തിരുവനന്തപുരം: കാശ്മീരിലെ കത്വയിൽ ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ പേരും ചിത്രവും പ്രചരിപ്പിച്ച സംഭവത്തിൽ പൊലീസ് വ്യാപകമായി കേസെടുക്കൽ തുടരുന്നതിനിടെ മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെ പെൺകുട്ടിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ നൽകിയതും ചർച്ചയാകുന്നു. ഭരണത്തിൽ ഇരിക്കുന്ന ഉന്നത നേതാക്കൾ തന്നെ ചിത്രം പ്രചരിപ്പിച്ചതോടെ വ്യാപമായി സൈബർ സഖാക്കളും കത്വയിൽ കൊല്ലപ്പെട്ട പെൺകുട്ടിക്കും കുടുംബത്തിനുമൊപ്പം എന്ന് പ്രഖ്യാപിച്ച് ചിത്രങ്ങൾ പെൺകുട്ടിയുടെ പേരുസഹിതം പ്രചരിപ്പിച്ചിട്ടുണ്ട്.

ഇത്തരത്തിൽ സംസ്ഥാനത്ത് ആഭ്യന്തര വകുപ്പ് കൈകാര്യംചെയ്യുന്ന മുഖ്യമന്ത്രി പിണറായിയും സിപിഎം ബുദ്ധിജീവി കൂടിയായ ധനമന്ത്രി തോമസ് ഐസക്കും വരെ പെൺകുട്ടിയുടെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചു. ഇതോടൊപ്പം സർക്കാരിനൊപ്പം ഉറച്ച പിന്തുണയുമായി നിൽക്കുന്ന സൈബർ സഖാക്കളും സമാന രീതിയിൽ ചിത്രവും പേരും പ്രചരിപ്പിച്ച് ഇരയ്‌ക്കൊപ്പമെന്ന പ്രഖ്യാപനവുമായി രംഗത്തെത്തി.

ദേശാഭിമാനി റസിഡന്റ് എഡിറ്റർ കൂടിയായ പിഎം മനോജ് ഉൾപ്പെടെയുള്ളവരാണ് ചിത്രംവച്ച് പോസ്റ്റുകൾ നൽകിയത്. മന്ത്രിമാരും സിപിഎം നേതാക്കളും കത്വ പെൺകുട്ടിയുടെ ചിത്രംവച്ച് സംഭവത്തിൽ പ്രതിഷേധിച്ച് പോസ്റ്റുകൾ നൽകുകയും മറ്റുള്ളവരുടെ പോസ്റ്റുകൾ ഫേസ്‌ബുക്കിൽ ഷെയർ ചെയ്യുകയുമാണ് ചെയ്തത്. അതേസമയം, പിഎം മനോജിന്റെ ഫേസ്‌ബുക്ക് കവർ ഇമേജ് തന്നെ കത്വ പെൺകുട്ടിയുടെ ചിത്രമാണ്. മാത്രമല്ല, സ്വന്തം പടത്തിനൊപ്പം പെൺകുട്ടിയുടെ ചിത്രംകൂടി ഉൾപ്പെടുത്തിയാണ് മനോജിന്റെ പ്രൊഫൈൽ ചിത്രവും. 

കത്വ സംഭവത്തൽ സംഘപരിവാറുകാരാണ് പ്രതിസ്ഥാനത്ത് എന്ന് വന്നതോടെ ബിജെപിക്ക് എതിരെ ശക്തമായി പ്രതികരിക്കാൻ കിട്ടിയ അവസരമെന്ന നിലയിലാണ് സൈബർ സഖാക്കളും മന്ത്രിമാരും ഇടതു നേതാക്കളുമെല്ലാം വിഷയത്തിൽ ഇരയുടെ ചിത്രം സഹിതം നൽകി പ്രതികരിച്ചിട്ടുള്ളത്. വിഷയം സംഘപരിവാറിനും ബിജെപിക്കുമെതിരെ കത്തിപ്പടരുന്നതാണെന്ന് കണ്ട് വ്യാപകമായി ഷെയർചെയ്തവരും ചിത്രവും പേരും പ്രചരിപ്പിച്ചവരുമാണ് ഇപ്പോൾ കുടുങ്ങുന്നത്.

പീഡനക്കേസുകളിൽ ഇരയുടെ പേരോ തിരിച്ചറിയാവുന്ന മറ്റു വിവരങ്ങളോ ചിത്രമോ പ്രചരിപ്പിക്കുന്നതും പ്രസിദ്ധപ്പെടുത്തുന്നതും നേരത്തേ തന്നെ തടഞ്ഞിട്ടുള്ളതാണ്. പ്രായപൂർത്തിയാകാത്ത കുഞ്ഞുങ്ങളാണ് പീഡിപ്പിക്കപ്പെടുന്നതെങ്കിൽ ഇത്തരത്തിൽ പ്രചരണം നടത്തുന്നവർക്ക് എതിരെ പോക്‌സോ കുറ്റം ചുമത്തിത്തന്നെ കേസെടുക്കാൻ വ്യവസ്ഥയുണ്ട്. ജാമ്യംപോലും ലഭിക്കാത്ത കുറ്റമെന്ന നിലയിൽ പരിഗണിക്കപ്പെടുകയും ചെയ്യും. ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞദിവസം കത്വ സംഭവത്തിന്റെ പേരിൽ ഹർത്താൽ ആഹ്വാനം പ്രചരിപ്പിച്ചവർക്ക് എതിരെയും കേസുകൾ വന്നിട്ടുള്ളത്.

സോഷ്യൽ മീഡിയ ഹർത്താൽ ആഹ്വാനത്തിന്റെ പേരിൽ നടക്കുന്ന അറസ്റ്റുകളിൽ മിക്കവയിലും പെൺകുട്ടിയുടെ ചിത്രവും പേരും പ്രചരിപ്പിച്ചുവെന്ന കുറ്റംകൂടി ചുമത്തുന്നുണ്ട്. അതേസമയം ഹർത്താലിന്റെ പേരിൽ പരക്കെ അക്രമം നടത്തിയവരും പലയിടങ്ങളിലും അറസ്റ്റിലാവുകയും റിമാൻഡ് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഹർത്താലിന്റെ ഭാഗമായി പെൺകുട്ടിയുടെ ചിത്രം ഉയർത്തിപ്പിടിച്ചും ബാനറാക്കി കൊണ്ടുനടന്നും പോസ്റ്റർ ഒട്ടിച്ചും പ്രതിഷേധിച്ചവർക്ക് എതിരെയെല്ലാം നടപടി വരുന്നു.

ഇതോടെ ചിത്രവും പേരും സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ച ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സൈബർ സഖാക്കൾക്കുമെല്ലാം ഒരു നീതിയും ഹർത്താൽ ആഹ്വാനത്തിന്റെ പേരിലും പെൺകുട്ടിക്കും കുടുംബത്തിനും ആഭിമുഖ്യം പ്രകടിപ്പിച്ച് പോസ്റ്റിട്ട മറ്റുള്ളവർക്ക് വേറൊരു നീതിയും എന്ന നിലയിലാണ് നടപടികളെന്ന വിമർശനം ശക്തമാകുന്നു. സോഷ്യൽ മീഡിയയിൽ പലരും പ്രൊഫൈൽ ചിത്രമായി പെൺകുട്ടിയുടെ ചിത്രം നൽകിയിരുന്നു. പല വാട്‌സ് ആപ് ഗ്രൂപ്പുകളിലും ഇതു സംഭവിച്ചു. വ്യക്തിപരമായി ചിത്രങ്ങൾ മാറ്റിയവരും ഉണ്ട്. ഇവർക്കെതിരെയെല്ലാം നടപടിയെടുക്കുമെങ്കിൽ ലക്ഷങ്ങൾക്കെതിരെ തന്നെ കേസെടുക്കേണ്ടിവരും. ഈ സ്ഥിതി പൊലീസിലും ചർച്ചയായിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

ഏപ്രിൽ 13ന് ഉച്ചയ്ക്ക് ഒരുമണിക്കാണ് കത്വ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പെൺകുട്ടിയുടെ ചിത്രം സഹിതം പോസ്റ്റ് നൽകിയത്. മന്ത്രി തോമസ് ഐസക്കിന്റെ പേജിൽ ഏപ്രിൽ 12ന് നൽകിയ പോസ്റ്റ് നിരവധി പേർ ഷെയർ ചെയ്തി്ട്ടുമുണ്ട്. ദേശാഭിമാനി റസിഡന്റ് എഡിറ്റർ പിഎം മനോജ് ആകട്ടെ മൈ ഡോട്ടർ, എന്റെയും മോളാണ് എന്നീ ഹാഷ് ടാഗുകൾ സഹിതം ഏപ്രിൽ 12നാണ് ചിത്രം പോസ്റ്റ് ചെയ്തത്. ഇവരുടെയെല്ലാം ഫേസ്‌ബുക്കിൽ ഇപ്പോഴും ഈ ചിത്രങ്ങൾ മാറ്റിയിട്ടുമില്ല. അതേസമയം, ചിത്രവും പേരും നൽകരുതെന്ന മുന്നറിയിപ്പ് വന്നതിന് പിന്നാലെ നിരവധിപേർ തങ്ങളുടെ ഫേസ്‌ബുക്കിൽ നിന്ന് ചിത്രങ്ങൾ മാറ്റുകയും പോസ്റ്റുകൾ ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു.

പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ആദ്യഘട്ടത്തിൽ നടപടി ശക്തമായിട്ടുള്ളത്. ഹർത്താലിന്റെ പേരിൽ അക്രമം നടത്തിയവർക്ക് എതിരെ നടപടിയെടുത്തതിന് പിന്നാലെയാണ് ഹർത്താൽ ആഹ്വാനം പെൺകുട്ടിയുടെ പേരും ചിത്രവും ഉപയോഗിച്ച് നടത്തിയ വാട്‌സ് ആപ് ഗ്രൂപ്പുകൾക്ക് എതിരെയും അഡ്‌മിന്മാർക്ക് എതിരെയും എല്ലാം തുടങ്ങിയിട്ടുള്ളത്. ഒമ്പത് അഡ്‌മിന്മാരെ പോക്‌സോ അനുസരിച്ച് അറസ്റ്റ് ചെയ്യുമെന്ന വിവരമാണ് ലഭിക്കുന്നത്.

ഒറ്റപ്പെട്ട കേസുകൾ മിക്ക സ്റ്റേഷനുകളിലും മലബാർ മേഖലയിൽ എടുത്തുകഴിഞ്ഞു. പെൺകുട്ടിയുടെ പേരും ചിത്രവും പ്രചരിപ്പിച്ച സംഭവത്തിൽ മൂന്നുപേർക്കെതിരേ മഞ്ചേരി പൊലീസ് പോക്്‌സോ കുറ്റം ചുമത്തിതന്നെയാണ് കേസെടുത്തിട്ടുള്ളത്. മൂന്നുപേരും വാട്സ് ആപ്പ് ഗ്രൂപ്പിന്റെ അഡ്‌മിനുകളാണ് ഇവരുടെ മൊബൈൽഫോണുകളും വാട്സ് ആപ്പ് സന്ദേശങ്ങളും പൊലീസ് പരിശോധിച്ചുവരികയാണെന്ന് പൊലീസ് വ്യക്തമാക്കിയെങ്കിലും പേരുവിവരം പുറത്തുവിട്ടിട്ടില്ല. രണ്ടുപേർക്കെതിരെക്കൂടി കേസെടുക്കുമെന്നും മഞ്ചേരി പൊലീസ് അറിയിച്ചിട്ടുണ്ട്.

കത്വ പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തിയ ഹർത്താൽ അക്രമികൾക്കെതിരെ പോക്‌സോ ചുമത്തുമെന്ന് പൊലീസ് ആസ്ഥാനത്തുനിന്നും അറിയിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട 8 വയസുകാരിയുടെ ചിത്രവും പേരും പരസ്യമാക്കിയതിനാണ് നടപടിയെന്നാണ് വിശദീകരണം. പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ ചിത്രവും പേരുമുള്ള പ്ലേക്കാർഡുകളേന്തിയാണ് ഹർത്താൽ അനുകൂലികൾ പ്രകടനം നടത്തിയത്.

ഹർത്താലിന്റെ പേരിൽ അക്രമം നടത്തിയവർക്കെതിരെയും കേസെടുക്കുമെന്നും പൊലീസ് പറയുന്നു. അക്രമത്തിനും ദേശദ്രോഹനടപടികൾക്കുമെതിരെ അതുമായി ബന്ധപ്പെട്ട വകുപ്പുകൾ ചുമത്തി കേസെടുക്കുന്നതിന് പുറമെ ചിത്രം പ്രചരിപ്പിച്ചു എന്ന പേരിൽ പോക്‌സോ ചുമത്തുന്നത് പക്ഷപാതപരമാണെന്ന വിമർശനമാണ് ഉയരുന്നത്. അങ്ങനെയെങ്കിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് എതിരെയും കേസെടുക്കുമോ എന്ന ചോദ്യമാണ് സോഷ്യൽ മീഡിയയും ഉന്നയിക്കുന്നത്.

ഹർത്താൽ ദിനത്തിൽ ജില്ലയിൽ അഴിഞ്ഞാടിയതിന്റെ പേരിൽ 405 പേരാണ് അറസ്റ്റിലായത്. ഇതിൽ 115 പേര് റിമാൻഡിലാണ്. വരും ദിവസങ്ങളിൽ കൂടുതൽ പേരുടെ അറസ്റ്റുണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ കത്വയിൽ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ പേര് പരാമർശിച്ച മാധ്യമങ്ങൾക്ക് 10ലക്ഷം രൂപ പിഴ അടയ്ക്കണമെന്ന് കോടതി ഉത്തരവും വന്നിരുന്നു. ഇന്ത്യൻ ശിക്ഷാനിയമം 228ലെ വകുപ്പുകളുടെ ലംഘനമാണ് മാധ്യമങ്ങൾ നടത്തിയതെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസ് ഈമാസം 25ന് വീണ്ടും പരിഗണിക്കുമെന്നും വ്യക്തമാക്കിയാണ് കഴിഞ്ഞദിവസം കോടതി നിർദ്ദേശം വന്നത്. കൊല്ലപ്പെട്ട പെൺകുട്ടിക്ക് വേണ്ടി പിരിക്കുന്ന ഫണ്ടിലേക്ക് പണം നൽകാനാണ് കോടതി നിർദ്ദേശം.

പെൺകുട്ടിയുടെ പേരും ചിത്രവും നൽകിയ മാധ്യമങ്ങൾക്കെതിരെ ആക്ടിങ് ജസ്റ്റിസ് ഗീത മിത്തൽ ചീഫ് ജസ്റ്റിസ് സി.ഹരി ശങ്കർ എന്നിവർ സ്വമേധയ കേസെടുത്തിരുന്നു. മാധ്യമങ്ങൾക്കുള്ള പെരുമാറ്റചട്ടത്തിന്റെ സെക്ഷൻ 23, പോക്‌സോ ആക്ടിലെ വകുപ്പുകൾ എന്നിവ പ്രകാരമാണ് കോടതിയുടെ നടപടി. ബലാത്സംഗത്തിലെ ഇരയുടെ പേര് വെളുപ്പെടുത്തിയാൽ ആറ് മാസം വരെ തടവ് ശിക്ഷ ലഭിക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.

പിണറായിയുടെ ഫേസ്‌ബുക്ക് പേജിൽ പെൺകുട്ടിയുടെ ചിത്രം സഹിതം നൽകിയ കുറിപ്പ് ഇപ്രകാരം

ജമ്മു കാശ്മീരിൽ എട്ടുവയസ്സുകാരിയെ പിച്ചിച്ചീന്തിയവർ പ്രതിനിധാനം ചെയ്യുന്നത് ഇന്ത്യയെ പ്രാകൃതവും മനുഷ്യത്വഹീനവുമായ യുഗത്തിലേക്കു നയിക്കാനുള്ള പ്രതിലോമ രാഷ്ട്രീയമാണ്. ഏതു മനുഷ്യനെയും രോഷപ്പെടുത്തുന്നതും കണ്ണീരണിയിക്കുന്നതുമായ അനുഭവമാണ് ആ പിഞ്ചോമനയ്ക്കു നേരിടേണ്ടിവന്നത്. പെൺകുട്ടിയെ ക്ഷേത്രത്തിൽ കൊണ്ടുപോയി തടങ്കലിലിട്ടു മതഭ്രാന്തന്മാർ പിച്ചിച്ചീന്തുക; കുറ്റവാളികൾക്കു വേണ്ടി ജനപ്രതിനിധികൾ തെരുവിലിറങ്ങുക- രാജ്യം ഈ 'നല്ല ദിനങ്ങളെ ' ഓർത്ത് ലോകത്തിനു മുന്നിൽ ലജ്ജിച്ച് തലതാഴ്‌ത്തുന്നു.

പെൺകുട്ടിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തി എന്നത് മാത്രമല്ല വിഷയം. അതിലേക്ക് നയിച്ച കാരണങ്ങളാണ് പ്രധാനം. മതത്തിന്റെ പേരിലാണ് ഒരു പിഞ്ചുകുഞ്ഞിനെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയത് എന്നത് സംഘ പരിവാർ വാഴ്ചയിലെ രാജ്യത്തിന്റെ ഭീകരമായ അവസ്ഥ തുറന്നു കാട്ടുന്നതാണ്. ക്ഷേത്രങ്ങളെപ്പോലും ഇത്തരം പ്രവർത്തികൾക്ക് ഉപയോഗിക്കുന്നവരും അതിനെ പിന്തുണയ്ക്കുന്ന സംഘപരിവാർ ശക്തികളും ഇന്ത്യയെ മൃഗീയതയുടെ കറുത്ത നാളുകളിലേക്കാണ് പിടിച്ചു കൊണ്ടുപോകുന്നത്. കപട മത സ്‌നേഹവും കപട ദേശീയതയുമാണ് സംഘ പരിവാറിനെ നയിക്കുന്നത്.

ഓരോ പിതാവിനും മാതാവിനും ആ കുട്ടി സ്വന്തം കുഞ്ഞാണെന്നു തോന്നേണ്ടതും എല്ലാ യുവതീ യുവാക്കൾക്കും അവൾ സ്വന്തം സഹോദരിയാണെന്ന് തോന്നേണ്ടതുമായ ഘട്ടമാണിത്. പുഞ്ചിരിക്കുന്ന ആ മുഖം മനസ്സിലോർത്ത്, ആ കുഞ്ഞിനു വേണ്ടി രാജ്യം ഒറ്റക്കെട്ടായി ഉണരേണ്ടതുണ്ട്. കുറ്റവാളികൾ മാതൃകാപരമായി ശിക്ഷിക്കപ്പെടണം. അവരെ സംരക്ഷിക്കാൻ ശ്രമിക്കുന്നവരെയും നിയമത്തിനു മുന്നിലെത്തിക്കണം. - ഇതായിരുന്നു മുഖ്യമന്ത്രിയുടെ പോസ്റ്റ്