാനം നടത്താൻ പദ്ധതിയിട്ടതെന്നാണ് പൊലീസ് കണ്ടെത്തുന്നത്.
ഇതിനായി വോയ്‌സ് ഓഫ് യൂത്ത്, ജസ്റ്റിസ് ഫോർ സിസ്റ്റേഴ്‌സ് എന്നീ വാട്‌സാപ് ഗ്രൂപ്പുകൾ സൃഷ്ടിച്ചു. ഗ്രൂപ്പുകളിലൂടെയാണ് അമർനാഥും മറ്റുള്ളവരും ഹർത്താലിന് ആഹ്വാനം ചെയ്തത്. സമാനമായി മറ്റു ജില്ലകളിലും ഗ്രൂപ്പുകൾ സൃഷ്ടിക്കപ്പെട്ടു. പ്രാദേശിക ഗ്രൂപ്പുകൾ ഹർത്താൽ ആഹ്വാനം ഏറ്റെടുത്ത് പ്രചരണത്തിന് ഇറങ്ങിയതോടെ അതിന്റെ മറപിടിച്ച് വർഗീയ കലാപത്തിന് അരങ്ങൊരുക്കാനായിരുന്നു ശ്രമം. വ്യാജ ഹർത്താൽ ആഹ്വാനത്തിന്റെ ഉറവിടം അന്വേഷിക്കുന്നതിനിടെ തിരൂർ കൂട്ടായിയിൽനിന്ന്, മലപ്പുറത്തുള്ള വോയ്സ് ഓഫ് യൂത്ത്-നാല് ഗ്രൂപ്പിന്റെ അഡ്‌മിനായ പത്താംക്ലാസുകാരനെ പൊലീസ് പിടികൂടിയിരുന്നു. ഇത് നിർണായകമായി. അങ്ങനെയാണ് ഇതിന്റെ പ്രധാനി അമർനാഥിനേയും മറ്റു നാലുപേരേയും പിടികൂടുന്നത്.
ഹർത്താലെന്ന ആശയം അമർനാഥിന്റേതാണ്. ഇത് സമാന ചിന്താഗതിക്കാരായ മറ്റുള്ളവർ ഏറ്റെടുക്കുകയായിരുന്നു. സുധീഷും അഖിലും അയൽവാസികളാണെങ്കിലും മറ്റുള്ളവർ തമ്മിൽ നേരിട്ട് ബന്ധമില്ല. പ്ലസ് ടു തോറ്റ ഇവർ സേ പരീക്ഷയ്ക്കുള്ള കേന്ദ്രത്തിലെ കൂട്ടുകാരുടെ ഫേസ്‌ബുക്കിലൂടെയാണ് പരിചയപ്പെടുന്നത്. അഖിലും സുധീഷും ഒഴിച്ചുള്ളവർ പരസ്പരം നേരിൽ കാണുന്നത് അറസ്റ്റിലായി മഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തിച്ചപ്പോഴാണ്. എന്നിട്ടുപോലും ചുരുങ്ങിയ സമയത്തിനകം ഇത്തരത്തിൽ ഹർത്താലാഹ്വാനം നടത്തി പ്രചരിപ്പിക്കാൻ ഇവർക്ക് കഴിഞ്ഞത് അന്വേഷകരേ പോലും ഞെട്ടിക്കുന്നു.
പ്‌ളാൻ എ വിജയിച്ചതോടെ കലാപത്തിന് പ്‌ളാൻ ബിയും
ഹർത്താൽ ആഹ്വാനം വിജയിച്ചാൽ അതിന്റെ ചുവടുപിടിച്ച് കലാപത്തിലേക്ക് കാര്യങ്ങൾ നീക്കുക എന്ന രീതിയിൽ രണ്ടു പ്‌ളാനുകളുമായാണ് ഇവർ നീക്കം നടത്തിയതെന്നാണ് പൊലീസ് നൽകുന്ന സൂചന. അതായത് ഹർത്താൽ ആഹ്വാനം പ്‌ളാൻ എ ആയിരുന്നുവെന്നും അത് വിജയിക്കുന്നതോടെ കലാപത്തിലേക്ക് കാര്യങ്ങൾ നീക്കാൻ പ്്‌ളാൻ ബിയും ആസൂത്രണം ചെയ്തിരുന്നു എന്നുമാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.
ആർഎസ്എസിനെതിരെ തിരിക്കാൻ ഉദ്ദേശിച്ചാണ് ഹർത്താൽ ആഹ്വാനമെന്ന ആശയത്തിലൂന്നി അമർനാഥ് പ്രചരണം തുടങ്ങിയത്. ജമ്മുവിലെ പീഡന വാർത്ത പുറത്തുവന്നതോടെ ഇത് ആർ.എസ്.എസിനെതിരെ ജനവികാരം തിരിക്കാനുള്ള പറ്റിയ അവസരമായി ഇയാൾ കരുതി. ആദ്യം ആർഎസ്എസിന് എതിരെ വിഷയം വിവിധ ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്തപ്പോഴേ നല്ല പ്രതികരണങ്ങൾ ലഭിച്ചു. പിന്നീട് വീണ്ടും രണ്ടു ഗ്രൂപ്പുകൾ ഉണ്ടാക്കി പീഡനത്തിനിരയായ പെൺകുട്ടിക്കുവേണ്ടിയുള്ള സന്ദേശങ്ങൾ പ്രചരിപ്പിച്ചു. പരസ്പരം മെസേജ് അയച്ചതുകൊണ്ട് കാര്യമില്ലെന്നും നിരത്തിലിറങ്ങാമെന്നും അമർനാഥ് പോസ്റ്റ് ചെയ്തതോടെ ഇതിനും നല്ല പിന്തുണ ലഭിച്ചു.
കഠുവയിൽ എട്ടുവയസ്സുകാരി ക്രൂരമായി കൊല്ലപ്പെട്ടപ്പോൾ അതിനെതിരേ പൊരുതണമെന്ന ആഹ്വാനമായി അഞ്ചുപേരും വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കി. ലിങ്ക് ഫേസ്‌ബുക്കിൽ ഇട്ടു. സമാനമായി ചിന്തിക്കുന്നവർക്ക് ഗ്രൂപ്പിൽ ചേരാമെന്ന് നിർദ്ദേശവും നൽകി. ആളുകളുടെ എണ്ണം കൂടിയപ്പോൾ സജീവമായവരോട് ജില്ലാതലത്തിൽ ഗ്രൂപ്പുണ്ടാക്കാൻ നിർദ്ദേശം നൽകി.
പതിനാറാം തിയ്യതി ഹർത്താലിന് ആഹ്വാനം ചെയ്യാൻ തീരുമാനിച്ചു. കഴിഞ്ഞ തിങ്കളാഴ്ച നടന്ന ഹർത്താലിന് വെറും 48 മണിക്കൂർ മുൻപായിരുന്നു തീരുമാനം. 14 ജില്ലകളിൽ ഓരോ ഗ്രൂപ്പുകൾ വീതം ഉണ്ടാക്കിയതോടെ ഇതേറ്റ് പിടിക്കാൻ നിരവധി പേരെത്തി. എസ്.ഡി.പി.ഐ, വെൽഫെയർ പാർട്ടി, ലീഗ്, സി പി എം തുടങ്ങിയ പാർട്ടി പ്രവർത്തകരും അനുഭാവികളും പാർട്ടിയില്ലാത്തവരും ഈ ഗ്രൂപ്പുകളുടെ ഭാഗമായി. മലബാറിൽ അടക്കം നൂറുകണക്കിന് ഗ്രൂപ്പുകൾ ക്രിയേറ്റ് ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. പതിമൂന്നാം തിയ്യതിയായിരുന്നു ഹർത്താലിന് ആഹ്വാനം നടത്തിയത്. എന്നാൽ മണിക്കൂറുകൾക്കകം യുവാക്കളെ തെരുവിലിറക്കാൻ പറ്റിയെന്നത് ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. ആസൂത്രണം നടത്തി ഹർത്താലിന് ആഹ്വാനം നടത്തിയവർക്ക് കൃത്യമായ അജണ്ടയുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു.
സ്വന്തം പ്രൊഫൈലുകൾ ഉപയോഗിച്ചുതന്നെയാണ് ഇവർ വാട്സാപ്പ് ഗ്രൂപ്പ് നടത്തിയത്. അത് പൊലീസിന് അന്വേഷണത്തിൽ ഗുണകരമായി. അഡ്‌മിന്മാരെ പൊലീസ് തിരയുന്നത് മനസ്സിലാക്കിയ അഞ്ചുപേരും അറസ്റ്റ് ഉറപ്പിച്ചിരുന്നു. ജില്ലാ ഗ്രൂപ്പുകളിൽപ്പെട്ടവരാകട്ടെ പലരും അറസ്റ്റ് ഭയന്ന് അഡ്‌മിൻ സ്ഥാനം ഒഴിഞ്ഞു. ചിലർ ഗ്രൂപ്പുകൾ വിട്ടു. എന്നാൽ ഇവർക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്.
ഹർത്താലിന് ആയിരങ്ങൾ തെരുവിലിറങ്ങിയതോടെ ആണ് രണ്ടാം ഘട്ടം നടപ്പിലാക്കാൻ ശ്രമം നടന്നത്. ഹർത്താലിനു ശേഷവും കലാപം നടത്താൻ ഇവർ ആഹ്വാനം ചെയ്തു. പൊലീസിനെക്കാൾ അംഗബലം നമുക്കുണ്ടെങ്കിൽ എവിടെയും സമരം നടത്താമെന്നും പ്രവർത്തനം രണ്ടു മേഖലകളായി തിരിച്ചാൽ സുഗമമാക്കാം എന്നുമുള്ള അഡ്‌മിന്മാരുടെ ശബ്ദസന്ദേശം ഗ്രൂപ്പിലുണ്ട്. ഇപ്പോൾ മലബാറിൽ മാത്രമാണ് സമരം വിജയിച്ചത്. ഇത് മറ്റു ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കാൻ യോജിച്ച രീതിയിൽ ആയിരുന്നു തുടർ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തത്.
മറ്റാരുടേയെങ്കിലും പങ്കാളിത്തം തള്ളാതെ പൊലീസ്
ഹർത്താലിനും അതുവഴി കലാപത്തിനും ആസൂത്രണം ചെയ്തതിൽ മറ്റാരുടേയെങ്കിലും പിന്തുണ ഇവർക്കുണ്ടോ എന്നതു കേന്ദ്രീകരിച്ചാണ് ഇപ്പോൾ പൊലീസ് അന്വേഷണം നടക്കുന്നത്. ഇതിനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല. വാട്സാപ്പ് ഹർത്താലിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് മൊബൈൽഫോൺ കേന്ദ്രീകരിച്ച് നടത്തുന്ന അന്വേഷണം അവസാനഘട്ടത്തിലാണെന്നും കൂടുതൽ പേർ കുടുങ്ങുമെന്നുമാണ് ലഭിക്കുന്ന വിവരം. പൊലീസിലെ രഹസ്യാന്വേഷണവിഭാഗം നൽകിയ ഫോൺനമ്പറുകളിന്മേൽ ഡിവൈ.എസ്‌പി.മാരുടെ കീഴിലുള്ള പ്രത്യേകസംഘങ്ങൾ സംസ്ഥാനത്തൊട്ടുക്ക് അന്വേഷണം നടത്തിവരികയാണ്. പിടിക്കപ്പെടുന്നവർ കേസിൽനിന്ന് ഊരിപ്പോരാതിരിക്കാൻ പഴുതടച്ച രീതിയിലാണ് പൊലീസിന്റെ നടപടിക്രമങ്ങൾ നീക്കുന്നത്.
ജാമ്യമില്ലാ വകുപ്പ് അനുസരിച്ച് കേസെടുക്കാൻ സാധ്യതയുള്ളവ ആ രീതിയിൽത്തന്നെ പരിഗണിക്കുമെന്നും പൊലീസ് വ്യക്തമാക്കി. വ്യാജ സന്ദേശം പ്രചരിപ്പിച്ചവർക്കെതിരെ ഗൂഢാലോചനക്കുറ്റമാണ് ചുമത്തുക. തെളിവിനായി പ്രചരിപ്പിച്ച സന്ദേശങ്ങളുടെ സ്‌ക്രീൻ ഷോട്ടുകളും പൊലീസ് ശേഖരിക്കുന്നുണ്ട്. ഓരോ പൊലീസ് സ്റ്റേഷൻ പരിധിയിലും ധാരാളം വാട്സ് ആപ് കൂട്ടായ്മകൾ നിരീക്ഷണത്തിലുണ്ട്.
അഞ്ചുമുതൽ പത്തുവർഷം വരെ തടവുലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തിയാണ് കേസുകൾ ചാർജ് ചെയ്യുന്നത്. എതിരെ കലാപമുണ്ടാക്കൽ, പൊതുമുതൽ നശിപ്പിക്കൽ, ലഹളയ്ക്ക് സാഹചര്യമൊരുക്കൽ, ഗതാഗത തടസ്സം സൃഷ്ടിക്കൽ, പെൺകുട്ടിയുടെ ചിത്രം പ്രദർശിപ്പിച്ചവർക്ക് എതിരെ പോക്‌സോ കേസ് എന്നിങ്ങനെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.